Monday, May 30, 2011

Bookmark and Share

ഓഗസ്റ്റ്‌ മാസം ഒഴാക്കനു സ്വന്തം.

സമയം, സായം സന്ധ്യ. ഞാന്‍ വരാന്തയില്‍ അലസമായിട്ടിരിക്കുന്നു.
ധര്മ്മപത്നി താഴെയിരുന്നു്, അത്താഴത്തിനുള്ള തയ്യാറെടുപ്പില്‍ ചക്കക്കുരു ഒരുക്കുന്നു; ചക്കക്കാലം വന്നാപ്പിന്നെ, അഞ്ചു കറിയും ഇഞ്ചി നാരങ്ങയും, ചക്കയും അനുബന്ധ സാമഗ്രികളും കൊണ്ടു നിര്‍മ്മിക്കാന്‍ കഴിവുള്ള, ഒരു പാചകവിദഗ്ദ്ധയാണ് എന്റെ പ്രിയതമ.

ഇതിനിടെ
ഞങ്ങള്‍, അയല്‍ക്കുത്തുകാരുടെ ഗുണഗണങ്ങളും മറ്റും, (എഷണിയല്ല)പരസ്പരം പറഞ്ഞു ചിരിച്ചു കൊണ്ടുസന്ധ്യാസമയം പരമാവധി ആസ്വാദ്യകരമാക്കി.

സമയത്താണു്, കയ്യിലൊരു സാംസൊണൈറ്റ് ബ്രീഫ് കേസും തൂക്കി, ഒരാള്‍ വീട്ടിലേക്കു കയറി വന്നത്.
വന്നയാള്‍ സുന്ദരനും, സുമുഖനും, സര്‍വ്വോപരി വയസ്സനുമായിരുന്നു. കോട്ടും സൂട്ടുമാണ് വേഷം. തലയില്‍ ഒരുവെളുത്ത തൊപ്പിയുണ്ട്; ഒരടിയിലധികം നീളമുള്ള
വെളുത്ത താടിരോമങ്ങള്‍ കാറ്റില്‍ പാറിക്കളിച്ചു. ആഗതനു നൂറിലധികം പ്രായം ഉണ്ടോ..ന്നൊരു സംശയം എനിക്കു തോന്നി. ദോഷം പറയരുതല്ലോ? ആളു നല്ല സ്മാര്‍ട്ട്ആയിരുന്നു. ആഗതനെ കണ്ട പാടെ, ചക്കക്കുരുവും മുറവുമെടുത്ത് ശ്രീമതി അടുക്കളയിലേക്കോടി.
(പരപുരുഷ ദര്‍ശനം പോലും ഭാരതീയ പാരമ്പര്യത്തില്‍ പാപമല്ലേ?)

വൈകിട്ടു
വരുന്ന അതിഥിയും, വൈകിട്ടു വരുന്ന മഴയും, നേരം പുലരാതെ പോകില്ലെന്നാണ്, പഴമക്കാര്‍ പറയുന്നത്. അതോടുകൂടി, സാമാന്യ മനുഷ്യരുടെ ക്ഷമയും കൈവിട്ടു പോകും, എന്നത് പരമാര്‍ത്ഥം! ഉള്ളതില്‍ ഒരോഹരിഭക്ഷണവും, കിടക്കാന്‍ സൌകര്യവും, ചെയ്തു കൊടുക്കാന്‍, എന്നിലെ ആതിഥേയന്‍ വെമ്പല്‍ കൊണ്ടു. (ആതിഥേയന്റെ സുഖ സൌകര്യങ്ങളില്‍ സംതൃപ്തനാകുന്നവന്‍ അതിഥി; എന്നാണല്ലോ.. വിവക്ഷ), രണ്ടും കല്‍പ്പിച്ചുഞാന്‍ ആഗതന് സ്വാഗതമരുളി. സ്വീകരണ മുറിയില്‍ കയറ്റിയിരുത്തി, കുശലാന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടു.

"പരിചയമില്ലല്ലോ?" ഞാന്‍ സംഭാഷണത്തിനു തുടക്കമിട്ടു.

"തനിക്കെന്നെ പരിചയമില്ലെങ്കിലും, തന്നെ എനിക്കറിയാം! ഒഴാക്കല്‍ ആന്റണിയുടെ മകന്‍, അപ്പച്ചന്‍; ജനനം - കഴിഞ്ഞ നൂറ്റാണ്ടില്‍, ഒരു മെയ്‌ മാസത്തില്‍; മരണം - നൂറ്റാണ്ടില്‍,
അതേ മെയ്‌ മാസത്തില്‍, ആദ്യവാരത്തില്‍, അതായത് ഇന്ന്! താന്‍ ഭാഗ്യവാനാണ്! ഇന്നിനി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, തന്റെ എല്ലാഅഹങ്കാരങ്ങളും ഭൂമിയില്‍ വിട്ടിട്ട്, താന്‍ മരിക്കും; സത്യത്തില്‍ എനിക്കും വിഷമമുണ്ട്!"
ആഗതന്‍ അകലെ ഏകാന്തതയിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു.

