Tuesday, December 28, 2010

Bookmark and Share

കുഞ്ഞന്‍ വൈദ്യരുടെ വിപ്ലവാരിഷ്ടം.

"ദേ.. ഇങ്ങോട്ടൊന്നു നോക്കിയേ, ദേ എഴുന്നേല്‍ക്കു മനുഷ്യാ, ശ്ശോ...നേരം ഏഴു മണിയായി. അതെങ്ങനാ? ഉള്ള ചൂടാരിഷ്ടം (വിപ്ലവാരിഷ്ടം )മുഴുവന്‍ അന്തിക്ക് വലിച്ചു കേറ്റും, എന്നിട്ട് തുടങ്ങും കുംഭകര്‍ണ്ണ സേവ. എണീക്ക്, എനിക്കപ്പുറത്തു വേറെ പണിയുണ്ട്. കുഞ്ഞു പിള്ളേരുടെ സ്വഭാവമാ, മൂക്കുമുട്ടെ കുടിക്കണം, ഉറങ്ങണം, പിന്നെ ഓരോ സിദ്ധാന്തോം.. ഞാന്‍ ഇതിനെക്കൊണ്ടു തോറ്റു."ചക്കിക്കുട്ടി, ഭര്‍ത്താവിനെ വിളിച്ചുണര്ത്തുന്ന സ്ഥിരം ജോലിയില്‍ വ്യാപൃതയാണ്, അതില്‍ സംതൃപതയും ആണ്.

" നീ കിടന്നു ബഹളം വെക്കാതെ, വെളിച്ചം ദു:ഖമാണെനിക്കു ചക്കരേ.., നേരം വെളുത്തെന്നു പറഞ്ഞാലും കോഴി കൂകിയില്ലല്ലോ?" ഉടുമുണ്ടും പുതപ്പും കൂടി, മേലെ മേലെ രണ്ടു അട്ടിയാക്കി, പുതച്ചു കിടന്നിരുന്ന കുഞ്ഞന്‍ വൈദ്യര്‍, തല ഒന്നുകൂടി പുതപ്പിനടിയിലേക്കു വലിച്ചു വെച്ച് 'തമസ്സ്' ഉറപ്പുവരുത്തി.

" മിക്കവാറും കോഴി കൂകും! ആകെയുണ്ടായിരുന്ന ഒരു കൊഴിപ്പൂവനെ, മഞ്ഞപ്പിത്തത്തിനു മരുന്ന് കൊടുക്കാനാന്നും പറഞ്ഞ്, എങ്ങാണ്ടോ കൊണ്ട് പോയി കാച്ചിപ്പൊരിച്ചു തിന്ന്, കണ്ട അവന്മാരുടെയെല്ലാം വാറ്റു ചാരായവും കുടിച്ചേച്ചു വന്നു ചക്കരേ..ചക്കരേ.. കൂ.. എന്നും പറഞ്ഞു കൂകി, എന്നെ കളിയാക്കി എന്നിട്ട്, എന്റെ ഉറക്കവും കൂടി കളഞ്ഞപ്പോള്‍ തൃപ്തിയായില്ലേ? ഇന്നു മുതല്‍ തന്നത്താനെ അങ്ങു കൂകിക്കോ..."ചക്കിക്കുട്ടിയുടെ അരുമയായിരുന്ന കോഴി നഷ്ടപ്പെട്ട സങ്കടം, അണപൊട്ടിയൊഴുകി.

"ആണുങ്ങള്‍ ഉള്ള വീട്ടില്‍ കോഴി കൂകാന്‍ പാടില്ല ചക്കരേ, എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരബദ്ധം പറ്റി പ്പോയി. എന്നുവെച്ച്‌, കുറ്റബോധം കൊണ്ടാരും കുട്ടിസ്രാങ്കിനെ ചുട്ടു തിന്നതായിട്ടു ഞാന്‍ കേട്ടിട്ടില്ല. നീ ശല്യം ചെയ്യാതെ പോ എന്റെ പനംചക്കരേ " കുറ്റബോധം കൂടുന്നതനുസരിച്ച്, വൈദ്യരുടെ ചക്കരക്കും മധുരം കൂടും.

"ദേ.. ഒന്നെഴുന്നേറ്റെ. മുറ്റത്തൊരു ചെക്കന്‍ വന്നു നില്‍ക്കുന്നു. നിങ്ങളെ കാണണമെന്ന്. ഇനി ഞാന്‍ വെള്ളവും കൊണ്ടു വരണോ?"(തലയിലൊഴിക്കാന്‍)

മൈസൂര്‍ കൊട്ടാരം വൈദ്യന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കുഞ്ഞന്‍ വൈദ്യര്‍, പേരുപോലെ തന്നെ നിരുപദ്രവകാരിയായ, ഒരു കുഞ്ഞു ജീവിയാണ്. ഒരേക്രയോളം പറമ്പും, സാമാന്യം നല്ല ഒരു വീടും, പിന്നെ വീടിനോട് ചേര്‍ന്ന് ഒരു ചെറിയ വൈദ്യശാലയും, വൈദ്യവും, പിതൃസ്വത്തായിട്ടു കിട്ടിയതാണ്.

അധ്വാനിച്ച്‌
അന്നം തേടുന്നത്, ഭൂമിയിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്ന് ഉറച്ചു വിശ്വസിക്കുകയും, ചെറുപ്പം മുതല്‍, തന്നെ ഉപദേശിക്കുന്നവരോട്, "നയിച്ചു തിന്നാനിപ്പോ ആരേക്കൊണ്ടാ വയ്യാത്തേ? അതിലും ഭേദം കൈച്ച കാഷ്ടം തിന്നൂടെ ചങ്ങായിമാരേ?"എന്നു തിരിച്ചുപദേശിച്ചു ചിരിച്ചുതള്ളുന്ന വൈദ്യര്‍, നല്ലൊരു കലാ ഹൃദയനും, രസികനും,അതിലുപരി നല്ലൊരു പാട്ടുകാരനുമാണ്. വൈദ്യരുടെ പാട്ടു കേട്ടപ്പോഴാണ്‌, ചക്കിക്കുട്ടിക്ക് (വൈദ്യരുടെ ചക്കരക്കുട്ടിക്ക്) ആദ്യമായിട്ടു രോമാഞ്ചമുണ്ടായതും, കാലിടറിയതും. ചക്കിക്കുട്ടിയും തരക്കേടില്ലാതെ പാടും.


