सिधि साध्ये सतामस्तः प्रसादतस्य धूर्जटे
जाह्नवी फ़ेन् लेखेव एन मूर्धनि शशिन कला!
അയല്‍ക്കൂട്ടം, നാട്ടുകൂട്ടം, കൂട്ടുകൂട്ടം, നുണക്കൂട്ടം മുതലായ ഏതൊക്കെയോ കൂട്ടായ്മകള്‍ കഴിഞ്ഞെത്തിയ ശ്രീമതിയെ ഒന്ന് കളിയാക്കുവാന്‍ വേണ്ടിയാണ് ഞാനീ ശ്ലോകം ചൊല്ലിയത്. സ്വയംകൃതാനര്‍ത്ഥം എന്നു പറഞ്ഞതുപോലെ, അത് എനിക്കു തന്നെ ഒരു പാരയായി.
"എന്തോന്നാ ഈ വായില്‍ കൊള്ളാത്തതൊക്കെ വിളിച്ചു പറയുന്നത്? എന്താ ഒരു പുച്ഛം?"ശ്രീമതി.
" ഞാനാ പഞ്ചതന്ത്രം കഥയുടെ ആമുഖം ഒന്നു പറഞ്ഞതാണേ"വിനയം വിദ്വാന് ഭൂഷണം എന്നാണല്ലോ!
"എന്നാപ്പിന്നെ അതിന്റെ അര്‍ഥം കൂടിയങ്ങ് പറ."ശ്രീമതി.
" ചന്ദ്രക്കലയുടെ ആകൃതിയില്‍, നെറ്റിയില്‍ക്കൂടി ഗംഗാ നദി ഒഴുകുന്ന, പരമശിവന്റെ അനുഗ്രഹത്താല്‍, മഹാന്മാരുടെ കാര്യങ്ങളില്‍, കാര്യസാധ്യതയുണ്ടാകട്ടെ, എന്നോ മറ്റോ ആണ് അര്‍ഥം. മഹാന്മാരുടെ എന്നു പറഞ്ഞാലും, മഹതികളും അതില്‍ ഉള്‍പ്പെടും." ഞാന്‍ പറഞ്ഞു.
" കുറച്ചു ദിവസമായിട്ട് ഞാനും ഈക്കാര്യം നിങ്ങളോട് പറയാനിരിക്കുകയായിരുന്നു. ക്യൂബയില്‍ ഫിദല്‍ കാസ്ട്രോ, ഭരണം അയാളുടെ അനുജനെ ഏല്‍പ്പിച്ചു. അത് നിങ്ങളറിഞ്ഞോ? ഉത്തര കൊറിയക്കാരനോ, മറിയക്കാരനോ മറ്റോ ഭരണം അയാളുടെ മകനെ ഏല്‍പ്പിച്ചു, നിങ്ങളറിഞ്ഞോ? അങ്ങനെയാണ് മഹാന്മാരായ ആളുകള്‍ ചെയ്യുന്നത്."
ശ്രീമതി ഗൌരവത്തിലാണ്. കുറച്ചു അയല്‍പക്കങ്ങളില്‍ കേറി ഇറങ്ങിയിട്ടാണെങ്കിലും, കടു കട്ടിയായി രണ്ടു കവിള്‍ സംസാരിക്കാന്‍ മാത്രം എന്റെ ഭാര്യ വളര്ന്നല്ലോ എന്നു ഞാന്‍ അഭിമാനം കൊണ്ടു.
"എന്റെ പ്രിയ ഭാര്യെ, നീ ഇതെല്ലാം എന്നോടെന്തിനാ ഇപ്പൊ പറയുന്നേ? ഞാനൊരു ശ്ലോകം ചൊല്ലിയതല്ലേ
ഒള്ളു?ഒരു മാന്യതക്കുറവും പ്രവര്ത്തിച്ചില്ലല്ലോ?" ഞാന്‍ വിനയം വിടാതെ പറഞ്ഞു.
"നിങ്ങള്‍ക്കെന്താ ഈ ഭരണം ഒന്നു കൈമാറിയാല്‍? വാലും തലേം നരച്ചു. എന്നാലും കിരീടവും ചെങ്കോലും കൈ വിടുകേലെന്നാ വാശി. ഇത് ജനാതിപത്യ രാജ്യമാ, ആരു ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കും."
ഇതും പറഞ്ഞിട്ട്, ശ്രീമതി സാരിത്തലപ്പ് ഒന്ന് എടുത്തു കുത്തിയിട്ട് നിവര്‍ന്നു നിന്നു. സംഗതി വഷളാകുമോ എന്നൊരു തോന്നല്‍ എനിക്കുമുണ്ടായി.
"എന്റെ മോളെ, (ശ്രീമതിക്ക് വയസ് അന്പതായെന്ന് എനിക്കല്ലേ അറിയൂ. എന്നാലും ഒരു ചെറുകിട സോപ്പ്.) ഞാനാരെ ഭരിക്കുന്നെന്നാ നീ ഈ പറയുന്നത്?കോണ്ഗ്രസ് ഇന്ത്യാ രാജ്യം ഭരിക്കുന്നു, കമ്മ്യൂണിസ്റ്റ് കേരളം ഭരിക്കുന്നു, പഞ്ചായത്ത് രണ്ടു പാര്‍ട്ടികളും കൂടി ഭരിക്കുന്നു. ദൈവാനുഗ്രഹത്താല്‍ ഞാനീ രണ്ടു പാര്‍ട്ടിയിലും പെടില്ല. ഇനിയിപ്പോള്‍, പച്ചക്കൊടി നാട്ടിയ പച്ചക്കാറില്‍, പാക്കിസ്ഥാനില്‍ പോയി ഭരിക്കാം എന്നു വിചാരിച്ചാല്‍, ആ ദുഷ്ടന്മാര്‍ നിര്‍ദ്ദയം വെടിവെച്ചു കൊല്ലും. പിന്നെ ഞാന്‍ ആരെ ഭരിക്കും?"
എന്റെ നിസ്സഹായാവസ്ഥ ഞാന്‍ വെളിപ്പെടുത്തി. അപ്പോഴേക്കും ഭാര്യയുടെ ഡയലോഗിനു ഒരു ഇന്നസന്‍റ്' ടച്ചു വന്നു തുടങ്ങിയിരുന്നു.
"എന്തോ..? ഭരിച്ചില്ലെന്നോ...? കഴിഞ്ഞ മുപ്പതു കൊല്ലമായിട്ടു ഞങ്ങളെയിട്ടു പപ്പും പൂടേം പറിക്കുകയല്ലായിരുന്നോ, മനുഷ്യാ നിങ്ങള്‍?ഞങ്ങളെയിട്ടു കൊല്ലാക്കൊല ചെയ്ത നിങ്ങള്‍ ഭരിച്ചില്ലാ...ല്ലേ..?ഇനിയിത് സമ്മതിക്കില്ല സത്യം!"
ഭാര്യ കട്ടായം പറഞ്ഞു.
"ഇത്രയും കാലം കഷ്ട്ടപെട്ടു കുടുംബം പോറ്റിയ ഞാന്‍ ഇപ്പോള്‍ കുറ്റക്കാരനായി. ഭാര്യയേയും കുട്ടികളെയും സംരക്ഷിക്കുന്നത് എന്നുമുതലാണ് ഭരണമായത് എന്നെനിക്കറിയില്ലല്ലോ!"ഞാന്‍.
