സമയം: രാവിലെ എട്ടുമണി.
"രാവിലെ ഭക്ഷണത്തിനു ദോശയും ചട്നിയും. വന്നു കഴിക്കാന്‍ നോക്ക്, എനിക്കു വേറെ ജോലിയുണ്ട്." സഹധര്‍മ്മിണിയുടെ മുന്നറിയിപ്പ്.
"എനിക്കു രണ്ടു ചപ്പാത്തിയും, കോഴിക്കറിയും മതി. ഈ ദോശ ഒരു സുഖമില്ലാത്ത ഭക്ഷണമാണ്." ഞാന്‍ ആവശ്യം ഉന്നയിച്ചു.
"ഓ പിന്നേ... ഒരു കയ്യില്‍ കുന്തവും, മറു കയ്യില്‍ പന്തവുമായിട്ടൊന്നുമല്ല മനുഷന് ഭൂമിയില്‍ ജനിച്ചു വീഴുന്നത്."
"എനിക്ക് പിടികിട്ടിയില്ല." ഞാന്‍.
"അതേ.. ഈ കുന്തം കൊണ്ട്, ഭൂമിയിലെ സകല ജീവജാലങ്ങളെയും, ഞണ്ടിനേയും, ഞവിണിയെയും എല്ലാം കുത്തിപ്പിടിച്ചിട്ടു്, പന്തം കൊണ്ടു ചുട്ടു തിന്നാനല്ല, മനുഷ്യന് ജനിച്ചത്. മനുഷ്യന് യോജിക്കുന്ന ആഹാരം, പഴങ്ങളും, പച്ചക്കറികളും ഒക്കെയാണ്." ശ്രീമതി അല്പം ഗൌരവത്തിലാണ്.
"എന്നാല്‍ പിന്നേ, ഒരു കയ്യില്‍ ദോശക്കല്ലും, മറു കയ്യില്‍ ചട്ടകവുമായിട്ടാണ്, മനുഷ്യന് ഭൂമിയിലേക്കു വന്നത് എന്നു വേണം കരുതാന്‍ അല്ലേ?" ഞാനും വിട്ടു കൊടുത്തില്ല.
"ഈ പുരുഷന്മാര് തന്നെ ഒട്ടും ശരിയല്ല. ജനിച്ചു വീഴുമ്പോള്‍ തുടങ്ങും കടിച്ചു വലി. അമ്പതു കഴിഞ്ഞിട്ടും സ്വൈര്യം തരില്ല എന്നു വച്ചാല്‍ കഷ്ടമാണ്. ഭരണം ഏല്‍പ്പിച്ചപ്പോള്‍, പാവം തോന്നിയിട്ടാണ്, ഞാന്‍ അടുക്കളപ്പണി നിങ്ങളെ എല്‍പ്പിക്കാത്തതു്. ഇനി മുതല്‍ തന്നത്താനെ വച്ചു വിളമ്പിക്കഴിക്കു്. കണ്ട ചത്തതും കൊന്നതുമൊക്കെ വെന്തു വേയിച്ചു കടിച്ചു വലിക്ക്. അപ്പോഴറിയാം അതിന്റെ ബുദ്ധിമുട്ട്." ചൂടിലാണ്.
"എന്നാപ്പിന്നെ ഞാന്‍ ഹോട്ടലില്‍ അഭയം പ്രാപിക്കാം. അവിടെയാണെങ്കില്‍, വല്ല കോഴിയോ മുയലോ ഒക്കെ പൊരിച്ചു കിട്ടും. വീട്ടില്‍ ഇഷ്ട ഭക്ഷണം കിട്ടാത്ത ഹതഭാഗ്യരായ ഭര്ത്താക്കന്മാര്ക്കു വേണ്ടിയാണ്, ഭൂലോകത്ത് ഹോട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. അവിടെയാകുമ്പോള്‍, കാശു കൊടുത്താല്‍ മതിയല്ലോ, പെണ്ണുങ്ങളുടെ തെറി കേള്‍ക്കുന്നതിലും ഭേദമല്ലേ?"
"ബോധം വെച്ചു തുടങ്ങിയോ? ആണുങ്ങള്‍ക്ക് ഒന്നേ ആകാവൂ... എന്നാണു പ്രമാണം. എന്താണെന്നറിയാമോ? അതാണ് 'വാക്ക്'. ഞാന്‍ സമ്മതിച്ചു. പക്ഷെ, ഹോട്ടലുകാര്‍ വെറുതെ ഭക്ഷണം തരുകയില്ലല്ലോ, പണമില്ലാത്തവന് പിണമാണെന്നാണ് പറയുന്നത്. അതു കൊണ്ട്, പത്തു കാശുണ്ടാക്കാനുള്ള വഴി നോക്ക്, എന്നിട്ടാകാം ഹോട്ടലിലെ പൊറുതി."
