Friday, November 12, 2010

Bookmark and Share

ഇതെങ്ങനെ സാധിക്കുന്നു വാപ്പാ?"

തൊട്ടു നക്കുക,, കറി വിളമ്പിയ പാത്രം വടിച്ചു നക്കുക, മുതലായ കലാപരിപാടികള്‍, സ്ത്രീകള്‍ക്ക് മാത്രമായിട്ടു കുത്തക അവകാശം കിട്ടിയതാണ് എന്നു കരുതിയാല്‍, നിങ്ങള്ക്ക് തെറ്റിപ്പോയി. സ്ത്രീകളെക്കാള്‍ ഭംഗിയായിട്ടും, കലാപരമായിട്ടും വക കാര്യങ്ങള്‍ ചെയ്യുന്ന ചില പുരുഷ കേസരികള്‍ നമ്മുടെയിടയില്‍ ഉണ്ടെന്നു ള്ള സത്യം അഭിമാനകരമാണ്. Touching is an art- എന്നു കേട്ടിട്ടുണ്ടെങ്കിലും, അതിന്റെ അര്‍ത്ഥ വ്യാപ്തിയും കലാപരമായ മൂല്യവും ഒക്കെ അടുത്ത കാലത്താണ് അനുഭവിച്ചറിഞ്ഞത്. ചിലര്‍ക്ക്, ആരാന്റെ മുതല്‍ ആദായത്തില്‍ അടിച്ചു മാറ്റുന്ന എളിയ സ്വഭാവമുണ്ട്. അതിനെയും 'ടച്ചിംഗ്' എന്നു വിളിക്കാം. ഇനിയൊരു കൂട്ടര്‍ക്ക്, കള്ളുഷാപ്പില്‍ നിന്ന് ടച്ചിങ്ങ്സ് വാങ്ങിയിട്ട്, കിട്ടിയ പാത്രം നക്കിയും വടിച്ചും വൃത്തിയാക്കി ക്കൊടുക്കുന്ന നല്ല ശീലങ്ങളുണ്ട്. മറ്റു ചിലര്‍ക്ക്, പെണ്‍കുട്ടികളെ കാണുമ്പോള്‍ ഒന്ന് 'ടച്ചി' നോക്കണം. അത് പ്രോത്സാഹനം അര്‍ഹിക്കുന്ന ഒരു കല യല്ലെന്നു ഓര്‍മ്മപ്പെടുത്തട്ടെ. ഇത്രയും മുഖവുരയോടു കൂടി കാര്യത്തിലേക്ക് കടക്കാം.

സമയം രാവിലെ ഒന്‍പതര. അങ്ങാടിയില്‍ക്കൂടി ചുറ്റുന്ന തിനിടെക്ക് എന്റെ കണ്ണ്, സ്ഥലത്തെ കള്ള് ഷാപ്പിലെക്കൊന്നു പോയി. ഒരു ചെറിയ പ്രലോഭനം, അത്രമാത്രം. പുലരി വരുന്ന (രാവിലത്തെ കള്ള് )സമയമായി. സ്വല്‍പ്പം അടിച്ചാല്‍ ഒരു സുഖം കിട്ടും. കള്ള് കുടിക്കാനല്ല, വെറുതെ ഒരിത്തിരി 'താളി ഒടിക്കാന്‍' ആണ് ഞാന്‍ ഷാപ്പില്‍ പോയതെന്ന് ഭാര്യയോടു പറയാം. സൌകര്യമുണ്ടെങ്കില്‍ അവള്‍ വിശ്വസിക്കട്ടെ! എന്നാപ്പിന്നെ, ഞാനൊരു സത്യം പറയട്ടെ? ബ്ലോഗില്‍ എഴുതാന്‍, ആശയ ദാരിദ്ര്യം വന്നപ്പോള്‍ ഞാനറിയാതെ വഴിക്കൊന്നു പോയതാണ്. നാട്ടിലെ പാവങ്ങളായ കള്ള് കുടിയന്‍ മാരെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതിയിട്ട്, ഒരു കോപ്പി ഭരണ സിരാ കേന്ദ്രത്തിലേക്കും, ഒരു കോപ്പി ഇവിടത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കും അയച്ചു കൊടുക്കാം, കൂട്ടത്തില്‍ എന്റെ സ്വന്തം ബ്ലോഗില്‍ ഒന്ന് പോസ്റ്റുകയും ആകാം. അങ്ങനെ ചിന്തിക്കുന്നത് അക്ഷന്തവ്യമായ തെറ്റൊന്നു മല്ലല്ലോ!