"ങാ.. ഹാ..! ഒന്നുമറിയാത്ത ഒരു ള്ളാ..ക്കുഞ്ഞ്!. അതിനാണ് കുടുംബ ഭരണമെന്ന് പറയുന്നത്. 'സ്ത്രീ ശാക്തീകരണമെന്ന്' നിങ്ങള്‍ കേട്ടിട്ടുണ്ടോ? 'വനിതാ ശക്തി' എന്നു കേട്ടിട്ടുണ്ടോ? ഹല്ലാ.. അതെങ്ങനെ കേള്‍ക്കാനാ? ഒന്നുകില്‍ സ്വന്തമായിട്ട് സ്വല്‍പ്പമെങ്കിലും വിവരം വേണം. അല്ലെങ്കില്‍ വിദ്യാഭ്യാസം വേണം. അതെങ്ങനാ...ഏഴാം ക്ലാസ് പഠിച്ചവന്‍, മലയാളത്തില്‍ ഡോക്ടറേറ്റ് ഉണ്ടെന്നുള്ള ഭാവത്തില്‍, കാല്‍ക്കാശിനു ഉപകാരമില്ലാതെ ബ്ലോഗും എഴുതി നടക്കുകല്ലേ...? ദേ.. ഇങ്ങോ..ട്ടു നോക്ക്, ഫിദല്‍ കാസ്ട്രോ മുപ്പതു കൊല്ലം ഭരിച്ചു, ഭരണം കൈമാറിയേ..? ജ്യോതി ബസു മുപ്പതു കൊല്ലം ഭരിച്ചു, ഭരണം കൈമാറിയേ? അപ്പൊപ്പിന്നെ, നിങ്ങളും മുപ്പതു കൊല്ലം ഭരിച്ചില്ലേ.? ഞങ്ങളും ഒന്ന് മാറിച്ചിന്തിക്കാന്‍ തീരുമാനിച്ചു. നിങ്ങള്‍ക്കും മഹാന്‍മാരുടെ വഴിയെ ചിന്തിക്കാനുള്ള സമയമായിട്ടുണ്ട്. എന്നുമാത്രമല്ല, ഇതാണ് സ്വീകാര്യമായ സമയം."എന്റെ ഭാര്യ ഗൌരവം വിടുന്ന മട്ടില്ല.
പണ്ടൊക്കെയാണേല്‍, പിടിച്ചിട്ടു കൂമ്പിരിക്കുന്നിടത്ത് രണ്ടിടി കൊടുക്കാമായിരുന്നു. ഈ എരണംകെട്ട സര്‍ക്കാര്‍ തീരുമാനം എല്ലാം കളഞ്ഞു കാലാ പറിച്ചില്ലേ? ഇന്നിപ്പോള്‍ കെട്ടിയ പെണ്ണിനെ തൊട്ടാല്‍, സ്ത്രീ പീഡനക്കുറ്റം ചുമത്തിയിട്ടു, പോലീസ് പിടിച്ചു അകത്തിട്ടു ഇടിക്കും, പോരെങ്കില്‍ കോടതി നടപടി വേറെ. ഇതൊക്കെ സഹിക്കാമെന്നു വെച്ചാലും, എന്റെ കാര്യത്തില്‍, അതിലും ഗുരുതരമായ പ്രശ്നങ്ങള്‍ വേറെയുമുണ്ട്. എന്റെ ധര്‍മ്മദാരങ്ങള്‍ക്ക് ആങ്ങളമാര്‍ പുലിപോലെയുള്ളത് ഒന്‍പതെണ്ണം ഉണ്ട്. ബുദ്ധിപരമായി ചിന്തിച്ചാല്‍, ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യുമെന്നാണല്ലോ, പ്രമാണം. പാക്കിസ്ഥാന്‍കാര്‍ കാശ്മീരിന്റെ പൊക്കത്തില്‍ കയറി, നമ്മുടെ തലേലോട്ടു കാഷ്ടിച്ചാലും,ബോംബിട്ടാലും, നമ്മള്‍ ക്ഷമിക്കുന്നില്ലേ? ആ പാരമ്പര്യം വെച്ചു ഞാനും, പരമാവധി പല്ലുകടിച്ചു ക്ഷമിക്കാന്‍ തീരുമാനിച്ചു.
"ഇനിയിപ്പോ ഭരണം കൈമാറാം എന്ന് വെച്ചാല്‍ ത്തന്നെ, ഞാനിത് ആരെ ഏല്‍പ്പിക്കും? ഒരു മകനുള്ളത് ജോലിയുമായിട്ടു പുറത്താണ്, മകള്‍ക്ക് പ്രായ പൂര്‍ത്തി ആയിട്ടില്ല. 'എന്റെ നാരങ്ങാ മിഠായീം മേടിച്ചു തിന്നിട്ട്, എന്നെ കയ്യേല്‍ പിടിച്ചു റോഡില്‍ ഇറക്കി വിടുന്ന' നയമാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍, ഈ കുടുംബം കോഞ്ഞാട്ടയായിപ്പോകും, ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട!" ഞാനൊരു ചെറിയ ഭീഷണി മുഴക്കി നോക്കി. പക്ഷെ അത് ചീറ്റിപ്പോയി.
"അപ്പൊ നിങ്ങളീ നാട്ടിലോന്നുമല്ലേ മനുഷ്യാ ജീവിക്കുന്നത്? ഇപ്പൊ എല്ലാക്കാര്യത്തിലും അമ്പതു ശതമാനം സ്ത്രീ സംവരണമുണ്ട്. അതുകൊണ്ട്, ആദ്യത്തെ മുപ്പതു കൊല്ലം നിങ്ങള്‍ ഭരിച്ചു, ഇനി മുപ്പതു കൊല്ലം ഈ ഞാന് കുടുംബം ഭരിക്കും. എതിര്‍ക്കാനാണ് ഭാവമെങ്കില്‍, ഞാന്‍ വനിതാ കമ്മീഷനിലും, പോലീസിലും പരാതി കൊടുക്കും. ഈ വയസ്സുകാലത്ത്, വെറുതെ മനുഷ്യന് പണിയുണ്ടാക്കാതെ, കുത്തിയിരുന്നു വല്ല ബ്ലോഗും എഴുതാന്‍ നോക്ക്. പിന്നെ, എന്റെ പിള്ളേരുടെ അപ്പനെന്ന നിലക്ക്, ഞാനായിട്ട് ചെറിയ ഒരു സൌജന്യം അനുവദിക്കാം. നിങ്ങള്‍ ഭരണത്തിലിരുന്ന മുപ്പതു വര്‍ഷക്കാലത്തെ, അഴിമതികളെ ക്കുറിച്ച് ഞാന്‍ ചോദിക്കുന്നില്ല, എന്ന് വെക്കാം." ശ്രീമതിയുടെ സംസാരത്തില്‍ ചെറിയ ഒരു അയവു വന്നു. അല്ലെങ്കിലും ഈ സ്ത്രീകള്‍ ലോല ഹൃദയരാണെന്നാണല്ലോ വയ്പ്. സീരിയലുകള്‍ കണ്ടാല്‍ കരയാത്ത സ്ത്രീയും, സീരിയലുകള്‍ കണ്ടാല്‍ കരയുന്ന പുരുഷനും, അവലക്ഷണം ആണെന്നാണ് പഴമക്കാര്‍ പറയുന്നത്.
"എന്റീശോയേ! നീ എന്തസംബന്ധമാണ് പെണ്ണേ ഈ പറയുന്നത്? ഞാന്‍ അഴിമതി കാണിച്ചെന്നോ? ഇങ്ങനെയുള്ള ഇല്ലാവചനം പറഞ്ഞാല്‍, നിനക്ക് ദൈവദോഷം കിട്ടും. ബാക്കിയൊക്കെ ഞാന്‍ സഹിക്കാം പക്ഷെ, ദയവുചെയ്തു നീ എന്നെ, ഇവിടുത്തെ പീറ രാഷ്ട്രീയക്കാരോട് ഉപമിക്കരുത്." സങ്കടത്തോടെ, പൂച്ചക്ക് മുന്‍പില്‍, എലി സ്തുതി ചെല്ലുന്നതുപോലെ ഞാന്‍ വിനയാന്വിതനായി.
"ദേ... ഇങ്ങോ..ട്ട്, ദേ.. ഇവിടെ, എന്റെ മുഖത്തോട്ടു ഒന്നു നോക്കിയേ..! എനിക്ക് സ്ത്രീധനം കിട്ടിയ കാശ് മുഴുവ നിങ്ങള്‍ പുട്ടടിച്ചു തീര്ത്തില്ലേ? ഈ കണ്ട പറമ്പിലെ ആദായം മുഴുവന്‍, ഇത്രയും കാലം, നിങ്ങള്‍ കള്ളു കുടിച്ചു മുള്ളിയില്ലേ?കഴിഞ്ഞ മുപ്പതു കൊല്ലം, നയാപ്പൈസ കൂലി ഇല്ലാതെ, നിങ്ങളുടെ അടുക്കളപ്പണി ചെയ്യിച്ചില്ലേ? മുപ്പതു കൊല്ലം നിങ്ങളെന്നെ അലക്കുകാരത്തി ആക്കിയില്ലേ? ഇതൊന്നും അഴിമതിയല്ലേ? അതൊന്നും പോരാഞ്ഞിട്ട്, 'ചെമ്മീനിലെ' കറുത്തമ്മയെപ്പോലെ സുന്ദരിയായിരുന്ന എന്നെ നിങ്ങള്‍, പൂഞ്ഞാറ്റില്‍അമ്മാമ്മയുടെ ഷേയ്പ് ആക്കിയില്ലേ?അരിയും തിന്നു, ആശരിയേം കടിച്ചു, എന്നിട്ടും ഇതിയാനു മുറുമുറുപ്പ്. കെട്ടിയോനല്ലേ എന്ന് വിചാരിച്ചു ഞാന്‍ ഇത്രയും കാലം ക്ഷമിച്ചതാ!"