രാവിലെ, മനസ്സില്‍ ദൈവതുല്യനായിട്ടു കാണുന്ന ഭര്‍ത്താവിനെ, ദേഹോപദ്രവമേല്പിച്ചു വിളിച്ചുണര്ത്തുക, എണീറ്റു വരുമ്പോഴേക്കും, പല്ലു തെയ്ക്കാനുള്ള ഉമിക്കരി, ഈര്‍ക്കില്‍ മുതലായ സാമഗ്രികളും, ഒരു കിണ്ടിയില്‍ നിറച്ചു വെള്ളവും, വരാന്തയില്‍ കൊണ്ടു വെക്കുക, ബാത്ത്റൂമിലെ ചെമ്പുപാത്രത്തില്‍ വെള്ളം ചൂടാക്കി വെക്കുക, ഇദ്ദേഹം കുളിയും തേവാരവും കഴിഞ്ഞു വരുമ്പോഴേക്കും, പ്രഭാത ഭക്ഷണമൊരുക്കുക, തുടങ്ങിയ തിരുക്കര്മ്മങ്ങളെല്ലാം, ചക്കിക്കുട്ടി സന്തോഷത്തോടെ, ആത്മാര്‍ഥതയോടെ ചെയ്യുന്നു.

പ്രഭാത കൃത്യങ്ങളും, പ്രഭാത ഭക്ഷണവും കഴിഞ്ഞാല്‍, വൈദ്യശാലയിലേക്കായി പുറപ്പെടും. അവിടെ അദ്ദേഹത്തിനു കൃഷ്ണന്‍ എന്ന പേരില്‍, ഒരു പയ്യന്‍ സഹായത്തിനുണ്ട്.
ദശമൂലാരിഷ്ടവും
, വാറ്റുചാരായവും കൂടി യോജിപ്പിച്ചു, 'വിപ്ലവാരിഷ്ടം' ഉണ്ടാക്കിയിട്ട്, ആവശ്യക്കാരായ നാട്ടുകാര്‍ക്കു കൊടുക്കുകയും, ഇടയ്ക്കിടയ്ക്ക് കുറേശ്ശെ സ്വന്തം കഴിക്കുകയും ചെയ്യും. വൈകുന്നേരമാകുമ്പോഴേക്ക്‌, തനി താമരയായിട്ട് വീട്ടിലേക്ക്‌ എത്തും. (സ്ഥിരമായിട്ട് വെള്ളത്തില്‍ കിടക്കുന്നവരെ നാട്ടുകാര്‍ താമര എന്നാണു ബഹുമാനപൂര്‍വം വിളിക്കുന്നത്‌.)

മേല്‍ പറഞ്ഞത് വൈദ്യരുടെ വര്‍ഷങ്ങളായിട്ടുള്ള ദിനച്ചര്യയാണ്. പൂമുഖവാതില്‍ക്കല്‍ സ്നേഹംപൊഴിച്ച് കാത്തിരിക്കുന്ന, ചക്കിക്കുട്ടിക്കു കരച്ചിലും ദേഷ്യവും ഒക്കെ വരും. നിത്യാവശ്യത്തിനായിട്ടു പഠിച്ചു വെച്ച, കുറേ പരാതികളും, പായ്യോരങ്ങളും കൂട്ടിക്കലര്‍ത്തി, നല്ല ഈണത്തില്‍ത്തന്നെ ചക്കിക്കുട്ടി എണ്ണിപ്പാടും. ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍, "നീ ഒന്നടങ്ങ്, എന്റെ ചക്കര മുത്തേ... " എന്നും പറഞ്ഞു വൈദ്യര്‍ പൂമുഖത്തെ ചാരു കസേരയിലേക്കു മറിയും.

"വീട്ടിലാ ണെങ്കില്‍, ഒരുവഹ സാധനങ്ങളില്ല, അരി തീര്‍ന്നിട്ടു ഞാന്‍ ഇരന്നു വാങ്ങി, രാവിലെ പോയപ്പോള്‍ ഞാന്‍ പറഞ്ഞു വിട്ടതായിരുന്നു, മൂക്കറ്റം കുടിച്ചേച്ചു വന്നിരിക്കുന്നു, എന്നോടു പണ്ടത്തെ സ്നേഹമില്ലാഞ്ഞിട്ടാ" എന്നു തുടങ്ങുന്ന അനുപല്ലവി, ചക്കിക്കുട്ടി പാടാന്‍ തുടങ്ങുമ്പോഴേക്കും, വൈദ്യരും ഒന്നു മുരടനക്കിയിട്ട്, ഇങ്ങനെ പാടിത്തുടങ്ങും.

"പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂക്കുടകൂട്ടാനായി കന്യകമാരായിരമുണ്ടോ
......എന്നോമലാളെക്കണ്ടോ.. കൂടെ..കണ്ടോ..കണ്ടോ.."

വൈദ്യര്‍ ഇത്രയും പാടിക്കഴിയുംപോഴേക്കും, സകല പിണക്കങ്ങളും മറന്നു, തരളിതഹൃദയയായ ചക്കിക്കുട്ടി അനുപല്ലവി പാടിത്തുടങ്ങും.

"കാടേറിപ്പോരും കിളിയേ പൂക്കൈതക്കടവിലൊരാളെ
കണ്ടോ നീ കണ്ടോ...കണ്ടോ...
താംബൂലത്താംബാലത്തില്‍ കിളിവാലന്‍ വെറ്റിലയോടെ
വിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരം
നിന്നുള്ളില്‍ പൂകാലം മെല്ലേയുണര്‍ന്നു...
എന്നോടൊന്നുരിയാടാന്‍ അവനിന്നെന്നരികെ വരുമെന്നോ.."

അവസാനം, യുഗ്മഗാനം പാടിക്കൊണ്ട്, മാതൃകാ ദമ്പതികള്‍, ആലിംഗന ബദ്ധരായി അകത്തേക്കു പോകും. ഒരു ദിവസത്തിന്റെ ശുഭാവസാനം. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയാണു കാലഘട്ടം. അതുകൊണ്ടു തന്നെ, ടി വി, സീരിയല്‍ മുതലായ അലുക്കുലുത്ത് പരിപാടികള്‍ ഒന്നും അന്നില്ല. ഏക മകന്‍ സതീശന്‍ എം ബീ ബീ എസ്സിന് വിദേശത്ത് പഠിക്കുന്നു. പിന്നെ, അകത്തും പുറത്തും സഹായത്തിനായി ഉണ്ടായിരുന്നത് കൃഷ്ണന്‍ എന്ന പയ്യനാണ്. അവന്‍ കഴിഞ്ഞ ദിവസം പോയ ഒഴിവിലേക്കാണ്, പുതിയ പയ്യന്‍ രാവിലെ എത്തിയത്.

"എന്താ ഉവ്വേ തന്റെ പേര്?"മുറ്റത്തുനിന്ന പയ്യനോടു വൈദ്യര്‍ ചോദിച്ചു.
"ജോസപ്പപെന്നാ വീട്ടില്‍ വിളിക്കുന്ന പേര്."പത്തിരുപതു വയസ്സു തോന്നിക്കുന്ന പയ്യന്‍ പറഞ്ഞു.

