Wednesday, August 18, 2010

Bookmark and Share

അവലോസ് ഉണ്ട

എന്റെ സുഹൃത്ത്‌ ജോബി, ആളൊരു വരത്തനാണ്. എന്നു വച്ചാല്‍, അന്യ നാട്ടില്‍ നിന്ന് ഞങ്ങളുടെ നാട്ടില്‍ കുടിയേറിപ്പാര്‍ക്കുന്നവന്‍. വരത്തനാണെങ്കിലും ആളൊരു ഗുരുത്വമുള്ളവനാണ്. ഒരു സ്ക്രൂഡ്രൈവറും, സോല്ടറിംഗ് ആയെണും മൂലധാനവുമായിട്ടു ഞങ്ങളുടെ നാട്ടില്‍ വന്നവന്‍, നാട്ടുകാരുടെ റേഡിയോകള്‍ നന്നാക്കിയും, കേടാക്കിയും, പറ്റുന്നത് പോലെ പറ്റിച്ചും പത്ത് പുത്തനുണ്ടാക്കി. അസൂയകൊണ്ട് പറയുകയാണെന്ന് വിചാരിക്കരുത്, സൈഡു ബിസ്സിനസ്സായിട്ടു ഒരു സ്റ്റുഡിയോയും കൂടെ തുടങ്ങി. ഹോട്ടല്‍ ഭക്ഷണമൊക്കെ കഴിച്ച്, തടിച്ചു കൊഴുത്ത്, ആളൊരു സുന്ദരക്കുട്ടപ്പനായി. നാട്ടിലുള്ള സകല കല്യാണ ദല്ലാള്‍മാര്‍ക്കും പ്രലോഭനമായിട്ടു, പുരയും നാടും നിറഞ്ഞു നിന്നു. കുറ്റം പറയരുതല്ലോ, ഇങ്ങനെയൊന്നും ആയാല്‍പ്പോരെന്നും, സ്വല്‍പ്പം ജനിതകമായി ചിന്തിക്കാന്‍ സമയമായെന്നും, ജോബിക്കും തോന്നിത്തുടങ്ങി. അടുത്ത ഞായറാഴ്ച, രണ്ടും കല്പ്പിച്ചു രണ്ടു ദല്ലാള്‍മാരെയും കൂട്ടി, പെണ്ണുകാണല്‍ എന്ന സാഹസത്തിനു കൂടരഞ്ഞിയിലേക്ക് പുറപ്പെട്ടു. പത്ത് മണിയോടുകൂടി, സാമാന്യം ഭേദപ്പെട്ട ഒരു വീട്ടില്‍ ചെന്നുകയറി. ഭയഭക്തി ആദരങ്ങളോടെ ഗൃഹനാഥന്‍, ചെറുക്കനേയും അകമ്പടിക്കാരെയും സ്വീകരിച്ചിരുത്തി. ഗൃഹനാഥനും ദല്ലാള്‍മാരും, ലോകകാര്യങ്ങള്‍ പങ്കുവെച്ചു. "പൂത്തുമ്പീ നിന്കഴുത്തില്‍ താലി കെട്ടുന്നതാരാണ്" എന്നു മൂളിപ്പാട്ടും മനസ്സില്‍ പാടി, ജോബി നിശബ്ദനായിരുന്നു. "എന്നാല്‍പ്പിന്നെ കൊച്ചേട്ടാ, കുട്ടിയെ വിളി " എന്നു ദല്ലാള്‍ പറഞ്ഞ്‌ തീര്‍ന്നില്ല, ഒരു പാത്രം നിറയെ അവലോസുണ്ടയുമായിട്ട് സാമാന്യം ഭേദപ്പെട്ട ഒരു തള്ള മുന്നിലും, ചായ ഗ്ലാസ്സുകളുമായി ഒരു സുന്ദരിക്കുട്ടി പിന്നിലുമായി അണിനിരന്നു. ഇനിഎങ്കിലും, അവലോസുണ്ടയെക്കുറിച്ച് രണ്ടു വാക്ക് പറഞ്ഞില്ലെങ്കില്‍, അത് വായനക്കാരോട് ഞാന്‍ ചെയ്യുന്ന ഒരു കൊടും ചതിയായിപ്പോകും. എല്ലാ നാട്ടിലും അവലോസുണ്ട ഉണ്ടാക്കാറില്ല. അരിപ്പൊടിയും തേങ്ങയും, ജീരകവും മറ്റും മറ്റും കൂടി വറുത്ത്‌, മൂപ്പെത്തുംപോള്‍, ശ്ര്ക്കരപ്പാനിയില്‍ മുക്കി, ചെറുനാരങ്ങ വലിപ്പത്തില്‍ ഉരുട്ടി എടുക്കുന്നതാണ് അവലോസുണ്ടയുടെ നിര്‍മ്മിതി. ശര്‍ക്കരയുടെ പശ ഉള്ളതുകൊണ്ട്, നല്ല ഉറപ്പുള്ളതും, ആരോഗ്യമുള്ളവരെ ഉദ്ദേശിച്ചു നിര്‍മ്മിക്കുന്നതുമാണ്.
പെങ്കൊച്ചിന്റെ മുഖത്ത് നിന്നു കണ്ണെടുക്കാന്‍ മടിച്ചിരിക്കുന്ന ജോബിയോട്, "ചായ കുടി മോനെ" എന്നു ഭാവി അമ്മായിയമ്മ സല്ക്കരിച്ചപ്പോള്‍, തിരസ്കരിച്ചില്ല. ഒരു കവിള്‍ ചായ കുടിച്ചപ്പോഴേക്കും, അവലോസുണ്ടയുടെ താലവും താങ്ങിപ്പിടിച്ചു, "കഴിക്കു മോനെ " എന്നു വീണ്ടും. ജോബിക്ക് പുതിയ പലഹാരത്തെക്കുറിച്ച് യാതൊരു പിടിയും ഇല്ലായിരുന്നു. ജോബിയുടെ നാട്ടില്‍ ആര്‍ക്കും അവലോസുണ്ടയെക്കുറിച്ച് അറിവില്ലായിരുന്നു, ഉണ്ടാക്കലും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ, ജോബി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മാരണം കാണുന്നത്.
കണ്ടിട്ടില്ലാത്ത സാധനമാണെന്ന് പറഞ്ഞാല്‍ മാനക്കേട്‌. ധൈര്യം സംഭരിച്ചു ഒരു അവലോസുണ്ട കയ്യിലെടുത്തു. ചെറുതായിട്ട്, വളരെ ഭവ്യതയോടെ ഒന്ന് കടിച്ചു പക്ഷെ ഫലിച്ചില്ല. കുറച്ചുകൂടി കലിപ്പ് കൂട്ടി ഒന്നുകൂടി കടിച്ചു, നോ ഫലം. ചെറിയ ഒരു ചമ്മല്‍. സാരമില്ല, "ഇനി തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല" എന്നു മനസ്സാ ശപഥം ചെയ്ത്, സകല ശക്തിയുമെടുത്ത് ആഞ്ഞൊരു കടി. ത്രയംബകം വില്ല് ഒടിഞ്ഞത് പോലെ ഒരു സീല്‍ക്കാര ശബ്ദത്തോടുകൂടി അവലോസുണ്ട നാലുപാടും പൊട്ടിച്ചിതറി. കുറെ ചെറിയ കഷ്ണങ്ങളും തരിപ്പോടികളും, ജോബിയുടെ മൂക്കിലും, തരിപ്പിലും, അന്നാക്കിലും ഒക്കെയായി കയറിക്കൂടി. ആഞ്ഞൊരു തുമ്മല്‍. ഒരു ചെറിയ സൈറനോട് കൂടി കീഴ് ശ്വാസവും സഹകരിച്ചു. പിന്നെ നടന്ന സംഭവ വികാസങ്ങളെ ക്കുറിച്ച് വിവരിക്കുവാന്‍ എനിക്ക് ത്രാണിയില്ല. പക്ഷെ ജോബി, വാശിക്ക് അവന്‍ പണ്ടേ മുന്നിലാണ്. "എന്തായാലും നിന്നെ ഞാന്‍ കെട്ടുകയും ചെയ്യും, രണ്ട് അവലോസുണ്ട നിന്നെ ക്കൊണ്ട് ഞാന്‍ തീറ്റിക്കുകയും ചെയ്യും." എന്നു ഉഗ്ര ശപഥമെടുത്തു. കുട്ടിയെത്തന്നെ വിവാഹവും ചെയ്തു. എന്നിരുന്നാലും, അവലോസുണ്ടയെന്നു കേട്ടാല്‍, ഏതുറക്കത്തിലും ജോബി ഞെട്ടും.
,