വീണ്ടും കൊടുംകാറ്റ്.
( ഈ 'പൂഞ്ഞാറ്റില്‍അമ്മാമ്മ' എന്ന് പറഞ്ഞാല്‍, പണ്ട് പൂഞ്ഞാര്‍ പഞ്ചായത്തിലേക്ക്, ചെറുപ്പക്കാരുടെ പിന്തുണയോടെ മത്സരിച്ചു ജയിച്ച, ഒരു പാവം വൃദ്ധ ആയിരുന്നു. ആ പാവത്തിന്റെ പേര് എന്തിനിവിടെ വലിച്ചിഴച്ചു എന്നുള്ളത് എനിക്കറിയില്ല.)
"ഞാന്‍ തെറ്റ് സമ്മതിച്ചു. തോണി കരക്കടുത്ത സ്ഥിതിക്ക്, ഇനി മണലില്‍ക്കൂടി ഇട്ടു വലിക്കേണ്ട. ഇന്നു മുതല്‍, നീ അങ്ങോട്ട് ആഘോഷമായിട്ട് ഭരിച്ചോ. പിന്നെ ഒരു കാര്യം, എന്റെ വെള്ളം കുടി മുട്ടിക്കാന്‍ ആണ് നിന്റെ ഭാവമെങ്കില്‍, ഞാനിവിടെയൊരു കാര്‍ഗ്ഗില്‍ സൃഷ്ടിക്കും. പണ്ട് ഏറിയ പുലികളെയും വെടിവെച്ച തോക്ക്, ഇപ്പോഴും എന്റെ കയ്യിലുണ്ട്, അതു നീ മറക്കേണ്ട." അങ്ങനെ, ലൂയി മൌണ്ട് ബാറ്റന്‍ പ്രഭു ചെയ്തത് പോലെ, ഞാന്‍ നിരുപാധികം കീഴടങ്ങി.
" ഒരു രക്തച്ചൊരിച്ചില്‍ ഇല്ലാതെ ഭരണം കൈമാറിയ, നിങ്ങുളുടെ ബുദ്ധിപൂര്‍വമായ നീക്കത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നാളെ രാവിലെ മുതല്‍, കാര്യങ്ങള്‍ ഞാന്‍ തീരുമാനിക്കും, ഞാന്‍ നടത്തും. പറമ്പിലെ ആദായം ഞാനെടുക്കും. എല്ലാ സാമ്പത്തിക ഇടപാടുകളും ഞാന്‍ നടത്തും. വണ്ടിയുടെ രജിസ്ട്രേഷന്‍ എന്റെ പേരിലേക്ക് മാറ്റണം. നിങ്ങള്‍ വണ്ടി ഓടിച്ചാല്‍ അതിനു ന്യായമായ കൂലി തരുന്നതായിരിക്കും. മേല്പറഞ്ഞ ജോലിക്ക് താല്പര്യമില്ലെങ്കില്‍, നിങ്ങള്ക്ക് പകരം, ഈ പ്രായത്തില്‍, ഈ വലിപ്പത്തില്‍, ഞാന്‍ വേറൊരാളെ നോക്കും. എന്റെ പ്രതിപക്ഷ ബഹുമാനം എന്ന നിലക്ക്, നിങ്ങളുടെ അഭിപ്രായങ്ങളും, ആക്ഷേപങ്ങളും, അതാതു ദിവസം അത്താഴത്തിനു മുന്‍പ് അവതരിപ്പിക്കാം. സഭ അലങ്കോലപ്പെടുത്തിയാല്‍, വരാന്തയില്‍ കിടക്കേണ്ട അവസ്ഥ സംജാതമാകും. ഇനി, നിങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൂടി കേട്ടോളൂ. നിങ്ങള്‍ക്കാവശ്യമായ മദ്യപാന സാമഗ്രികള്‍ വീട്ടില്‍ എത്തിച്ചു തരുന്നതാണ്. ഇഷ്ട്ടം പോലെ കഴിച്ചോണം പക്ഷെ, പൂസായിട്ട് ഇവിടെ കിടക്കാന്‍ ഒക്കേല. പുകവലി ആരോഗ്യത്തിനു ഹാനികരം. കാശിന് ആവശ്യമുണ്ടെങ്കില്‍, രേഖാ മൂലം ആവശ്യപ്പെടണം. അനുവദിച്ചു തരുന്ന തുക നിങ്ങളുടെ പേരില്‍ പറ്റെഴുതും. ബാക്കി കാര്യങ്ങള്‍ ഓര്‍മ്മ വരുന്നതനുസരിച്ച് അറിയിക്കുന്നതായിരിക്കും."
ഇത്രയും പറഞ്ഞിട്ട്, എന്റെ പ്രിയപ്പെട്ട ഭാര്യ ചവിട്ടിക്കുലുക്കി അകത്തേക്ക് പോയി.
ഡിസംബര്‍ ഇരുപത്തിനാല്, സമയം,വൈകുന്നേരം നാലുമണി. ഞാന്‍ പ്രിയതമയുടെ ഔദാര്യത്തില്‍ കിട്ടിയ ചായയും നുണഞ്ഞിരിക്കുന്ന സമയം.
"ദേ.. ഇങ്ങോട്ട് നോക്കിയേ, നമുക്കാ കണ്ണനെ ഇന്നു തട്ടണം. ഇനി അവനെ വെച്ചുവാഴിക്കുന്ന പ്രശ്നമില്ല."
യാതൊരു മുഖവുരയുമില്ലാതെയാണ് ശ്രീമതിയുടെ തീരുമാനം. അക്ഷരാര്‍ത്ഥത്തില്‍ ഞാനൊന്നു ഞെട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു പുത്തരിപ്പെരുന്നാളിനു പള്ളിയില്‍ പോയിട്ട് വരുമ്പോള്‍, കണ്ണനും അവളോടൊപ്പമുണ്ടായിരുന്നു. അന്നു മുതല്‍ അവന്‍ ഞങ്ങള്‍ക്കൊപ്പം ജീവിച്ചു.
"ആ പാവത്തിനെ കൊല്ലുക എന്നൊക്കെ പ്പറഞ്ഞാല്‍, എനിക്കതിനോട് ഒട്ടും യോജിപ്പില്ല. എന്നു മാത്രമല്ല, അവന്റെ ഭാഗത്ത്, അതിനു തക്കവണ്ണം എന്തു തെറ്റാണെന്ന് കൂടി അറിഞ്ഞാല്‍ക്കൊള്ളാം"
ഞാന്‍ ആശ്ചര്യപ്പെട്ടു.
"നിങ്ങള്‍ക്കറിയില്ല, അവനാ ചക്കിയെയും മക്കളെയും, ഭയങ്കരമായിട്ട് ഉപദ്രവിക്കുന്നു. മാത്രമല്ല, അവനിപ്പോള്‍ കുറച്ചായിട്ട് ആ ചിരുതയുടെ പിറകെയാണ്. രക്ഷിക്കുന്നവന് ശിക്ഷിക്കാനും അധികാരമുണ്ട്. നിങ്ങളെക്കൊണ്ട് കാര്യം നടക്കുകേലെങ്കില്‍, ഞാനാ വടിവാള്‍ വാസുവിന് ക്വട്ടേഷന്‍ കൊടുക്കും. എന്റെ തീരുമാനത്തിനു മാറ്റമില്ല."
ശ്രീമതി ഗൌരവത്തിലാണ്.
