Monday, August 30, 2010

Bookmark and Share

ഗുരുജീ പ്രണാമം - ഗുരു വിചാരങ്ങള്‍.

മുപ്പത്തഞ്ചു വര്ഷം പിന്നിലേക്ക്‌ നടന്നപ്പോള്‍ കിട്ടിയ ചില ഓര്‍മ്മകള്‍ ഇവിടെ കുറിക്കട്ടെ. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍, വലിയ വിദ്യാഭ്യാസ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായാല്‍ തന്നെ, സാക്ഷാത്കാരത്തിന് വേണ്ട സാമ്പത്തിക സ്രോതസ്സും ഇല്ലായിരുന്നു. കിട്ടാത്ത മുന്തിരി പുളിക്കും. കുറച്ചു കലാവാസനയുള്ളത് പോഷിപ്പിച്ചാല്‍, ചിത്രകല അദ്ധ്യാപകനായിട്ടു ജീവിതം പിഴച്ചു പോകാമെന്ന് കരുതി. അതിന്‍ പ്രകാരം, അന്ന് മഞ്ചേരിയില്‍ ഉണ്ടായിരുന്ന, നാഷണല്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ അഡ്മിഷന്‍ തരപ്പെടുത്തി. പ്രതി മാസം മുപ്പതു രൂപ ഫീസ്‌.
മേല്‍പ്പറഞ്ഞ ചിത്രകലാ വിദ്യാലയത്തെക്കുറിച്ച് ഒരു സൂചന: മഞ്ചേരി പോസ്റ്റൊഫീസിനു സമീപത്തുള്ള ഒരു ചെറിയ, ഓടിട്ട രണ്ടു നില കെട്ടിടം. രണ്ടാമത്തെ നിലയില്‍ ആകെയുള്ളത് രണ്ടു മുറികളും വരാന്തയും. അദ്ധ്യാപകരായിട്ടും, പ്രധാനാദ്ധ്യാപകനായിട്ടും ഒരേ ഒരാള്‍. ഞാന്‍ അന്നും ഇന്നും, ബഹുമാനത്തോടെ മാത്രം സ്മരിക്കുന്ന എന്റെ അനന്തന്‍ മാസ്റ്റര്‍. അന്ന് മാസ്റ്റര്‍ക്ക് പ്രായം അറുപത്തിരണ്ട്, സ്വദേശം തലശേരി. മാസ്റ്ററുടെ താമസം സ്കൂളില്‍ത്തന്നെ. എന്റെ വീട് മഞ്ചേരിയില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയായതുകൊണ്ട്, താമസ സൗകര്യം എനിക്കും അത്യാവശ്യമായിരുന്നു. ആദ്യ ദിവസം തന്നെ,എന്നെ വിളിച്ച് " ഞ്ഞ് ഈടെ കൂടിക്കോ മോനെ, എനക്കും ഒരു കൂട്ടായല്ലോ"എന്നു പറഞ്ഞു.
ആകെ, മൂന്നോ നാലോ കുട്ടികളെ സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ. കുട്ടികളെല്ലാം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാല് വരെ ഉള്ള സമയത്താണ് ക്ലാസ്സിലുണ്ടാവുക. ഞാന്‍ ഗുരുകുല വിദ്യാഭ്യാസക്കാരന്‍ ആയതുകൊണ്ട്, സ്കൂളില്‍ തന്നെ. ആദ്യ ദിവസം വൈകുന്നേരം, ഞങ്ങള്‍ രണ്ടു പേരും കൂടി ഹോട്ടല്‍ ഭക്ഷണമൊക്കെ കഴിച്ച് സ്കൂളില്‍ വന്നു, കുറെ സമയം മാസ്റ്റര്‍ ഒരു എണ്ണച്ചായ ചിത്രത്തിന്റെ പണിയെടുത്തു, ഞാന്‍ അത്ഭുത മിഴിയോടെ നോക്കിയിരുന്നു. ഒന്‍പതു മണിയോടെ കിടക്കാനുള്ള സജ്ജീകരണങ്ങള്‍(?) ഒക്കെ ശരിയാക്കി. തറയില്‍ ഓരോ പായവിരിച്ച് കിടക്കാന്‍ നേരം അദ്ദേഹം "ഈശ്വരനെ വിളിച്ചിട്ട് കിടന്നോ മോനെ"എന്നു ഓര്‍മ്മിപ്പിച്ചു. ഞാന്‍ കിടന്നു. മാഷ്ടര്‍ പായയിലിരുന്നു " അച്ഛാ ,അമ്മെ, ഭഗവാനെ, കൃഷ്ണാ , ഗുരുവായൂരപ്പാ" എന്നിങ്ങനെ ജപിച്ചുകൊണ്ടേയിരുന്നു. വെളുപ്പിന് അഞ്ചുമണിക്ക് ഞാന്‍ ഉണര്‍ന്നപ്പോഴും, ധാര മുറിയാതെ ഇതേ സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു " അച്ഛാ ,അമ്മെ, ഭഗവാനെ, കൃഷ്ണാ , ഗുരുവായൂരപ്പാ." ഗുരുജീ പ്രണാമം.
ഗുരു വിചാരങ്ങള്‍ തുടരും...