"അപ്പൊ നസ്രാണി ആണല്ലേ? നസ്രാണികള്‍ക്കു വീട്ടില്‍ വിളിക്കാനും, നാടുകാര്‍ക്കു വിളിക്കാനും, പള്ളീല്‍ വിളിക്കാനും, പെമ്പ്രന്നോര്‍ക്ക് വിളിക്കാനുമൊക്കെയായിട്ട്‌ ഇമ്മിണി പേരുകള്‍ കാണും. അതെല്ലാം കൂടി ഓര്‍ത്തിരിക്കുന്നത് എന്റെ പണിയല്ല. ഞാന്‍ നിന്നെ ഇന്നു മുതല്‍ 'കൃഷ്ണാ' എന്നു വിളിക്കും. വൈദ്യശാലയില്‍ ആണ് നിന്റെ ജോലി പക്ഷെ, വീട്ടില്‍ ചില്ലറ ജോലികള്‍ക്കും സഹായിക്കണം. കൂലി ഞാന്‍ തീരുമാനിക്കും, വീട്ടില്‍ താമസിക്കാം, പട്ടിണി കിടക്കണമെന്നു നിനക്കു വാശിയില്ലെങ്കില്‍, ഭക്ഷണം വീട്ടിലുണ്ടെങ്കില്‍ നിനക്കും കഴിക്കാം. സമ്മതമാണെങ്കില്‍ നീ അകത്തു പോയിട്ടു ചക്കരയോട് ഒരു കടലാസും പെന്‍സിലും വാങ്ങിക്കൊണ്ട് വാ, യോഗമുണ്ടെങ്കില്‍ നിന്നെ ഞാന്‍ മഹാനായ കൃഷ്ണന്‍ വൈദ്യനാക്കാം."

" മകനേ നീ എന്റെ കൂടെ വന്നാല്‍, നിന്നെ ഞാനൊരു ചെകുത്താനെ പിടിക്കുന്നവനാക്കാം" എന്നു പണ്ടു വികാരിയച്ചന്‍ പറഞ്ഞതും ഓര്‍ത്തു കൊണ്ട് ജോസഫ്‌ അകത്തേക്ക് പോയി.

"കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാനേ രക്ഷിക്കണേ"എന്നു കുഞ്ഞന്‍ വൈദ്യര്‍ ഒന്ന് നെടുവീര്‍പ്പിട്ടതായിരുന്നു.
" എന്തോ..? വൈദ്യരെന്നേ വിളിച്ചോ?"എന്നു ചോദിച്ചു കൊണ്ടു കൃഷ്ണന്‍ എന്ന ജോസഫ്‌ ഓടി വന്നു.

"ഇപ്പോള്‍ ഞാന്‍ വിളിച്ചതു സാക്ഷാല്‍ കൃഷ്ണ ഭാഗവാനെയാണ്. അതില്‍ നീ ഇടപെടേണ്ട. നീയിപ്പോള്‍ ഞാന്‍ പറയുന്നത് എഴുതിക്കോ"വൈദ്യര്‍ പറഞ്ഞു തുടങ്ങി,

"കുട്ടനാട്ടിലും പരിസരങ്ങളിലും, കാല്‍ക്കാശിനും, കഞ്ഞിക്കും ഗതിയില്ലാതെ ഞാനലഞ്ഞു നടന്നപ്പോള്‍, കുഞ്ഞന്‍ വൈദ്യര്‍ എന്ന നല്ല മനുഷ്യനെ കണ്ടു മുട്ടി. എന്റെ കഷ്ടപ്പാടു കണ്ടു മനസ്സലിഞ്ഞ്‌, അദ്ദേഹം ഒരു ജോലി തന്നു സഹായിച്ചു. ഇന്ന്, ഇതു വരെയുള്ള എന്റെ ശമ്പളവും, എല്ലാ ആനുകൂല്യങ്ങളും, നന്ദിയോടെ സ്വീകരിച്ചു കൊണ്ടു ഞാന്‍ പിരിഞ്ഞു പോകുന്നു.' എഴുതിക്കഴിഞ്ഞെങ്കില്‍ അടിയില്‍ ജോസഫ്‌ എന്നു പേരെഴുതി ഒപ്പിട്ടു ഇങ്ങു തന്നെരെ, തിയ്യതി ഞാന്‍ സൗകര്യം പോലെ എഴുതി ചേര്‍ത്തോളും"

"ഞാന്‍ തെറ്റൊന്നും ചെയ്ത്തില്ലല്ലോ വൈദ്യരെ, പിന്നെന്താ ഇങ്ങനെ."കൃഷ്ണനു മനസ്സിലായില്ല.
"നീ തെറ്റു ചെയ്തില്ലെങ്കില്‍, നിന്റെ അച്ഛന്‍ ചെയ്തിട്ടുണ്ടാകും. ഇവിടിപ്പോ മുഴുവന്‍ കമ്മ്യുണിസ്റ്റ്‌കാരാ. നാളെ നീ അവരെയും കൂട്ടി, കുടികിടപ്പ് അവകാശവും ചോദിച്ചു കൊണ്ടു ചുവന്ന കൊടിയും പിടിച്ചു,

'അങ്കമാലിക്കല്ലറയില്‍ ഞങ്ങടെ സോദരരാണെങ്കില്‍
കല്ലറയാണേല്‍ കട്ടായം പകരം ഞങ്ങള്‍ ചോദിക്കും'

എന്നു മുദ്രാവാക്യവും വിളിച്ചുകൊണ്ട്, ഇങ്ങോട്ടു വന്നാല്‍ എനിക്കും വേണ്ടേ കൃഷ്ണാ ഒരു മുന്‍കരുതല്‍?" കുനുഷ്ട് ബുദ്ധിയും കൌശലവും വൈദ്യര്‍ക്കു പണ്ടേ ഉള്ള സിദ്ധിയാണ്. സംഭാഷത്തിനിടെ അപരിചിതരായ രണ്ടു പേര്‍ മുറ്റത്തേക്ക് കടന്നു വന്നു.

" ഞങ്ങള്‍ ആലപ്പുഴയില്‍ നിന്ന് വരികയാണ്." ആഗതരില്‍ ഒരാള്‍ പറഞ്ഞു തുടങ്ങി. കുറുപ്പു മുതലാളിക്കു തീരെ സുഖമില്ല. തുടര്‍ച്ചയായുള്ള തുമ്മലാണ്. പല വൈദ്യന്മാരും വന്നുപോയതാണു പക്ഷെ, ഒരു കുറവുമില്ല. അങ്ങയെ കൂട്ടി ക്കൊണ്ടു വരാന്‍ പറഞ്ഞയച്ചതാണ്. വള്ളം കൊണ്ടു വന്നിട്ടുണ്ട്. ഉപേക്ഷ പറയരുത്. പണം പ്രശ്നമല്ലെന്നു പറയാന്‍ പറഞ്ഞു."

"ഞാനോന്നാലോചിക്കട്ടെ." ഇതു പറഞ്ഞിട്ടു വൈദ്യര്‍ കൂലംകുഷമായിട്ടു തന്നെ ആലോചിച്ചു. ഒത്താല്‍ ഒരാഴ്ചത്തെ വട്ടച്ചിലവു കുശാലേ കുശാല്‍, മാത്രമല്ല, തന്നെ ഇത്രയും ദൂരെ നിന്ന് കൂട്ടി ക്കൊണ്ടു പോയിട്ട്,വെറും കയ്യോടെ തിരിച്ചു വിടാനും സാധ്യത കുറവാണ്. രോഗം മാറുന്നത്, ഓരോരുത്തരുടെ യോഗഭാഗ്യം പോലെയിരിക്കും. ഹല്ല പിന്നെ!

"ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ തയ്യാറായിട്ടു വരാം, നിങ്ങളിരിക്ക്. കൃഷ്ണാ നീയും പോരാന്‍ ഒരുങ്ങിക്കോളൂ."ഇതും പറഞ്ഞിട്ടു വൈദ്യര്‍ അകത്തേക്കു പോയി. കാര്യങ്ങള്‍ ഭാര്യയെയും ഗൌരവപൂര്‍വം പറഞ്ഞെല്‍പ്പിച്ചു. സംഗതി ഭഗവതി കൊണ്ടു വന്ന സൌഭാഗ്യമാണെന്നു ചക്കിക്കുട്ടിക്കും തോന്നി.

ഒരുപ്രദേശം മുഴുവന്‍ കരയും വയലുമുള്ള, ഒരു ഭൂലോക മുതലാളിയായിരുന്നു കേളുക്കുറൂപ്പ്. പുളിങ്കോമ്പിലാണ് താന്‍ തൂങ്ങിയതെന്നു, വൈദ്യര്‍ക്കും പെട്ടെന്ന് തന്നെ മനസ്സിലായി.

"ഒരാഴ്ച്ത്തെ ചികിത്സ വേണ്ടിവരും. മരുന്നിന്റെ കുറൂപ്പടി ഞാന്‍ എഴുതിത്തരാം. സാധങ്ങള്‍ കൊണ്ട് വന്നാല്‍ വൈകിട്ട് തുടങ്ങാം." പരിശോധന കഴിഞ്ഞപ്പോള്‍ വൈദ്യര്‍ മൊഴിഞ്ഞു.

ധാര കോരലും, കിഴി കുത്തലും, ഉഴിച്ചിലും പിഴിച്ചിലുമായിട്ടു ഒരാഴ്ച തികഞ്ഞ ദിവസം, രാവിലെ പരിശോധന കഴിഞ്ഞു, കു റൂപ്പിനെ മോഹാലസ്യപ്പെടുത്തിയത്തിനു ശേഷം, വൈദ്യരുടെ അവസാന മിനുക്കു പണിയും കൂടെ കഴിഞ്ഞപ്പോള്‍ രോഗി പൂര്‍ണ സൌഖ്യം പ്രാപിച്ചു.
ഒരാഴ്ചത്തെ
സുഖ വാഴ്ചക്ക് ശേഷം, വൈദ്യരുടെ മടക്കയാത്ര ഒരു മഹാ സംഭവമായിരുന്നു. ഒരു കെട്ടുവള്ളം നിറയെ, ചാക്ക് കണക്കിനു നെല്ലും, തേങ്ങയും വാഴക്കുലകളും. അതിനു പുറമേ ഒരു പണക്കിഴിയും കൊടുത്താണ് കുറുപ്പ്‌, വൈദ്യരെ യാത്രയാക്കിയത്. അഞ്ചാറു മാസം കഴിയുമ്പോള്‍, ഇതേ രോഗാവസ്ഥ വരാന്‍ സാധ്യത ഉണ്ടെന്നും, ഇറങ്ങാന്‍ നേരം വൈദ്യര്‍ പറയാന്‍ മറന്നില്ല.

ആറു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, കുറുപ്പിനു വീണ്ടും തുമ്മല്‍ തുടങ്ങി. മാത്രമല്ല, ഓരോ ആറു മാസത്തെ ഇടവേളയിലും കുറുപ്പിനു തുമ്മല്‍ വരും. വൈദ്യര്‍ പോയി ചികിത്സിച്ചു ഭേദമാക്കിയിട്ടു തിരിച്ചു പോരും. ഓരോ മടക്ക യാത്രയിലും ഒരു കെട്ടുവള്ളം നിറയെ പാരിതോഷികങ്ങളും. ഏതാനും വര്‍ഷങ്ങള്‍ കൂടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം വൈദ്യശാലയിലേക്ക് പോകാതെയായി.
വലിയ
കേസ്‌ മാത്രം പരിഗണിക്കും. അല്ലാത്ത സമയങ്ങളില്‍ 'വിപ്ലവവും' ചക്കരയുമായിട്ടു വീട്ടില്‍ സ്വസ്ഥം. കൃഷ്ണന്‍ വൈദ്യരാണ് വൈദ്യശാലയുടെ ഭരണവും ചികിത്സയും.

ഒരു മകര വിളക്കിനു കുഞ്ഞന്‍ വൈദ്യര്‍, ശബരിമലയ്ക്ക് പോയ സമയത്താണ് കുറുപ്പിനു തുമ്മല്‍ ആരംഭിച്ചത്. ആലപ്പുഴയില്‍ നിന്ന് കുറുപ്പിന്റെ ആള്‍ക്കാര്‍ എത്തി. സതീശന്‍ കോഴ്സ്‌ കഴിഞ്ഞു വന്ന സമയമായിരുന്നു. ചക്കിക്കുട്ടിയുടെ നിര്ബ്ബന്ധത്തിനു വഴങ്ങി, വൈദ്യരുടെ അഭാവത്തില്‍, കൃഷ്ണന്‍ വൈദ്യര്‍ ദൌത്യം ഏറ്റെടുത്തു.

നേതൃത്വം സതീശനായിരുന്നു. എം ബീ ബീ എസ്സുകാര്‍ ഉള്ളപ്പോള്‍, കൃഷ്ണന്‍ വൈദ്യര്‍ക്ക് കാര്യമായ റോള്‍ ഒന്നും ഇല്ലായിരുന്നു. കുറുപ്പിനെ ചികിത്സിച്ചു ഭേദമാക്കി, പാരിതോഷികങ്ങളുടെ കെട്ടുവള്ളവുമായിട്ടു രണ്ടു പേരും നാട്ടിലേക്ക് മടങ്ങി. കുഞ്ഞന്‍ വൈദ്യര്‍ മടങ്ങി വന്നു.

"നമ്മുടെ ആലപ്പുഴ പാര്‍ട്ടി വരാനുള്ള സമയമായല്ലോ കൃഷ്ണാ!" വൈദ്യര്‍ ചോദിച്ചു.
"ഞങ്ങള്‍ പോയിരുന്നു. ചികിത്സിച്ചു സുഖമാക്കിയിട്ടാണ് പോന്നത്." കൃഷ്ണന്‍ പറഞ്ഞു.
"നിങ്ങള്‍ ആരൊക്കെ?നിനക്ക് രോഗം മനസ്സിലായോ? നീ എന്തൊക്കെയാണ് ചെയ്തത്?പറയ്‌ കേള്‍ക്കട്ടെ?" വൈദ്യര്‍ക്ക് ക്ഷമ നഷ്ടപ്പെട്ടു.