"എനിക്കീ രക്തത്തില്‍ പങ്കില്ല, എന്നു മാത്രമല്ല, ഈ വിഷയം എന്റെ അധികാര പരിധിയിലുമല്ല. അതുകൊണ്ട് അവിടത്തെ ഇഷ്ട്ടം നിറവേറട്ടെ!"
എന്നും പറഞ്ഞു, ഞാന്‍ പറമ്പിലേക്ക് വാക്കൌട്ട് നടത്തി.
അന്നു രാത്രി, ഞങ്ങള്‍ പള്ളിയില്‍ പോയിട്ട് തിരിച്ചു വന്നപ്പോഴേക്കും, കണ്ണന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു. നിസ്സാരമായ ഒരു കുപ്പി ചാരായത്തിനു വേണ്ടി, ക്വട്ടേഷന്‍ പിടിച്ച വടിവാള്‍ വാസു, ആ പാവം പൂവങ്കോഴിയുടെ കഴുത്തില്‍ കത്തിവെച്ചു. ഒറ്റ ദിവസത്തെ ഭരണ നേട്ടമാണ് ഒരു കൊലപാതകത്തില്‍ കലാശിച്ചത്. ഈ രീതിയില്‍ റീജന്റ് ഭരണം (റാണിഭരണം) തുടര്‍ന്നാല്‍, ബാക്കിയുള്ളവര്‍ ജാഗ്രതൈ!!
Friday, December 10, 2010
Sunday, November 28, 2010
കിഴവന്‍! വെറുതെ മനുഷ്യന്റെ സമയം കളഞ്ഞു.
അപ്പോള്‍ കാണുന്നവരെയും, 'അപ്പാ' എന്നു വിളിക്കാന്‍ പറ്റാത്തവരെയും, 'അങ്കിള്' എന്നു വിളിക്കണം എന്നാണല്ലോ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തരുണീമണികളുടെ സിദ്ധാന്തം!?അങ്കിളിനു റ്റാറ്റ കൊടുക്കു മോനെ, ഈ അങ്കിളിന് ഒരുമ്മകൊടുക്കു മോളെ, അങ്കിള് തരുന്നതല്ലേ മോന്‍ വാങ്ങിച്ചോ!എന്നിങ്ങനെ ഒരു കൂട്ടര്‍. ചിലരത് മലയാളീകരിച്ചു വിളമ്പും, ഇത് മോന്റെ മാമന്‍ (?)അല്ലേ, അത് മാമന് കൊടുക്കു, എന്നിങ്ങനെ.
ചില്ലറ വിവരം വെച്ചു തുടങ്ങുമ്പോള്‍ ചില കുട്ടികള്‍, വിളിയുടെ ശൈലി ഒന്ന് മാറ്റും. ഷാജഹാന്‍ ചേട്ടായി, അലിച്ചേട്ടന്‍, സത്യന്‍ ചേട്ടന്‍, കൃഷ്ണന്‍ ചേട്ടായി, ചാക്കോ കാക്ക, തോമ്മാനിക്ക, വര്‍ഗ്ഗീസിക്ക, എന്നിങ്ങനെ പോകും വിളിയുടെ രീതികള്‍. ദോഷം പറയരുതല്ലോ, ഈ വിളിയില്‍ ഒരു മതേതരത്വം ഉണ്ടെന്നുള്ളതും, അപ്പോള്‍ കാണുന്നവരെ അങ്കിള്‍ എന്നു വിളിക്കുന്ന തിനെക്കാള്‍ ഭേദമാണ് എന്നും, ഏതു പോലീസുകാരനും സമ്മതിക്കും.
ഈയിടെ ഒരു സ്കൂള്‍ കുട്ടിയുമായിട്ടു സംസാരിക്കാന്‍ ഇടയായി.
" ചേട്ടായീ, ഈ ഗൂഗിള്‍ ചേട്ടനും, യാഹൂ ചേച്ചിയും ഇല്ലായിരുന്നെങ്കില്‍, നമ്മള്‍ കഷ്ട്ടപ്പെട്ടു പോയേനെ അല്ലേ"?ആ കുട്ടി ചോദിച്ചു.
"അതെന്താ മോനെ അങ്ങനെ"? ഞാന്‍.
" അതേയ്, ഇപ്പൊ എല്ലാരും ചാറ്റിങ്ങാ! ടീ വീല്‍ ആള്‍ക്കാരെ കണ്ടോണ്ടാ വര്‍ത്തമാനം പറേന്നെ! എസ്. എം. എസ്സെല്ലാം, ഇപ്പൊ പിള്ളേരുകളിയാന്നാ പറയുന്നേ! ഇന്നാളു ബസ്സില്‍ കയറിയപ്പോള്‍, ഒരാള് മടിയില്‍ ഒരു ചെറിയ ടീ വീം വെച്ചു കാണുന്നുണ്ടായിരുന്നു എന്നും, 'കുണ് കുണെന്ന്' എന്തോ പറയുന്നുണ്ടായിരുന്നു എന്നും ഒറ്റയാന്‍ ചേട്ടന്‍ പറഞ്ഞു."കുട്ടി.
(ഒറ്റയാന്‍ എന്നു കുട്ടി ഉദ്ദേശിച്ചത്, ഞങ്ങളുടെ നാട്ടിലെ, അവിവാഹിതനായ ഒരു തൈക്കിഴവനെയാണ്).
"അതും, ഈ ഗൂഗിളും യാഹൂവുമായിട്ടു എന്താ ബന്ധം"? ഞാന്‍.
"അയ്യേ ഈ ചേട്ടായിക്കതും അറിയില്ലേ? അവരല്ലേ ഇതിന്റെയെല്ലാം സെറ്റപ്പ്"?കുട്ടി.
"മോനെ, ബസ്സില്‍ വെച്ച് ആ ചേട്ടായി കണ്ടതു ലാപ് ടോപ് ആണ്. അത് കമ്പ്യൂട്ടറിന്റെ കുറേക്കൂടി പുതിയ രൂപമാണ്. അല്ലാതെ ടീ വിയല്ല."ഞാന്‍.
ഞങ്ങളുടെ സംഭാഷണം അങ്ങനെ നീണ്ടു പോയി.
ഈയിടെ, പച്ചക്കറികള്‍ വാങ്ങാന്‍ കടയില്‍ച്ചെന്ന ഒരു ചേടത്തി, പച്ചക്കറികളുടെ വില കേട്ടപ്പോള്‍, "ഇതെന്തൊരു കൂത്ത്? കോട്ടയത്ത് ചെന്നാല്‍, ഇത്രേം വണ്ണോം, ഇത്രേം നീളോം ഉള്ളത്, പത്തുരൂപക്ക് രണ്ടെണ്ണം കിട്ടുമെന്ന് മറിയാമ്മ പറഞ്ഞല്ലോ? സാധനത്തിന്റെ പേരറിയത്തില്ല!"എന്നു പറഞ്ഞത് പോലെയാണ് പലരുടെയും കാര്യം.
പണ്ടുകാലത്ത് ഗള്‍ഫുകാരന്‍ വരുമ്പോള്‍, ഷര്‍ട്ട് പീസ്, സാരി, സിഗരറ്റ്, സിഗാര്‍ ലൈറ്റര്‍ മുതലായ സാധനങ്ങളായിരുന്നു, സ്വന്തക്കാര്‍ക്കും, ബന്ധക്കാര്‍ക്കും കൊടുത്തിരുന്നതെങ്കില്‍, ഇന്നാ സ്ഥാനം വീഡിയോ കാമറയും, ലാപ് ടോപ്പുമൊക്കെ കയ്യടക്കി. ശവപ്പെട്ടിയുടെ കാര്യം പോലെയാണ്, കാശ് മുടക്കുന്നവന്‍ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവനു കാശുമുടക്കുമില്ല, പേരും അറിയില്ല!
ചില സ്നേഹസമ്പന്നരായ ഭര്‍ത്താക്കന്മാര്‍, ലാപ് ടോപ്പ് ഭാര്യക്കു ഗിഫ്റ്റ് കൊടുത്തിട്ടായിരിക്കും ഗള്‍ഫിലേക്കുള്ള മടക്ക യാത്ര. തങ്ങളുടെ അഭാവത്തില്‍, മധുരസ്മരണകള്‍ കണ്ട്, ഏകാന്തത അകറ്റാനും, മറ്റും മറ്റും ഉള്ള കാര്യങ്ങള്‍ ഉദ്ദേശിച്ചായിരിക്കും, ഈ സാധുക്കള്‍ ഇങ്ങനെ ചെയ്യുന്നത്. ഫലം പലപ്പോഴും വിപരീതവും, വേദനാജനകവും ആകാറുണ്ട് എന്നുള്ളത് സത്യം. ആദ്യമൊക്കെ ലാപ് ടോപ്പില്‍ ഞെക്കി ഞെക്കി അത് പഠിക്കും, ഏകാന്തത അകറ്റും, പിന്നെ പിന്നെ ചിലരൊക്കെ ചാറ്റിങ്ങും, അപൂര്‍വമായിട്ടു ചീറ്റിങ്ങും തുടങ്ങി വെക്കും!
