സമയം രാവിലെ ഒന്‍പതര. അങ്ങാടിയില്‍ക്കൂടി ചുറ്റുന്ന തിനിടെക്ക് എന്റെ കണ്ണ്, സ്ഥലത്തെ കള്ള് ഷാപ്പിലെക്കൊന്നു പോയി. ഒരു ചെറിയ പ്രലോഭനം, അത്രമാത്രം. പുലരി വരുന്ന (രാവിലത്തെ കള്ള് )സമയമായി. സ്വല്‍പ്പം അടിച്ചാല്‍ ഒരു സുഖം കിട്ടും. കള്ള് കുടിക്കാനല്ല, വെറുതെ ഒരിത്തിരി 'താളി ഒടിക്കാന്‍' ആണ് ഞാന്‍ ഷാപ്പില്‍ പോയതെന്ന് ഭാര്യയോടു പറയാം. സൌകര്യമുണ്ടെങ്കില്‍ അവള്‍ വിശ്വസിക്കട്ടെ! എന്നാപ്പിന്നെ, ഞാനൊരു സത്യം പറയട്ടെ? ബ്ലോഗില്‍ എഴുതാന്‍, ആശയ ദാരിദ്ര്യം വന്നപ്പോള്‍ ഞാനറിയാതെ ആ വഴിക്കൊന്നു പോയതാണ്. ഈ നാട്ടിലെ പാവങ്ങളായ കള്ള് കുടിയന്‍ മാരെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതിയിട്ട്, ഒരു കോപ്പി ഭരണ സിരാ കേന്ദ്രത്തിലേക്കും, ഒരു കോപ്പി ഇവിടത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കും അയച്ചു കൊടുക്കാം, കൂട്ടത്തില്‍ എന്റെ സ്വന്തം ബ്ലോഗില്‍ ഒന്ന് പോസ്റ്റുകയും ആകാം. അങ്ങനെ ചിന്തിക്കുന്നത് അക്ഷന്തവ്യമായ തെറ്റൊന്നു മല്ലല്ലോ!

ഇങ്ങനെയെല്ലാം ഞാന്‍ മനസ്സില്‍ കൂട്ടിയും കിഴിച്ചും നില്‍ക്കുന്ന വേളയില്‍ പിന്നില്‍ നിന്നൊരു മൂളിപ്പാട്ട്.
"കള്ളാണ് പാര് , പുന്നാര മോനെ.. മോനെ.. ..കള്ളാണ് പാര് .."
കുരങ്ങ് വെള്ളരിക്കയും കൊണ്ട് പോകുന്ന മാതിരി, കള്ളും കുടവും തോളില്‍ വെച്ച്, ചെത്തുകാരന്‍ ദേവരാജന്‍ നടന്നു വരുന്നു. അദ്ദേഹത്തിന്റെതാണ് ഈ മധുര മാസ്മര ഗാനം എന്നു മനസ്സിലായി. "പോരുന്നോ?" എന്നു ഒരു 'ഒഴാക്കന്‍' മട്ടിലുള്ള ചോദ്യവും ചോദിച്ച് അവന്‍ ഷാപ്പിലേക്ക് നടന്നു പോയി. അപ്പോഴേക്കും പിശാചു കയറി എന്റെ സകല ആത്മ നിയന്ത്രണങ്ങളും ചോര്‍ത്തിക്കളഞ്ഞു. നിദ്രാടനത്തില്‍ എന്നപോലെ ഞാനും ദേവരാജന്റെ പിറകെ ഷാപ്പിലേക്ക് നടന്നു. ഷാപ്പിലെ കാഴ്ച നയനാനന്ദകരമായിരുന്നു. മൂന്നു നാല് തൈ ക്കിഴവന്മാര്‍ (ഞാന്‍ വെറും പയ്യന്‍)ഒരു മേശക്കു ചുറ്റും ഇരുന്നു സൊറ പറഞ്ഞ്, ആസ്വദിച്ചു കുടിക്കുന്നു. തൊട്ടപ്പുറത്ത് ഒരു മേശക്കരുകില്‍, ഒരു പാവം 'ക്രോണിക്' ബാച്ചലര്‍ പാമ്പായി, ഫണം വിടര്‍ത്തി, 'മകുടി' ഊതാതെ ആടുന്നുണ്ട്. ഇടക്കൊരു ശീല്‍ക്കാര ശബ്ദവും പുരപ്പെടുവിക്കുന്നുണ്ട്. മുന്നിലിരിക്കുന്ന കറിയുടെ പാത്രം, ആഘോഷമായിട്ട് ഇടയ്ക്കു വടിച്ചു നക്കിക്കൊണ്ടിരിക്കുന്നു. കയ്യിലൂടെ, കൈമുട്ടിലേക്ക് ഒലിച്ചിറങ്ങിയ കറിയോടും, പക്ഷപാതമൊന്നുമില്ല. ഇടയ്ക്കു കൈമുട്ട് വരെ നീട്ടി ഒന്ന് നക്കും. നല്ല കാഴ്ച!
