Sunday, August 29, 2010
കോഴി+അപകടം =കോഴിയപകടം.
രണ്ടു വര്ഷം മുന്‍പ്, പതിവ് പോലെ ഞാന്‍ വീട്ടില്‍നിന്നു തിരുവമ്പാടി ലക്ഷ്യമാക്കി ജീപ്പോടിക്കുകയായിരുന്നു. കൂടരഞ്ഞിയില്‍ നിന്ന് എന്റെ ഒരു മാന്യ സുഹൃത്തും, യുവാവുമായ ജെയ്സന്‍ വണ്ടിയില്‍ കയറി. ഏകദേശം ഒരു കി.മി. പിന്നിട്ടപ്പോള്‍ ചെറിയൊരു അങ്ങാടി, എന്നുവച്ചാല്‍ ഒരു ചായക്കടയും, പലചരക്ക് കടയും, പിന്നൊരു വെയ്റ്റിംഗ് ഷെഡും. അങ്ങാടിയില്‍ ആളുകള്‍ അധികമില്ലായിന്നു എങ്കിലും, റോഡില്‍ അഞ്ചാറ് കോഴികള്‍ ഉണ്ടായിരുന്നു. നിധി കിട്ടാനും, തൊഴി കിട്ടാനും അധികം നേരം വേണ്ടല്ലോ! ദേണ്ടെ, ഒരു കോഴി ആത്മഹത്യാ പ്രവണതയോടെ എന്റെ വണ്ടിയുടെ മുന്‍പിലേക്ക് ചാടുന്നു. സ്ഥിതി എന്റെ നിയന്ത്രണത്തിന് അതീതം. മനസ്സായിട്ടല്ലെങ്കിലും, എന്റെ വണ്ടി ഒരു പാവം കോഴിയുടെ മേലെ കയറിയിറങ്ങുന്നു, ദൌത്യം പൂര്‍ത്തിയായി. എല്ലാം വളരെ പെട്ടെന്നായിരുന്നു. ജീപ്പ് സൈഡാക്കി നിര്‍ത്തി.(അതാണല്ലോ സാമാന്യ മര്യാദ) അവിടെ ഉണ്ടായിരുന്ന സകല ജനങ്ങളും, കോഴിയുടെ ദാരുണമായ അന്ത്യം കണ്ട്, അന്ത്യകൂദാശ അര്‍പ്പിക്കുവാന്‍ ഓടിക്കൂടി. എനിക്കാകെ പേടിയായി. നഷ്ട്ടപരിഹാരം കൊടുത്ത് തലയൂരാമെന്ന എന്റെ വ്യാമോഹം ഞാന്‍ സുഹൃത്തിനെ അറിയിച്ചു.
അപ്പോഴേക്കും "ഇതെന്റെ കോഴിയാണ്, കോഴിയെ തൊട്ടാല്‍ തൊട്ടവനെ തട്ടും"എന്നാക്രോശിച്ചു കൊണ്ട് ഭീമാകാരനായ ചായക്കടക്കാരന്‍പാഞ്ഞടുത്തു. "എവിടെ നോക്കിയാ ഈ --മോനൊക്കെ വണ്ടിയോടിക്കുന്നെ," "ഇങ്ങോട്ട് ഇറങ്ങടാ"എന്നും മറ്റുമുള്ള സാമാന്യം ഭേദപ്പെട്ട കമന്റുകളും കൂടി ആള്‍ക്കൂട്ടത്തില്‍ നിന്ന് കേട്ടതോടു കൂടി, എന്റെ തല കറങ്ങിയോ എന്നൊരു ബലമായ സംശയം. കൈ ആണോ കാലാണോ കൂടുതല്‍ വിറയ്ക്കുന്നതെന്നു വിലയിരുത്താന്‍ പറ്റാത്ത അവസ്ഥയില്‍, "ചേട്ടനവിടെ ധൈര്യമായിട്ടിരി, പ്രശ്നം ഞാന്‍ കൈകാര്യം ചെയ്തോളാം" എന്നും പറഞ്ഞ് ജെയ്സന്‍ ജീപ്പില്‍ നിന്ന് ചാടിയിറങ്ങി. പയ്യന്‍ ഇറങ്ങിയപാടെ ചായക്കടക്കാരന്റെ തോളത്തു കൈയ്യിട്ടു കുറച്ചപ്പുറത്ത് മാറ്റി നിര്‍ത്തി, കയ്യും കാലും കൊണ്ടു ആംഗ്യം കാണിച്ചു കൊണ്ട് , എന്തൊക്കെയോ സംസാരിക്കുന്നു.
