Tuesday, December 28, 2010

Bookmark and Share

കുഞ്ഞന്‍ വൈദ്യരുടെ വിപ്ലവാരിഷ്ടം.

"ദേ.. ഇങ്ങോട്ടൊന്നു നോക്കിയേ, ദേ എഴുന്നേല്‍ക്കു മനുഷ്യാ, ശ്ശോ...നേരം ഏഴു മണിയായി. അതെങ്ങനാ? ഉള്ള ചൂടാരിഷ്ടം (വിപ്ലവാരിഷ്ടം )മുഴുവന്‍ അന്തിക്ക് വലിച്ചു കേറ്റും, എന്നിട്ട് തുടങ്ങും കുംഭകര്‍ണ്ണ സേവ. എണീക്ക്, എനിക്കപ്പുറത്തു വേറെ പണിയുണ്ട്. കുഞ്ഞു പിള്ളേരുടെ സ്വഭാവമാ, മൂക്കുമുട്ടെ കുടിക്കണം, ഉറങ്ങണം, പിന്നെ ഓരോ സിദ്ധാന്തോം.. ഞാന്‍ ഇതിനെക്കൊണ്ടു തോറ്റു."ചക്കിക്കുട്ടി, ഭര്‍ത്താവിനെ വിളിച്ചുണര്ത്തുന്ന സ്ഥിരം ജോലിയില്‍ വ്യാപൃതയാണ്, അതില്‍ സംതൃപതയും ആണ്.

" നീ കിടന്നു ബഹളം വെക്കാതെ, വെളിച്ചം ദു:ഖമാണെനിക്കു ചക്കരേ.., നേരം വെളുത്തെന്നു പറഞ്ഞാലും കോഴി കൂകിയില്ലല്ലോ?" ഉടുമുണ്ടും പുതപ്പും കൂടി, മേലെ മേലെ രണ്ടു അട്ടിയാക്കി, പുതച്ചു കിടന്നിരുന്ന കുഞ്ഞന്‍ വൈദ്യര്‍, തല ഒന്നുകൂടി പുതപ്പിനടിയിലേക്കു വലിച്ചു വെച്ച് 'തമസ്സ്' ഉറപ്പുവരുത്തി.

" മിക്കവാറും കോഴി കൂകും! ആകെയുണ്ടായിരുന്ന ഒരു കൊഴിപ്പൂവനെ, മഞ്ഞപ്പിത്തത്തിനു മരുന്ന് കൊടുക്കാനാന്നും പറഞ്ഞ്, എങ്ങാണ്ടോ കൊണ്ട് പോയി കാച്ചിപ്പൊരിച്ചു തിന്ന്, കണ്ട അവന്മാരുടെയെല്ലാം വാറ്റു ചാരായവും കുടിച്ചേച്ചു വന്നു ചക്കരേ..ചക്കരേ.. കൂ.. എന്നും പറഞ്ഞു കൂകി, എന്നെ കളിയാക്കി എന്നിട്ട്, എന്റെ ഉറക്കവും കൂടി കളഞ്ഞപ്പോള്‍ തൃപ്തിയായില്ലേ? ഇന്നു മുതല്‍ തന്നത്താനെ അങ്ങു കൂകിക്കോ..."ചക്കിക്കുട്ടിയുടെ അരുമയായിരുന്ന കോഴി നഷ്ടപ്പെട്ട സങ്കടം, അണപൊട്ടിയൊഴുകി.

"ആണുങ്ങള്‍ ഉള്ള വീട്ടില്‍ കോഴി കൂകാന്‍ പാടില്ല ചക്കരേ, എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരബദ്ധം പറ്റി പ്പോയി. എന്നുവെച്ച്‌, കുറ്റബോധം കൊണ്ടാരും കുട്ടിസ്രാങ്കിനെ ചുട്ടു തിന്നതായിട്ടു ഞാന്‍ കേട്ടിട്ടില്ല. നീ ശല്യം ചെയ്യാതെ പോ എന്റെ പനംചക്കരേ " കുറ്റബോധം കൂടുന്നതനുസരിച്ച്, വൈദ്യരുടെ ചക്കരക്കും മധുരം കൂടും.

"ദേ.. ഒന്നെഴുന്നേറ്റെ. മുറ്റത്തൊരു ചെക്കന്‍ വന്നു നില്‍ക്കുന്നു. നിങ്ങളെ കാണണമെന്ന്. ഇനി ഞാന്‍ വെള്ളവും കൊണ്ടു വരണോ?"(തലയിലൊഴിക്കാന്‍)

മൈസൂര്‍ കൊട്ടാരം വൈദ്യന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കുഞ്ഞന്‍ വൈദ്യര്‍, പേരുപോലെ തന്നെ നിരുപദ്രവകാരിയായ, ഒരു കുഞ്ഞു ജീവിയാണ്. ഒരേക്രയോളം പറമ്പും, സാമാന്യം നല്ല ഒരു വീടും, പിന്നെ വീടിനോട് ചേര്‍ന്ന് ഒരു ചെറിയ വൈദ്യശാലയും, വൈദ്യവും, പിതൃസ്വത്തായിട്ടു കിട്ടിയതാണ്.