"ഇവന്‍ വാളെടുക്കുമോ, കൊച്ചേട്ടാ?" കൂട്ടത്തിലിരുന്ന ഒരു കിഴവന്സിനോട് ഞാന്‍ ചോദിച്ചു.
"ഇവന്‍ ഇന്നലത്തെ 'ആനമയക്കി' കേറ്റിയേച്ചുള്ള ഇരിപ്പാ! അത് കൊണ്ട്, വാളെടുത്തില്ലെങ്കിലും, ഇവനായിട്ട് ഒരു 'വാള്‍' ഇവിടെ വെക്കും എന്നു ഞാന്‍ ഉറപ്പ്."
അപ്പോഴാണ് മറ്റു ചങ്ങാതിമാര്‍ എന്നെ കണ്ടത്. "അപ്പച്ചനോടോ... അമ്മച്ചിയോടോ...പാപ്പിക്ക് സ്നേഹം..?"എന്നൊരാള്‍ പാടിത്തീര്ന്നപ്പോഴേക്കും, "അതെനിക്ക് അല്‍പ്പം ആലോചിക്കേണ്ട വിഷയമാണ്." കൂട്ടത്തില്‍ പാപ്പച്ചന്‍ എന്നു പേരുള്ള അപരന്‍ പറഞ്ഞു. ഇദ്ദേഹത്തെ പലരും സ്നേഹപൂര്‍വ്വം 'പാപ്പി' എന്നു വിളിക്കാറുണ്ട് എന്നുള്ളത് ഒരു കോ -ഇന്സിടന്‍സ് മാത്രം. "ഇവര്‍ എല്ലാവരും കൂടെ, എന്റെ പച്ചയിറച്ചി തിന്നുമല്ലോ ഭഗവാനേ !" എന്നു ഞാന്‍ ആശങ്കപ്പെട്ടു തുടങ്ങിയപ്പോഴേക്കും അടുത്തയാള്‍ ഹിന്ദുസ്ഥാനിയില്‍ പാട്ട് തുടങ്ങിക്കഴിഞ്ഞു.
"आज हम अंगूर की बेटी से मोहबत कर ली, ये तो अच्छा हुवा अंगूर का बेटा न हुवा!
इस की बेटी ने उठा रखी है सर पे दुनिया! झूम बराबर झूम शराबी, झूम बराबर झूम!"
ഇദ്ദേഹം, വീരശൂര പരാക്രമിയായിരുന്ന ഒരു പട്ടാളമാണ്. കാശ്മീരില്‍ പോയി വെടിവച്ചു മടുത്ത്, ഇപ്പോള്‍ പെന്‍ഷന്‍ പറ്റി, നാട്ടില്‍ സ്ഥിരതാമസമാണ്. പട്ടാളത്തില്‍ നിന്ന് കിട്ടുന്ന 'ക്വാട്ട' വിദേശമദ്യം വാങ്ങാന്‍, മാസത്തിലൊരിക്കല്‍ പട്ടണത്തില്‍ പോകും. മൂന്നു ദിവസം അവിടെ കുടികിടപ്പും കഴിഞ്ഞ്, മൂന്നാം നാള്‍ ഉയര്ത്ത്തെഴുന്നേറ്റു നാട്ടിലേക്ക് പോരും. ബാക്കിയുള്ള സമയങ്ങളില്‍, പാവപ്പെട്ട കുടിയന്മാരെ, വെടി പറഞ്ഞു കൊന്ന് രസിക്കുന്നു. ഞാന്‍ തൊട്ടപ്പുറത്തുള്ള ഒരു മേശക്കരുകില്‍ ഇരുന്നു. ഞാന്‍ ആവശ്യപ്പെടാതെ തന്നെ, ഒരു കുപ്പിയും ഗ്ലാസും എന്റെ മുന്നില്‍ വന്നിരുന്നു പുഞ്ചിരിച്ചു.