"ഇയ്യാള്‍ ത്രിസന്ധ്യാ സമയത്ത്, ഓരോന്നും പറഞ്ഞു മനുഷ്യനെ പേടിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ? എന്റെ വീട്ടില്‍ കയറിവന്നിട്ടു, എന്നോട് അനാവശ്യം പറയുന്നോ? എന്റെ ആഥിത്യമര്യാദയുടെ അടിത്തറ താന്‍ തുരന്നുനോക്കരുത്; വിവരമറിയും! ഇതെല്ലാം പറയാന്‍ താനാരാ.. കാലന്റെ കണക്കപ്പിള്ളയോ?" എനിക്കു കലി കയറി.
"എടോ കോപ്പേ, തനിക്കറിയാമോ? ഞങ്ങള്‍ 'ഒഴാക്കല്‍'ക്കാര്‍, ഓഗസ്റ്റ് മാസത്തിലെ മരിക്കാറുള്ളു!"

"അത് പണ്ട്. അപ്പച്ചന്‍ പറഞ്ഞതു തികച്ചും ശരിയാണ്. ഞാന്‍ കാലന്‍ സാറിന്റെ ഓഫീസിലെ ക്ലാര്‍ക്കാണ്; പേര്ചിത്രഗുപ്തന്‍, യമലോകത്ത് നിന്ന് വരുന്നു. കാലന്‍ സാര്‍ പഴയതുപോലെ, പോത്തിന്റെ പുറത്തൊന്നും ഇപ്പോള്‍ യാത്രചെയ്യാറില്ല. ബെന്‍സ്‌ കാര്‍ അല്ലെങ്കില്‍, ഹാഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്കിലാണ് കൂടുതലും യാത്ര. പാവപ്പെട്ടവരുടെകേസാണെങ്കില്‍, ഏതെങ്കിലും ടിപ്പര്‍ ലോറിയില്‍ പോകും. മിക്കവാറും, ആര്‍ക്കെങ്കിലും കൊട്ടേഷന്‍ കൊടുക്കാറാണുപതിവ്. യുവാക്കള്‍ക്കും, യുവതികള്‍ക്കും, വല്ല മയക്കു മരുന്നോ, മനുഷ്യ ബോംബോ, എയ്ഡ്സോ അങ്ങിനെഎന്തെങ്കിലും ആയിരിക്കും മാര്‍ഗ്ഗം. നമ്മളും, കാലത്തിനൊത്ത് ഉയരണ്ടേ..അപ്പച്ചോ..?"
കാലന്റെ കണക്കെഴുന്നവന്‍ തന്റെ ലാപ്‌ ടോപ്പെടുത്ത്, മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു.

"പണ്ടത്തെപ്പോലെ ഇപ്പോള്‍ നരകത്തിലേക്ക് ആളെ എടുക്കുന്നില്ല; സകല പാപികളെയും ഞങ്ങള്‍സ്വര്‍ഗത്തിലെക്കാണു കൊണ്ടുപോകുന്നത്. ചെറിയ കുട്ടികളെ കൊറിയക്കാരായ സ്വര്ഗ്ഗവാസികള്‍ക്ക് ഫ്രൈചെയ്യാന്‍ കൊടുക്കും; ബാക്കിയുള്ളവരെ, ചൈനാക്കാര്‍ക്കും, ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്കും, റോസ്റ്റ്‌ ചെയ്യാന്‍കൊടുക്കും. അത്രയേ.. ഒള്ളു.. കാര്യം! "

"വട്ടാണല്ലേ...?" എനിക്ക് ചിരി വന്നു.

"ആര്‍ക്കാണ് വട്ട് എന്ന് ഞാന്‍ കാണിച്ചു തരാം."എന്ന് പറഞ്ഞു അയാള്‍ ലാപ്‌ ടോപ്‌ തുറന്നു.

എന്റെ ചെയ്തികളെല്ലാം (പൂര്‍വ്വകാലത്തെ സദ്‌ ജീവിതം)സിനിമയിലെന്നപോലെ, അയാളുടെ ലാപ്‌ ടോപ്‌മോണിട്ടറില്‍ തെളിയാന്‍ തുടങ്ങി. സംഗതി ആകെ കുളമായ സകല ലക്ഷണങ്ങളും കണ്ടു. ശ്രീമതി അങ്ങോട്ടെങ്ങുംകടന്നു വരല്ലേ.. എന്നു ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
"അടച്ചു വെക്കടോ തന്റെ കോപ്പ്!" ഞാന്‍ അലറി.