അധ്വാനിച്ച്‌
അന്നം തേടുന്നത്, ഭൂമിയിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്ന് ഉറച്ചു വിശ്വസിക്കുകയും, ചെറുപ്പം മുതല്‍, തന്നെ ഉപദേശിക്കുന്നവരോട്, "നയിച്ചു തിന്നാനിപ്പോ ആരേക്കൊണ്ടാ വയ്യാത്തേ? അതിലും ഭേദം കൈച്ച കാഷ്ടം തിന്നൂടെ ചങ്ങായിമാരേ?"എന്നു തിരിച്ചുപദേശിച്ചു ചിരിച്ചുതള്ളുന്ന വൈദ്യര്‍, നല്ലൊരു കലാ ഹൃദയനും, രസികനും,അതിലുപരി നല്ലൊരു പാട്ടുകാരനുമാണ്. വൈദ്യരുടെ പാട്ടു കേട്ടപ്പോഴാണ്‌, ചക്കിക്കുട്ടിക്ക് (വൈദ്യരുടെ ചക്കരക്കുട്ടിക്ക്) ആദ്യമായിട്ടു രോമാഞ്ചമുണ്ടായതും, കാലിടറിയതും. ചക്കിക്കുട്ടിയും തരക്കേടില്ലാതെ പാടും.


രാവിലെ, മനസ്സില്‍ ദൈവതുല്യനായിട്ടു കാണുന്ന ഭര്‍ത്താവിനെ, ദേഹോപദ്രവമേല്പിച്ചു വിളിച്ചുണര്ത്തുക, എണീറ്റു വരുമ്പോഴേക്കും, പല്ലു തെയ്ക്കാനുള്ള ഉമിക്കരി, ഈര്‍ക്കില്‍ മുതലായ സാമഗ്രികളും, ഒരു കിണ്ടിയില്‍ നിറച്ചു വെള്ളവും, വരാന്തയില്‍ കൊണ്ടു വെക്കുക, ബാത്ത്റൂമിലെ ചെമ്പുപാത്രത്തില്‍ വെള്ളം ചൂടാക്കി വെക്കുക, ഇദ്ദേഹം കുളിയും തേവാരവും കഴിഞ്ഞു വരുമ്പോഴേക്കും, പ്രഭാത ഭക്ഷണമൊരുക്കുക, തുടങ്ങിയ തിരുക്കര്മ്മങ്ങളെല്ലാം, ചക്കിക്കുട്ടി സന്തോഷത്തോടെ, ആത്മാര്‍ഥതയോടെ ചെയ്യുന്നു.

പ്രഭാത കൃത്യങ്ങളും, പ്രഭാത ഭക്ഷണവും കഴിഞ്ഞാല്‍, വൈദ്യശാലയിലേക്കായി പുറപ്പെടും. അവിടെ അദ്ദേഹത്തിനു കൃഷ്ണന്‍ എന്ന പേരില്‍, ഒരു പയ്യന്‍ സഹായത്തിനുണ്ട്.
ദശമൂലാരിഷ്ടവും
, വാറ്റുചാരായവും കൂടി യോജിപ്പിച്ചു, 'വിപ്ലവാരിഷ്ടം' ഉണ്ടാക്കിയിട്ട്, ആവശ്യക്കാരായ നാട്ടുകാര്‍ക്കു കൊടുക്കുകയും, ഇടയ്ക്കിടയ്ക്ക് കുറേശ്ശെ സ്വന്തം കഴിക്കുകയും ചെയ്യും. വൈകുന്നേരമാകുമ്പോഴേക്ക്‌, തനി താമരയായിട്ട് വീട്ടിലേക്ക്‌ എത്തും. (സ്ഥിരമായിട്ട് വെള്ളത്തില്‍ കിടക്കുന്നവരെ നാട്ടുകാര്‍ താമര എന്നാണു ബഹുമാനപൂര്‍വം വിളിക്കുന്നത്‌.)

മേല്‍ പറഞ്ഞത് വൈദ്യരുടെ വര്‍ഷങ്ങളായിട്ടുള്ള ദിനച്ചര്യയാണ്. പൂമുഖവാതില്‍ക്കല്‍ സ്നേഹംപൊഴിച്ച് കാത്തിരിക്കുന്ന, ചക്കിക്കുട്ടിക്കു കരച്ചിലും ദേഷ്യവും ഒക്കെ വരും. നിത്യാവശ്യത്തിനായിട്ടു പഠിച്ചു വെച്ച, കുറേ പരാതികളും, പായ്യോരങ്ങളും കൂട്ടിക്കലര്‍ത്തി, നല്ല ഈണത്തില്‍ത്തന്നെ ചക്കിക്കുട്ടി എണ്ണിപ്പാടും. ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍, "നീ ഒന്നടങ്ങ്, എന്റെ ചക്കര മുത്തേ... " എന്നും പറഞ്ഞു വൈദ്യര്‍ പൂമുഖത്തെ ചാരു കസേരയിലേക്കു മറിയും.

"വീട്ടിലാ ണെങ്കില്‍, ഒരുവഹ സാധനങ്ങളില്ല, അരി തീര്‍ന്നിട്ടു ഞാന്‍ ഇരന്നു വാങ്ങി, രാവിലെ പോയപ്പോള്‍ ഞാന്‍ പറഞ്ഞു വിട്ടതായിരുന്നു, മൂക്കറ്റം കുടിച്ചേച്ചു വന്നിരിക്കുന്നു, എന്നോടു പണ്ടത്തെ സ്നേഹമില്ലാഞ്ഞിട്ടാ" എന്നു തുടങ്ങുന്ന അനുപല്ലവി, ചക്കിക്കുട്ടി പാടാന്‍ തുടങ്ങുമ്പോഴേക്കും, വൈദ്യരും ഒന്നു മുരടനക്കിയിട്ട്, ഇങ്ങനെ പാടിത്തുടങ്ങും.

"പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂക്കുടകൂട്ടാനായി കന്യകമാരായിരമുണ്ടോ
......എന്നോമലാളെക്കണ്ടോ.. കൂടെ..കണ്ടോ..കണ്ടോ.."

വൈദ്യര്‍ ഇത്രയും പാടിക്കഴിയുംപോഴേക്കും, സകല പിണക്കങ്ങളും മറന്നു, തരളിതഹൃദയയായ ചക്കിക്കുട്ടി അനുപല്ലവി പാടിത്തുടങ്ങും.

"കാടേറിപ്പോരും കിളിയേ പൂക്കൈതക്കടവിലൊരാളെ
കണ്ടോ നീ കണ്ടോ...കണ്ടോ...
താംബൂലത്താംബാലത്തില്‍ കിളിവാലന്‍ വെറ്റിലയോടെ
വിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരം
നിന്നുള്ളില്‍ പൂകാലം മെല്ലേയുണര്‍ന്നു...
എന്നോടൊന്നുരിയാടാന്‍ അവനിന്നെന്നരികെ വരുമെന്നോ.."

അവസാനം, യുഗ്മഗാനം പാടിക്കൊണ്ട്, മാതൃകാ ദമ്പതികള്‍, ആലിംഗന ബദ്ധരായി അകത്തേക്കു പോകും. ഒരു ദിവസത്തിന്റെ ശുഭാവസാനം. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയാണു കാലഘട്ടം. അതുകൊണ്ടു തന്നെ, ടി വി, സീരിയല്‍ മുതലായ അലുക്കുലുത്ത് പരിപാടികള്‍ ഒന്നും അന്നില്ല. ഏക മകന്‍ സതീശന്‍ എം ബീ ബീ എസ്സിന് വിദേശത്ത് പഠിക്കുന്നു. പിന്നെ, അകത്തും പുറത്തും സഹായത്തിനായി ഉണ്ടായിരുന്നത് കൃഷ്ണന്‍ എന്ന പയ്യനാണ്. അവന്‍ കഴിഞ്ഞ ദിവസം പോയ ഒഴിവിലേക്കാണ്, പുതിയ പയ്യന്‍ രാവിലെ എത്തിയത്.

"എന്താ ഉവ്വേ തന്റെ പേര്?"മുറ്റത്തുനിന്ന പയ്യനോടു വൈദ്യര്‍ ചോദിച്ചു.
"ജോസപ്പപെന്നാ വീട്ടില്‍ വിളിക്കുന്ന പേര്."പത്തിരുപതു വയസ്സു തോന്നിക്കുന്ന പയ്യന്‍ പറഞ്ഞു.

"അപ്പൊ നസ്രാണി ആണല്ലേ? നസ്രാണികള്‍ക്കു വീട്ടില്‍ വിളിക്കാനും, നാടുകാര്‍ക്കു വിളിക്കാനും, പള്ളീല്‍ വിളിക്കാനും, പെമ്പ്രന്നോര്‍ക്ക് വിളിക്കാനുമൊക്കെയായിട്ട്‌ ഇമ്മിണി പേരുകള്‍ കാണും. അതെല്ലാം കൂടി ഓര്‍ത്തിരിക്കുന്നത് എന്റെ പണിയല്ല. ഞാന്‍ നിന്നെ ഇന്നു മുതല്‍ 'കൃഷ്ണാ' എന്നു വിളിക്കും. വൈദ്യശാലയില്‍ ആണ് നിന്റെ ജോലി പക്ഷെ, വീട്ടില്‍ ചില്ലറ ജോലികള്‍ക്കും സഹായിക്കണം. കൂലി ഞാന്‍ തീരുമാനിക്കും, വീട്ടില്‍ താമസിക്കാം, പട്ടിണി കിടക്കണമെന്നു നിനക്കു വാശിയില്ലെങ്കില്‍, ഭക്ഷണം വീട്ടിലുണ്ടെങ്കില്‍ നിനക്കും കഴിക്കാം. സമ്മതമാണെങ്കില്‍ നീ അകത്തു പോയിട്ടു ചക്കരയോട് ഒരു കടലാസും പെന്‍സിലും വാങ്ങിക്കൊണ്ട് വാ, യോഗമുണ്ടെങ്കില്‍ നിന്നെ ഞാന്‍ മഹാനായ കൃഷ്ണന്‍ വൈദ്യനാക്കാം."

" മകനേ നീ എന്റെ കൂടെ വന്നാല്‍, നിന്നെ ഞാനൊരു ചെകുത്താനെ പിടിക്കുന്നവനാക്കാം" എന്നു പണ്ടു വികാരിയച്ചന്‍ പറഞ്ഞതും ഓര്‍ത്തു കൊണ്ട് ജോസഫ്‌ അകത്തേക്ക് പോയി.

"കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാനേ രക്ഷിക്കണേ"എന്നു കുഞ്ഞന്‍ വൈദ്യര്‍ ഒന്ന് നെടുവീര്‍പ്പിട്ടതായിരുന്നു.
" എന്തോ..? വൈദ്യരെന്നേ വിളിച്ചോ?"എന്നു ചോദിച്ചു കൊണ്ടു കൃഷ്ണന്‍ എന്ന ജോസഫ്‌ ഓടി വന്നു.

"ഇപ്പോള്‍ ഞാന്‍ വിളിച്ചതു സാക്ഷാല്‍ കൃഷ്ണ ഭാഗവാനെയാണ്. അതില്‍ നീ ഇടപെടേണ്ട. നീയിപ്പോള്‍ ഞാന്‍ പറയുന്നത് എഴുതിക്കോ"വൈദ്യര്‍ പറഞ്ഞു തുടങ്ങി,

"കുട്ടനാട്ടിലും പരിസരങ്ങളിലും, കാല്‍ക്കാശിനും, കഞ്ഞിക്കും ഗതിയില്ലാതെ ഞാനലഞ്ഞു നടന്നപ്പോള്‍, കുഞ്ഞന്‍ വൈദ്യര്‍ എന്ന നല്ല മനുഷ്യനെ കണ്ടു മുട്ടി. എന്റെ കഷ്ടപ്പാടു കണ്ടു മനസ്സലിഞ്ഞ്‌, അദ്ദേഹം ഒരു ജോലി തന്നു സഹായിച്ചു. ഇന്ന്, ഇതു വരെയുള്ള എന്റെ ശമ്പളവും, എല്ലാ ആനുകൂല്യങ്ങളും, നന്ദിയോടെ സ്വീകരിച്ചു കൊണ്ടു ഞാന്‍ പിരിഞ്ഞു പോകുന്നു.' എഴുതിക്കഴിഞ്ഞെങ്കില്‍ അടിയില്‍ ജോസഫ്‌ എന്നു പേരെഴുതി ഒപ്പിട്ടു ഇങ്ങു തന്നെരെ, തിയ്യതി ഞാന്‍ സൗകര്യം പോലെ എഴുതി ചേര്‍ത്തോളും"

"ഞാന്‍ തെറ്റൊന്നും ചെയ്ത്തില്ലല്ലോ വൈദ്യരെ, പിന്നെന്താ ഇങ്ങനെ."കൃഷ്ണനു മനസ്സിലായില്ല.
"നീ തെറ്റു ചെയ്തില്ലെങ്കില്‍, നിന്റെ അച്ഛന്‍ ചെയ്തിട്ടുണ്ടാകും. ഇവിടിപ്പോ മുഴുവന്‍ കമ്മ്യുണിസ്റ്റ്‌കാരാ. നാളെ നീ അവരെയും കൂട്ടി, കുടികിടപ്പ് അവകാശവും ചോദിച്ചു കൊണ്ടു ചുവന്ന കൊടിയും പിടിച്ചു,

'അങ്കമാലിക്കല്ലറയില്‍ ഞങ്ങടെ സോദരരാണെങ്കില്‍
കല്ലറയാണേല്‍ കട്ടായം പകരം ഞങ്ങള്‍ ചോദിക്കും'

എന്നു മുദ്രാവാക്യവും വിളിച്ചുകൊണ്ട്, ഇങ്ങോട്ടു വന്നാല്‍ എനിക്കും വേണ്ടേ കൃഷ്ണാ ഒരു മുന്‍കരുതല്‍?" കുനുഷ്ട് ബുദ്ധിയും കൌശലവും വൈദ്യര്‍ക്കു പണ്ടേ ഉള്ള സിദ്ധിയാണ്. സംഭാഷത്തിനിടെ അപരിചിതരായ രണ്ടു പേര്‍ മുറ്റത്തേക്ക് കടന്നു വന്നു.

" ഞങ്ങള്‍ ആലപ്പുഴയില്‍ നിന്ന് വരികയാണ്." ആഗതരില്‍ ഒരാള്‍ പറഞ്ഞു തുടങ്ങി. കുറുപ്പു മുതലാളിക്കു തീരെ സുഖമില്ല. തുടര്‍ച്ചയായുള്ള തുമ്മലാണ്. പല വൈദ്യന്മാരും വന്നുപോയതാണു പക്ഷെ, ഒരു കുറവുമില്ല. അങ്ങയെ കൂട്ടി ക്കൊണ്ടു വരാന്‍ പറഞ്ഞയച്ചതാണ്. വള്ളം കൊണ്ടു വന്നിട്ടുണ്ട്. ഉപേക്ഷ പറയരുത്. പണം പ്രശ്നമല്ലെന്നു പറയാന്‍ പറഞ്ഞു."

"ഞാനോന്നാലോചിക്കട്ടെ." ഇതു പറഞ്ഞിട്ടു വൈദ്യര്‍ കൂലംകുഷമായിട്ടു തന്നെ ആലോചിച്ചു. ഒത്താല്‍ ഒരാഴ്ചത്തെ വട്ടച്ചിലവു കുശാലേ കുശാല്‍, മാത്രമല്ല, തന്നെ ഇത്രയും ദൂരെ നിന്ന് കൂട്ടി ക്കൊണ്ടു പോയിട്ട്,വെറും കയ്യോടെ തിരിച്ചു വിടാനും സാധ്യത കുറവാണ്. രോഗം മാറുന്നത്, ഓരോരുത്തരുടെ യോഗഭാഗ്യം പോലെയിരിക്കും. ഹല്ല പിന്നെ!

"ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ തയ്യാറായിട്ടു വരാം, നിങ്ങളിരിക്ക്. കൃഷ്ണാ നീയും പോരാന്‍ ഒരുങ്ങിക്കോളൂ."ഇതും പറഞ്ഞിട്ടു വൈദ്യര്‍ അകത്തേക്കു പോയി. കാര്യങ്ങള്‍ ഭാര്യയെയും ഗൌരവപൂര്‍വം പറഞ്ഞെല്‍പ്പിച്ചു. സംഗതി ഭഗവതി കൊണ്ടു വന്ന സൌഭാഗ്യമാണെന്നു ചക്കിക്കുട്ടിക്കും തോന്നി.

ഒരുപ്രദേശം മുഴുവന്‍ കരയും വയലുമുള്ള, ഒരു ഭൂലോക മുതലാളിയായിരുന്നു കേളുക്കുറൂപ്പ്. പുളിങ്കോമ്പിലാണ് താന്‍ തൂങ്ങിയതെന്നു, വൈദ്യര്‍ക്കും പെട്ടെന്ന് തന്നെ മനസ്സിലായി.

"ഒരാഴ്ച്ത്തെ ചികിത്സ വേണ്ടിവരും. മരുന്നിന്റെ കുറൂപ്പടി ഞാന്‍ എഴുതിത്തരാം. സാധങ്ങള്‍ കൊണ്ട് വന്നാല്‍ വൈകിട്ട് തുടങ്ങാം." പരിശോധന കഴിഞ്ഞപ്പോള്‍ വൈദ്യര്‍ മൊഴിഞ്ഞു.

ധാര കോരലും, കിഴി കുത്തലും, ഉഴിച്ചിലും പിഴിച്ചിലുമായിട്ടു ഒരാഴ്ച തികഞ്ഞ ദിവസം, രാവിലെ പരിശോധന കഴിഞ്ഞു, കു റൂപ്പിനെ മോഹാലസ്യപ്പെടുത്തിയത്തിനു ശേഷം, വൈദ്യരുടെ അവസാന മിനുക്കു പണിയും കൂടെ കഴിഞ്ഞപ്പോള്‍ രോഗി പൂര്‍ണ സൌഖ്യം പ്രാപിച്ചു.
ഒരാഴ്ചത്തെ
സുഖ വാഴ്ചക്ക് ശേഷം, വൈദ്യരുടെ മടക്കയാത്ര ഒരു മഹാ സംഭവമായിരുന്നു. ഒരു കെട്ടുവള്ളം നിറയെ, ചാക്ക് കണക്കിനു നെല്ലും, തേങ്ങയും വാഴക്കുലകളും. അതിനു പുറമേ ഒരു പണക്കിഴിയും കൊടുത്താണ് കുറുപ്പ്‌, വൈദ്യരെ യാത്രയാക്കിയത്. അഞ്ചാറു മാസം കഴിയുമ്പോള്‍, ഇതേ രോഗാവസ്ഥ വരാന്‍ സാധ്യത ഉണ്ടെന്നും, ഇറങ്ങാന്‍ നേരം വൈദ്യര്‍ പറയാന്‍ മറന്നില്ല.

ആറു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, കുറുപ്പിനു വീണ്ടും തുമ്മല്‍ തുടങ്ങി. മാത്രമല്ല, ഓരോ ആറു മാസത്തെ ഇടവേളയിലും കുറുപ്പിനു തുമ്മല്‍ വരും. വൈദ്യര്‍ പോയി ചികിത്സിച്ചു ഭേദമാക്കിയിട്ടു തിരിച്ചു പോരും. ഓരോ മടക്ക യാത്രയിലും ഒരു കെട്ടുവള്ളം നിറയെ പാരിതോഷികങ്ങളും. ഏതാനും വര്‍ഷങ്ങള്‍ കൂടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം വൈദ്യശാലയിലേക്ക് പോകാതെയായി.
വലിയ
കേസ്‌ മാത്രം പരിഗണിക്കും. അല്ലാത്ത സമയങ്ങളില്‍ 'വിപ്ലവവും' ചക്കരയുമായിട്ടു വീട്ടില്‍ സ്വസ്ഥം. കൃഷ്ണന്‍ വൈദ്യരാണ് വൈദ്യശാലയുടെ ഭരണവും ചികിത്സയും.

ഒരു മകര വിളക്കിനു കുഞ്ഞന്‍ വൈദ്യര്‍, ശബരിമലയ്ക്ക് പോയ സമയത്താണ് കുറുപ്പിനു തുമ്മല്‍ ആരംഭിച്ചത്. ആലപ്പുഴയില്‍ നിന്ന് കുറുപ്പിന്റെ ആള്‍ക്കാര്‍ എത്തി. സതീശന്‍ കോഴ്സ്‌ കഴിഞ്ഞു വന്ന സമയമായിരുന്നു. ചക്കിക്കുട്ടിയുടെ നിര്ബ്ബന്ധത്തിനു വഴങ്ങി, വൈദ്യരുടെ അഭാവത്തില്‍, കൃഷ്ണന്‍ വൈദ്യര്‍ ദൌത്യം ഏറ്റെടുത്തു.