ഇങ്ങനെയെല്ലാം ഞാന്‍ മനസ്സില്‍ കൂട്ടിയും കിഴിച്ചും നില്‍ക്കുന്ന വേളയില്‍ പിന്നില്‍ നിന്നൊരു മൂളിപ്പാട്ട്.
"കള്ളാണ് പാര് , പുന്നാര മോനെ.. മോനെ.. ..കള്ളാണ് പാര് .."
കുരങ്ങ് വെള്ളരിക്കയും കൊണ്ട് പോകുന്ന മാതിരി, കള്ളും കുടവും തോളില്‍ വെച്ച്, ചെത്തുകാരന്‍ ദേവരാജന്‍ നടന്നു വരുന്നു. അദ്ദേഹത്തിന്റെതാണ് മധുര മാസ്മര ഗാനം എന്നു മനസ്സിലായി. "പോരുന്നോ?" എന്നു ഒരു 'ഒഴാക്കന്‍' മട്ടിലുള്ള ചോദ്യവും ചോദിച്ച് അവന്‍ ഷാപ്പിലേക്ക് നടന്നു പോയി. അപ്പോഴേക്കും പിശാചു കയറി എന്റെ സകല ആത്മ നിയന്ത്രണങ്ങളും ചോര്‍ത്തിക്കളഞ്ഞു. നിദ്രാടനത്തില്‍ എന്നപോലെ ഞാനും ദേവരാജന്റെ പിറകെ ഷാപ്പിലേക്ക് നടന്നു. ഷാപ്പിലെ കാഴ്ച നയനാനന്ദകരമായിരുന്നു. മൂന്നു നാല് തൈ ക്കിഴവന്മാര്‍ (ഞാന്‍ വെറും പയ്യന്‍)ഒരു മേശക്കു ചുറ്റും ഇരുന്നു സൊറ പറഞ്ഞ്, ആസ്വദിച്ചു കുടിക്കുന്നു. തൊട്ടപ്പുറത്ത് ഒരു മേശക്കരുകില്‍, ഒരു പാവം 'ക്രോണിക്' ബാച്ചലര്‍ പാമ്പായി, ഫണം വിടര്‍ത്തി, 'മകുടി' ഊതാതെ ആടുന്നുണ്ട്. ഇടക്കൊരു ശീല്‍ക്കാര ശബ്ദവും പുരപ്പെടുവിക്കുന്നുണ്ട്. മുന്നിലിരിക്കുന്ന കറിയുടെ പാത്രം, ആഘോഷമായിട്ട് ഇടയ്ക്കു വടിച്ചു നക്കിക്കൊണ്ടിരിക്കുന്നു. കയ്യിലൂടെ, കൈമുട്ടിലേക്ക് ഒലിച്ചിറങ്ങിയ കറിയോടും, പക്ഷപാതമൊന്നുമില്ല. ഇടയ്ക്കു കൈമുട്ട് വരെ നീട്ടി ഒന്ന് നക്കും. നല്ല കാഴ്ച!
"ഇവന്‍ വാളെടുക്കുമോ, കൊച്ചേട്ടാ?" കൂട്ടത്തിലിരുന്ന ഒരു കിഴവന്സിനോട് ഞാന്‍ ചോദിച്ചു.
"ഇവന്‍ ഇന്നലത്തെ 'ആനമയക്കി' കേറ്റിയേച്ചുള്ള ഇരിപ്പാ! അത് കൊണ്ട്, വാളെടുത്തില്ലെങ്കിലും, ഇവനായിട്ട് ഒരു 'വാള്‍' ഇവിടെ വെക്കും എന്നു ഞാന്‍ ഉറപ്പ്."
അപ്പോഴാണ്‌ മറ്റു ചങ്ങാതിമാര്‍ എന്നെ കണ്ടത്. "അപ്പച്ചനോടോ... അമ്മച്ചിയോടോ...പാപ്പിക്ക് സ്നേഹം..?"എന്നൊരാള്‍ പാടിത്തീര്ന്നപ്പോഴേക്കും, "അതെനിക്ക് അല്‍പ്പം ആലോചിക്കേണ്ട വിഷയമാണ്." കൂട്ടത്തില്‍ പാപ്പച്ചന്‍ എന്നു പേരുള്ള അപരന്‍ പറഞ്ഞു. ഇദ്ദേഹത്തെ പലരും സ്നേഹപൂര്‍വ്വം 'പാപ്പി' എന്നു വിളിക്കാറുണ്ട് എന്നുള്ളത് ഒരു കോ -ഇന്സിടന്‍സ് മാത്രം. "ഇവര്‍ എല്ലാവരും കൂടെ, എന്റെ പച്ചയിറച്ചി തിന്നുമല്ലോ ഭഗവാനേ !" എന്നു ഞാന്‍ ആശങ്കപ്പെട്ടു തുടങ്ങിയപ്പോഴേക്കും അടുത്തയാള്‍ ഹിന്ദുസ്ഥാനിയില്‍ പാട്ട് തുടങ്ങിക്കഴിഞ്ഞു.
"आज हम अंगूर की बेटी से मोहबत कर ली, ये तो अच्छा हुवा अंगूर का बेटा न हुवा!
इस की बेटी ने उठा रखी है सर पे दुनिया! झूम बराबर झूम शराबी, झूम बराबर झूम!"
ഇദ്ദേഹം, വീരശൂര പരാക്രമിയായിരുന്ന ഒരു പട്ടാളമാണ്. കാശ്മീരില്‍ പോയി വെടിവച്ചു മടുത്ത്, ഇപ്പോള്‍ പെന്‍ഷന്‍ പറ്റി, നാട്ടില്‍ സ്ഥിരതാമസമാണ്‌. പട്ടാളത്തില്‍ നിന്ന് കിട്ടുന്ന 'ക്വാട്ട' വിദേശമദ്യം വാങ്ങാന്‍, മാസത്തിലൊരിക്കല്‍ പട്ടണത്തില്‍ പോകും. മൂന്നു ദിവസം അവിടെ കുടികിടപ്പും കഴിഞ്ഞ്, മൂന്നാം നാള്‍ ഉയര്ത്ത്തെഴുന്നേറ്റു നാട്ടിലേക്ക് പോരും. ബാക്കിയുള്ള സമയങ്ങളില്‍, പാവപ്പെട്ട കുടിയന്മാരെ, വെടി പറഞ്ഞു കൊന്ന് രസിക്കുന്നു. ഞാന്‍ തൊട്ടപ്പുറത്തുള്ള ഒരു മേശക്കരുകില്‍ ഇരുന്നു. ഞാന്‍ ആവശ്യപ്പെടാതെ തന്നെ, ഒരു കുപ്പിയും ഗ്ലാസും എന്റെ മുന്നില്‍ വന്നിരുന്നു പുഞ്ചിരിച്ചു.