"ഞാന്‍ ബൈജു. എന്താ ചേട്ടായീ ഞങ്ങളെയൊക്കെ അറിയ്വോ?" ബാച്ചലര്‍ ആണ്.
"ങ്ങാ..അറിയും"ഞാന്‍ പറഞ്ഞു.
" ഞാന്‍ ചേട്ടനെ ഓര്‍ക്കുട്ടില്‍ കണ്ടു. ചേട്ടന്റെ ഇന്ഗ്ലിഷ് അസ്സലാണ് കേട്ടോ. ഇതെങ്ങനെ സാധിക്കുന്നു വാപ്പാ?" ബൈജു.
ഞാന്‍ പറഞ്ഞു,"എനിക്ക് മനസ്സിലായില്ല."
" എന്ത് മനസ്സിലായില്ലാന്നു? ഇന്ഗ്ലീഷ് എന്നു പറഞ്ഞാല്‍ തനിക്കു മനസ്സിലായില്ലേ?സാധിക്കുന്നു എന്നു പറഞ്ഞാല്‍ തനിക്കു മനസ്സിലായില്ലേ? താന്‍ ഇന്ഗ്ലിഷ് എവിടുന്നു പഠിചെന്നാണ് തന്നോട് ചോദിച്ചത്! മനസ്സിലായോ?"ബൈജു വിന്റെ സ്വരം ഉയരുന്നതനുസരിച്ച്, എന്റ ആത്മാഭിമാനവും, മൂക്കിന്‍ തുമ്പിലേക്ക് എത്താന്‍ തുടങ്ങി.
"ഞാനിത് തെണ്ടിനടന്നു പഠിച്ചതാ."ഞാന്‍ പറഞ്ഞു.
"എന്റെ ചോദ്യത്തിന് ഉത്തരം തന്നില്ല!"ബൈജു.
"അതല്ലേ മോനെ, നല്ല മലയാളത്തില്‍ നിന്നോട് പറഞ്ഞത്, അന്യ നാട്ടില്‍ കൂടി തെണ്ടി നടന്നാണ് ഞാന്‍ ഭാഷകള്‍ പഠിച്ചത് എന്ന്" ഞാന്‍.
"എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ?"
"നീ അന്ന് മിക്കവാറും പാലക്കാട്ട് ആയിരിക്കും. നല്ല പാലക്കാടന്‍ മട്ട അരി കണ്ടിട്ടില്ലേ? അതിനകത്ത്."എനിക്ക് ദേഷ്യം വന്നു തുടങ്ങി.
"എന്നാലും എന്റെ ചോദ്യത്തിന് ഉത്തരം തന്നില്ല, He Mister, you please answer according to my question \ ഇതെങ്ങനെ സാധിക്കുന്നു വാപ്പാ?"
"അത് തന്നെ അല്ലെ മോനെ ഞാനും പറഞ്ഞത്."
"നല്ല കാര്യം, ചേട്ടന്‍ തോറ്റ സ്ഥിതിക്ക് ഞാന്‍ ഉത്തരം പറയാം. പക്ഷെ ഒരു വ്യവസ്ഥയുണ്ട്. എനിക്കൊരു ഗ്ലാസ് കള്ള് മേടിച്ചു തരണം." ഞാന്‍ തോല്‍വി സമ്മതിച്ചതും ബൈജു പറഞ്ഞു.
"അതൊക്കെ പെട്ടെന്ന് -പെട്ടെന്നുള്ള ഒരു റോളിങ്ങല്ലേ അപ്പുട്ട്യേ..? ഇതാണ് എന്റെ ചോദ്യത്തിന്റെ ശരിയുത്തരം."
എന്റെ ചിലവില്‍ ഒരു ഗ്ലാസ് കള്ള് മുന്നില്‍ വന്നപ്പോള്‍, ബിജുവിന് ആവേശം കൂടി. സ്വരം ഒന്ന് മയപ്പെട്ടു.
"അല്ല ചേട്ടായി, ഒരു സാമാന്യ മര്യാദ ഒക്കെ വേണ്ടേ?"ബൈജു.
"ഞാനതിന് മാന്യതക്കുറവോ, ധിക്കാര വിഷയമോ ഒന്നും നിന്നോട് കാണിച്ചില്ലല്ലോ ബൈജു."
"എടോ, ഒരാളൊരു സ്ക്രാപ്പ് അയച്ചാല്‍, അതിനു മറുപടി ഒരു സ്ക്രാപ്പ് അയക്കണം. താനത് ചെയ്തില്ല."ബൈജു.