" അത് അച്ഛാ, അങ്ങേരുടെ മൂക്കിനകത്തുള്ള ഒരു രോമം അടിഭാഗത്തുനിന്നു, നേരേ മുകളിലേക്കു വളര്‍ന്നു മുകളില്‍ ചെന്ന് കുത്തിയിട്ടാണ് തുമ്മല്‍ വന്നിരുന്നത്. ഇന്‍ പ്രശ്നം ഒരിക്കലുമുണ്ടാകില്ല. ഞാനതങ്ങ് പറിച്ചു കളഞ്ഞു."സതീശന്‍ പറഞ്ഞു.

"നീ എന്റെ കഞ്ഞികുടി മുട്ടിച്ചല്ലോ! എന്റെ പൊന്നു മോനേ സതീശാ ...എന്റെ കൃഷ്ണാ...ഗുരുവായൂരപ്പാ... ഭഗവാനേ... എന്നും വിലപിച്ചുകൊണ്ട്, കുഞ്ഞന്‍ വൈദ്യര്‍ ചാരുകസേരയിലേക്ക് മറിഞ്ഞു! കൈപ്പിഴ എന്താണ് സംഭവിച്ചതെന്ന് കൃഷ്ണനോട്ടു മനസ്സിലായും ഇല്ല.

വാല്‍ക്കഷ്ണം: കുഞ്ഞന്‍ വൈദ്യന്‍ ബുദ്ധിപരമായിട്ടു, കുറുപ്പിന്റെ മൂക്കില്‍ വളര്‍ന്നിരുന്ന രോമം, ഓരോ തവണയും, കത്രിക കൊണ്ടു മുറിച്ചു മാറ്റുകയായിരുന്നു. അത് ആറു മാസം കൊണ്ടു പൂര്‍വസ്ഥിതി പ്രാപിക്കുകയും, വൈദ്യരുടെ നിത്യവരുമാനമായി മാറുകയും ആയിരുന്നു.

Friday, December 10, 2010

Bookmark and Share

50% വനിതാ സംവരണം.

सिधि साध्ये सतामस्तः प्रसादतस्य धूर्जटे
जाह्नवी फ़ेन् लेखेव एन मूर्धनि शशिन कला!


അയല്‍ക്കൂട്ടം, നാട്ടുകൂട്ടം, കൂട്ടുകൂട്ടം, നുണക്കൂട്ടം മുതലായ ഏതൊക്കെയോ കൂട്ടായ്മകള്‍ കഴിഞ്ഞെത്തിയ ശ്രീമതിയെ ഒന്ന് കളിയാക്കുവാന്‍ വേണ്ടിയാണ് ഞാനീ ശ്ലോകം ചൊല്ലിയത്. സ്വയംകൃതാനര്‍ത്ഥം എന്നു പറഞ്ഞതുപോലെ, അത് എനിക്കു തന്നെ ഒരു പാരയായി.

"എന്തോന്നാ വായില്‍ കൊള്ളാത്തതൊക്കെ വിളിച്ചു പറയുന്നത്? എന്താ ഒരു പുച്ഛം?"ശ്രീമതി.
" ഞാനാ പഞ്ചതന്ത്രം കഥയുടെ ആമുഖം ഒന്നു പറഞ്ഞതാണേ"വിനയം വിദ്വാന് ഭൂഷണം എന്നാണല്ലോ!
"എന്നാപ്പിന്നെ അതിന്റെ അര്‍ഥം കൂടിയങ്ങ്‌ പറ."ശ്രീമതി.

" ചന്ദ്രക്കലയുടെ ആകൃതിയില്‍, നെറ്റിയില്‍ക്കൂടി ഗംഗാ നദി ഒഴുകുന്ന, പരമശിവന്റെ അനുഗ്രഹത്താല്‍, മഹാന്മാരുടെ കാര്യങ്ങളില്‍, കാര്യസാധ്യതയുണ്ടാകട്ടെ, എന്നോ മറ്റോ ആണ് അര്‍ഥം. മഹാന്മാരുടെ എന്നു പറഞ്ഞാലും, മഹതികളും അതില്‍ ഉള്‍പ്പെടും." ഞാന്‍ പറഞ്ഞു.


" കുറച്ചു ദിവസമായിട്ട് ഞാനും ഈക്കാര്യം നിങ്ങളോട് പറയാനിരിക്കുകയായിരുന്നു. ക്യൂബയില്‍ ഫിദല്‍ കാസ്ട്രോ, ഭരണം അയാളുടെ അനുജനെ ഏല്‍പ്പിച്ചു. അത് നിങ്ങളറിഞ്ഞോ? ഉത്തര കൊറിയക്കാരനോ, മറിയക്കാരനോ മറ്റോ ഭരണം അയാളുടെ മകനെ ഏല്‍പ്പിച്ചു, നിങ്ങളറിഞ്ഞോ? അങ്ങനെയാണ് മഹാന്മാരായ ആളുകള്‍ ചെയ്യുന്നത്."

ശ്രീമതി ഗൌരവത്തിലാണ്. കുറച്ചു അയല്‍പക്കങ്ങളില്‍ കേറി ഇറങ്ങിയിട്ടാണെങ്കിലും, കടു കട്ടിയായി രണ്ടു കവിള്‍ സംസാരിക്കാന്‍ മാത്രം എന്റെ ഭാര്യ വളര്ന്നല്ലോ എന്നു ഞാന്‍ അഭിമാനം കൊണ്ടു.

"എന്റെ പ്രിയ ഭാര്യെ, നീ ഇതെല്ലാം എന്നോടെന്തിനാ ഇപ്പൊ പറയുന്നേ? ഞാനൊരു ശ്ലോകം ചൊല്ലിയതല്ലേ
ഒള്ളു?ഒരു മാന്യതക്കുറവും പ്രവര്ത്തിച്ചില്ലല്ലോ?" ഞാന്‍ വിനയം വിടാതെ പറഞ്ഞു.

"നിങ്ങള്‍ക്കെന്താ ഭരണം ഒന്നു കൈമാറിയാല്‍? വാലും തലേം നരച്ചു. എന്നാലും കിരീടവും ചെങ്കോലും കൈ വിടുകേലെന്നാ വാശി. ഇത് ജനാതിപത്യ രാജ്യമാ, ആരു ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കും."

ഇതും പറഞ്ഞിട്ട്, ശ്രീമതി സാരിത്തലപ്പ് ഒന്ന് എടുത്തു കുത്തിയിട്ട് നിവര്‍ന്നു നിന്നു. സംഗതി വഷളാകുമോ എന്നൊരു തോന്നല്‍ എനിക്കുമുണ്ടായി.