"ഞാന്‍ ബൈജു. എന്താ ചേട്ടായീ ഞങ്ങളെയൊക്കെ അറിയ്വോ?" ബാച്ചലര്‍ ആണ്.
"ങ്ങാ..അറിയും"ഞാന്‍ പറഞ്ഞു.
" ഞാന്‍ ചേട്ടനെ ഓര്‍ക്കുട്ടില്‍ കണ്ടു. ചേട്ടന്റെ ഇന്ഗ്ലിഷ് അസ്സലാണ് കേട്ടോ. ഇതെങ്ങനെ സാധിക്കുന്നു വാപ്പാ?" ബൈജു.
ഞാന്‍ പറഞ്ഞു,"എനിക്ക് മനസ്സിലായില്ല."
" എന്ത് മനസ്സിലായില്ലാന്നു? ഇന്ഗ്ലീഷ് എന്നു പറഞ്ഞാല്‍ തനിക്കു മനസ്സിലായില്ലേ?സാധിക്കുന്നു എന്നു പറഞ്ഞാല്‍ തനിക്കു മനസ്സിലായില്ലേ? താന്‍ ഇന്ഗ്ലിഷ് എവിടുന്നു പഠിചെന്നാണ് തന്നോട് ചോദിച്ചത്! മനസ്സിലായോ?"ബൈജു വിന്റെ സ്വരം ഉയരുന്നതനുസരിച്ച്, എന്റ ആത്മാഭിമാനവും, മൂക്കിന്‍ തുമ്പിലേക്ക്‌ എത്താന്‍ തുടങ്ങി.
"ഞാനിത് തെണ്ടിനടന്നു പഠിച്ചതാ."ഞാന്‍ പറഞ്ഞു.
"എന്റെ ചോദ്യത്തിന് ഉത്തരം തന്നില്ല!"ബൈജു.
"അതല്ലേ മോനെ, നല്ല മലയാളത്തില്‍ നിന്നോട് പറഞ്ഞത്, അന്യ നാട്ടില്‍ കൂടി തെണ്ടി നടന്നാണ് ഞാന്‍ ഭാഷകള്‍ പഠിച്ചത് എന്ന്‌" ഞാന്‍.
"എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ?"
"നീ അന്ന് മിക്കവാറും പാലക്കാട്ട് ആയിരിക്കും. നല്ല പാലക്കാടന്‍ മട്ട അരി കണ്ടിട്ടില്ലേ? അതിനകത്ത്."എനിക്ക് ദേഷ്യം വന്നു തുടങ്ങി.
"എന്നാലും എന്റെ ചോദ്യത്തിന് ഉത്തരം തന്നില്ല, He Mister, you please answer according to my question \ ഇതെങ്ങനെ സാധിക്കുന്നു വാപ്പാ?"
"അത് തന്നെ അല്ലെ മോനെ ഞാനും പറഞ്ഞത്."
"നല്ല കാര്യം, ചേട്ടന്‍ തോറ്റ സ്ഥിതിക്ക് ഞാന്‍ ഉത്തരം പറയാം. പക്ഷെ ഒരു വ്യവസ്ഥയുണ്ട്. എനിക്കൊരു ഗ്ലാസ് കള്ള് മേടിച്ചു തരണം." ഞാന്‍ തോല്‍വി സമ്മതിച്ചതും ബൈജു പറഞ്ഞു.
"അതൊക്കെ പെട്ടെന്ന് -പെട്ടെന്നുള്ള ഒരു റോളിങ്ങല്ലേ അപ്പുട്ട്യേ..? ഇതാണ് എന്റെ ചോദ്യത്തിന്റെ ശരിയുത്തരം."