നേതൃത്വം സതീശനായിരുന്നു. എം ബീ ബീ എസ്സുകാര്‍ ഉള്ളപ്പോള്‍, കൃഷ്ണന്‍ വൈദ്യര്‍ക്ക് കാര്യമായ റോള്‍ ഒന്നും ഇല്ലായിരുന്നു. കുറുപ്പിനെ ചികിത്സിച്ചു ഭേദമാക്കി, പാരിതോഷികങ്ങളുടെ കെട്ടുവള്ളവുമായിട്ടു രണ്ടു പേരും നാട്ടിലേക്ക് മടങ്ങി. കുഞ്ഞന്‍ വൈദ്യര്‍ മടങ്ങി വന്നു.

"നമ്മുടെ ആലപ്പുഴ പാര്‍ട്ടി വരാനുള്ള സമയമായല്ലോ കൃഷ്ണാ!" വൈദ്യര്‍ ചോദിച്ചു.
"ഞങ്ങള്‍ പോയിരുന്നു. ചികിത്സിച്ചു സുഖമാക്കിയിട്ടാണ് പോന്നത്." കൃഷ്ണന്‍ പറഞ്ഞു.
"നിങ്ങള്‍ ആരൊക്കെ?നിനക്ക് രോഗം മനസ്സിലായോ? നീ എന്തൊക്കെയാണ് ചെയ്തത്?പറയ്‌ കേള്‍ക്കട്ടെ?" വൈദ്യര്‍ക്ക് ക്ഷമ നഷ്ടപ്പെട്ടു.

" അത് അച്ഛാ, അങ്ങേരുടെ മൂക്കിനകത്തുള്ള ഒരു രോമം അടിഭാഗത്തുനിന്നു, നേരേ മുകളിലേക്കു വളര്‍ന്നു മുകളില്‍ ചെന്ന് കുത്തിയിട്ടാണ് തുമ്മല്‍ വന്നിരുന്നത്. ഇന്‍ പ്രശ്നം ഒരിക്കലുമുണ്ടാകില്ല. ഞാനതങ്ങ് പറിച്ചു കളഞ്ഞു."സതീശന്‍ പറഞ്ഞു.

"നീ എന്റെ കഞ്ഞികുടി മുട്ടിച്ചല്ലോ! എന്റെ പൊന്നു മോനേ സതീശാ ...എന്റെ കൃഷ്ണാ...ഗുരുവായൂരപ്പാ... ഭഗവാനേ... എന്നും വിലപിച്ചുകൊണ്ട്, കുഞ്ഞന്‍ വൈദ്യര്‍ ചാരുകസേരയിലേക്ക് മറിഞ്ഞു! കൈപ്പിഴ എന്താണ് സംഭവിച്ചതെന്ന് കൃഷ്ണനോട്ടു മനസ്സിലായും ഇല്ല.

വാല്‍ക്കഷ്ണം: കുഞ്ഞന്‍ വൈദ്യന്‍ ബുദ്ധിപരമായിട്ടു, കുറുപ്പിന്റെ മൂക്കില്‍ വളര്‍ന്നിരുന്ന രോമം, ഓരോ തവണയും, കത്രിക കൊണ്ടു മുറിച്ചു മാറ്റുകയായിരുന്നു. അത് ആറു മാസം കൊണ്ടു പൂര്‍വസ്ഥിതി പ്രാപിക്കുകയും, വൈദ്യരുടെ നിത്യവരുമാനമായി മാറുകയും ആയിരുന്നു.

28 comments:

ജീവി കരിവെള്ളൂർ said...

സംഗതി ഒരല്പം അതിഭാവുകത്വമായില്ലേ ; എന്റെ തോന്നലാട്ടോ .
കുഞ്ഞന്‍ വൈദ്യരുടെ കഞ്ഞി ഇനി എം‌ബിബി‌എസ്സ് കാരന്‍ സതീശന്‍ നോക്കിക്കോളൂലേ .

പട്ടേപ്പാടം റാംജി said...

വായിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ കരുതിയിരുന്നത് വിപ്ലവാരിഷ്ടം എന്തെങ്കിലും ചെയ്തു കൂട്ടും എന്നായിരുന്നു. എല്ലായിടത്തും ഇപ്പോള്‍ വിപ്ലവാരിഷ്ടം ആണല്ലോ. സതീശന്‍ ആ രോമം പറച്ച് കളയെണ്ടിയിരുന്നില്ല.ഒന്നുമില്ലെന്കിലും ആലോചിച്ചാല്‍ അറിഞ്ഞുകൂടായിരുന്നോ?
എഴുത്ത്‌ നന്നായി അച്ചായാ.
പുതുവല്‍സരാശംസകള്‍.

Sameer Thikkodi said...

കഞ്ഞി കുടി മുട്ടിച്ചു. പണ്ടുള്ളവര്‍ക്കുള്ള വകതിരിവ് (വക്രത ) ഇന്നത്തെ തലമുറയ്ക്ക് അന്യം തന്നെ ..

നല്ല അവതരണം ...

ജന്മസുകൃതം said...

എന്നാലും മകനെ അച്ചനോട് വേണ മായിരുന്നോട ഈ കൊലച്ചതി.....!
പുതുവത്സരാശംസകളോടെ

A said...