" നീ കാര്യമെന്താണെന്നു പറ" എന്റെ ക്ഷമ നശിച്ചു തുടങ്ങി.
"എന്നാല്‍ ഞാന്‍ പറയാം. ഓര്‍ക്കുട്ടിലെ തന്റെ സ്ക്രാപ്പ് ബുക്കില്‍ ഞാനൊരു സ്ക്രപ്പെഴുതി. താനതിനു മറുപടിയിട്ടില്ല. താനൊരു നന്ദികെട്ടവനാണ്. തന്നെ കുറച്ചു കാലമായിട്ടു ഞാന്‍ നോക്കി നടക്കുന്നു. താന്‍ എന്നെക്കുറിച്ച് എന്താ വിചാരിച്ചേ?" ഇതും പറഞ്ഞു കൊണ്ട് ബാക്കി കള്ളും കൂടി ബൈജു വലിച്ചു കുടിച്ചു.
ഇവന്റെ കരണത്ത് എന്റെ വീതം ഒരു സ്ക്രാപ്പ് കൊടുക്കുന്ന കാര്യം ഞാന്‍ ആലോചിക്കുന്നതിനിടയില്‍, ഒരു അപ ശബ്ദത്തോടെ ബൈജു മുന്നോട്ടു കുനിഞ്ഞു. രാവിലെ മുതല്‍ കഴിച്ച ആനമയക്കിയും, പടയപ്പയും എല്ലാം കൂടി, ബിജുവിന്റെ ആമാശയം പുറത്തേക്ക് പമ്പ് ചെയ്തു.
" ഇവന്‍, വാള്‍ മാത്രം അല്ല പരിചയും കൂടി വച്ചിട്ടുണ്ട്" തറയിലേക്കു ചൂണ്ടി കൊച്ചേട്ടന്‍ പറഞ്ഞു.
"അപ്പച്ചനോടോ...ബൈജൂനോടോ ...പാപ്പിക്ക് സ്നേഹം...? പട്ടാളം പാട്ട് തുടങ്ങി. ഞാന്‍ പുറത്തേക്കും നടന്നു.
വൈകി ആണെങ്കിലും ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു. ഈ 'ഓര്‍ക്കൂട്ടും', 'സ്ക്രാപ്പും' മ്പള്‍ക്ക് പറ്റിയ ഒരു പണിയല്ല. ബ്ലോഗെഴുത്തിന്റെ കാര്യം, കര്‍ത്താവ് രക്ഷിക്കട്ടെ!
================================================================
ഈ പോസ്റ്റ് വായിച്ചതിനു ശേഷം, ബൂലോക ബ്ലോഗര്‍മാര്‍ എഴുതാന്‍ സാധ്യതയുള്ള ചില കമന്റുകള്‍ താഴെ കൊടുക്കുന്നു. വെറും തമാശക്ക് വേണ്ടി ഞാന്‍ എഴുന്നത്, ആ ഒരര്‍ത്ഥത്തില്‍ തന്നെ എന്റെ സുഹൃത്തുക്കളും കാണണം എന്നോരപെക്ഷയുണ്ട്. അപ്പച്ചന്റെ തമാശകള്‍, മറ്റൊരാളെയും വേദനിപ്പിക്കാതിരിക്കട്ടെ. ശാപ വാക്കുകള്‍ ആരെങ്കിലും എനിക്കായ് കരുതിയിട്ടുണ്ടെങ്കില്‍, മെയില്‍ അയച്ചാല്‍ മതി.നന്ദിയോടെ..അപ്പച്ചന്‍ ഒഴാക്കല്‍.
=================================================================
ഏവൂരാന്‍ : ആദ്യത്തെ തേങ്ങ, തന്റെ തലയില്‍ എന്റെ വക.
മിഴിനീര്ത്തുള്ളി: അപ്പച്ചോ... പറയിപ്പിക്കല്ലേ!
ക്രോണിക്: കണ്ണൂരാനോട് ക്ഷമിച്ചാലും, തന്നെ ഞാന്‍ ഓടിച്ചിട്ട് പിടിക്കും.
നൌഷാദ്: ഇത്രയും ഒക്കെ ആയ സ്ഥിതിക്ക്, ഒരു കൂട്ടാന്‍ ചട്ടിയുടെ ചിത്രം കൂടെ പോസ്റ്റിയിരുന്നെങ്കില്‍ സന്തോഷമായേനെ..