Sunday, August 29, 2010

Bookmark and Share

കോഴി+അപകടം =കോഴിയപകടം.


രണ്ടു വര്ഷം മുന്‍പ്, പതിവ് പോലെ ഞാന്‍ വീട്ടില്‍നിന്നു തിരുവമ്പാടി ലക്ഷ്യമാക്കി ജീപ്പോടിക്കുകയായിരുന്നു. കൂടരഞ്ഞിയില്‍ നിന്ന് എന്റെ ഒരു മാന്യ സുഹൃത്തും, യുവാവുമായ ജെയ്സന്‍ വണ്ടിയില്‍ കയറി. ഏകദേശം ഒരു കി.മി. പിന്നിട്ടപ്പോള്‍ ചെറിയൊരു അങ്ങാടി, എന്നുവച്ചാല്‍ ഒരു ചായക്കടയും, പലചരക്ക് കടയും, പിന്നൊരു വെയ്റ്റിംഗ് ഷെഡും. അങ്ങാടിയില്‍ ആളുകള്‍ അധികമില്ലായിന്നു എങ്കിലും, റോഡില്‍ അഞ്ചാറ് കോഴികള്‍ ഉണ്ടായിരുന്നു. നിധി കിട്ടാനും, തൊഴി കിട്ടാനും അധികം നേരം വേണ്ടല്ലോ! ദേണ്ടെ, ഒരു കോഴി ആത്മഹത്യാ പ്രവണതയോടെ എന്റെ വണ്ടിയുടെ മുന്‍പിലേക്ക് ചാടുന്നു. സ്ഥിതി എന്റെ നിയന്ത്രണത്തിന് അതീതം. മനസ്സായിട്ടല്ലെങ്കിലും, എന്റെ വണ്ടി ഒരു പാവം കോഴിയുടെ മേലെ കയറിയിറങ്ങുന്നു, ദൌത്യം പൂര്‍ത്തിയായി. എല്ലാം വളരെ പെട്ടെന്നായിരുന്നു. ജീപ്പ് സൈഡാക്കി നിര്‍ത്തി.(അതാണല്ലോ സാമാന്യ മര്യാദ) അവിടെ ഉണ്ടായിരുന്ന സകല ജനങ്ങളും, കോഴിയുടെ ദാരുണമായ അന്ത്യം കണ്ട്‌, അന്ത്യകൂദാശ അര്‍പ്പിക്കുവാന്‍ ഓടിക്കൂടി. എനിക്കാകെ പേടിയായി. നഷ്ട്ടപരിഹാരം കൊടുത്ത് തലയൂരാമെന്ന എന്റെ വ്യാമോഹം ഞാന്‍ സുഹൃത്തിനെ അറിയിച്ചു.
അപ്പോഴേക്കും "ഇതെന്റെ കോഴിയാണ്, കോഴിയെ തൊട്ടാല്‍ തൊട്ടവനെ തട്ടും"എന്നാക്രോശിച്ചു കൊണ്ട് ഭീമാകാരനായ ചായക്കടക്കാരന്‍പാഞ്ഞടുത്തു. "എവിടെ നോക്കിയാ ഈ --മോനൊക്കെ വണ്ടിയോടിക്കുന്നെ," "ഇങ്ങോട്ട് ഇറങ്ങടാ"എന്നും മറ്റുമുള്ള സാമാന്യം ഭേദപ്പെട്ട കമന്റുകളും കൂടി ആള്‍ക്കൂട്ടത്തില്‍ നിന്ന് കേട്ടതോടു കൂടി, എന്റെ തല കറങ്ങിയോ എന്നൊരു ബലമായ സംശയം. കൈ ആണോ കാലാണോ കൂടുതല്‍ വിറയ്ക്കുന്നതെന്നു വിലയിരുത്താന്‍ പറ്റാത്ത അവസ്ഥയില്‍, "ചേട്ടനവിടെ ധൈര്യമായിട്ടിരി, പ്രശ്നം ഞാന്‍ കൈകാര്യം ചെയ്തോളാം" എന്നും പറഞ്ഞ്‌ ജെയ്സന്‍ ജീപ്പില്‍ നിന്ന് ചാടിയിറങ്ങി. പയ്യന്‍ ഇറങ്ങിയപാടെ ചായക്കടക്കാരന്റെ തോളത്തു കൈയ്യിട്ടു കുറച്ചപ്പുറത്ത്‌ മാറ്റി നിര്‍ത്തി, കയ്യും കാലും കൊണ്ടു ആംഗ്യം കാണിച്ചു കൊണ്ട് , എന്തൊക്കെയോ സംസാരിക്കുന്നു.
