Thursday, July 29, 2010

Bookmark and Share

തലമുറകളുടെ വിടവ്.

പഴയ തലമുറയിലെയും, പതിയ തലമുറയിലെയും (അണുകുടുംബങ്ങളിലെ) മാതാ പിതാക്കളുടെ (ഞാനുള്‍പ്പെടെ) ഭാവിയെക്കുറിച്ചുള്ള ആകാംക്ഷയോ, ആധിയോ ആണ് ഇങ്ങനെയുള്ള ഒരു സംരംഭത്തിന് (ബ്ലോഗെഴുത്ത് എന്ന ക്രൂരകൃത്യത്തിന് ) എന്നെ പ്രേരിപ്പിച്ചത്.
പഴയ തലമുറ ജീവിച്ചു പോന്നത് പ്രധാനമായും കൃഷിയെയോ, അല്ലെങ്കില്‍ കച്ചവടത്തെയോ ആശ്രയിച്ചായിരുന്നു. ഉദ്യോഗത്തെക്കുറിച്ച് ന്യൂനപക്ഷം മാത്രമേ ചിന്തിച്ചുള്ളൂ. അന്ന് കൃഷിക്കാവശ്യമായ ഭൂമി ലഭ്യമായിരുന്നു. ഡസന്‍ കണക്കിന് മക്കളും, ലളിതമായ ജീവിതവും. പ്രായപൂര്‍ത്തിയാകുന്ന മക്കള്‍, മാതാപിതാക്കളുടെ തൊഴിലില്‍ അവരെ സഹായിച്ചു ജീവിതചക്രം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.അതായിരുന്നു കീഴ്‌വഴക്കം. ഇന്നത്തെ പുതിയ തലമുറയുടെ സ്ഥിതി വ്യത്യസ്തമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം, അതിനനുസരിച്ച് ഒരു ജോലി, അല്ലെങ്കില്‍ കച്ചവടം. ഭാര്യയും ഭര്‍ത്താവും കൂടി ജോലി ചെയ്താലേ കുടുംബം മുന്നോട്ടു പോകൂ. കുടുംബത്തിലെ ആകെയുള്ള ഒന്നോ രണ്ടോ മക്കള്‍ ജീവിതം പച്ചപിടിപ്പിക്കാനുള്ള വ്യഗ്രതയില്‍ (നിവൃത്തികേട് ) മാതാ പിതാക്കളെ വിട്ട്‌ വിദേശത്തേക്ക് കുടിയേറുന്നു. സാന്ത്വനവും ശുശ്രൂഷയും കിട്ടേണ്ട യഥാര്‍ത്ഥ സമയത്ത് അവരുടെ സമീപത്തു ആരുമുണ്ടാവില്ല. സത്യത്തില്‍, ദിവസം തോറും കുറഞ്ഞുകൊണ്ടിരിക്കുന്ന ആരോഗ്യാവസ്ഥയും , നിരാലംബതയും, സമീപ ഭാവിയിലെ വൃദ്ധസദനവും അവരെ വല്ലാതെ അലട്ടുന്നില്ലേ?
ഈ പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വതപരിഹാരം നിര്‍ദ്ദേശിക്കാന്‍ ഞാന്‍ പ്രാപ്തനല്ല. എങ്കിലും, നമുക്ക് ഒത്തൊരുമിച്ചു പ്രശ്നം ലഘൂകരിച്ചു കൂടെ?
Bookmark and Share

കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു ജീവിതം

ഇനിയുള്ള കാലം കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു ജീവിതം ആലോചിക്കുവാന്‍ കൂടി വയ്യ. ചില തൈക്കിഴവന്മാര്‍ക്ക് നാലുപേര്‍ അറിഞ്ഞു കപ്യൂട്ടര്‍ പഠിക്കാന്‍ പോകാന്‍ നാണം. ചിലര്‍ക്ക്, ഇനിയിപ്പോള്‍ പ്രായമായില്ലേ, ഇനിയെന്ത് കമ്പ്യൂട്ടര്‍ എന്ന തോന്നല്‍. പ്രായം മനസ്സിനെ ബാധിച്ചിട്ടില്ലെങ്കില്‍, ഈ പഠനം വിജ്ഞാനപ്രദവും അതുപോലെ തന്നെ വിനോദ ദായകവുമാണ് . ഇന്നിപ്പോള്‍ കമ്പ്യൂട്ടര്‍ പഠനത്തിനു ഇന്ഗ്ലിഷ് ഭാഷയിലുള്ള പരിജ്ഞാനം അത്ര അനിവാര്യമല്ല. മലയാളത്തില്‍ തന്നെ കാര്യങ്ങള്‍ നടത്താന്‍ മാത്രം നമ്മള്‍ വളര്‍ന്നുകഴിഞ്ഞു. ചെറിയ കാലയളവിലുള്ള ഏതെങ്കിലും കോഴ്സിനു ചേര്‍ന്ന് പഠിച്ചാല്‍ത്തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രാപ്തരാകും. വിമാന ടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ് മുതലായവ വീട്ടിലിരുന്നു തന്നെ ബുക്ക് ചെയ്യാം, ഈ നാട്ടിലും - മറുനാട്ടിലും അച്ചടിക്കുന്ന സകല പത്രങ്ങളും വീട്ടിലിരുന്നു വായിക്കാം, അങ്ങനെ എത്ര എത്ര സേവനങ്ങള്‍.
വെറുതെ വരട്ടു ചൊറിയും കുത്തി ഇരിക്കുമ്പോള്‍, പലതരം കളികളും കമ്പ്യൂട്ടറില്‍ കളിക്കാം. ചതുരംഗം, ചീട്ടുകളി മുതല്‍ പലതരത്തിലുള്ള കലാ പരിപാടികളും ഇതില്‍ സുലഭമാണ്. വയസ്സുകാലത്ത്, നയനാന്ദകരമായ കാഴ്ചകള്‍ കാണാനാണ് താല്പര്യമെങ്കില്‍ അതുമാകാം. അതല്ല, കുറച്ചുകൂടി അറിവ് നേടണം എന്നാണെങ്കില്‍ വളരെ നല്ലത്. അറിവ് കൂടുന്നത് ക്രിമിനല്‍ കുറ്റം ഒന്നുമല്ലല്ലോ. ഇതൊന്നുമല്ലെങ്കില്‍, നമ്മുടെ പ്രിയ മക്കള്‍ ഈ ഭൂലോക വലയില്‍ കയറിക്കൂടി എന്തെല്ലാം വീരപരാക്രമങ്ങള്‍ ഒപ്പിക്കുന്നു, എന്നെങ്കിലും അറിയാമല്ലോ. എന്താ, വയസന്മാര്‍ കമ്പ്യൂട്ടര്‍ പഠിക്കണോ? അവരെ നാം പ്രോത്സാഹിപ്പിക്കണോ?

Wednesday, July 28, 2010

Bookmark and Share

ഇനി വയസ്സന്‍മാര്‍ക്കും ബ്ലോഗാം

വളരെ പണ്ട്, മരണക്കിടക്കയില്‍ കാലന്റെ വരവും കാത്തുകിടക്കുന്ന ഒരു വന്ദ്യവയോധികനോട് മക്കള്‍ അന്ത്യാഭിലാഷം ചോദിച്ചു . പിതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു "പ്രിയമുള്ള മക്കളെ, പറ്റുമെങ്കില്‍ എനിക്കൊന്നു സൈക്കിള്‍ കയറണം". എന്നുപറഞ്ഞതുപോലെ, അന്പത്തിമൂന്നാമത്തെ വയസ്സിലാണ് എനിക്കൊന്നു ബ്ലോഗണമെന്ന് തോന്നിയത്. ഈ ഭൂലോകത്തിലെ സകലമാന പയ്യന്‍സുംബ്ലോഗിക്കൊണ്ടിരിക്കുന്ന കലികാലത്ത് എനിക്കും അങ്ങനെ ഒരാഗ്രഹം തോന്നിയത് അക്ഷന്തവ്യമായ തെറ്റാണോ? അങ്ങനെയൊരു ശുഭ മുഹൂര്‍ത്തത്തില്‍ ഈ ഞാനും ഒരു ബ്ലോഗു തുടങ്ങി. അപ്പോളാണ് പ്രശ്നങ്ങള്‍ ഓരോന്നായിട്ട് തലപൊക്കിയത്. വിദ്യാഭ്യാസം കുറവ്, കംപ്യുട്ടര്‍ കണ്ടിട്ടേ ഉള്ളു, പിന്നെ സ്വന്തമായിട്ടുള്ളത് മുതലാളിമാര്‍ക്ക് മാത്രമെന്ന് പലരും അവകാശപ്പെടുന്ന ചില രോഗങ്ങള്‍ മാത്രം. ഇനിയിപ്പോള്‍ അത് വേണോ, വയസ്സായാല്‍ ദുര്‍വാശി കൂടും, എന്നെല്ലാം ചില മിത്രങ്ങളും, ശത്രുക്കളും ഉപദേശിച്ചു നോക്കി. ഏതായാലും ഓങ്ങിയ കാല്‍ പിറകോട്ടു വെക്കുന്നില്ലെന്നു ഞാനും തീരുമാനിച്ചുകൊണ്ട്, അറിയാവുന്ന വിദ്യാഭ്യാസം വെച്ച്, ഒന്ന് പയറ്റി നോക്കുകയാണ്. വയസ്സായവരും, ഭാവിയില്‍ വയസ്സാകാന്‍ സാധ്യതയുള്ളവരും സധൈര്യം മുന്നോട്ടു വന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പോസ്റ്റ്‌ ചെയ്യുമല്ലോ. വീണ്ടും സന്തിപ്പതു വരൈ ഉങ്കള്‍ക്ക്‌ വണക്കം പെരിയോര്‍കളെ.