"എനിക്കു പറമ്പില്‍ ആദായമുണ്ടല്ലോ, അതുമതി" ഞാന്‍ പതുക്കെ പിന് വാങ്ങാന്‍ നോക്കി. പക്ഷെ വാമ ഭാഗം ഗൌരവത്തില്‍ ത്തന്നെയാണ്.
"അതു പണ്ട്! ഇപ്പോള്‍ പറമ്പില്‍ ഉള്ള ആദായം, ഞാനാണു കൈകാര്യം ചെയ്യുന്നത്. അതു നിങ്ങളുടെ മാഞ്ഞാനം കളിക്കു തരാന്‍ പറ്റില്ല. ഏറെ സുഖം നരകത്തിലേക്കു നയിക്കും എന്നാണു പഴമ്പുരാണം. അതു കൊണ്ട്, അറിയാവുന്ന എന്തെങ്കിലും ജോലികള്‍ ചെയ്തു പത്തു പുത്തന്‍ ഉണ്ടാക്കാന്‍ ശ്രമിക്കു്. ഭക്ഷണത്തിന്റെ കാര്യമല്ലേ, പോരായ്ക വന്നാല്‍ ഞാന്‍ പരിഗണിക്കാം. തല്ക്കാലം ഇന്നത്തേക്കു ദോശ കൊണ്ടു തൃപ്തിപ്പെടു് മനുഷ്യാ." ഭാര്യ മയപ്പെട്ടു തുടങ്ങിയോ?
കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴാണ്, കാര്യം ഇമ്മിണി ഗൌരവം തന്നെയാണെന്നു മനസ്സിലായത്.
"നേരം വെളുക്കുമ്പോള്‍ മുതല്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നു ഞെക്കിക്കളിക്കാതെ, എന്തെങ്കിലും ഉപകാരമുള്ള പണിയെടുക്കു്. സ്വന്തമായിട്ടു പത്തു കാശു സമ്പാദിച്ചാല്‍ അതിനൊരു സുഖമുണ്ട്. കുറെ വിവരക്കേടു് എഴുതിപ്പിടിപ്പിച്ചിട്ടു്, ബ്ലോഗാണ്, കഥയാണ്, കവിതയാണ് എന്നൊന്നും പറഞ്ഞാല്‍, വയറ്റിലോട്ടു ഒന്നും പോകില്ല, അതുകൊണ്ട് തന്നെ, വയറ്റില്‍ നിന്നും ഒന്നും പോകില്ല."
"ഈ വയസ്സ് കാലത്ത്, നീ എന്നെക്കൊണ്ട് അധ്വാനിപ്പിച്ചിട്ടു്, അന്നം തരാനാണോ പദ്ധതി?കഷ്ടമാണ്."
"ഒരു കഷ്ടവുമില്ല, പെന്ഷന് പ്രായം ആകണമെങ്കിലും, ഇനിയും മൂന്നാലു കൊല്ലം കൂടിയുണ്ട്. പറ്റുന്ന ജോലി ചെയ്താല്‍ മതി. അടുത്ത ടൌണില്‍ ഒരു കമ്പ്യൂട്ടര്‍ ഷോപ്പു് തുടങ്ങി നോക്ക്. അതിനാണെന്‍കില്‍, ഞാന്‍ മൂലധനം മുടക്കിത്തരാം. പലിശ വേണ്ട. അടുത്ത വര്‍ഷം, എന്റെ മുതലില്‍ കള്ളന് കയറാതെ തിരിച്ചു തന്നാല്‍ മതി."
അവളുടെ ഈ ഉദാര മനസ്സിന് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.
അങ്ങനെ, ഏതാനും ആഴ്ചകള്‍ കഴിഞ്ഞു. അടുത്ത ടൌണില്‍ ഒരു പീടിക മുറി സംഘടിപ്പിച്ചു. മുന്നിലും പിന്നിലും എല്ലാം ചില്ലിട്ടു ഭംഗിയാക്കി. സ്ഥാപനത്തിന്റെ പേരും അവള് തന്നെ നിശ്ചയിച്ചു.