"എന്റീശോയേ ഇവനെനിക്കിട്ടു പാര പണിയുകയാണോ" എന്നെനിക്കൊരു സംശയം തോന്നായ്കയില്ല. അഞ്ചു മിനിട്ട് കഴിഞ്ഞില്ല, പോയതിലും സ്പീഡില്‍, സഗൌരവം, ജെയ്സനിതാ തിരിച്ചു വരുന്നു. എന്റെ നെഞ്ചിലെന്തോ ഒന്ന് മിന്നി. വന്നപാടെ വണ്ടിയിലോട്ടു ചാടിക്കയറി "ചേട്ടന്‍ വണ്ടിയെടുക്ക് " എന്നു മുരണ്ടു. കയ്യും കാലും വിറച്ചിട്ടു, വണ്ടിയോടിക്കുക എന്നല്ല, തന്നെ ഓടാന്‍ പറ്റാത്ത നിസ്സഹായാവസ്ഥയില്‍ ഞാനവനെ ദയനീയമായൊന്നു നോക്കി. "തന്നോടല്ലേ വണ്ടിയെടുക്കാന്‍ പറഞ്ഞെ?" എന്നു രണ്ടാമത് കല്‍പ്പിച്ചപ്പോള്‍ ഞാനറിയാതെ തന്നെ വണ്ടി മുന്നോട്ടോടി. ശ്വാസം നേരെ വീണപ്പോള്‍ ഞാന്‍ ചോദിച്ചു "എങ്ങനെ പരിഹരിച്ചു?"ഉത്തരം ഒരു പുഞ്ചിരിയായിരുന്നു. "നിന്റെ കയ്യില്‍ നിന്ന് കാശെത്ര ചിലവായി?"എന്ന എന്റെ അടുത്ത ചോദ്യത്തിന് ഉത്തരം ഒരു പൊട്ടിച്ചിരിയായിരുന്നു. " നീ തമാശ് കള, കാശെത്ര ചെലവ് വന്നു, അയാളോട് നീ എന്താ പറഞ്ഞത് " എന്നെല്ലാം കൂടി ഞാന്‍ വെപ്രാളപ്പെട്ട് ചോദിച്ചു. "അപ്പോള്‍ ചേട്ടന് അറിയില്ലരുന്നോ? ആ കോഴി റോംഗ് സൈഡിലായിരുന്നു."എന്ന്‌ അവന്‍ പറഞ്ഞത് എനിക്കങ്ങോട് തലേല്‍കേറിയില്ല . ജെയ്സന്‍ വിശദീകരിച്ചു തന്നു, "കോഴി, റോഡിന്റെ റോംഗ് സൈഡിലാണ് നിന്നിരുന്നതെന്നും, നിയമപരമായിട്ടു നോക്കിയാല്‍, തെറ്റ് കോഴിയുടെ ഭാഗത്താണെന്നും, അതുകൊണ്ട് നഷ്ട്ടപരിഹാരത്തിന് അയാള്‍ക്ക്‌ യാതൊരു അവകാശവും ഇല്ലെന്നും, വെറുതെ കുഴപ്പത്തില്‍ ചാടണ്ടായെന്നും ഞാന്‍ പറഞ്ഞു. അയാളത് സമ്മതിക്കുകയും ചെയ്തു." ഇത് പറഞ്ഞിട്ട് അവന്‍ എന്നോടൊരു മറു ചോദ്യം " ഞാന്‍ മാന്യതക്കുറവോ ധിക്കാരവിഷയമോ, എന്തെങ്കിലും സംസാരിച്ചോ അപ്പച്ചന്‍ ചേട്ടാ?" കോഴി+അപകടം =കോഴിയപകടം.