"എന്റെ മോളെ, (ശ്രീമതിക്ക് വയസ് അന്പതായെന്ന് എനിക്കല്ലേ അറിയൂ. എന്നാലും ഒരു ചെറുകിട സോപ്പ്.) ഞാനാരെ ഭരിക്കുന്നെന്നാ നീ പറയുന്നത്?കോണ്ഗ്രസ് ഇന്ത്യാ രാജ്യം ഭരിക്കുന്നു, കമ്മ്യൂണിസ്റ്റ് കേരളം ഭരിക്കുന്നു, പഞ്ചായത്ത് രണ്ടു പാര്‍ട്ടികളും കൂടി ഭരിക്കുന്നു. ദൈവാനുഗ്രഹത്താല്‍ ഞാനീ രണ്ടു പാര്‍ട്ടിയിലും പെടില്ല. ഇനിയിപ്പോള്‍, പച്ചക്കൊടി നാട്ടിയ പച്ചക്കാറില്‍, പാക്കിസ്ഥാനില്‍ പോയി ഭരിക്കാം എന്നു വിചാരിച്ചാല്‍, ദുഷ്ടന്മാര്‍ നിര്‍ദ്ദയം വെടിവെച്ചു കൊല്ലും. പിന്നെ ഞാന്‍ ആരെ ഭരിക്കും?"
എന്റെ നിസ്സഹായാവസ്ഥ ഞാന്‍ വെളിപ്പെടുത്തി. അപ്പോഴേക്കും ഭാര്യയുടെ യലോഗിനു ഒരു ഇന്നസന്‍റ്' ടച്ചു വന്നു തുടങ്ങിയിരുന്നു.

"എന്തോ..? ഭരിച്ചില്ലെന്നോ...? കഴിഞ്ഞ മുപ്പതു കൊല്ലമായിട്ടു ഞങ്ങളെയിട്ടു പപ്പും പൂടേം പറിക്കുകയല്ലായിരുന്നോ, മനുഷ്യാ നിങ്ങള്‍?ഞങ്ങളെയിട്ടു കൊല്ലാക്കൊല ചെയ്ത നിങ്ങള്‍ ഭരിച്ചില്ലാ...ല്ലേ..?ഇനിയിത് സമ്മതിക്കില്ല സത്യം!"
ഭാര്യ കട്ടായം പറഞ്ഞു.

"ഇത്രയും കാലം കഷ്ട്ടപെട്ടു കുടുംബം പോറ്റിയ ഞാന്‍ ഇപ്പോള്‍ കുറ്റക്കാരനായി. ഭാര്യയേയും കുട്ടികളെയും സംരക്ഷിക്കുന്നത് എന്നുമുതലാണ് ഭരണമായത് എന്നെനിക്കറിയില്ലല്ലോ!"ഞാന്‍.

"ങാ.. ഹാ..! ഒന്നുമറിയാത്ത ഒരു ള്ളാ..ക്കുഞ്ഞ്!. അതിനാണ് കുടുംബ ഭരണമെന്ന് പറയുന്നത്. 'സ്ത്രീ ശാക്തീകരണമെന്ന്' നിങ്ങള്‍ കേട്ടിട്ടുണ്ടോ? 'വനിതാ ശക്തി' എന്നു കേട്ടിട്ടുണ്ടോ? ഹല്ലാ.. അതെങ്ങനെ കേള്‍ക്കാനാ? ഒന്നുകില്‍ സ്വന്തമായിട്ട് സ്വല്‍പ്പമെങ്കിലും വിവരം വേണം. അല്ലെങ്കില്‍ വിദ്യാഭ്യാസം വേണം. അതെങ്ങനാ...ഏഴാം ക്ലാസ് പഠിച്ചവന്‍, മലയാളത്തില്‍ ഡോക്ടറേറ്റ്‌ ഉണ്ടെന്നുള്ള ഭാവത്തില്‍, കാല്‍ക്കാശിനു ഉപകാരമില്ലാതെ ബ്ലോഗും എഴുതി നടക്കുകല്ലേ...? ദേ.. ഇങ്ങോ..ട്ടു നോക്ക്, ഫിദല്‍ കാസ്ട്രോ മുപ്പതു കൊല്ലം ഭരിച്ചു, ഭരണം കൈമാറിയേ..? ജ്യോതി ബസു മുപ്പതു കൊല്ലം ഭരിച്ചു, ഭരണം കൈമാറിയേ? അപ്പൊപ്പിന്നെ, നിങ്ങളും മുപ്പതു കൊല്ലം ഭരിച്ചില്ലേ.? ഞങ്ങളും ഒന്ന് മാറിച്ചിന്തിക്കാന്‍ തീരുമാനിച്ചു. നിങ്ങള്‍ക്കും മഹാന്‍മാരുടെ വഴിയെ ചിന്തിക്കാനുള്ള സമയമായിട്ടുണ്ട്. എന്നുമാത്രമല്ല, ഇതാണ് സ്വീകാര്യമായ സമയം."എന്റെ ഭാര്യ ഗൌരവം വിടുന്ന മട്ടില്ല.

പണ്ടൊക്കെയാണേല്‍, പിടിച്ചിട്ടു കൂമ്പിരിക്കുന്നിടത്ത് രണ്ടിടി കൊടുക്കാമായിരുന്നു. എരണംകെട്ട സര്‍ക്കാര്‍ തീരുമാനം എല്ലാം കളഞ്ഞു കാലാ പറിച്ചില്ലേ? ഇന്നിപ്പോള്‍ കെട്ടിയ പെണ്ണിനെ തൊട്ടാല്‍, സ്ത്രീ പീഡനക്കുറ്റം ചുമത്തിയിട്ടു, പോലീസ് പിടിച്ചു അകത്തിട്ടു ഇടിക്കും, പോരെങ്കില്‍ കോടതി നടപടി വേറെ. ഇതൊക്കെ സഹിക്കാമെന്നു വെച്ചാലും, എന്റെ കാര്യത്തില്‍, അതിലും ഗുരുതരമായ പ്രശ്നങ്ങള്‍ വേറെയുമുണ്ട്. എന്റെ ധര്‍മ്മദാരങ്ങള്‍ക്ക് ആങ്ങളമാര്‍ പുലിപോലെയുള്ളത് ഒന്‍പതെണ്ണം ഉണ്ട്. ബുദ്ധിപരമായി ചിന്തിച്ചാല്‍, ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യുമെന്നാണല്ലോ, പ്രമാണം. പാക്കിസ്ഥാന്‍കാര്‍ കാശ്മീരിന്റെ പൊക്കത്തില്‍ കയറി, നമ്മുടെ തലേലോട്ടു കാഷ്ടിച്ചാലും,ബോംബിട്ടാലും, നമ്മള്‍ ക്ഷമിക്കുന്നില്ലേ? പാരമ്പര്യം വെച്ചു ഞാനും, പരമാവധി പല്ലുകടിച്ചു ക്ഷമിക്കാന്‍ തീരുമാനിച്ചു.


"ഇനിയിപ്പോ ഭരണം കൈമാറാം എന്ന് വെച്ചാല്‍ ത്തന്നെ, ഞാനിത് ആരെ ഏല്‍പ്പിക്കും? ഒരു മകനുള്ളത് ജോലിയുമായിട്ടു പുറത്താണ്, മകള്‍ക്ക് പ്രായ പൂര്‍ത്തി ആയിട്ടില്ല. 'എന്റെ നാരങ്ങാ മിായീം മേടിച്ചു തിന്നിട്ട്, എന്നെ കയ്യേല്‍ പിടിച്ചു റോഡില്‍ ഇറക്കി വിടുന്ന' നയമാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍‍, ഈ കുടുംബം കോഞ്ഞാട്ടയായിപ്പോകും, ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട!" ഞാനൊരു ചെറിയ ഭീഷണി മുഴക്കി നോക്കി. പക്ഷെ അത് ചീറ്റിപ്പോയി.