അതൊക്കെ ഞാന്‍, നിവൃത്തികേടുകൊണ്ടു സഹിച്ചു; വരുന്നിടത്തു വെച്ചു് കാണാം എന്നു ഞാന്‍ ധൈര്യപ്പെട്ടു. അപ്പോഴാണ് അടുത്ത ഡിമാന്റ്.
"വികാരിയച്ചനെക്കൊണ്ട് കട ആശീര്‍വദിപ്പിക്കണം."
'ഹനന്‍ വെള്ളം തലയില്‍ വീഴിക്കണം' എന്ന അവളുടെ പിടിവാശിയും അംഗീകരിക്കാതെ തരമില്ലായിരുന്നു.
ഈയിടെ നടന്ന 'നെന്മാറ വേലയുടെ' കലാശക്കൊട്ട് പോലെ, ശ്രീമതിയുടെ അവസാനത്തേതും, സുപ്രധാനവുമായ തീരുമാനം, (ഇനിയുള്ള ഈയുള്ളവന്റെ ദിനചര്യകള്‍)എന്നെ അറിയിച്ചു.
"രാവിലെ അഞ്ചു മണിക്ക് ഉണരണം. അരമണിക്കൂര്‍ വ്യായാമം നിര്ബ്ബന്ധമായിട്ടു ചെയ്യണം. അതുകഴിഞ്ഞ്, ചെറു ചൂട് വെള്ളത്തില്‍ ഒരു കുളി. ആറേമുക്കാലിന് പള്ളിയില്‍ പോയിട്ടു വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക. എട്ടു മണിക്ക് പ്രഭാത ഭക്ഷണം. അതു കഴിഞ്ഞാല്‍ തൊഴില്‍ശാലയിലേക്ക് പുറപ്പെടണം. സൂര്യന് അസ്തമിച്ചാല് കട പൂട്ടിയിട്ടു വീട്ടില്‍ എത്തണം. പട്ടാപ്പകല്‍ ലഹരികള്‍ വര്‍ജ്ജിക്കണം. നിര്‍ബ്ബന്ധമാണെന്‍കില്‍, അത്താഴത്തിനുശേഷം ആകാം. സന്ധ്യാ നമസ്കാരത്തിനു വീട്ടില്‍ കാണണം. എന്താ ബുദ്ധിമുട്ടുണ്ടോ?"
സമ്മതിക്കാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലല്ലോ, ഉള്ള വെള്ളം കുടിയും കൂടി മുട്ടിപ്പോകാതിരിക്കാന്‍, ഞാന്‍ സമ്മതിച്ചു.
രാവിലെ കടയില്‍ എത്തിയാല്‍, മുതലാളിയും, തൊഴിലാളിയും, ടെക്നീഷ്യനും എല്ലാം ഞാന്‍ തന്നെ. കടയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയെങ്കിലും, ഒരു വനിതാ ഹെല്‍പ്പറേപ്പോലും അവള് അനുവദിച്ചില്ല.
വനിതാ സംവരണം വന്നതോടു കൂടി, എന്റെ ഈ എളിയ ജീവിതം നായ നക്കി എന്ന് പറഞ്ഞാല്‍, അതില്‍ അതിശയോക്തിയില്ല.
ഇന്നും വോട്ടു ചെയ്തിട്ട്, ഈ ഭൂലോകത്തുള്ള സകല വനിതകളെയും ജയിപ്പിക്കണം. എന്നിട്ട് അവര്‍ ഭരിക്കട്ടെ.
വനിതാ സംവരണം മൂലം ഈ ഞാന്‍ അനുഭവിക്കുന്ന ദുരിതം ബാക്കിയുള്ള പുരുഷ കേസരികളും കൂടെ അനുഭവിക്കട്ടെ. ഭാരതം മുഴുവന്‍ വനിതകള്‍ ഭരിക്കുന്ന ഒരു കാലം സ്വപ്നം കാണാന്‍ കൂടെ എനിക്ക് ഭയമാകുന്നു.
33 comments:
മുപ്പതു വര്‍ഷത്തെ എന്റെ സല്‍ഭരണത്തിനു ശേഷം, കുടുംബ ഭരണം ശ്രീമതിയെ നിരുപാധികം ഏല്‍പ്പിച്ചു കൊടുത്തിട്ട്, ഒന്നു സ്വസ്തമായിട്ടു ജീവിക്കാന്‍ മോഹിച്ചു പോയി!അതിന്റെ ബാക്കിപത്രമാണ് ഇത്.