എന്റെ ചിലവില്‍ ഒരു ഗ്ലാസ് കള്ള് മുന്നില്‍ വന്നപ്പോള്‍, ബിജുവിന് ആവേശം കൂടി. സ്വരം ഒന്ന് മയപ്പെട്ടു.
"അല്ല ചേട്ടായി, ഒരു സാമാന്യ മര്യാദ ഒക്കെ വേണ്ടേ?"ബൈജു.
"ഞാനതിന്‌ മാന്യതക്കുറവോ, ധിക്കാര വിഷയമോ ഒന്നും നിന്നോട് കാണിച്ചില്ലല്ലോ ബൈജു."
"എടോ, ഒരാളൊരു സ്ക്രാപ്പ് അയച്ചാല്‍, അതിനു മറുപടി ഒരു സ്ക്രാപ്പ് അയക്കണം. താനത് ചെയ്തില്ല."ബൈജു.
" നീ കാര്യമെന്താണെന്നു പറ" എന്റെ ക്ഷമ നശിച്ചു തുടങ്ങി.
"എന്നാല്‍ ഞാന്‍ പറയാം. ഓര്‍ക്കുട്ടിലെ തന്റെ സ്ക്രാപ്പ് ബുക്കില്‍ ഞാനൊരു സ്ക്രപ്പെഴുതി. താനതിനു മറുപടിയിട്ടില്ല. താനൊരു നന്ദികെട്ടവനാണ്. തന്നെ കുറച്ചു കാലമായിട്ടു ഞാന്‍ നോക്കി നടക്കുന്നു. താന്‍ എന്നെക്കുറിച്ച് എന്താ വിചാരിച്ചേ?" ഇതും പറഞ്ഞു കൊണ്ട് ബാക്കി കള്ളും കൂടി ബൈജു വലിച്ചു കുടിച്ചു.

ഇവന്റെ കരണത്ത് എന്റെ വീതം ഒരു സ്ക്രാപ്പ് കൊടുക്കുന്ന കാര്യം ഞാന്‍ ആലോചിക്കുന്നതിനിടയില്‍, ഒരു അപ ശബ്ദത്തോടെ ബൈജു മുന്നോട്ടു കുനിഞ്ഞു. രാവിലെ മുതല്‍ കഴിച്ച ആനമയക്കിയും, പടയപ്പയും എല്ലാം കൂടി, ബിജുവിന്റെ ആമാശയം പുറത്തേക്ക് പമ്പ് ചെയ്തു.
" ഇവന്‍, വാള്‍ മാത്രം അല്ല പരിചയും കൂടി വച്ചിട്ടുണ്ട്" തറയിലേക്കു ചൂണ്ടി കൊച്ചേട്ടന്‍ പറഞ്ഞു.
"അപ്പച്ചനോടോ...ബൈജൂനോടോ ...പാപ്പിക്ക് സ്നേഹം...? പട്ടാളം പാട്ട് തുടങ്ങി. ഞാന്‍ പുറത്തേക്കും നടന്നു.
വൈകി ആണെങ്കിലും ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു. 'ഓര്‍ക്കൂട്ടും', 'സ്ക്രാപ്പും' മ്പള്‍ക്ക് പറ്റിയ ഒരു പണിയല്ല. ബ്ലോഗെഴുത്തിന്റെ കാര്യം, കര്‍ത്താവ് രക്ഷിക്കട്ടെ!
================================================================

ഈ പോസ്റ്റ്‌ വായിച്ചതിനു ശേഷം, ബൂലോക ബ്ലോഗര്‍മാര്‍ എഴുതാന്‍ സാധ്യതയുള്ള ചില കമന്റുകള്‍ താഴെ കൊടുക്കുന്നു. വെറും തമാശക്ക് വേണ്ടി ഞാന്‍ എഴുന്നത്, ഒരര്‍ത്ഥത്തില്‍ തന്നെ എന്റെ സുഹൃത്തുക്കളും കാണണം എന്നോരപെക്ഷയുണ്ട്. അപ്പച്ചന്റെ തമാശകള്‍, മറ്റൊരാളെയും വേദനിപ്പിക്കാതിരിക്കട്ടെ. ശാപ വാക്കുകള്‍ ആരെങ്കിലും എനിക്കായ് കരുതിയിട്ടുണ്ടെങ്കില്‍, മെയില്‍ അയച്ചാല്‍ മതി.നന്ദിയോടെ..അപ്പച്ചന്‍ ഒഴാക്കല്‍.
=================================================================
ഏവൂരാന്‍ : ആദ്യത്തെ തേങ്ങ, തന്റെ തലയില്‍ എന്റെ വക.

മിഴിനീര്ത്തുള്ളി: അപ്പച്ചോ... പറയിപ്പിക്കല്ലേ!

ക്രോണിക്: കണ്ണൂരാനോട് ക്ഷമിച്ചാലും, തന്നെ ഞാന്‍ ഓടിച്ചിട്ട്‌ പിടിക്കും.

നൌഷാദ്: ഇത്രയും ഒക്കെ ആയ സ്ഥിതിക്ക്, ഒരു കൂട്ടാന്‍ ചട്ടിയുടെ ചിത്രം കൂടെ പോസ്റ്റിയിരുന്നെങ്കില്‍ സന്തോഷമായേനെ..