Thursday, August 26, 2010

Bookmark and Share

ആകെ നൂറു ചോദ്യങ്ങളും, അവയുടെ ഉത്തരങ്ങളും.

അമ്പതു വര്ഷം മുന്‍പ്, സ്വന്തമായിട്ട് ഒരു വാഹനത്തെക്കുറിച്ച്, പലര്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയില്ലായിരുന്നു. ഇന്ന് എല്ലാവര്ക്കും സ്വന്തമായിട്ട് വാഹനം ഇല്ലെങ്കിലും, ബഹു ഭൂരിപക്ഷവും വാഹന ഉടമകളോ, അല്ലെങ്കില്‍ വാഹനം ഓടിക്കുന്നവരോ ആണ്. ഇനിയുള്ള കാലം വാഹനം ഓടിക്കാന്‍ അറിഞ്ഞിരിക്കേണ്ടതും വളരെ അത്യാവശ്യമാണ്. അങ്ങനെയുള്ള ഒരു ഭാവിയില്‍, സ്കൂള്‍ വിദ്യാഭ്യാസം കഴിയുമ്പോഴേക്കും ഓരോ വിദ്യാര്‍ഥിയും , റോഡ്‌ നിയമങ്ങളെല്ലാം അറിഞ്ഞു , ഒരു ഡ്രൈവിംഗ് ലൈസന്‍സിന് യോഗ്യനാണെങ്കില്‍, അതൊരു നല്ല കാര്യമല്ലേ? ലേണിംഗ് ലൈസന്‍സിനുള്ള പാറാവലി (ആകെ നൂറു ചോദ്യങ്ങളും, അവയുടെ ഉത്തരങ്ങളും) ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയാല്‍, ഓരോ വിദ്യാര്‍ഥിയും സ്ക്കൂള്‍ വിദ്യാഭ്യാസ പൂര്‍ത്തീകരണത്തോടുകൂടി, ഡ്രൈവിംഗ് ടെസ്റ്റിനും യോഗ്യനാകും. ആഴ്ച തോറും ആയിരങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ലേണിംഗ് ടെസ്റ്റ്‌ ഒഴിവാക്കാം. എന്നു മാത്രമല്ല, ഭാവി തലമുറയിലെ ഓരോരുത്തരിലും, ഒരു നല്ല ഡ്രൈവറെയോ, കാല്‍നടക്കാരനെയോ പ്രതീക്ഷിക്കാം.