രണ്ടാഴ്ച മുന്‍പ്, ഒരു രാത്രി പതിനൊന്നു മണിക്ക്, എന്റെ ചാറ്റ് വിന്‍ഡോയില്‍ ഒരു 'ഹായ്' പ്രത്യക്ഷപ്പെട്ടു! ആദ്യം ഞാനത് കാര്യമാക്കിയില്ല. പിന്നെ, തുടരെ തുടരെ 'ഹായ്' വന്നപ്പോള്‍, ആരെങ്കിലും സ്വന്തത്തില്‍പ്പെട്ട പിള്ളേര് ആയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍, 'ഹായ് അപ്പച്ചാ' എന്ന് കൂടി തെളിഞ്ഞു വന്നു. എന്റെ മക്കളും, നാട്ടുകാരും, നാട്ടുകാരുടെ മക്കളും, എന്നെ അപ്പച്ചാ എന്ന് വിളിക്കുന്ന സ്ഥിതിക്ക്, മൈന്റു ചെയ്യാതിരിക്കുന്നത് മോശമല്ലേ? ഒരു 'ഹായ്' ഞാനും ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചു! അതോടു കൂടി ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായി.എന്റീശോയേ, സത്യത്തില്‍ ഈ ഏടാകൂടം വേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി!
"എന്റെ പേര് അനില, (പേര് സാങ്കല്‍പ്പികം) തൃശൂരാണ്. അപ്പച്ചന്റെ പേരെന്താ?"
"എന്റെ പേര് അപ്പച്ചന്‍"
"ആണോ...സ്വരം കേട്ടാല്‍ തോന്നില്ല."അനില.
"അതേതായാലും നന്നായി. അനില എന്ത് ചെയ്യുന്നു?"
" ഓ.. എന്തോ ചെയ്യാനാ, ഞാനൊരു ടീച്ചറാണ്."
"അതൊരു നല്ല ജോലിയല്ലേ, പിന്നെന്താ ഒരു 'ഓ...'.ന്നു?"
"ഈ വാദ്ധ്യാരു പണി ഇമ്പളെപ്പോലെ ഒള്ളവര്‍ക്ക് പറ്റിയ ഒരു പണിയല്ല പരമ ബോറാണ്"അനില.
"കെട്ടിച്ചോ"
" ഹ ഹ ഹാ...അപ്പച്ചന്റെ ഒരു തമാശു!"
" അനില ഉത്തരം പറഞ്ഞില്ല?"
"കെട്ടിച്ചതാണ് എന്റെ അപ്പച്ചോ! ഭര്‍ത്താവ് അങ്ങ് സിംഗപ്പൂ...ഞ്ഞാറ്റിലാ."അനില.
"കുട്ടികള്‍ എത്ര പേരുണ്ട്?"
"അതെങ്ങനാ? കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും, അതിയാന്‍ പോയില്ലേ?"
" വീട്ടിലാരോക്കെയുണ്ട്? അനിലക്കും സിംഗപ്പൂരിനു പോയിക്കൂടെ?"
"അപ്പനും അമ്മയുമുണ്ട്. ലീവ് കിട്ടിയാല്‍ ഞാനും പോകും. ഇവിടെ ഭയങ്കര ബോറാണ്. അപ്പച്ചനെന്താ ജോലി?''
"കൃഷിയും കാര്യങ്ങളും ഒക്കെയാണ്, വിദ്യാഭ്യാസം ഇത്തിരി കുറവാണ്, എങ്കിലും ജീവിക്കണ്ടേ?"
"എസ്റ്റേറ്റ് ഒക്കെയുണ്ടോ"അനില.
"ഞാനൊരു പാവം കൃഷിക്കാരന്‍ ആണേ."
"അപ്പച്ചന്റെ ആ വെബ് കാം ഒന്ന് തുറന്നെ, ഞാനൊന്ന് കാണട്ടെ."
"കേള്‍ക്കുന്ന അത്രേം സുഖമൊന്നും, ആളെ ക്കാണാന്‍ ഉണ്ടാകില്ല."
" എന്നാലും അപ്പച്ചാ ആ കാമറ ഒന്ന് ഓണ്‍ ചെയ്യ്. ഞാന്‍ ആളെ ഒന്ന് കാണട്ടെ."
"കുടുംബ കലഹം ഉണ്ടാക്കല്ലേ അനിലേ. അത്ര നിര്‍ബ്ബന്ധമാണോ? എങ്കില്‍ ഒരു അമ്പതു അന്‍പത്തഞ്ച് വയസുള്ള ഒരാളെ മനസ്സില്‍ സങ്കല്പ്പിച്ചോളൂ. ഗുഡ് നൈറ്റ്."
ഞാനത് പറഞ്ഞു തീര്‍ന്നതും, ചാറ്റ് വിന്‍ഡോ ക്ലോസ്!. എല്ലാം ശുഭം!!
അനിലയുടെ ആത്മഗതം:- "കിഴവന്‍! വെറുതെ മനുഷ്യന്റെ സമയം കളഞ്ഞു."

Saturday, November 20, 2010
തൊമ്മനെന്തിനാ പെണ്ണ്?
രാവിലെ ഒരു ഫോണ്‍.
ഫോണ്‍: 'ഹലോ...അപ്പച്ചനല്ലേ?'
ഞാന്‍: 'യെസ്..സ്പീകിംഗ്'
'ഞാന്‍ സാഗര്‍ കോട്ടപ്പുറം, നോവലിസ്റ്റ്. അച്ചായന്‍ എനിക്കൊരു ഉപകാരം ചെയ്യണം.'
'സാഗര്‍ പറഞ്ഞോളൂ'
സാഗര്‍: 'എനിക്കൊരു കഥ പറഞ്ഞു തരണം.'
ഞാന്: 'തനിക്കു പറ്റിയ പൈങ്കിളി ഐറ്റമൊന്നും എന്റെയടുത്തില്ല.
സാഗര്‍: ' 'അച്ചായന്‍ ഏതെങ്കിലുമൊരു കഥ തന്നാല്‍ മതി, ഞാനത് വളച്ചൊടിച്ച് എഴുതിക്കൊള്ളാം.'
ഞാന്‍: 'ഫോണില്‍ ക്കൂടി പറഞ്ഞാല്‍ മതിയോ?'
സാഗര്: ' ഓ! ധാരാളം മതി.'
ഞാന്‍: 'എന്നാല്‍ എഴുതിക്കോളൂ.. കമലേച്ചിയുടെ( മാധവിക്കുട്ടി) 'അന്ന'യോളം സൌന്ദര്യമില്ലെങ്കിലും, എന്റെ വീട്ടിലും ഒരു പെണ്‍പട്ടിയുണ്ട്. പേര് ജൂലിയറ്റ്. നേരം പുലരുമ്പോഴേക്കും നാലഞ്ചു ശുനക റോമിയോമാര്‍ ക്ഷേമാന്വേഷണങ്ങളും ആയിട്ട് കൂടിനടുത്തെത്തും. എത്ര നേരം വേണമെങ്കിലും, ക്ഷമയോടെ അവര്‍ കാത്തു കിടക്കും. എപ്പോഴെങ്കിലും നമ്മള്‍ കൂടു തുറന്നാല്‍, ഇവന്മാര്‍ ജൂലിയട്ടിനെയും കൊണ്ട് പമ്പകടക്കും. ഈ അവസ്ഥയാണ്..'
സാഗര്‍: 'അച്ചായന്‍ തമാശ കളയൂ.. പ്ലീസ്, കഥ പറയൂ.'