"എന്റീശോയേ ഇവനെനിക്കിട്ടു പാര പണിയുകയാണോ" എന്നെനിക്കൊരു സംശയം തോന്നായ്കയില്ല. അഞ്ചു മിനിട്ട് കഴിഞ്ഞില്ല, പോയതിലും സ്പീഡില്‍, സഗൌരവം, ജെയ്സനിതാ തിരിച്ചു വരുന്നു. എന്റെ നെഞ്ചിലെന്തോ ഒന്ന് മിന്നി. വന്നപാടെ വണ്ടിയിലോട്ടു ചാടിക്കയറി "ചേട്ടന്‍ വണ്ടിയെടുക്ക് " എന്നു മുരണ്ടു. കയ്യും കാലും വിറച്ചിട്ടു, വണ്ടിയോടിക്കുക എന്നല്ല, തന്നെ ഓടാന്‍ പറ്റാത്ത നിസ്സഹായാവസ്ഥയില്‍ ഞാനവനെ ദയനീയമായൊന്നു നോക്കി. "തന്നോടല്ലേ വണ്ടിയെടുക്കാന്‍ പറഞ്ഞെ?" എന്നു രണ്ടാമത് കല്‍പ്പിച്ചപ്പോള്‍ ഞാനറിയാതെ തന്നെ വണ്ടി മുന്നോട്ടോടി. ശ്വാസം നേരെ വീണപ്പോള്‍ ഞാന്‍ ചോദിച്ചു "എങ്ങനെ പരിഹരിച്ചു?"ഉത്തരം ഒരു പുഞ്ചിരിയായിരുന്നു. "നിന്റെ കയ്യില്‍ നിന്ന് കാശെത്ര ചിലവായി?"എന്ന എന്റെ അടുത്ത ചോദ്യത്തിന് ഉത്തരം ഒരു പൊട്ടിച്ചിരിയായിരുന്നു. " നീ തമാശ് കള, കാശെത്ര ചെലവ് വന്നു, അയാളോട് നീ എന്താ പറഞ്ഞത് " എന്നെല്ലാം കൂടി ഞാന്‍ വെപ്രാളപ്പെട്ട് ചോദിച്ചു. "അപ്പോള്‍ ചേട്ടന് അറിയില്ലരുന്നോ? ആ കോഴി റോംഗ് സൈഡിലായിരുന്നു."എന്ന് അവന്‍ പറഞ്ഞത് എനിക്കങ്ങോട് തലേല്‍കേറിയില്ല . ജെയ്സന്‍ വിശദീകരിച്ചു തന്നു, "കോഴി, റോഡിന്റെ റോംഗ് സൈഡിലാണ് നിന്നിരുന്നതെന്നും, നിയമപരമായിട്ടു നോക്കിയാല്‍, തെറ്റ് കോഴിയുടെ ഭാഗത്താണെന്നും, അതുകൊണ്ട് നഷ്ട്ടപരിഹാരത്തിന് അയാള്‍ക്ക് യാതൊരു അവകാശവും ഇല്ലെന്നും, വെറുതെ കുഴപ്പത്തില്‍ ചാടണ്ടായെന്നും ഞാന്‍ പറഞ്ഞു. അയാളത് സമ്മതിക്കുകയും ചെയ്തു." ഇത് പറഞ്ഞിട്ട് അവന്‍ എന്നോടൊരു മറു ചോദ്യം " ഞാന്‍ മാന്യതക്കുറവോ ധിക്കാരവിഷയമോ, എന്തെങ്കിലും സംസാരിച്ചോ അപ്പച്ചന്‍ ചേട്ടാ?" കോഴി+അപകടം =കോഴിയപകടം.
Subscribe to:
Post Comments (Atom)
2 comments:
nice joke
അച്ചായാ ആ കോഴിയെ പിന്നീട് എന്തു ചെയ്തു?
Post a Comment