"അപ്പൊ നിങ്ങളീ നാട്ടിലോന്നുമല്ലേ മനുഷ്യാ ജീവിക്കുന്നത്? ഇപ്പൊ എല്ലാക്കാര്യത്തിലും അമ്പതു ശതമാനം സ്ത്രീ സംവരണമുണ്ട്. അതുകൊണ്ട്, ആദ്യത്തെ മുപ്പതു കൊല്ലം നിങ്ങള്‍ ഭരിച്ചു, ഇനി മുപ്പതു കൊല്ലം ഞാന്‍ കുടുംബം ഭരിക്കും. എതിര്‍ക്കാനാണ് ഭാവമെങ്കില്‍, ഞാന്‍ വനിതാ കമ്മീഷനിലും, പോലീസിലും പരാതി കൊടുക്കും. വയസ്സുകാലത്ത്, വെറുതെ മനുഷ്യന് പണിയുണ്ടാക്കാതെ, കുത്തിയിരുന്നു വല്ല ബ്ലോഗും എഴുതാന്‍ നോക്ക്. പിന്നെ, എന്റെ പിള്ളേരുടെ അപ്പനെന്ന നിലക്ക്, ഞാനായിട്ട് ചെറിയ ഒരു സൌജന്യം അനുവദിക്കാം. നിങ്ങള്‍ ഭരണത്തിലിരുന്ന മുപ്പതു വര്‍ഷക്കാലത്തെ, അഴിമതികളെ ക്കുറിച്ച് ഞാന്‍ ചോദിക്കുന്നില്ല, എന്ന് വെക്കാം." ശ്രീമതിയുടെ സംസാരത്തില്‍ ചെറിയ ഒരു അയവു വന്നു. അല്ലെങ്കിലും സ്ത്രീകള്‍ ലോല ഹൃദയരാണെന്നാണല്ലോ വയ്പ്. സീരിയലുകള്‍ കണ്ടാല്‍ കരയാത്ത സ്ത്രീയും, സീരിയലുകള്‍ കണ്ടാല്‍ കരയുന്ന പുരുഷനും, അവലക്ഷണം ആണെന്നാണ്‌ പഴമക്കാര്‍ പറയുന്നത്.

"എന്റീശോയേ! നീ എന്തസംബന്ധമാണ് പെണ്ണേ പറയുന്നത്? ഞാന്‍ അഴിമതി കാണിച്ചെന്നോ? ഇങ്ങനെയുള്ള ഇല്ലാവചനം പറഞ്ഞാല്‍, നിനക്ക് ദൈവദോഷം കിട്ടും. ബാക്കിയൊക്കെ ഞാന്‍ സഹിക്കാം പക്ഷെ, ദയവുചെയ്തു നീ എന്നെ, ഇവിടുത്തെ പീറ രാഷ്ട്രീയക്കാരോട് ഉപമിക്കരുത്‌." സങ്കടത്തോടെ, പൂച്ചക്ക് മുന്‍പില്‍, എലി സ്തുതി ചെല്ലുന്നതുപോലെ ഞാന്‍ വിനയാന്വിതനായി.


"ദേ... ഇങ്ങോ..ട്ട്, ദേ.. ഇവിടെ, എന്റെ മുഖത്തോട്ടു ഒന്നു നോക്കിയേ..! എനിക്ക് സ്ത്രീധനം കിട്ടിയ കാശ് മുഴുവ നിങ്ങള്‍ പുട്ടടിച്ചു തീര്ത്തില്ലേ? കണ്ട പറമ്പിലെ ആദായം മുഴുവന്‍, ഇത്രയും കാലം, നിങ്ങള്‍ കള്ളു കുടിച്ചു മുള്ളിയില്ലേ?കഴിഞ്ഞ മുപ്പതു കൊല്ലം, നയാപ്പൈസ കൂലി ഇല്ലാതെ, നിങ്ങളുടെ അടുക്കളപ്പണി ചെയ്യിച്ചില്ലേ? മുപ്പതു കൊല്ലം നിങ്ങളെന്നെ അലക്കുകാരത്തി ആക്കിയില്ലേ? ഇതൊന്നും അഴിമതിയല്ലേ? അതൊന്നും പോരാഞ്ഞിട്ട്, 'ചെമ്മീനിലെ' കറുത്തമ്മയെപ്പോലെ സുന്ദരിയായിരുന്ന എന്നെ നിങ്ങള്‍, പൂഞ്ഞാറ്റില്‍അമ്മാമ്മയുടെ ഷേയ്പ് ആക്കിയില്ലേ?അരിയും തിന്നു, ആശരിയേം കടിച്ചു, എന്നിട്ടും ഇതിയാനു മുറുമുറുപ്പ്. കെട്ടിയോനല്ലേ എന്ന് വിചാരിച്ചു ഞാന്‍ ഇത്രയും കാലം ക്ഷമിച്ചതാ!"
വീണ്ടും കൊടുംകാറ്റ്.

( 'പൂഞ്ഞാറ്റില്‍അമ്മാമ്മ' എന്ന് പറഞ്ഞാല്‍, പണ്ട് പൂഞ്ഞാര്‍ പഞ്ചായത്തിലേക്ക്, ചെറുപ്പക്കാരുടെ പിന്തുണയോടെ മത്സരിച്ചു ജയിച്ച, ഒരു പാവം വൃദ്ധ ആയിരുന്നു. പാവത്തിന്റെ പേര് എന്തിനിവിടെ വലിച്ചിഴച്ചു എന്നുള്ളത് എനിക്കറിയില്ല.)

"ഞാന്‍ തെറ്റ് സമ്മതിച്ചു. തോണി കരക്കടുത്ത സ്ഥിതിക്ക്, ഇനി മണലില്‍ക്കൂടി ഇട്ടു വലിക്കേണ്ട. ഇന്നു മുതല്‍, നീ അങ്ങോട്ട്‌ ആഘോഷമായിട്ട് ഭരിച്ചോ. പിന്നെ ഒരു കാര്യം, എന്റെ വെള്ളം കുടി മുട്ടിക്കാന്‍ ആണ് നിന്റെ ഭാവമെങ്കില്‍, ഞാനിവിടെയൊരു കാര്‍ഗ്ഗില്‍ സൃഷ്ടിക്കും. പണ്ട് ഏറിയ പുലികളെയും വെടിവെച്ച തോക്ക്, ഇപ്പോഴും എന്റെ കയ്യിലുണ്ട്, അതു നീ മറക്കേണ്ട." അങ്ങനെ, ലൂയി മൌണ്ട് ബാറ്റന്‍ പ്രഭു ചെയ്തത് പോലെ, ഞാന്‍ നിരുപാധികം കീഴടങ്ങി.