ഞാന്‍ : 'അത് തന്നെ ആണെടോ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ങ്ങാ.. ഈ അവസ്ഥയാണ് നമ്മുടെ തൊമ്മന്റെ വീട്ടില്ലും. ഇനി തൊമ്മനെക്കുറിച്ച് ചുരുക്കിപ്പറയാം. വീട്ടിക്കുറ്റിക്കു കരിഓയില്‍ അടിച്ചതുപോലെ, നല്ല ഭംഗിയുള്ള നിറം. വയസ്സ് മുപ്പത്തഞ്ച്. അവിവാഹിതന്‍. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ടു, കോട്ടയത്തുള്ള, പിതൃ സഹോദരനാണ് വളര്‍ത്തിയത്. ഒരാളോളം വളര്‍ന്നപ്പോള്‍, മലബാറിന് വണ്ടി കയറി. ഞങ്ങളുടെ അടുത്ത് ഒരു മലമുകളില്‍, ഒരേക്രയോളം സ്ഥലവും, ഒരു ചെറിയ വീടുമുണ്ട്. ആരാന്റെ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷിയും, ചിലപ്പോള്‍ കൂലിപ്പണിയും ആയിട്ട് സുഖമായിട്ടു ജീവിക്കുന്നു.
ഇടക്കൊരു സ്വകാര്യം പറയട്ടെ! തൊമ്മനൊരു വിശിഷ്ട സ്വഭാവമുണ്ട്. എന്തും, ഏതും, Secondhand . ആണ് തൊമ്മനിഷ്ട്ടം. സെക്കന്റ് ഹാന്റ് വാച്ച്, സെക്കന്റ് ഹാന്റ് റേഡിയോ, സെക്കന്റ് ഹാന്റ് സിഗരറ്റ് ലാമ്പ് എന്നിങ്ങനെ. 'വിശന്നു വിശന്നിരുന്നപ്പോള്‍ ഒരു ഞണ്ട് കയറിവന്നു' എന്നു പറഞ്ഞതുപോലെ, തൊമ്മന് കോട്ടയത്ത് നിന്നൊരു കത്ത് കിട്ടി.
എത്രയും പ്രിയ തൊമ്മന്,
ഈ കത്ത് കിട്ടിയാല്‍ ഉടനെ നീ ഇത്രറ്റം ഒന്ന് വരണം. നിന്റെ കല്യാണം ഞാന്‍ ഉറപ്പിച്ചു. പതിനാറു പവനും, ഇരുപതിനായിരവും കിട്ടും. പ്രീ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. പ്രായം കൊണ്ടും നിനക്ക് ചേരും. അവനവന്റേതു അല്ലാത്ത കാരണം കൊണ്ട് വിവാഹമോചനം നേടിയ കുട്ടിയാണ്, സാരമാക്കേണ്ട. ബാക്കി നേരില്‍ പറയാം.
എന്നു, സ്വന്തം പേരപ്പന്‍. (ഒപ്പ്)
കെട്ടാന്‍ പോകുന്ന പെണ്ണും സെക്കന്റ് ഹാന്റ് ആണെന്നറിഞ്ഞപ്പോള്‍, തൊമ്മന് പെരുത്ത് സന്തോഷം! സംഗതികള്‍ വച്ചു താമസിപ്പിക്കേണ്ട എന്നു കരുതി, തൊമ്മന്‍ കോട്ടയത്തേക്ക് യാത്ര തിരിച്ചു.'
സാഗര്: 'സസ്പെന്‍സ് ആണോ അച്ചായാ?'
ഞാന്: ' അത്, മുഴുവന്‍ കേട്ടിട്ട് താന്‍ തന്നെ തീരുമാനിച്ചാല്‍ മതി. ബാക്കി കൂടി എഴുതിക്കോ. കല്യാണവും, ആഘോഷമായ അതുമിതും കഴിഞ്ഞു, നവ(?)വധുവിനെയും കൂട്ടി, തൊമ്മന്‍ തിരിച്ചു മലബാറിലെത്തി. മലബാറിലെ മണ്ണില്‍ കാലു കുത്തിയതും, പ്രശ്നങ്ങള്‍ തലപൊക്കിയതും ഒരുമിച്ചായിരുന്നു.
തൊമ്മന്‍ പുറത്ത് എന്തെങ്കിലും ജോലിക്ക് പോകുന്ന തക്കം നോക്കി, സ്ഥലത്തെ പ്രധാന ദിവ്യന്മാരായ റോമിയോമാര്‍, ശോശാമ്മയുടെ (Mrs. Thomman) ക്ഷേമം അന്വേഷിക്കനെത്തും. പുതിയ സ്ഥലവും, പുതിയ ആള്‍ക്കാരും. ശോശാമ്മയായിട്ടു ആരോടും, ധിക്കാരമോ, മാന്യതക്കുറവോ പ്രവര്‍ത്തിച്ചില്ല! തൊമ്മന്‍ ആകെക്കൂടി വിഷമത്തിലായി. ജോലിക്ക് പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. ജോലിക്ക് പോയാല്‍ ചിലപ്പോള്‍ ശോശാമ്മ, തന്റെതല്ലാത്ത കാരണത്താല്‍ വീണ്ടും..?
ആലോചിക്കും തോറും പ്രശ്നം കൂടുതല്‍ വഷളാകുന്നത് പോലെ. കുറെയെല്ലാം കണ്ടില്ലെന്നു നടിച്ച്, മൂന്നു മാസങ്ങള്‍ മുന്നോട്ടു പോയി. ഒരു ദിവസം രാവിലെ, ശോശാമ്മക്കു കലശലായ ദേഹാസ്വസ്ഥ്യം! പുറത്ത് കാണാന്‍ വയ്യാത്ത പല പല രോഗങ്ങള്‍! രണ്ടു പേരും കൂടി മലയിറങ്ങി, പത്തു കി.മി. അകലെയുള്ള ആശുപത്രിയിലേക്ക് പോയി. ഡോക്ടര്‍ തിരിച്ചും മറിച്ചും പരിശോധിച്ചിട്ട്, അഡ്മിറ്റ് ആക്കി.
"മഞ്ഞപ്പിത്തത്തിന്റെ ആരംഭം ഉണ്ടെന്നു തോന്നുന്നു, ഒരാഴ്ച കിടക്കേണ്ടി വരും"ഡോക്ടര്‍ പറഞ്ഞു.
"നിങ്ങള്‍ ഒരാഴ്ച വെറുതെ ഇവിടെ നിന്നാല്‍, വീടിലെ എല്ലാ കാര്യങ്ങളും അവതാളത്തിലാകും. അത് കൊണ്ട്, നിങ്ങള്‍ വീട്ടിലോട്ടു ചെല്ല്. ഇടയ്ക്കു വന്നാല്‍ മതി." ശോശാമ്മ പറഞ്ഞത് ശരിയാണെന്ന് തൊമ്മനും തോന്നി.
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ, ശോശാമ്മയെ ആശുപത്രിയില്‍ ആക്കിയ വിവരത്തിന്, ശോശാമ്മയുടെ ഒരേ ഒരാങ്ങളക്ക് ഒരു കത്തെഴുതിയിടാന്‍ തൊമ്മന്‍ മറന്നില്ല. മൂന്ന് ദിവസം ഇഞ്ചിക്കൃഷി പരിപാലനവുമായിട്ടു തൊമ്മന്‍ മലയില്‍ നിന്നു. നാലാം ദിവസം തൊമ്മന്‍ ആശുപത്രിയിലെത്തിയപ്പോള്‍, ശോശാമ്മ കിടന്ന ബെഡ് ശൂന്യം! നേരെ ചെന്നൂ ഡോക്ടറുടെ അടുത്തേക്ക്.
"അവരുടെ ആങ്ങള വന്ന് ബില്ലടച്ചു. നാട്ടില്‍ കൊണ്ടുപോയി അവിടെ പച്ചമരുന്നു (ഒറ്റമൂലി) കൊടുക്കാനാണെന്ന് പറഞ്ഞു, അപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്തു."ഡോക്ടര്‍ പറഞ്ഞു.