റാംജി പറഞ്ഞപോലെ ഞാനും കരുതി. പിന്നെ ശരിയായി. നന്നായി എഴുതി

Unknown said...

ജീവി കരിവെള്ളൂര്‍,
പട്ടേപ്പാടം റാംജി,
സമീര്‍ തിക്കോടി,
ലീല എം ചന്ദ്രന്‍,
Salam Pottangal,
ഇത് 1940-കളില്‍ മധ്യ തിരുവിതാംകൂറില്‍ നടന്ന ഒരു സംഭവമാണ്.ഞാനതിനു ഒരു കഥയുടെ പരിവേഷം കൊടുത്തു എന്നുമാത്രം.
യഥാര്‍ത്ഥ വൈദ്യന്‍ പ്രഗത്ഭനും പ്രശസ്തനും ആയിരുന്നു.കഥാപാത്രങ്ങളുടെ പേരുകള്‍ സാന്കല്പികമാണ്.
വിമര്‍ശനാത്മകമായ അഭിപ്രായങ്ങളോടു എനിക്കു കൂടുതല്‍ താല്‍പര്യം ഉണ്ട്.
ഈ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും, ഒത്തിരി നന്ദി.

കുഞ്ഞൂസ് (Kunjuss) said...

പണ്ടത്തെ വൈദ്യന്മാർ അങ്ങിനെ ചെയ്യുമായിരുന്നോ എന്നൊരു സംശയം..?പിന്നെ എല്ലാക്കാലത്തും അങ്ങിയുള്ളവർ ഉണ്ടായിക്കാണും എന്നാശ്വസിക്കാം ല്ലേ...?
വളരെ രസകരമായി, നല്ല ഒഴുക്കോടെ പറഞ്ഞതു ഇഷ്ടമായീട്ടോ.

(ഈ വേഡ് വേരിഫിക്കേഷൻ ഒഴിവാക്കിയിരുന്നെങ്കിൽ..!)

Umesh Pilicode said...

പുതുവല്‍സരാശംസകള്‍.

കുസുമം ആര്‍ പുന്നപ്ര said...

നര്‍മ്മം രസിച്ചു. പണ്ടത്തെ കാലത്ത് ഇങ്ങനെ അരീം നെല്ലും തേങ്ങയും ഒക്കെ പ്രതിഫലമായി കൊടുക്കും.ഇത് കണ്ടപ്പോള്‍ എനിയ്ക്കൊരു കാര്യം ഓര്‍മ്മ വരുന്നു. ഒരു വലിയ നെമ്മീന്‍ പ്രതിഫലമായി ഡോക്ടര്‍ക്ക് കൊടുക്കുകയും അരിശം മൂത്ത ഡോക്ടരുടെ അച്ഛന്‍ അതു തിരികെ കൊണ്ടു കൊടുത്തിട്ട് നെമ്മീന്‍ കൊടുത്തല്ല
എം.ബി.ബി.എസ്സിന് പഠിച്ചതെന്നു പറഞ്ഞത്രെ.ഇതു നടന്നതാണു കേട്ടോ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇങ്ങനെയാണെങ്കില്‍ എങ്ങനെ വിശ്വസിച്ചു വൈദ്യന്മാരുടെ അടുത്ത് ചെല്ലും?

keraladasanunni said...

ഈ സൂത്രം കൃഷ്ണന്ന് പറഞ്ഞു കൊടുത്തില്ല എന്നതാണ് വൈദ്യര്‍ക്ക് പറ്റിയ അബദ്ധം. എങ്കില്‍ 
സ്ഥിര വരുമാനം മുടങ്ങുമായിരുന്നില്ല.
നന്നായിട്ടുണ്ട്.

നവവത്സരാശംസകള്‍.

പ്രയാണ്‍ said...

ആളു കൊള്ളാലോ............. ജീവിക്കാന്‍ പഠിച്ച വൈദ്യന്‍..........:)

the man to walk with said...

:)
Happy New Year

ബിഗു said...

:) :) :)

അവസാനത്തെ ടിസ്റ്റ് കലക്കി.

പതുവത്സരാശംസകള്‍ :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നല്ല ഒഴുക്കോടെ അവതരിപ്പിച്ചു...

പുതുവത്സരാശംസകള്‍...

ശ്രീ said...

നന്നായി, മാഷേ

പുതുവത്സരാശംസകള്‍!

മുകിൽ said...

mookile romam kondu jeevichcha vaidyarude kathha nannaayi avatharippichu.
puthuvathsaraasamsakal.

Sidheek Thozhiyoor said...

മിക്കവാറും കോഴി കൂകും...
ഈ വൈദ്യനെ ഒന്ന് പരിചയപ്പെടണമെല്ലോ അപ്പച്ചാ..കക്ഷി ഇപ്പോള്‍ എവിടെയാണ് ?
താങ്കള്‍ക്കും കുടുംബത്തിനും നന്മനിറഞ്ഞ പുതുവത്സരാശംസകള്‍ ....

Echmukutty said...

ayyo! paavam vaidyananallo.

MBBS kaaran ingane chathikkendiyirunnilla.

sulekha said...