- വായാടി: അപ്പച്ചന് എന്നും നല്ല 'പുലരി' കിട്ടട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
ജോര്‍ജുകുട്ടി ത്തരങ്ങള്: നാണക്കേടിന് ഉണ്ടായ തന്തയാണെന്ന്, നാലാളെ ക്കൊണ്ട് പറയിപ്പിക്കുമോ?അച്ചായോ!
മുഹമ്മദ്കുട്ടി: അപ്പച്ചന്റെ ഓരോരോ തമാശകള്‍!
ഒരു നുറുങ്ങ്: ഖല്ലി വല്ലി! മദ്യപാനം ആരോഗ്യത്തിനു ഹാനികരം!
ആളവന്താന്‍: ഷെര്‍ലക് ഹോംസിനെക്കാള്‍ കേസിന്റെ തിരക്കിലാണ്. മടങ്ങി വന്നിട്ട് കമന്റാം.
ചാണ്ടിക്കുഞ്ഞ്: ഇതൊക്കെ പെട്ടെന്ന് പെട്ടെന്നൊരു റോളിങ്ങല്ലേ അപ്പുട്ട്യേ!
വിശാലമനസ്കന്‍: ഇത് വെറുമൊരു 'കള്ള്പുരാണം' ആയിപ്പോയല്ലോ, അപ്പച്ചോ!
സിയ: നല്ല കള്ളു കുടിയന്മാര്‍ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യണ്ട ,എന്ന് എന്‍റെ അഭിപ്രായം.
ഒരു ബൂലോക ശിശു: ഈ തിരക്കിനിടയില്‍ ഒരാളെ എങ്കിലും 'പാമ്പായി
'ക്കണ്ടല്ലോ, അതുമതി.
കണ്ണൂര്ക്കാരന്‍ : ഞാനാണോ ഈ ബ്ലോഗിന്റെ പ്രചോദനം? ആണെങ്കില്‍ ഹാപ്പിയായി.
ഒഴാക്കന്‍: കുടുംബപ്പേര് കളഞ്ഞു കുളിക്കാതെ സമ്മതിക്കില്യ എന്നുണ്ടോ?
ജസ്റ്റിന്‍ : ഇതിലെ ബാച്ചലര്‍ ബൈജു എന്താ കടത്തനാട്ടു നിന്ന് വന്നവനാണോ? ഇടക്കൊക്കെ ഈ വാളും പരിചയും കണ്ടത് കൊണ്ട് ചോദിച്ചു പോയതാ.
ജയന്‍ ഏവൂര്‍: ഇയ്യാളെന്താ ഹിന്ദി മുന്ഷിയോ? മലയാളത്തില്‍ എഴുതാന്‍ അറിയില്ലെങ്കില്‍ അത് പറയ്. ആളൊരു താമരയാണ് അല്ലെ?
ടോംസ് കൊനുമറം : അസ്സലായിട്ടുണ്ട് അപ്പച്ചോ!
'
15 comments:
ഈ തിരക്കിനിടയില്‍ ഒരാളെ എങ്കിലും 'പാമ്പായി
'ക്കണ്ടല്ലോ, അതുമതി.
ഹിഹിഹി, ഹല്ല പിന്നെ :))
എനിക്കു വയ്യ...
ചേട്ടായീ...പോസ്റ്റിനേക്കാള്‍ ഇടിവെട്ട് സാധനം ദേ..അവസാന കമന്റ്സുകളാണ്...
പിന്നെ പോസ്റ്റ് വായിച്ചപ്പോ നമ്മുടെ അയ്യപ്പ ബൈജൂനേ ഓര്‍മ്മ വന്നൂട്ടാ...
"മിഴിനീര്ത്തുള്ളി: അപ്പച്ചോ... പറയിപ്പിക്കല്ലേ..."
ഒരുപാട് ഇഷ്ടായീ...
പിന്നെ ദേ ഇതും.........
ഒഴാക്കന്‍: കുടുംബപ്പേര് കളഞ്ഞു കുളിക്കാതെ സമ്മതിക്കില്യ എന്നുണ്ടോ?
@നിശാസുരഭി
പാമ്പ് മാത്രമല്ല, ചില താമരകളും ഉണ്ട്. എപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നവരെ ആണ് 'താമര' എന്ന് വിളിക്കുന്നത്. ഈ വഴി വന്നതിനു നന്ദി.