6 comments:

കുര്യച്ചന്‍ said...

ആശംസകള്‍.....നല്ല അവതരണം...

Unknown said...

കുര്യച്ചോ, ജോബി ആ കുട്ടിയെത്തന്നെ വിവാഹവും ചെയ്തു എന്ന് ഞാന്‍ പറഞ്ഞത്‌, വെറും സങ്കല്‍പ്പമാണ്. ബാക്കിയെല്ലാം ശരിയും.

Unknown said...

എന്തായാലും നിന്നെ ഞാന്‍ കെട്ടുകയും ചെയ്യും, രണ്ട് അവലോസുണ്ട നിന്നെ ക്കൊണ്ട് ഞാന്‍ തീറ്റിക്കുകയും ചെയ്യും.....
ഇതെനിക്കിഷ്ടപെട്ടു

mini//മിനി said...

അവലോസുണ്ട, കേട്ടിട്ടെയുള്ളു, ഇപ്പോൾ കണ്ടു.
പിന്നെയീ ഇംഗ്ലീഷിലുള്ള ഈ word verification അങ്ങട്ട് നിർത്തുന്നതാ നല്ലത്.

Unknown said...

ടീച്ചറെ, എനിക്കങ്ങട്ട് ഇഷ്ട്ടപ്പെട്ടു. ഇംഗ്ലീഷ് വേരിഫിക്കേഷന്‍ എന്ന് പറഞ്ഞത് മാത്രം എനിക്ക് മനസ്സിലായില്ല. എന്റെ എഴുത്ത്, ഒരു എഴാം ക്ലാസുകാരന്റെ ജല്‍പ്പനമായി മാത്രം കരുതിയാല്‍ മതി.വീണ്ടും സന്ദിപ്പതു വരൈ വണക്കം .

Krishnadas said...

അപ്പച്ചോ!
ഇംഗ്ലീഷ് വേരിഫികേഷന്‍ ആണ് കണ്ണ്‍ഫയുഷന്‍.

അത് എന്നതാണോ ആവോ?