പട പേടിച്ചു പന്തളത്തു ചെന്നപ്പോഴല്ലേ..?
അവിടെയെങ്ങും യാതൊന്നും സംഭവിച്ചില്ല!
സത്യം പറയാണേല് വായിച്ചിട്ട് ഇത്തിരി ബേജാറ് ഉണ്ടോ ട്ടോ. ഈ ബ്ലോഗ് , തേങ്ങ മാങ്ങ എനൊക്കെ പറയുന്നത് ന്റെ കേട്ട്യോള്‍ക്കും അലര്‍ജി തന്നെ. പിന്നെ ചെറുപ്പമാണ് എന്നൊരു കാര്യമുണ്ട്. അതൊകൊണ്ട് സൂക്ഷിക്കാം .
വനിതാ സംവരണം കൊണ്ട് കുടുങ്ങി ല്ലേ .
എഴുത്ത് നല്ല രസായി ട്ടോ .
അപ്പച്ചാ, മൂലധനം ചുമ്മാ കളയേണ്ട. പച്ച പിടിച്ചില്ലേലും വേണ്ടില്ല ചുകപ്പു പിടിക്കാതിരുന്നാല്‍ മതി..!
ഇപ്പോള്‍ സ്വസ്ഥമായോ അച്ചപ്പോ !
ആണുങ്ങള്‍ക്ക് ഒന്നേ ആകാവൂ... എന്നാണു പ്രമാണം. എന്താണെന്നറിയാമോ? അതാണ് 'വാക്ക്'.
:) അത് നേര്!!
കുറെ നാള് ഭരിച്ചു തകര്‍ത്തതല്ലേ...
ഇനി കുറച്ചു നാള് ശ്രീമതി ഒന്ന് ഭരിക്കട്ടെ...
സത്യം പറ അപ്പച്ചാ... കൂട്ടിനു വനിതാ
ഹെല്‍പ്പറെ തരാത്തതിന്റെ ദേഷ്യം അല്ലെ ഇത് ?
വനിതാസംവരണം കീ ജെയ്,,,
ചുമ്മാ ബ്ലോഗെഴുതിയിരുന്ന അപ്പച്ചൻ ചുരുക്കത്തിൽ ഒരു വലിയ കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ മുതലാളിയായി...........
എന്നിട്ടും വനിതാ സംവരണത്തിനാണ് കുറ്റം.
സമാധാനിക്ക് അപ്പച്ചോ... ഇവിടംകൊണ്ടൊക്കെ തീര്‍ന്നതിന് കര്‍ത്താവിനു സ്തുതി പറയ്.. കൂമ്പിന് ഇടി കിട്ടി കോട്ടക്കല്‍ പോകേണ്ടി വന്നിരുന്നെങ്കിലോ? (അതുകൊണ്ടാണ് ഇത്രയും നാള് കാണാതിരുന്നത് എന്ന് ഏതോ ദോഷൈകദൃക്കുകള്‍ പറഞ്ഞു പരത്തുന്നുണ്ട്.)
എഴുത്ത് ഇഷ്ടമായി........
ഇത് സംഗതി കൊള്ളാലോ...അപ്പച്ചന്റെ ബ്ലോഗിങ്ങും നടക്കും,കച്ചോടൂം നടക്കും...
ഇനീപ്പോ ഡേയ് ലി രണ്ടു പോസ്ടിടാല്ലോ...! അപ്പച്ചന്റെ കട..അപ്പച്ചന്റെ കമ്പ്യൂട്ടര്‍.
അപ്പച്ചന്റെ സമയം !
"ലഹരികള്‍ വര്‍ജ്ജിക്കണം. നിര്‍ബ്ബന്ധമാണെന്‍കില്‍, അത്താഴത്തിനുശേഷം ആകാം. "
നമ്മക്ക് അത്താഴം ഇനിമുതല്‍ ഉച്ചക്കും വൈകിട്ടും കഴിക്കാം അല്ലേ :)
നിങ്ങള്‍ക്ക് ഇങ്ങനെ വല്ല കടയും തുടങ്ങിയെങ്കിലും രക്ഷപ്പെടാം..
ഭര്‍ത്താവ് മുടക്കം പറഞ്ഞാല്‍ ഈ ബ്ലോഗും കൊണ്ട് ഞങ്ങള്‍ ബ്ലോഗിണികള്‍
എങ്ങോട്ടോടും...?!