"അതേതായാലും നന്നായി" എന്നും പറഞ്ഞ് ഇറങ്ങിയ ഉടനെ തന്നെ, ശോശാമ്മയുടെ ആങ്ങളക്ക് ഒരു കത്തും കൂടി എഴുതി പോസ്റ്റ് ചെയ്തു. കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
പ്രിയ അളിയന്,
ശോശാമ്മയുടെ അസുഖമൊക്കെ കുറഞ്ഞു എന്നു കരുതട്ടെ! അവള്‍ അളിയന്റെ അടുത്ത് കുറച്ചു ദിവസം വിശ്രമിക്കട്ടെ. ക്ഷീണം എല്ലാം മാറുമ്പോള്‍ ഞാന്‍ വന്ന് കൂട്ടിക്കൊണ്ടു പോരാം.
എന്ന് അളിയന്‍, തൊമ്മന്‍. (ഒപ്പ്)'
സാഗര്‍: 'അച്ചായാ, സസ്പെന്‍സ്!'
ഞാന്‍ : 'ഒന്ന് മിണ്ടാതിരിയെടോ. എന്റെ മൂഡ് കളയാതിരുന്നാല്‍, ബാക്കി കൂടി പറയാം. കേട്ടോളൂ.
മൂന്നു നാല് ദിവസം കഴിഞ്ഞു കാണും, വീടിനു താഴെ ഒരു ജീപ്പ് വന്നു നിന്നു. ശോശാമ്മയുടെ ആങ്ങള, ജീപ്പില്‍ നിന്നു ഇറങ്ങിയിട്ട്, തൊമ്മനെ വിളിച്ചു.
"അളിയാ, പെട്ടെന്ന് തുണി മാറി ഇറങ്ങി വാ. നമുക്ക് ഒരിടം വരെ പോകാനുണ്ട്."
"ശോശാമ്മക്ക് എങ്ങനെയുണ്ട്?" തൊമ്മന്‍ ചോദിച്ചു.
"കുഴപ്പമൊന്നുമില്ല, സുഖമായിരിക്കുന്നു. അളിയന്‍ പെട്ടെന്ന് ഇറങ്ങ്. എനിക്ക് ഇന്ന് തന്നെ കോട്ടയത്തിനു പോകാനുള്ളതാണ്." അളിയന്‍ പറഞ്ഞു.
"എനിക്ക് ചെറിയ ഒരു ജാമ്യം ഒപ്പിട്ടു തരണം. എന്റെ പേരില്‍ ഒരു പെറ്റിക്കേസ് ഉണ്ട്. ഇവിടെ എനിക്കു പരിച്ചയക്കാരില്ലാത്തത് കൊണ്ട് ഒരു പോലീസുകാരനേയും കൂട്ടി എന്നെ ഇങ്ങോട്ട് വിട്ടതാണ്. ഒരൊപ്പിട്ട് കൊടുത്താല്‍ ഉടനെ അളിയന് ഇങ്ങോട്ട് തിരിച്ചു പോരാം." അയാള്‍ കൂട്ടിചേര്‍ത്തു.
രണ്ടുപേരും കൂടി -- പോലിസ് സ്റ്റേഷനില്‍ എത്തി, എസ് ഐ യുടെ മുന്നില്‍ ചെന്നു നിന്നു.
"മാമച്ചന്‍ ഇരിക്ക്." എസ് ഐ, ശോശാമ്മയുടെ ആങ്ങളയോട് പറഞ്ഞു.
"തൊമ്മന്‍, അല്ലെ?"എസ് ഐ.
"അതെ സര്‍." തൊമ്മന്‍ പറഞ്ഞു. തൊമ്മനെ അടിമുടിയൊന്നു നോക്കിയിട്ട്, എസ് ഐ തുടര്‍ന്നു.
"അപ്പഴേ തൊമ്മാ, എനിക്കു വളരെ ലളിതമായ ഒരു ചോദ്യമുണ്ട്. അതിന്, നേരെ ചൊവേ ഒരുത്തരം തന്നാല്‍, തൊമ്മന് പോകാം. നീയാ പെണ്ണിനെ എന്ത് ചെയ്തു?"
"ഏതു പെണ്ണിനെ സര്‍?" തൊമ്മന് ഒന്നും മനസ്സിലായില്ല.
" ഇനി അതും ഞാന്‍ തന്നെ പറയണോ പൂ...മാനമേ? നിന്റെ ഭാര്യ, എന്നുവച്ചാല്‍, ഈ ഇരിക്കുന്ന മാമച്ചന്റെ പെങ്ങള്‍ ശോശാമ്മ. ഇപ്പോള്‍ മനസിലായോടാ നിനക്ക്?" എസ് ഐ അലറി.
"സര്‍, ശോശാമ്മ കോട്ടയത്ത് അവളുടെ വീട്ടിലുണ്ട്." തൊമ്മന്‍ കരച്ചിലിന്റെ വക്കത്തെത്തി.
" സര്‍, കല്യാണം കഴിഞ്ഞു രണ്ടുപേരും കൂടി മലബാറിന് പോന്നതാണ്. അതില്‍പ്പിന്നെ, പെങ്ങളെ ഞാന്‍ കണ്ടിട്ടില്ല. ഈ കത്ത് കിട്ടിയപ്പോള്‍, എനിക്കു ആകെയൊരു പന്തികേടു തോന്നി. ഞാന്‍ അപ്പോള്‍ തന്നെ കോട്ടയത്ത് നിന്നു പുറപ്പെട്ടു. ബാക്കി സാറിനു അറിയാമല്ലോ." മാമച്ചന്‍ പറഞ്ഞു.
"സത്യം പറയെടാ, നീ അവളെ കൊന്നോ?" എസ് ഐ യുടെ ചോദ്യം.
"എന്റെ പോന്നു സാറേ, ദൈവദോഷം പറയല്ലേ, ആങ്ങള, കൂട്ടിക്കൊണ്ട് പോയതാണ്. ഇതിലപ്പുറം ഒന്നും എനിക്കറിയില്ല, ഇത് സത്യം." തൊമ്മന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
എസ് ഐ ചാടി എഴുന്നേറ്റതും, തൊമ്മന്റെ കാരണം പുകഞ്ഞു, കണ്ണില്‍ക്കൂടി പല നിറങ്ങളില്‍, നക്ഷത്രങ്ങള്‍ മിന്നി മറഞ്ഞതും ഒന്നിച്ചായിരുന്നു. കണ്ണില്‍ ഇരുട്ട് കയറി.
" മാമച്ചന്‍ പോയിട്ട് നാളെ രാവിലെ എന്നെ വിളിക്ക്. ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ." ഒരു പോലീസ് കാരനോട്, "ഇവനെ ആ കൂട്ടിലോട്ടിട്"എന്നും പറഞ്ഞു.
ലോക്കപ്പില്‍ കയറ്റിയപ്പോള്‍, താന്‍ ചതിക്കപ്പെട്ടു എന്നു തൊമ്മന് മനസ്സിലായി. സകല പുന്യാളന്മാരെയും വിളിച്ചു പ്രാര്‍ഥിച്ചു. ഫലമുണ്ടായില്ല എന്നു മാത്രമല്ല, എസ് ഐ കൂടിലേക്ക് കയറി വന്നു. തൊമ്മനെ തിരിച്ചിട്ടും, മറിച്ചിട്ടും എസ് ഐ ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങളുടെ അഭാവത്തില്‍, കൈ കാലുകള്‍ കൊണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ക്യാ ഫലം? "ഞാന്‍ ഇനിയും വരാം" എന്നു പറഞ്ഞ്, എസ് ഐ റിലാക്സ് ചെയ്യാന്‍ പോയി.
"ഗീവര്‍ഗ്ഗീസ് പുണ്യാളന്‍ പാമ്പില്‍ നിന്ന് രക്ഷിക്കും, ദേവസ്യാനോസ് പുണ്യാളന്‍ രോഗങ്ങളില്‍ നിന്ന് രക്ഷിക്കും, ഈ പോലീസ് മറുതകളില്‍ നിന്ന് എന്നെ രക്ഷിക്കാന്‍, ഈ ഭൂമുഖത്ത് ഒരു പുണ്യാളനും ഇല്ലേ, എന്റെ കര്‍ത്താവേ?"തൊമ്മന്‍ മനസ്സുരുകി പ്രാര്‍ഥിച്ചു.
തൊമ്മന്റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു, എന്നു തോന്നുന്നു. സന്ധ്യയോടു കൂടി, മധ്യ വയസ്കനായ ഒരു പോലീസുകാരന്‍, ഒരു ചോറ് പൊതിയുമായിട്ടു തൊമ്മനെ സമീപിച്ചു.