വായാടി: അപ്പച്ചന് എന്നും നല്ല 'പുലരി' കിട്ടട്ടെ എന്ന്‌ ഞാന്‍ ആശംസിക്കുന്നു.
എച്ച്മുക്കുട്ടി; ഒരു പോസ്റ്റില്‍ ഒന്‍പതു തവണ കള്ള്.! എന്നാല്‍ പ്പിന്നെ, "അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്" എന്നതിന് പകരം, "അഖിലേന്ത്യാ കുടിയന്‍സ് ക്ലബ്"എന്നായിരുന്നു നല്ലത്.

ജോര്‍ജുകുട്ടി ത്തരങ്ങള്: നാണക്കേടിന് ഉണ്ടായ തന്തയാണെന്ന്, നാലാളെ ക്കൊണ്ട് പറയിപ്പിക്കുമോ?അച്ചായോ!

മുഹമ്മദ്കുട്ടി: അപ്പച്ചന്റെ ഓരോരോ തമാശകള്‍!

ഒരു നുറുങ്ങ്: ഖല്ലി വല്ലി! മദ്യപാനം ആരോഗ്യത്തിനു ഹാനികരം!

ആളവന്താന്‍: ഷെര്‍ലക് ഹോംസിനെക്കാള്‍ കേസിന്റെ തിരക്കിലാണ്. മടങ്ങി വന്നിട്ട് കമന്റാം.

ചാണ്ടിക്കുഞ്ഞ്: ഇതൊക്കെ പെട്ടെന്ന് പെട്ടെന്നൊരു റോളിങ്ങല്ലേ അപ്പുട്ട്യേ!

വിശാലമനസ്കന്‍: ഇത് വെറുമൊരു 'കള്ള്പുരാണം' ആയിപ്പോയല്ലോ, അപ്പച്ചോ!

സിയ: നല്ല കള്ളു കുടിയന്മാര്‍ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യണ്ട ,എന്ന് എന്‍റെ അഭിപ്രായം.

ഒരു ബൂലോക ശിശു: തിരക്കിനിടയില്‍ ഒരാളെ എങ്കിലും 'പാമ്പായി
'ക്കണ്ടല്ലോ, അതുമതി.

കണ്ണൂര്ക്കാരന്‍ : ഞാനാണോ ബ്ലോഗിന്റെ പ്രചോദനം? ആണെങ്കില്‍ ഹാപ്പിയായി.

ഒഴാക്കന്‍: കുടുംബപ്പേര് കളഞ്ഞു കുളിക്കാതെ സമ്മതിക്കില്യ എന്നുണ്ടോ?

ജസ്റ്റിന്‍ : ഇതിലെ ബാച്ചലര്‍ ബൈജു എന്താ കടത്തനാട്ടു നിന്ന് വന്നവനാണോ? ഇടക്കൊക്കെ വാളും പരിചയും കണ്ടത് കൊണ്ട് ചോദിച്ചു പോയതാ.

ജയന്‍ ഏവൂര്‍: ഇയ്യാളെന്താ ഹിന്ദി മുന്ഷിയോ? മലയാളത്തില്‍ എഴുതാന്‍ അറിയില്ലെങ്കില്‍ അത് പറയ്‌. ആളൊരു താമരയാണ് അല്ലെ?

ടോംസ് കൊനുമറം : അസ്സലായിട്ടുണ്ട് അപ്പച്ചോ!






'

Sunday, October 24, 2010

Bookmark and Share

കുട്ടനിട്ടും പണി കിട്ടി.

കുട്ടന്‍ ഏവര്‍ക്കും സുപരിചിതന്‍, സുചരിതന്‍. മനപ്പൂര്‍വമല്ലെങ്കിലും അവിവാഹിതന്‍. പ്രായം മുപ്പതിന് മുകളില്‍ വരുമെങ്കിലും, അതംഗീകരിക്കാനുള്ള വിശാലമനസ്കതയോന്നും കുട്ടനില്ല. പ്രത്യേക ജോലിയൊന്നുമില്ലെങ്കിലും, സമയക്കുറവുമൂലം താടി വടിക്കാറില്ല, നിവൃത്തിയുണ്ടെങ്കില്‍ അലക്ക് കുളിയോടും വിട. കഞ്ചാവ് (ഗന്ജാവ്)ഒരു ബലഹീനതയാണെന്നു തെറ്റിദ്ധരിക്കരുത്, കുട്ടന് ജീവനാഡിയാണ്. സ്വസ്ഥമായിരുന്നു കഞ്ചാവ് ബീഡി ആഞ്ഞു വലിച്ചിട്ടു, ഗോളാകൃതിയില്‍ പുകയൂതി വിടുന്നതാണ്, കുട്ടന് ഏറ്റവും ആത്മ നിര്‍വൃതിയും, ആനന്ദവും ലഭിക്കുന്ന നിമിഷമെന്നാണ് കുട്ടന്റെ അവകാശവാദം.

