വളരെ പണ്ട്, മരണക്കിടക്കയില്‍ കാലന്റെ വരവും കാത്തുകിടക്കുന്ന ഒരു വന്ദ്യവയോധികനോട് മക്കള്‍ അന്ത്യാഭിലാഷം ചോദിച്ചു . പിതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു "പ്രിയമുള്ള മക്കളെ, പറ്റുമെങ്കില്‍ എനിക്കൊന്നു സൈക്കിള്‍ കയറണം". എന്നുപറഞ്ഞതുപോലെ, അന്പത്തിമൂന്നാമത്തെ വയസ്സിലാണ് എനിക്കൊന്നു ബ്ലോഗണമെന്ന് തോന്നിയത്. ഈ ഭൂലോകത്തിലെ സകലമാന പയ്യന്‍സുംബ്ലോഗിക്കൊണ്ടിരിക്കുന്ന കലികാലത്ത് എനിക്കും അങ്ങനെ ഒരാഗ്രഹം തോന്നിയത് അക്ഷന്തവ്യമായ തെറ്റാണോ? അങ്ങനെയൊരു ശുഭ മുഹൂര്‍ത്തത്തില്‍ ഈ ഞാനും ഒരു ബ്ലോഗു തുടങ്ങി. അപ്പോളാണ് പ്രശ്നങ്ങള്‍ ഓരോന്നായിട്ട് തലപൊക്കിയത്. വിദ്യാഭ്യാസം കുറവ്, കംപ്യുട്ടര്‍ കണ്ടിട്ടേ ഉള്ളു, പിന്നെ സ്വന്തമായിട്ടുള്ളത് മുതലാളിമാര്‍ക്ക് മാത്രമെന്ന് പലരും അവകാശപ്പെടുന്ന ചില രോഗങ്ങള്‍ മാത്രം. ഇനിയിപ്പോള്‍ അത് വേണോ, വയസ്സായാല്‍ ദുര്‍വാശി കൂടും, എന്നെല്ലാം ചില മിത്രങ്ങളും, ശത്രുക്കളും ഉപദേശിച്ചു നോക്കി. ഏതായാലും ഓങ്ങിയ കാല്‍ പിറകോട്ടു വെക്കുന്നില്ലെന്നു ഞാനും തീരുമാനിച്ചുകൊണ്ട്, അറിയാവുന്ന വിദ്യാഭ്യാസം വെച്ച്, ഒന്ന് പയറ്റി നോക്കുകയാണ്. വയസ്സായവരും, ഭാവിയില്‍ വയസ്സാകാന്‍ സാധ്യതയുള്ളവരും സധൈര്യം മുന്നോട്ടു വന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പോസ്റ്റ് ചെയ്യുമല്ലോ. വീണ്ടും സന്തിപ്പതു വരൈ ഉങ്കള്‍ക്ക് വണക്കം പെരിയോര്‍കളെ.