ഇപ്പഴേ ഒരു വഴി ആലോചിച്ചു തുടങ്ങാം..അല്ലെ അപ്പച്ചോ...
ഞാൻ ഏകാധിപത്യം വൃതമാക്കി.......എന്നെ പിടിച്ചാൽ കിട്ടൂലാാ....
അപ്പോ പെണ്ണുമ്പിള്ള അറിയാതെ ചാറ്റാൻ തരമായെന്നു പറ....
നല്ല പുലിവാല് ആണല്ലോ അപ്പച്ചാ,പിടിച്ചത്.സാരമില്ല,കുറച്ചു കഴിയുമ്പോള്‍ ശരിയായിക്കൊള്ളും.
പിന്ന്യേയ്...
50 കഴിഞ്ഞിട്ടും മുലകുടി മാറാത്ത ആളുടെ അടൂത്തല്ലെ ഇനി ഒരു വനിതാ ഹെൽപ്പർ...!
"നേരം വെളുക്കുമ്പോള്‍ മുതല്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നു ഞെക്കിക്കളിക്കാതെ, എന്തെങ്കിലും ഉപകാരമുള്ള പണിയെടുക്കു്. സ്വന്തമായിട്ടു പത്തു കാശു സമ്പാദിച്ചാല്‍ അതിനൊരു സുഖമുണ്ട്. കുറെ വിവരക്കേടു് എഴുതിപ്പിടിപ്പിച്ചിട്ടു്, ബ്ലോഗാണ്, കഥയാണ്, കവിതയാണ് എന്നൊന്നും പറഞ്ഞാല്‍, വയറ്റിലോട്ടു ഒന്നും പോകില്ല, അതുകൊണ്ട് തന്നെ, വയറ്റില്‍ നിന്നും ഒന്നും പോകില്ല."
അവസാനം സകലമാന ബ്ലോഗ്ഗേഴ്സിനിട്ടൊരു കൊട്ടും...അല്ലേ ഭായ്
കമ്പ്യൂട്ടറാണ്..ബ്ലോഗ്ഗറാണ് എന്നു പറഞ്ഞുള്ള ആ വിശ്വാസം വെച്ചു തന്നെ പാര പണിതല്ലോ ശ്രീമതി:) ..ഇനിയിപ്പോ അറിയാത്ത പണിയാണെന്നും പറഞ്ഞു മാറി നില്ക്കാന് പറ്റില്ലല്ലോ:)
സന്ധ്യാനമസ്ക്കാരവും മുടക്കേണ്ട... ബ്രേക്ക്ഫാസ്റ്റായിട്ട് അത്താഴംവേണ്ട..)
എല്ലാവിജയാശംസകളും .
പിന്നേ.... ഞങ്ങളെക്കൂടി അനുഭവിപ്പിക്കാനോ... നടന്നത് തന്നെ.
പതിവ് പോലെ ഹാസ്യം നിറഞ്ഞ വിവരണം. നന്നായി.
Wish you all success.
"കടയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയെങ്കിലും, ഒരു വനിതാ ഹെല്‍പ്പറേപ്പോലും അവള് അനുവദിച്ചില്ല."
അപ്പച്ചാ, പകരം ശ്രീമതിയെ കൊണ്ടുവന്ന് കടയില്‍ ഇരുത്തിയാല്‍ പോരേ?
ഹ ഹ ഹ.
സ്വസ്ഥം ഗൃഹഭരണം ഇപ്പ ഔട്ട് ഓഫ് ഫാഷനാ...! സഹിച്ചല്ലേ പറ്റൂ...
ഇനി എന്താ നടക്കാന്‍ പോകുന്നതെന്ന് നമുക്ക് കാണാല്ലോ ..കച്ചവടത്തിലെ മേല്‍ഗതി വിലയിരുത്താന്‍ വരുന്ന ശ്രീമതി കാണുന്നു ..കടയിലെ എല്ലാ കമ്പ്യുട്ടറും ഓണാക്കി വച്ച് അപ്പച്ചന് ഫേസ് ബുക്ക് .ഓര്‍ക്കുട്ട് ,ജീമെയില്,കൂമെയില് ..യാഹൂ .കൂഹു ..ബ്ലോഗു ക്ലീഗ് എല്ലാം ഓപ്പണ്‍ ചെയ്തു കാമും കൂമും തുറന്നു ഓടി നടന്നു ലീലാ വിലാസങ്ങള്‍ കാണിക്കുന്നു ..സത്യം പറ അപ്പച്ചാ ..അതല്ലേ ഇപ്പോളത്തെ മെയിന്‍ പണി ?