കാര്യമിങ്ങനെയൊക്കെയാണെങ്കിലും, പണ്ടുകാലം മുതല്‍ തന്നെ, കടം കിട്ടാത്ത ഒരപൂര്‍വ മുതലാണ്‌ കഞ്ചാവ്. ഒരൊറ്റ കാരണത്തെ മനസ്സാ ശപിച്ചുകൊണ്ട്, കുട്ടന്‍ ബസ്സില്‍ "കിളി"യുടെ പണിക്കു പോകും. ചെറിയ കൂലിയും, വലിയ മനസ്സുഖവും കിട്ടുന്ന ജോലിയാണെങ്കിലും, നിത്യവും പോകാറില്ല. '
"ഇന്ന് പണിക്കു പോയില്ലേ?" എന്ന് ആരെങ്കിലും ചോദിച്ചാല്‍, "നയിച്ച്‌ തിന്നാന്‍ ആരെക്കൊണ്ടാ പറ്റാത്തെ നായേ?" എന്നൊരു മറു ചോദ്യമാവും മറുപടി. വല്ലപ്പോഴുമുള്ള ബസ്സിലെ ജോലിക്ക്, ബോണസ് എന്നപോലെ കുട്ടന് നല്ലൊരു പേര് കിട്ടി, "കണ്ടക്റ്റര്‍ കുട്ടന്‍".
കുട്ടനെ അങ്ങനെ വിളിച്ചാല്‍, പെരുത്ത് സന്തോഷം.

ഒരു സായാഹ്നത്തില്‍, കഞ്ചാവിന്റെ സമ്പൂര്‍ണ്ണ ലഹരിയും ഉള്‍ക്കൊണ്ടു കൊണ്ട്, ബസ് സ്റ്റോപ്പില്‍ പുകച്ചുരുള്‍ ഊതി രസിച്ചു നില്‍ക്കുമ്പോഴാണ്, സ്വപ്നസുന്ദരമായ കാഴ്ച കണ്ടത്. സുന്ദരിയായ ഒരു പാവാടക്കാരി യുവതി ബസ് സ്ടോപ്പിന്റെ അപ്പുറത്തെ അരികില്‍ നില്‍ക്കുന്നു. തിരിഞ്ഞും മറിഞ്ഞും നിന്ന് ആലോചിച്ചിട്ടും, എവിടെ വച്ചാണ് മുന്‍ പരിച്ചയമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. വീണ്ടും രണ്ടു പുകയും കൂടി ആഞ്ഞു വലിച്ച് ഊതിയപ്പോള്‍, ഒരു ഉള്‍വിളിയുണ്ടായി, "ഇവളാണ് എന്റെ സ്വപ്ന സുന്ദരി, ഇവളാണ് എന്റെ സങ്കല്‍പ്പത്തിലെ ഭാവി വധു. "ഇത്രയും ചിന്തിച്ചപ്പോഴേക്കും, കുട്ടന്റെ എല്ലാ നിയന്ത്രണങ്ങളും കൈ മോശം വന്നു. "അമ്പടീ കൊച്ചു കള്ളി, ഇതെന്തേ എനിക്ക് നേരത്തെ തോന്നിയില്ല?" എന്ന് മനസ്സില്‍ പറഞ്ഞ്‌ കൊണ്ട് കുട്ടന്‍ , പെണ്‍കുട്ടിയുടെ അടുത്തേക്ക് ചെന്നിട്ട്, "ഏതാടീ നീ? എന്താടീ നിന്റെ പേര് ?" എന്ന് ഈണത്തില്‍ ഒരു ചോദ്യം.

പാവം പെണ്‍കുട്ടി ശരിക്കും വിരണ്ടുപോയി. ഉത്തരം കിട്ടാന്‍ താമസിച്ചപ്പോള്‍, ശബ്ദമുയര്‍ത്തി കുട്ടന്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ചു.
"ഞാന്‍ പട്ടാളക്കാരന്‍ രാമന്‍ കുട്ടിയുടെ മകളാണ്." പെണ്‍കുട്ടി വിക്കി വിക്കിപ്പറഞ്ഞു.
"ഏതു പട്ടാളം? പെന്‍ഷന്‍ പറ്റിയ കള്ളത്താടിയോ? താടിക്കാരനാണോ നിന്റച്ചന്‍?" കുട്ടന്‍.
"ങ്ങൂം" പെണ്‍കുട്ടി മൂളി.
ഇത്രയുമായപ്പോഴേക്കും കുട്ടന് ആളെ പിടികിട്ടി.
"എന്താടീ നിന്റെ പേര്?"കുട്ടന്‍ ചോദ്യം ഒന്നുകൂടിആവര്‍ത്തിച്ചു. പാവം പെണ്‍കുട്ടി നിശബ്ദം.
"നീ ആരായാലും വേണ്ടില്ല, നിന്റെ പേരെന്തായാലും വേണ്ടില്ല, നിന്നെ ഞാന്‍ കെട്ടുകയും ചെയ്യും, നിന്റെ തന്തേടെ താടി വടിപ്പിക്കുകയും ചെയ്യും, ഇത് സത്യം!" എന്ന് പറഞ്ഞ്‌, മറുപടിക്ക് കാത്തു നില്‍ക്കാതെ കുട്ടന്‍ നടന്നകന്നു.