Wednesday, August 25, 2010

Bookmark and Share

ഇ-ബുക്ക്‌ റീഡര്‍

ഇ-ബുക്ക്‌ റീഡര്‍
ഇ സീ മീഡിയ ഇന്റര്‍നാഷനല്‍, മള്‍ട്ടി ഫങ്ങ്ഷനല്‍ ഇ-ബുക്ക്‌ റീഡര്‍ പുറത്തിറക്കി. പേര് വിന്ക്. 15 ഭാഷകള്‍ പിന്തുണക്കുമെന്ന് മാത്രമല്ല, രണ്ടു ലക്ഷം പുസ്തകങ്ങള്‍ വായിക്കാനുള്ള സൌകര്യവുമായാണ് വിന്ക് പുറത്തിറങ്ങുന്നത്. ഉപയോക്താക്കള്‍ക്ക് thewinkstore.com എന്ന ഇ- സ്റ്റോറില്‍ നിന്ന്, ഇ- ബുക്കുകള്‍ക്ക് പുറമേ ജേണലുകള്‍, ന്യൂസ് പേപ്പറുകള്‍, മാഗസിനുകള്‍, ലേഖനങ്ങള്‍, എന്നിവ ആവശ്യാനുസരണം ആക്സസ് ചെയ്യാമെന്ന് ഇ സീ മീഡിയ അധികൃതര്‍ വ്യക്തമാക്കുന്നു.