പ്രിയ റിയാസേ,
വിശദമായിട്ട് എഴുതണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഉള്ളത് പറയട്ടെ? ഈ ബൂലോക ബ്ലോഗര്‍മാരെല്ലാം കൂടി വന്ന്, അവരെക്കുറിച്ച് അപഖ്യാതി എഴുതി ഉണ്ടാക്കിയെന്നും പറഞ്ഞ്, എന്നെ തൂക്കിപ്പിടിച്ച് അടിക്കുമോ... എന്നൊരു പേടി! സന്ദര്‍ശനത്തിനും, കമന്റിനും അഭിനന്ദനങ്ങള്‍ക്കും നന്ദി.
പോസ്റ്റ് ഗംഭീരമായിട്ടുണ്ട്.
അതിലും സൂപ്പർ കമന്റുകളാണ്. എത്ര കൃത്യമായിട്ടാണെഴുതിയത്! സമ്മതിച്ചിരിയ്ക്കുന്നു.
അഭിനന്ദനങ്ങൾ.
@Echmukutty
കുറച്ചു പേരെക്കൂടി ഭാവനയിലെ കമന്റില്‍ ഉള്‍പ്പെടുത്തണം എന്ന് വിചാരിച്ചതാണ്. ഒരു ഉള്‍ഭയം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു എന്ന് വിചാരിച്ചോളൂ. ഈ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
nannaayittund enikk ithraye eyuthaan ariyuu
എന്ത് പറയാന്‍ അപ്പച്ചാ, എല്ലാം അപ്പച്ചന്‍ തന്നെ പറഞ്ഞില്ലേ ?
@Abdul Jishad said.
എല്ലാം പെട്ടെന്നായിരുന്നു! പക്ഷെ, ഒന്നും മനപ്പൂര്‍വം ആയിരുന്നില്ല!
ഒരു സംശയം ചോദിക്കട്ടെ ?
ഈ ഒഴാക്കന്റെ സ്വന്തം അപ്പച്ചനാണോ ?
ശ്രീ. അപ്പച്ചൻ അവർകളേ... ഈ കള്ളുസന്ദേശം ഇന്നാണ് കിട്ടിയത്. സംഗതി രസമാണെങ്കിലും,‘ഓർക്കൂട്ടും’ ‘സ്ക്രാപ്പും’മറുപടി പ്രതീക്ഷിച്ചുള്ളതായാൽ വലയുമല്ലോ ആശാനേ!! എന്നെസംബന്ധിച്ച് ഈ ‘പുലരി’ വലിയ ഇഷ്ടമാണ്, പക്ഷെ പലതും വായിക്കാനോ മറുപടിയിടാനോ ഒട്ടും സമയം കിട്ടാറില്ല. ഞാനിപ്പോൾ സൌദിയിലെ ‘റിയാദി’ലാണ്. ഡിസംബർ മദ്ധ്യവാരം മുതൽ നാട്ടിലുണ്ടാവും. വന്ന് സ്വസ്ഥമായശേഷം എല്ലാവരേയും കണ്ട് പരിചയപ്പെട്ട് സഹകരിക്കണമെന്നാണ് ആഗ്രഹം. അക്കാരണത്താലാണ് ആർക്കും മറുപടിയിടാത്തത്. ബാക്കി ‘പുലരിവക’ കഴിച്ചതിനു ശേഷമുള്ള ‘പൂശുകൾ’ മെയിലായി വരുന്നതാണ്. ഉങ്കളുക്ക് ‘പതിൽ’ പോടാത്തവർക്ക് നുള്ള് കൊടുത്തുകൊണ്ടുള്ള ഈ നർമ്മം നന്നായിട്ടുണ്ട്, കൊള്ളാം ഒഴാക്കലേ, ഇത്തിരിക്കൂടി ഒഴിക്ക്......
ആ ഹിന്ദുസ്ഥാനീ മുജ്റ ഗലക്കീട്ടോ..!എണ്‍പതുകളിലെ ഹിറ്റ് വരികളാണത്.. ശുംബരാബര്‍ ശുംബരാ.......
ആ കമന്റ്സ് പരിപാടി കൊള്ളാം കേട്ടോ..:)
ഭായ്,
ഒരു പുതുമ. അത്ര മാത്രമേ ഉദ്ദേശിച്ചുള്ളൂ. ഈ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നദി. ഇനിയും വല്ലപ്പോഴും, ഇതു വഴി വരണം.
रूखी सूखी जो मिले पेट भरने केलिए, और काफी है दो गज ज़मीन जीने मरने केलिए!
@ ഒരു നുറുങ്ങ്,
ഒരു കാലത്ത് ഈ വരികള്‍, യുവാക്കളുടെ ഹരമായിരുന്നു. ഈ സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും നന്ദി.
Post a Comment