അന്ന് വൈകുന്നേരം, കുട്ടന്റെ വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ, ഒരു ചെറിയ പുഴ കടക്കാനുള്ള ശ്രമത്തിനിടെ, രണ്ടു പേര്‍ പുഴ കടന്നു വരുന്നത് കണ്ടു. സന്ധ്യ മയങ്ങിത്തുടങ്ങിയതിനാല്‍ ആള്‍ക്കാരെ ദൂരെ നിന്ന് മനസ്സിലായില്ല. ഇവര്‍ അടുത്തു വന്ന് കുട്ടന്റെ കഴുത്തിനു കുത്തി പ്പിടിച്ചപ്പോഴാണ്, കുട്ടന് കാര്യത്തിന്റെ ഗൌരവം ബോധ്യമായത്.
"വടിക്കടാ എന്റെ താടി" കൂട്ടത്തിലെ താടിക്കാരന്‍ അലറി.
"സുഹൃത്തേ എന്റെ കയ്യില്‍ ബ്ലെയ്ടോ ഷേവിംഗ് സെറ്റോ ഇല്ല, നമുക്ക് അടുത്ത ബാര്‍ബര്‍ ഷോപ്പിലേക്ക് പോകാം"എന്ന് കുട്ടന്‍ പറഞ്ഞ്‌ തീര്‍ന്നില്ല, പട്ടാളക്കാരന്‍ വളരെ മാന്യമായ രീതിയില്‍ ഒരു പ്രകടനം കാഴ്ച വച്ചു.
"പാവമല്ലേ വിട്ടേക്ക് " എന്ന് പറഞ്ഞ്‌ കൂടയുണ്ടായിരുന്ന ആളുടെ വക ഒരു കലാശക്കൊട്ടും കഴിഞ്ഞു അവര്‍ പോയി.

പിറ്റേ ദിവസം സന്ധ്യക്ക്‌, വഴിയരുകിലെ കലുങ്കിന്റെ മുകളില്‍, ഒരു ബീഡിയും വലിച്ച് തലേ ദിവസത്തെ വിവാഹ സല്ക്കാരത്തിന്റെ, ഓര്‍മ്മയും അയവിറക്കിക്കൊണ്ടിരിക്കുംപോള്‍, കുട്ടന്റെ മൂന്നു സുഹൃത്തുക്കള്‍ അതിലെ വന്നു.
"എന്താ കുട്ടാ, ഇന്നലെ നല്ല കോളായിരുന്നു എന്ന് കേട്ടല്ലോ?" ഒരുത്തന്‍.
"ആകാശക്കോട്ട കെട്ടുന്നതിനു അതിരു വേണ്ട കുട്ടാ, അത് പുറത്ത് പറയാമോ?" രണ്ടാമന്‍.
" പട്ടാളത്തിന്റെ മോളെ താന്‍ കെട്ടുമെന്ന് പറഞ്ഞിട്ട് ഇപ്പൊ താന്‍ ഞൊട്ടിയില്ലേ?"മൂന്നാമന്‍.
"ചങ്കില്‍ ക്കുത്തുന്നത് പറഞ്ഞാലോണ്ടല്ലോ?" എന്നും പറഞ്ഞ്‌ കുട്ടന്‍ എഴുന്നേറ്റപ്പോഴേക്കും കൂട്ടുകാര്‍ സ്ഥലം കാലിയാക്കി. അടി കിട്ടിയതിനേക്കാള്‍ കൂടുതല്‍ കുട്ടനെ വേദനിപ്പിച്ചത് അതായിരുന്നു. വീണ്ടും ഒരു കഞ്ചാവ് ബീഡിക്കു കൂടി തീ കൊടുത്ത്, കുട്ടന്‍ കലുങ്കില്‍ കിടന്നു. "ഇവര്‍ക്കിട്ടു എന്തായാലും ഒരു പണി കൊടുക്കണം" കുട്ടന്‍ തീരുമാനിച്ചുറച്ചു. കിടപ്പില്‍ അറിയാതെ ഉറങ്ങിപ്പോയി.