Wednesday, August 18, 2010

Bookmark and Share

അവലോസ് ഉണ്ട

എന്റെ സുഹൃത്ത്‌ ജോബി, ആളൊരു വരത്തനാണ്. എന്നു വച്ചാല്‍, അന്യ നാട്ടില്‍ നിന്ന് ഞങ്ങളുടെ നാട്ടില്‍ കുടിയേറിപ്പാര്‍ക്കുന്നവന്‍. വരത്തനാണെങ്കിലും ആളൊരു ഗുരുത്വമുള്ളവനാണ്. ഒരു സ്ക്രൂഡ്രൈവറും, സോല്ടറിംഗ് ആയെണും മൂലധാനവുമായിട്ടു ഞങ്ങളുടെ നാട്ടില്‍ വന്നവന്‍, നാട്ടുകാരുടെ റേഡിയോകള്‍ നന്നാക്കിയും, കേടാക്കിയും, പറ്റുന്നത് പോലെ പറ്റിച്ചും പത്ത് പുത്തനുണ്ടാക്കി. അസൂയകൊണ്ട് പറയുകയാണെന്ന് വിചാരിക്കരുത്, സൈഡു ബിസ്സിനസ്സായിട്ടു ഒരു സ്റ്റുഡിയോയും കൂടെ തുടങ്ങി. ഹോട്ടല്‍ ഭക്ഷണമൊക്കെ കഴിച്ച്, തടിച്ചു കൊഴുത്ത്, ആളൊരു സുന്ദരക്കുട്ടപ്പനായി. നാട്ടിലുള്ള സകല കല്യാണ ദല്ലാള്‍മാര്‍ക്കും പ്രലോഭനമായിട്ടു, പുരയും നാടും നിറഞ്ഞു നിന്നു. കുറ്റം പറയരുതല്ലോ, ഇങ്ങനെയൊന്നും ആയാല്‍പ്പോരെന്നും, സ്വല്‍പ്പം ജനിതകമായി ചിന്തിക്കാന്‍ സമയമായെന്നും, ജോബിക്കും തോന്നിത്തുടങ്ങി. അടുത്ത ഞായറാഴ്ച, രണ്ടും കല്പ്പിച്ചു രണ്ടു ദല്ലാള്‍മാരെയും കൂട്ടി, പെണ്ണുകാണല്‍ എന്ന സാഹസത്തിനു കൂടരഞ്ഞിയിലേക്ക് പുറപ്പെട്ടു. പത്ത് മണിയോടുകൂടി, സാമാന്യം ഭേദപ്പെട്ട ഒരു വീട്ടില്‍ ചെന്നുകയറി. ഭയഭക്തി ആദരങ്ങളോടെ ഗൃഹനാഥന്‍, ചെറുക്കനേയും അകമ്പടിക്കാരെയും സ്വീകരിച്ചിരുത്തി. ഗൃഹനാഥനും ദല്ലാള്‍മാരും, ലോകകാര്യങ്ങള്‍ പങ്കുവെച്ചു. "പൂത്തുമ്പീ നിന്കഴുത്തില്‍ താലി കെട്ടുന്നതാരാണ്" എന്നു മൂളിപ്പാട്ടും മനസ്സില്‍ പാടി, ജോബി നിശബ്ദനായിരുന്നു. "എന്നാല്‍പ്പിന്നെ കൊച്ചേട്ടാ, കുട്ടിയെ വിളി " എന്നു ദല്ലാള്‍ പറഞ്ഞ്‌ തീര്‍ന്നില്ല, ഒരു പാത്രം നിറയെ അവലോസുണ്ടയുമായിട്ട് സാമാന്യം ഭേദപ്പെട്ട ഒരു തള്ള മുന്നിലും, ചായ ഗ്ലാസ്സുകളുമായി ഒരു സുന്ദരിക്കുട്ടി പിന്നിലുമായി അണിനിരന്നു. ഇനിഎങ്കിലും, അവലോസുണ്ടയെക്കുറിച്ച് രണ്ടു വാക്ക് പറഞ്ഞില്ലെങ്കില്‍, അത് വായനക്കാരോട് ഞാന്‍ ചെയ്യുന്ന ഒരു കൊടും ചതിയായിപ്പോകും. എല്ലാ നാട്ടിലും അവലോസുണ്ട ഉണ്ടാക്കാറില്ല. അരിപ്പൊടിയും തേങ്ങയും, ജീരകവും മറ്റും മറ്റും കൂടി വറുത്ത്‌, മൂപ്പെത്തുംപോള്‍, ശ്ര്ക്കരപ്പാനിയില്‍ മുക്കി, ചെറുനാരങ്ങ വലിപ്പത്തില്‍ ഉരുട്ടി എടുക്കുന്നതാണ് അവലോസുണ്ടയുടെ നിര്‍മ്മിതി. ശര്‍ക്കരയുടെ പശ ഉള്ളതുകൊണ്ട്, നല്ല ഉറപ്പുള്ളതും, ആരോഗ്യമുള്ളവരെ ഉദ്ദേശിച്ചു നിര്‍മ്മിക്കുന്നതുമാണ്.