Good.. enterprising..!
:)
എന്റമ്മേ ഈ അപ്പച്ചനെ കൊണ്ടു തോറ്റു. വനിതാ ഹെല്പറെ കിട്ടാഞ്ഞിട്ടാ ഇപ്പൊ ഈ ബ്ലോഗ് അല്ലെ.
ഇനിയിപ്പോ ഫുള്‍ ടൈം നെറ്റിലും കൂടെ ആയാല്‍ എന്തോക്കെയാണോ കേള്‍ക്കേണ്ടി വരിക.എന്തായാലും ശ്രീമതിയെ നെറ്റൊന്നും പഠിപ്പിക്കേണ്ടാ.അല്ലെങ്കില്‍ സ്ഥാപനം ഉടനെ പൂട്ടിക്കും
വനിതാ സംവരണം മൂലം ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തിന്റെ മുതലാളിയാവാന്‍ കഴിഞ്ഞില്ലേ അപ്പച്ചാ...
നര്‍മം അസ്സലായീ ട്ടോ... അമ്മച്ചീ കീ ജയ്...! മരുമോളും കൂടെ അമ്മച്ചിക്ക് സപ്പോര്‍ട്ട് ആവട്ടെ.വനിതാഭരണം തുടരട്ടെ.
നന്നായി ചിന്തിപ്പിച്ചു ..എന്നാലും എല്ലാവരും
അനുഭവിക്കട്ടെ എന്നാണു അല്ലെ ?ദുഷ്ട
മനസ്സ്.ചിരിപ്പിച്ചു കേട്ടോ ..കൂടുതല്‍ കളിച്ചാല്‍
കട വിറ്റ് ബോംബയ്ക്ക് പോകുമെന്ന് പറ അച്ചായ..
ആഹാ കടപ്പണി നന്നായി.
കംബ്യൂറ്ററേറ്റ് ആശംസകള്‍.. :)
വനിതാ ബില്‍ കൂടെ പാസ്സാക്കിയെടുക്കണം. എന്നിട്ടുവേണം ഞങ്ങള്‍ക്കൊന്നു ഭരിക്കാന്‍.. അപ്പച്ചനിത്രയും നാള് ഭരിച്ചില്ലേ..ഇനിയിപ്പം ശ്രീമതി ഭരിക്കട്ടെ. പിന്നെ റോഡിലല്ലേ കട ??????????
അപ്പച്ചന്റെയൊരു തമാശ!
എനിക്ക് തോനുന്നത് വനിതാ ഹെല്പര് കിട്ടാത്ത ദേഷ്യത്തിലാണ് ഇത് പോസ്ടിയത് എന്നാണ്. എന്താ അല്ല അന്ന് പറയാനാണോ ഭാവം. ഹം ഹും
ആ ചേട്ടത്തിയെ സമ്മതിച്ചിരിക്കുന്നു ഒരു ചെറിയ ജയലളിത തന്നെ (ചേട്ടന് കരുണാ നിധി ആകരുത് കേട്ടോ) എങ്കിലും ചേട്ടനെ നന്നായിട്ട് അറിയാവുന്നതുകൊണ്ടാണ് ഹെല്പരെ വെയ്ക്കണ്ട എന്ന് പറഞ്ഞതെന്ന് (ഞാന്‍ പറയുന്നതല്ല കേട്ടോ പത്രത്തില്‍ വായിച്ചതാണ്) ഒരു ശ്രുതി കേട്ടു. എങ്കിലും ഒന്ന് സൂക്ഷിചോളൂട്ടോ ഒത്തിരി പീഡനങ്ങള്‍ നടക്കുന്നു. ഇല മുള്ളേല് വീണാലും മുള്ളേല് ഇല വീണാലും മുള്ളിനാണ് കേട് (ഈയിടെ പുതിയ പഴം ചൊല്ല് കണ്ടു പിടിച്ചതാണ് കേട്ടോ) അതുകൊണ്ട് നമുക്ക് ചേടത്തിയെ ഫോളോ ചെയ്താല്‍ മതി. പെണ്ചോല്ല് കേള്ക്കാതവന് പെരുവഴിപോലും ഇല്ല എന്നാണു പുതിയ ചൊല്ല്.
അപ്പച്ചോ!
എനിക്കും കഥ എഴുതാന്‍ തോനുന്നു.
ഇതൊരു അസുഖം ആണോ?
Post a Comment