രാത്രി പത്ത് മണിയായപ്പോള്‍ ഉറക്കം തെളിഞ്ഞു. ഐഡിയ ഒന്നും മനസ്സില്‍ തെളിഞ്ഞില്ല. "ഏതായാലും ഓങ്ങിയതല്ലേ, ഇരിക്കട്ടെ"എന്നും വിചാരിച്ച് ഒരു ഗന്ജനെക്കൂടി വലിച്ച് കയറ്റി. പെട്ടെന്നൊരു യില്‍ ഒരു കവിള്‍ വെള്ളം ഉള്‍കൊണ്ട്, മുന്നോട്ടു നടന്നു. കൂട്ടുകാരില്‍ ഒരാള്‍ റോഡ്‌ സൈഡില്‍, റോഡിനോടു ചേര്‍ന്ന് ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. വേനല്ക്കാലമായതുകൊണ്ടും, വീട്ടിലെ സൌകര്യക്കുറവു കൊണ്ടും, വരാന്തയില്‍ തറയിലാണ് അവന്‍ കിടന്നുറങ്ങിയിരുന്നത്. കുട്ടന്‍ ശബ്ദമുണ്ടാക്കാതെ വീടിന്റെ മുറ്റത്തു കയറി. കൂട്ടുകാരന്‍ നല്ല ഉറക്കമാണ്. സമയമായപ്പോഴേക്കും, കുട്ടന്റെ വായില്‍ കരുതിയിരുന്ന വെള്ളം, ശരീരത്തിന്റെ ഊഷ്മാവില്‍ ചൂടായിബോധോദയമുണ്ടായി. ഒരു ചെറു പുഞ്ചിരിയോട്‌ കൂടി കുട്ടന്‍ ചാടി എഴുന്നേറ്റു. തോട്ടിലിറങ്ങി മുഖമൊന്നു കഴുകിയിട്ട്, വാരുന്നു, ഉമിനീരും കൂടിയപ്പോള്‍, ചെറു ചൂടുള്ള ഒരു കൊഴുത്ത ദ്രാവകം. കുട്ടന്‍ പതുങ്ങി, പതുക്കെച്ചെന്നു കൂട്ടുക്കാരന്റെ കാലിന്റെ പെരുവിരലില്‍ ഒരു കടി കൊടുത്തിട്ട്, വരാന്തയുടെ അടിയിലേക്ക് കുനിഞ്ഞ്, നിശബ്ദം സ്ഥലം വിട്ടു.
പെരുവിരലില്‍ കടി കിട്ടിയവന്‍, "അയ്യോ!!"എന്നലറിക്കൊണ്ട് ചാടി എഴുന്നേറ്റു. ഇരുട്ടത്ത് കാലില്‍ തപ്പി നോക്കിയപ്പോള്‍, എന്തോ ചൂടുള്ള കൊഴുത്ത ദ്രാവകത്താല്‍ കൈ നനഞ്ഞു. മുറിവില്‍നിന്നു രക്തം വരുന്നതാനെന്നുള്ള ധാരണയില്‍, "അയ്യോ!! എന്നെ എന്തോ കടിച്ചേ!!" എന്നും പറഞ്ഞ്‌ അവന്‍ അലമുറയിട്ടു കരഞ്ഞു. അയല്‍വാസികള്‍ എല്ലാവരും ഓടിക്കൂടി. കാല്‍വിരലില്‍ വളരെ ചെറിയ ഒരു മുറിവും, ചുറ്റിലും എന്തോ ഒരു ദ്രാവകവും കണ്ടു എന്നല്ലാതെ, ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല. ഏതായാലും അവരെല്ലാവരും കൂടെ രോഗിയെയും കൊണ്ട്, വിഷകാരിയുടെ അടുത്തേക്ക് പോയി. ഗുരുതരമായ പ്രശ്നമൊന്നും ഇല്ലെന്നു പറഞ്ഞ വിഷകാരി, എന്തോ ചില്ലറ മരുന്നും കൊടുത്ത് അവരെ മടക്കി വിട്ടു.

വിഷ ചികിത്സകന്റെ അടുത്ത് പോയവര്‍, തിരിച്ചു വീടിന്റെ അടുത്തെത്താനായപ്പോള്‍, വീണ്ടും അതെ പല്ലവി "അയ്യോ!! എന്നെ എന്തോ കടിച്ചേ!! രക്ഷിക്കണേ!!"എന്ന് കേട്ടു. എല്ലാവരും കൂടി ഓടി വന്നപ്പോള്‍, കാലില്‍ രക്തം ഒഴുകിക്കൊണ്ടിരിക്കുന്ന കുട്ടനെയാണ് അവര്‍ കണ്ടത്. ഉടനെ തന്നെ കുട്ടനെയും കൊണ്ട്, നേരെ വിഷ വൈദ്യന്റെ അരികിലേക്ക് അവര്‍ ഓടി.

"കടിച്ചത് ചേനത്തണ്ടനാണ്. അതുകൊണ്ട്, മുറിവുണങ്ങാന്‍ കുറച്ചു വൈകും. പഥ്യം നന്നായിട്ട് നോക്കിയില്ലെങ്കില്‍ ആളപായം സംഭവിക്കും" വൈദ്യര്‍ പറഞ്ഞു.
"എന്തൊക്കെയാണ് പഥ്യം?" കൂട്ടത്തില്‍ ആരോ ചോദിച്ചു.
"ഉപ്പും എണ്ണയും പാടെ വര്‍ജ്ജിക്കണം. മദ്യപാനം, പുകവലി എന്നിവ ഒരു കാരണവശാലും പാടില്ല. പഥ്യം തെറ്റിച്ചിട്ട് ഇങ്ങോട്ട് വരേണ്ട കാര്യവും ഉണ്ടാകില്ല." ഇതും പറഞ്ഞു, കുറച്ചു മരുന്ന് കുടിക്കുവാനും, കുറച്ചു അരച്ചിടാനും കൊടുത്ത്, അവരെ തിരിച്ചയച്ചു.

വാല്‍ക്കഷ്ണം: അതിനു ശേഷം കുട്ടനെ ആരും, കഞ്ചാവോ ബീഡിയോ വലിച്ച് കണ്ടിട്ടില്ല. വെറുതെ ഇരുന്നപ്പോള്‍ കുട്ടനിട്ടു കിട്ടിയ ഒരു പണിയേ!