"ശാന്തമാകൂ അപ്പച്ചാ, ഇതെല്ലാം നേരത്തെ തീരുമാനിചിരിക്കുന്നതാണ്. അല്ലാതെ, ഒരു ഒഴാക്കനേക്കൊണ്ടുപോകാന്‍ഓഗസ്റ്റ്‍ വരെ കാത്തിരിക്കാന്‍ എനിക്കു സമയമില്ല, മാറ്റാന്‍ ഒരു മാര്‍ഗ്ഗവുമില്ല; പോന്നേ പറ്റൂ..!"


"താന്‍ യമലോകത്തു നിന്നല്ല, ഏതു പൂഞ്ഞാറ്റില്‍ നിന്നു വന്നതായാലും എനിക്ക് പ്രശ്നമില്ല; ജീവന്‍ വേണേല്‍താനിവിടെ നിന്ന് പോയ്ക്കോ, അല്ലെങ്കില്‍, പ്രായത്തിന്റെ ഒരാനുകൂല്യവും ഞാന്‍ തരില്ല; താന്‍ എന്റെ കയ്യില്‍
നിന്ന് വാങ്ങിക്കും." എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ അയാളുടെ നേരെ കയ്യും പൊക്കിക്കൊണ്ട് എഴുന്നേറ്റു.

" നേരം ഒന്‍പതു മണിയായി, എണീക്ക് മനുഷ്യാ, പോയി കുളിച്ചിട്ടു വന്നു അത്താഴം കഴിക്ക്; ഇതാരെയാ ഉറക്കത്തില്‍ തെറി പറയുന്നേ?"

ശ്രീമതിയുടെ ഭാഷ എനിക്ക് മനസ്സിലായില്ല; (രാവിലെ എന്ത് അത്താഴം?) എന്നു പറഞ്ഞപ്പോള്‍ അവള്‍വിശദമായിട്ടു പറഞ്ഞു.
"സന്ധ്യയായപ്പോള്‍ എവിടുന്നോ കുറച്ചു പൂളക്കള്ളും വലിച്ചു കയറ്റിയിട്ടു വന്നു കയറിക്കിടന്നതാ..? ഇപ്പോള്‍ എന്തൊരുഭവ്യത? പോയിട്ടു കുളിക്കാന്‍ നോക്ക്."

ഞാന്‍ എഴുന്നേറ്റു കുളി മുറിയിലേക്കു നടക്കുന്നതിനിടയില്‍, തിരുവനന്തപുരത്തെ എന്റെ പേരപ്പന്‍ (പിതാവിന്റെ മൂത്തസഹോദരന്‍)മരിച്ചു എന്നറിയിച്ചു ഫോണ്‍ വന്നു.
"അങ്ങനെ 'ഒഴാക്കന്റെ ഓഗസ്റ്റ്‌' എന്ന കണക്കു തെറ്റിച്ചു കൊണ്ട്, എന്റെ പേരപ്പന്‍ തുടക്കമിട്ടു. (കാലനു കണക്ക് തെറ്റിയില്ല!)" കുളിക്കുന്നതിനിടെ ഞാന്‍ ചിന്തിച്ചു പോയി.

Saturday, May 14, 2011

Bookmark and Share

കവിത.

നാട്ടുപ്രമാണികള്‍ ഭരിച്ചു നമ്മളേ-
സായിപ്പും ഗോസായിയും ഭരിച്ചൂ!
നാം തന്നെ ഭരിച്ചൂ ജനാധിപത്യം-
മാറിമറിച്ചു ഭരിച്ചുരമിച്ചുമരിച്ചുഭരിച്ചൂ!

ഇടത്തും വലത്തും ഭരിച്ചവര്‍ രസിച്ചൂ
അണ്ടിയോ മാങ്ങയോ മൂത്തതെന്നു-
തമ്മില്‍ത്തമ്മില്‍പ്പന്തയം വെച്ചവര്‍,
തന്തയില്ലാത്തരവും വെളിപ്പെടുത്തി!

പിന്നെയും പിന്നെയും തിരഞ്ഞെടുപ്പു്;
നക്കിക്കൊല്ലും ചിലര്‍ കുത്തിക്കൊല്ലും-
ഏതും നമുക്കു സ്വയം തിരഞ്ഞെടുക്കാം
ഇതു ജനാധിപത്യഭരണമോ മരണമോ?

പേരു ചോദിച്ചാല്‍ കഷ്ടപ്പെട്ടു ക ഖ ങ
ഞ്ഞാ ഞ്ഞാ പറഞ്ഞായമ്മയും തോറ്റു!
വയസ്സനാണെങ്കിലും പുരുഷനായവന്‍
ജയിച്ചൂ പക്ഷെ ഭരിക്കാനയക്കില്ല നാം!

പിന്നെയുമെന്നും വോട്ടു ചെയ്യും നമ്മള്‍
ഭരിക്കപ്പെടേണ്ടവരല്ലേയീ നമ്മളെന്നും?
തോല്‍വി നമ്മള്‍ക്കാണതു പുത്തരിയല്ല-
തോല്‍ക്കേണ്ടവരല്ലേ പൊതുജനങ്ങള്‍?