പെങ്കൊച്ചിന്റെ മുഖത്ത് നിന്നു കണ്ണെടുക്കാന്‍ മടിച്ചിരിക്കുന്ന ജോബിയോട്, "ചായ കുടി മോനെ" എന്നു ഭാവി അമ്മായിയമ്മ സല്ക്കരിച്ചപ്പോള്‍, തിരസ്കരിച്ചില്ല. ഒരു കവിള്‍ ചായ കുടിച്ചപ്പോഴേക്കും, അവലോസുണ്ടയുടെ താലവും താങ്ങിപ്പിടിച്ചു, "കഴിക്കു മോനെ " എന്നു വീണ്ടും. ജോബിക്ക് പുതിയ പലഹാരത്തെക്കുറിച്ച് യാതൊരു പിടിയും ഇല്ലായിരുന്നു. ജോബിയുടെ നാട്ടില്‍ ആര്‍ക്കും അവലോസുണ്ടയെക്കുറിച്ച് അറിവില്ലായിരുന്നു, ഉണ്ടാക്കലും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ, ജോബി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മാരണം കാണുന്നത്.
കണ്ടിട്ടില്ലാത്ത സാധനമാണെന്ന് പറഞ്ഞാല്‍ മാനക്കേട്‌. ധൈര്യം സംഭരിച്ചു ഒരു അവലോസുണ്ട കയ്യിലെടുത്തു. ചെറുതായിട്ട്, വളരെ ഭവ്യതയോടെ ഒന്ന് കടിച്ചു പക്ഷെ ഫലിച്ചില്ല. കുറച്ചുകൂടി കലിപ്പ് കൂട്ടി ഒന്നുകൂടി കടിച്ചു, നോ ഫലം. ചെറിയ ഒരു ചമ്മല്‍. സാരമില്ല, "ഇനി തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല" എന്നു മനസ്സാ ശപഥം ചെയ്ത്, സകല ശക്തിയുമെടുത്ത് ആഞ്ഞൊരു കടി. ത്രയംബകം വില്ല് ഒടിഞ്ഞത് പോലെ ഒരു സീല്‍ക്കാര ശബ്ദത്തോടുകൂടി അവലോസുണ്ട നാലുപാടും പൊട്ടിച്ചിതറി. കുറെ ചെറിയ കഷ്ണങ്ങളും തരിപ്പോടികളും, ജോബിയുടെ മൂക്കിലും, തരിപ്പിലും, അന്നാക്കിലും ഒക്കെയായി കയറിക്കൂടി. ആഞ്ഞൊരു തുമ്മല്‍. ഒരു ചെറിയ സൈറനോട് കൂടി കീഴ് ശ്വാസവും സഹകരിച്ചു. പിന്നെ നടന്ന സംഭവ വികാസങ്ങളെ ക്കുറിച്ച് വിവരിക്കുവാന്‍ എനിക്ക് ത്രാണിയില്ല. പക്ഷെ ജോബി, വാശിക്ക് അവന്‍ പണ്ടേ മുന്നിലാണ്. "എന്തായാലും നിന്നെ ഞാന്‍ കെട്ടുകയും ചെയ്യും, രണ്ട് അവലോസുണ്ട നിന്നെ ക്കൊണ്ട് ഞാന്‍ തീറ്റിക്കുകയും ചെയ്യും." എന്നു ഉഗ്ര ശപഥമെടുത്തു. കുട്ടിയെത്തന്നെ വിവാഹവും ചെയ്തു. എന്നിരുന്നാലും, അവലോസുണ്ടയെന്നു കേട്ടാല്‍, ഏതുറക്കത്തിലും ജോബി ഞെട്ടും.
,