"നീ ഈ ഭക്ഷണം കഴിക്ക്. ഭൂലോക പുലിവാലെല്ലാം ഒപ്പിച്ചിട്ട് കെടക്കുന്നു, പുല്ലന്‍!" പോലീസിന്റെ ധാര്‍മ്മിക രോഷം.
രാവിലെ മുതല്‍ പട്ടിണിയാണ്. തൊഴി കിട്ടിയത് കൊണ്ട് വയറു നിറയുകയില്ലല്ലോ!. തൊമ്മന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ചോദ്യം ചെയ്യലിന്റെ പരിണിത ഫലമായിട്ട്, ചോറ് ആമാശയത്തിലേക്ക് പോകാന്‍ വിസമ്മതിച്ചു.
" നിന്റെ നാട് എവിടെയാടാ?" പോലീസ്.
"കോട്ടയത്ത്., ഈരാട്ടുപേട്ടയടുത്താ." തൊമ്മന്‍.
"ഞാനും ആ നാട്ടുകാരനാ. നീ ഒള്ള സത്യം പറ, എന്താണ് ഉണ്ടായത്?"പോലീസ്.
ഉണ്ടായ സംഭവങ്ങളെല്ലാം വള്ളി പുള്ളി വിടാതെ തൊമ്മന്‍ ആവര്‍ത്തിച്ചു.
" നീ ഭാര്യയെ അഡ്മിറ്റ് ആക്കിയ ആശുപത്രിക്കാരുടെ മൊഴി പോലെയിരിക്കും, നിന്റെ ഭാവി. നീ തമ്പുരാനോട് മുട്ടിപ്പായി പ്രാര്ത്തിച്ചിട്ട് കിടന്നുറങ്ങിക്കോ. നിന്നെ ഇന്നിനി ആരും ഉപദ്രവിക്കാതെ ഞാന്‍ നോക്കിക്കൊള്ളാം. നിന്നെ നാളെ മലപ്പുറം പോലീസിനു കൈമാറും. നീ മലപ്പുറം ജില്ലക്കാരന്‍ ആയതു കൊണ്ട്, അവരാണ് ഈ കേസ് കൈകാര്യം ചെയ്യേണ്ടത്."
ഇങ്ങനെ പറഞ്ഞിട്ട് പോലീസുകാരന്‍ പോയെങ്കിലും, മലപ്പുറം പോലീസിന്റെ ഇടി മനസ്സിലോര്ത്ത്തപ്പോള്‍, തൊമ്മന് ഉറങ്ങാന്‍ കഴിഞ്ഞില്ല.
രാവിലെ പത്തു മണിയോട് കൂടി, --- പോലീസുകാര്‍ തോമ്മനെയും, കേസുകെട്ടുകളും മലപ്പുറം സ്റ്റേഷനില്‍ എത്തിച്ചു.
"നീ വല്യ പുള്ളിയാണ് അല്ലേ? കരിവീട്ടി പോലെയുണ്ടല്ലോടാ? ങാ.. നീ പുറത്ത് നില്‍ക്ക്. ഞാനീ കടലാസ്സുകള്‍ ഒന്ന് നോക്കട്ടെ, എന്നിട്ട് തുടങ്ങാം." "കര്‍ത്താവേ, എന്നെ ഇനീം ഉപദ്രവിക്കല്ലേ" എന്നും മനസ്സില്‍ പറഞ്ഞ് തൊമ്മന്‍ പുറത്തിറങ്ങിയതും, ഒരു പോലീസുകാരന്‍ തൊമ്മനെ ലോക്കപ്പില്‍ കൊണ്ട് പോയി അടച്ചിട്ടു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഒരു പോലീസുകാരന്‍ വന്ന് തൊമ്മനെ എസ് ഐ യുടെ അടുത്ത് എത്തിച്ചു.
"തൊമ്മാ.. എന്തോന്നാടാ ഇതൊക്കെ? നീ അവളെ എന്താടാ ചെയ്തെ?" എസ് ഐ.
നടന്ന സംഭവമെല്ലാം ഒരു വട്ടം കൂടി തൊമ്മന്‍ ആവര്‍ത്തിച്ചു.
" തൊമ്മാ നിന്നെ ഞാന്‍ എന്താ ചെയ്യണ്ടേ? നീ ഒരു കാര്യം ചെയ്യ്; വീട്ടില്‍ പോയി ഒന്ന് കുളിച്ചു വിശ്രമിക്ക്. എന്നിട്ട്, നാളെ രാവിലെ പത്ത് മണിക്ക് ഇങ്ങോട്ട് വരണം. എന്റെ സ്വന്തം ജാമ്യത്തിലാ ഇപ്പോള്‍ നിന്നെ ഞാന്‍ വിടുന്നത്. നീ എന്നെ, വെറുതെ ആ മല കയറ്റരുത്. വണ്ടിക്കൂലിക്ക് ഇത് വച്ചോ!" എന്നും പറഞ്ഞ്, എസ് ഐ പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപയും കൊടുത്തു തൊമ്മനെ വിട്ടു.
തൊമ്മന് സ്വന്തം കാതുകളെയും, കണ്ണുകളെയും വിശ്വസിക്കാന്‍ പറ്റിയില്ല.
"പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍....അവിടെ ഒന്നും സംഭവിച്ചില്ല! ഇതെന്തു മറി മായം?" എന്നും വിചാരിച്ചു, തൊമ്മന്‍ വീട്ടിലേക്കു പോയി.
പിറ്റേന്ന് കൃത്യം പത്തുമണിക്ക് തന്നെ, തൊമ്മന്‍ എസ് ഐ യുടെ മുന്നില്‍ ഹാജരായി.
"തോമ്മനെന്തിനാടാ പെണ്ണ്?" എസ് ഐ ചിരിച്ചു കൊണ്ട് ചോദിച്ചു.
".!?*"
"അവള്‍ പോയതില്‍ നിനക്ക് വിഷമമുണ്ടോ?"എസ് ഐ.
"ഉണ്ട് സര്‍." തൊമ്മന്‍.
"മര മണ്ടന്‍.. അവള് പോയ വഴിക്ക് പോട്ടെടാ.. ജാത്യാലുള്ളതു തൂത്താല്‍ മാറുകേല. അവള് പണ്ടേ ആള് പെരിശാണെന്ന്, ഞങ്ങള്‍ അവളുടെ നാട്ടില്‍ അന്വേഷിച്ചപ്പോള്‍, വിവരം കിട്ടി. അവള്‍ ആരുടെയോ കൂടെ ഒളിച്ചോടിയതാണ്. അവള് അവളുടെ പാട്ടിനു പോട്ടെടാ. 'അവളുടെ ആങ്ങള വന്ന് കൂട്ടിക്കൊണ്ടു പോയി' എന്നുള്ള, ആശുപത്രിയിലെ മൊഴിയാണ് നിന്നെ രക്ഷിച്ചത്. ഇനിയെങ്കിലും ഇതുപോലെയുള്ള മണ്ടത്തരങ്ങളില്‍ പോയി ച്ചാടാതെ ശ്രദ്ധിക്ക്. ഒരു പോത്തിന്റെ വലിപ്പമുണ്ടായിട്ടെന്താ..തലക്കകത്ത് ആള്‍താമസം വേണ്ടേ? ങാ... പൊയ്ക്കോ."
പോലീസില്‍ നിന്ന് രക്ഷിക്കുന്ന പുണ്യാളന്മാര്‍ ഇല്ലെങ്കിലും, പോലീസില്‍ ചില പുണ്യാളന്മാര്‍ ഉണ്ടെന്നു തൊമ്മന് ബോധ്യപ്പെട്ടു. ഇനി മേലില്‍ കല്യാണത്തിനും, കച്ചേരിക്കും ഇല്ലെന്നു പ്രത്ജ്ഞ എടുത്തു തൊമ്മന്‍ സ്റ്റേഷന്‍ വിട്ടു.
സാഗര്‍: 'നന്ദി അച്ചായ. വളരെ നന്ദി'
ഞാന്‍: ' അത് പോരല്ലോ സാഗറെ, വൈകിട്ടെന്താ പരിപാടി? നമുക്കൊന്ന് കൂടണ്ടേ?'
സാഗര്:'ഓ ക്കെ. ഞാന്‍ റെഡി.'

Subscribe to:
Comments (Atom)