" ഒരു രക്തച്ചൊരിച്ചില്‍ ഇല്ലാതെ ഭരണം കൈമാറിയ, നിങ്ങുളുടെ ബുദ്ധിപൂര്‍വമായ നീക്കത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നാളെ രാവിലെ മുതല്‍, കാര്യങ്ങള്‍ ഞാന്‍ തീരുമാനിക്കും, ഞാന്‍ നടത്തും. പറമ്പിലെ ആദായം ഞാനെടുക്കും. എല്ലാ സാമ്പത്തിക ഇടപാടുകളും ഞാന്‍ നടത്തും. വണ്ടിയുടെ രജിസ്ട്രേഷന്‍ എന്റെ പേരിലേക്ക് മാറ്റണം. നിങ്ങള്‍ വണ്ടി ഓടിച്ചാല്‍ അതിനു ന്യായമായ കൂലി തരുന്നതായിരിക്കും. മേല്പറഞ്ഞ ജോലിക്ക് താല്പര്യമില്ലെങ്കില്‍, നിങ്ങള്ക്ക് പകരം, ഈ പ്രായത്തില്‍, ഈ വലിപ്പത്തില്‍, ഞാന്‍ വേറൊരാളെ നോക്കും. എന്റെ പ്രതിപക്ഷ ബഹുമാനം എന്ന നിലക്ക്, നിങ്ങളുടെ അഭിപ്രായങ്ങളും, ആക്ഷേപങ്ങളും, അതാതു ദിവസം അത്താഴത്തിനു മുന്‍പ് അവതരിപ്പിക്കാം. സഭ അലങ്കോലപ്പെടുത്തിയാല്‍, വരാന്തയില്‍ കിടക്കേണ്ട അവസ്ഥ സംജാതമാകും. ഇനി, നിങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൂടി കേട്ടോളൂ. നിങ്ങള്‍ക്കാവശ്യമായ മദ്യപാന സാമഗ്രികള്‍ വീട്ടില്‍ എത്തിച്ചു തരുന്നതാണ്. ഇഷ്ട്ടം പോലെ കഴിച്ചോണം പക്ഷെ, പൂസായിട്ട് ഇവിടെ കിടക്കാന്‍ ഒക്കേല. പുകവലി ആരോഗ്യത്തിനു ഹാനികരം. കാശിന് ആവശ്യമുണ്ടെങ്കില്‍, രേഖാ മൂലം ആവശ്യപ്പെടണം. അനുവദിച്ചു തരുന്ന തുക നിങ്ങളുടെ പേരില്‍ പറ്റെഴുതും. ബാക്കി കാര്യങ്ങള്‍ ഓര്‍മ്മ വരുന്നതനുസരിച്ച്‌ അറിയിക്കുന്നതായിരിക്കും."
ഇത്രയും പറഞ്ഞിട്ട്, എന്റെ പ്രിയപ്പെട്ട ഭാര്യ ചവിട്ടിക്കുലുക്കി അകത്തേക്ക് പോയി.


ഡിസംബര്‍ ഇരുപത്തിനാല്, സമയം,വൈകുന്നേരം നാലുമണി. ഞാന്‍ പ്രിയതമയുടെ ഔദാര്യത്തില്‍ കിട്ടിയ ചായയും നുണഞ്ഞിരിക്കുന്ന സമയം.

"ദേ.. ഇങ്ങോട്ട് നോക്കിയേ, നമുക്കാ കണ്ണനെ ഇന്നു തട്ടണം. ഇനി അവനെ വെച്ചുവാഴിക്കുന്ന പ്രശ്നമില്ല."
യാതൊരു മുഖവുരയുമില്ലാതെയാണ് ശ്രീമതിയുടെ തീരുമാനം. അക്ഷരാര്‍ത്ഥത്തില്‍ ഞാനൊന്നു ഞെട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു പുത്തരിപ്പെരുന്നാളിനു പള്ളിയില്‍ പോയിട്ട് വരുമ്പോള്‍, കണ്ണനും അവളോടൊപ്പമുണ്ടായിരുന്നു. അന്നു മുതല്‍ അവന്‍ ഞങ്ങള്‍ക്കൊപ്പം ജീവിച്ചു.

"ആ പാവത്തിനെ കൊല്ലുക എന്നൊക്കെ പ്പറഞ്ഞാല്‍, എനിക്കതിനോട് ഒട്ടും യോജിപ്പില്ല. എന്നു മാത്രമല്ല, അവന്റെ ഭാഗത്ത്, അതിനു തക്കവണ്ണം എന്തു തെറ്റാണെന്ന് കൂടി അറിഞ്ഞാല്‍ക്കൊള്ളാം"
ഞാന്‍ ആശ്ചര്യപ്പെട്ടു.

"നിങ്ങള്‍ക്കറിയില്ല, അവനാ ചക്കിയെയും മക്കളെയും, ഭയങ്കരമായിട്ട് ഉപദ്രവിക്കുന്നു. മാത്രമല്ല, അവനിപ്പോള്‍ കുറച്ചായിട്ട് ആ ചിരുതയുടെ പിറകെയാണ്. രക്ഷിക്കുന്നവന് ശിക്ഷിക്കാനും അധികാരമുണ്ട്‌. നിങ്ങളെക്കൊണ്ട് കാര്യം നടക്കുകേലെങ്കില്‍, ഞാനാ വടിവാള്‍ വാസുവിന് ക്വട്ടേഷന്‍ കൊടുക്കും. എന്റെ തീരുമാനത്തിനു മാറ്റമില്ല."
ശ്രീമതി ഗൌരവത്തിലാണ്.

"എനിക്കീ രക്തത്തില്‍ പങ്കില്ല, എന്നു മാത്രമല്ല, ഈ വിഷയം എന്റെ അധികാര പരിധിയിലുമല്ല. അതുകൊണ്ട് അവിടത്തെ ഇഷ്ട്ടം നിറവേറട്ടെ!"
എന്നും പറഞ്ഞു, ഞാന്‍ പറമ്പിലേക്ക് വാക്കൌട്ട് നടത്തി.

അന്നു രാത്രി, ഞങ്ങള്‍ പള്ളിയില്‍ പോയിട്ട് തിരിച്ചു വന്നപ്പോഴേക്കും, കണ്ണന്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞിരുന്നു. നിസ്സാരമായ ഒരു കുപ്പി ചാരായത്തിനു വേണ്ടി, ക്വട്ടേഷന്‍ പിടിച്ച വടിവാള്‍ വാസു, ആ പാവം പൂവങ്കോഴിയുടെ കഴുത്തില്‍ കത്തിവെച്ചു. ഒറ്റ ദിവസത്തെ ഭരണ നേട്ടമാണ് ഒരു കൊലപാതകത്തില്‍ കലാശിച്ചത്. ഈ രീതിയില്‍ റീജന്റ് ഭരണം (റാണിഭരണം) തുടര്‍ന്നാല്‍, ബാക്കിയുള്ളവര്‍ ജാഗ്രതൈ!!