ഒന്നും തോന്നരുത്.ഈ കഥ പണ്ട് കേട്ടിട്ടുള്ളതാണ് .location മാത്രമേ മാറിയിട്ടുള്ളൂ.കഥയുടെ അവസാനം മകന്‍ അഭിമാനത്തോടെ പറയുമ്പോ അച്ഛന്‍ പറയും അയാളുടെ ആ രോഗം കൊണ്ടാടാ നിന്നെ ഇത്രേം വരെ പഠിപ്പിച്ചത് എന്ന്.പിന്നെ വാല്‍കഷണം വേണ്ടിയിരുന്നില്ല എന്നും തോന്നുന്നു.ശൈലി കൊള്ളാം,ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ അടുത്ത വര്ഷം ഉണ്ടാകട്ടെ എന്ന് aasamsikkunnu

Unknown said...

@ കുഞ്ഞൂസ്,
എല്ലാക്കാലത്തെയും, വൈദ്യന്മാര്‍ ഇങ്ങനെയൊക്കെത്തന്നെയാണ് ചെയ്യുക.
@ഉമേഷ്‌ പീലിക്കോട്,
@കുസുമം ആര്‍ പുന്നപ്ര,
നെമ്മീന്റെ കഥ ഞാനും കേട്ടിട്ടുണ്ട്.
@ഇസ്മായില്‍ കുറുംപടി,
ഇങ്ങനെയാണേല്‍ അല്ല, എങ്ങനെയാണെലും, വൈദ്യന്‍മാരെ വിശ്വസിക്കണ്ട.
@കേരളദാസനുണ്ണി,
ശിഷ്യന്മാര്‍ക്ക് ടെക്നിക്‌ പറഞ്ഞു കൊടുക്കാന്‍ പാടില്ല.
@പ്രയാണ്‍
@the man to walk with
@ബിഗു,
@റിയാസ്‌ മിഴിനീര്ത്തുള്ളി,
@ശ്രീ,
@മുകില്‍,
@സിദ്ധീക്ക,
@എച്ച്മുക്കുട്ടി,
@സുലേഖ,
എല്ലാവര്ക്കും ഒരു അടിപൊളി പുതുവത്സരം ആശംസിക്കുന്നു.കഴിഞ്ഞ കൊല്ലം എഴുതിയ കമന്റിനു, മറുപടി ഇക്കൊല്ലമായത്തില്‍ ക്ഷമിക്കണം.എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.

V P Gangadharan, Sydney said...

ഈ കഥ മുമ്പെന്നോ ഇവിടെ, സിഡ്നിയില്‍, വെച്ച്‌ ഉണ്ടാകാറുള്ള കുടിപ്പാര്‍ട്ടികളിലൊന്നില്‍, ഒരു സ്നേഹിതന്‍ പറഞ്ഞത്‌ ഓര്‍മ്മയില്‍ തങ്ങിക്കിടക്കുന്നതുകൊണ്ടു തന്നെയാവണം ഒരു നല്ല സൃഷ്ടി എന്ന്‌ പറയാന്‍ മനസ്സ്‌ വിസമ്മതിക്കുന്നു. പക്ഷെ, അവതരണം രസാവഹമാണെന്ന് സമ്മതിക്കാതെ വയ്യ.
വരട്ടെ, ഇനിയും വരട്ടെ....

Echmukutty said...

പുതിയ മാതൃഭൂമി ബ്ലോഗനയിൽ കുഞ്ഞൻ വൈദ്യരെ കണ്ടു.
അങ്ങനെ പേരെടുത്ത് വരട്ടെ.......
അഭിനന്ദനങ്ങൾ .

Anil cheleri kumaran said...

കുഞ്ഞൻ വൈദ്യർ മാതൃഭൂമിയിലെത്തിയല്ലോ.. അഭിനന്ദനങ്ങൾ!

എന്‍.ബി.സുരേഷ് said...

കുഞ്ഞൻ വൈദ്യരെ മാതൃഭൂമി ബ്ലോഗനയിൽ വായിച്ചു.പ്രമേയം പാടിപതിഞ്ഞതാണെങ്കിലും ആഖ്യാനത്തിൽ നാട്ടുതനിമ സൂക്ഷിച്ചു. ജീവിതവും. അഭിനന്ദനങ്ങൾ

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ കുഞ്ഞൻ വൈദ്യരും അപ്പച്ചനും താരമായി...!
ബ്ലോഗനക്കും,ചാണ്ടിച്ചനും അഭിവാദ്യങ്ങൾ....

അന്നവിചാരം said...

ഹി..ഹി..അച്ചായാ..ഇത് അസ്സലൊരു കഥയാണല്ലോ..നല്ല അവതരണം..ഇനിയും വരട്ടെ അടിപൊളി കഥകള്‍!ഐതിഹ്യമാലയിലെ കഥകളിലെ പോലെ..രസകരമായിരിയ്ക്കുന്നു വൈദ്യനും വൈദ്യനു പറ്റിയ പറ്റും..

KAMARUDHEEN said...

അച്ചായാ ...... മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നാണ് ലിങ്ക് കിട്ടിയത്...നല്ല കഥയാണ്‌.... ബൂലോഗത്ത്‌ ഞാനും ഒരു ചെറിയ തട്ട് കട നടത്തുന്നുണ്ട് സമയം കിട്ടുമ്പോള്‍ ഒന്ന് കയറീട്ട് പോണം .. ഫോളോ ചെയ്യാന്‍ മറക്കരുത്..
www.kamarkp.blogspot.com