Tuesday, August 17, 2010

Bookmark and Share

അവറാന്‍ അന്തരിച്ചു.

എന്റെ ബഹുമാന്യ സുഹൃത്തും, പില്‍ക്കാലത്ത്‌ പേര് കേട്ട സാഹിത്യകാരനുമായ ശ്രീ.നിലംബൂരാന്‍, പത്താം ക്ലാസ്സ് കഴിഞ്ഞു മറ്റു ഗത്യന്തരമോന്നുമില്ലാതെ, ബുദ്ധി ജീവി ചമഞ്ഞു നടക്കുന്ന കാലം. മുട്ടോളം ഇറക്കമുള്ള ഒരു കാവി ജുബ്ബയും, ഊശാന്‍ താടിയും, തോളിലൊരു പുസ്തക സഞ്ചിയും, കയ്യില്‍ ചുരുട്ടിപ്പിടിച്ച ഏതെങ്കിലുമൊരു "മ" പ്രസിദ്ധീകരണവും - അതായിരുന്നു അന്നത്തെ ബുദ്ധിജീവി സങ്കല്പം. നിര്‍ബ്ബന്ധമായും കഞ്ഞാവ്‌ വലിക്കണം, വല്ലപ്പോഴുമെങ്കിലും അല്‍പ്പം വാറ്റുചാരായം കുടിക്കണം, നിവൃത്തിയുണ്ടെങ്കില്‍ കുളിക്കരുത് എന്ന് തുടങ്ങി, ബുദ്ധിജീവികള്‍ക്ക് മാത്രമായി ചില നിയമങ്ങള്‍ നിലനില്‍ക്കുന്ന കാലം. സാഹിത്യകാരനാകാന്‍ പത്താം ക്ലാസ് തന്നെ ആവശ്യമില്ല എന്ന ഉറച്ച വിശ്വാസം, ശ്രീ നിലംബൂരാന്റെ ഉപരി പഠനത്തിനു തടയിട്ടു. നിലമ്പൂരിലെ നിലമെല്ലാം, തിരുവതാംകൂറില്‍ നിന്ന് ചേട്ടന്മാര്‍ വന്നു വാങ്ങി കൃഷിയിറക്കി, ഇനി ബാക്കി മാത്രമേ ഉള്ളല്ലോ എന്ന ചിന്ത കേറിയപ്പോള്‍, കഥ എഴുത്താണ് തന്റെ ജീവിതമാര്‍ഗം എന്ന നിലംബൂരാന്റെ തിരിച്ചറിവിനെ കുറ്റം പറയരുതല്ലോ. അങ്ങനെ, ഒരു കഥാ ബീജം വീണു കിട്ടുമോ എന്നറിയാന്‍, നിലമ്പൂര്‍ ചെട്ടിയങ്ങാടിയില്‍ക്കൂടി തെക്ക് വടക്ക് നടന്നപ്പോഴാണ്, എന്തുകൊണ്ട് അവറാനേക്കുറിച്ച് ഒരു കഥ ആയിക്കൂടാ? എന്ന ചിന്ത തലയിലുദിച്ചത്. ഉടനെ തന്നെ കയ്യിലിരുന്ന കടലാസില്‍ കഥയുടെ തലക്കെട്ട്‌ എഴുതിയിട്ടു -"അവറാന്‍ അന്തരിച്ചു."
ഇനി അവറാനേ വായനക്കാര്‍ക്ക് പരിചയപ്പെടുത്താം. സംഭവം നടക്കുന്നത് 1970 കളില്‍. ഒരു കാലിനു സ്വാധീനക്കുറവും, അല്‍പ്പം അനാരോഗ്യവും ഉള്ള അവറാന്‍, നിലമ്പൂര്‍ പോലിസ് സ്റ്റേഷന്റെ മുന്‍പില്‍ ചെറിയൊരു പെട്ടിക്കട നടത്തുന്നു. കഞ്ചാവും വാറ്റുമാണ് പ്രധാന കച്ചവടം. നമ്മുടെ കഥാകൃത്തിനു ഒരു അടിയന്തര ഘട്ടത്തില്‍, കഞ്ചാവ് കടം കൊടുത്തില്ല എന്നത് അവറാന്‍ ചെയ്ത തെറ്റ്. അവരാനോടുള്ള കലി, എഴുതിത്തീര്‍ക്കാനുള്ള ഉറച്ച തീരുമാനവുമായി നമ്മുടെ കഥാകൃത്ത്‌ മുന്നോട്ട്.
കഥ തുടരുന്നു:- "ഒരു സുപ്രഭാതം പൊട്ടിവിടര്‍ന്നത്, അവറാന്റെ ചരമ വാര്‍ത്തയുമായിട്ടായിരുന്നു. അവറാന്റെ അന്ത്യത്തോടെ നിലമ്പൂരില്‍ കടുത്ത കഞ്ചാവ് ക്ഷാമം ഉണ്ടായി. ഉണ്ടായപ്പോള്‍ രണ്ടായി പ്രശ്നങ്ങള്‍. വാറ്റു ചാരായവും കിട്ടാനില്ല. നിലമ്പൂരിലെ ബുദ്ധിജീവികളും, നവയുവാക്കളും, കഞ്ചാവും വാറ്റും കിട്ടാതെ ഭ്രാന്തു പിടിച്ച് തലങ്ങും വിലങ്ങും ഓടി." ഇത്രയും എഴുതിട്ടു ബാക്കി ചമയങ്ങളൊക്കെ നാളെയാകാം എന്ന് തീരുമാനിച്ച് കഥാകൃത്ത് വീട്ടില്‍ പോയി സുഖമായൊന്നുറങ്ങി.
സമയം പിറ്റേ ദിവസം രാവിലെ: അവറാന്റെ കാര്യത്തില്‍ അറം പറ്റി. സത്യമായിട്ടും അവറാന്‍ മരിച്ചു. പക്ഷെ എന്റെ സുഹൃത്ത്‌ സകല്പ്പിച്ചത് പോലെ യാതൊന്നും അവിടെ സംഭവിച്ചില്ല. മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞയുടനെ, അവറാന്റെ മച്ചുനന്‍, മറ്റൊരു തെണ്ടി ആ ദൌത്യം ഏറ്റെടുത്ത്, പൂര്‍വാധികം ശക്തിയോടെ, പ്രസ്ഥാനം നിലനിര്‍ത്തി. കഥ പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലെങ്കിലും, ഒരാളെയെങ്കിലും എഴുതിക്കൊല്ലാന്‍ കഴിഞ്ഞല്ലോ എന്ന് എന്റെ സുഹൃത്തിന് ചാരിതാര്‍ത്ഥ്യം.

Monday, August 16, 2010

Bookmark and Share

ഒരു വിളിപ്പാടകലെ


നായടംപൊയിലില്‍ നിന്നൊരു വീക്ഷണം.
ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ നായാടംപോയിലിലേക്ക്, എന്റെ വീട്ടില്‍ നിന്ന് കഷ്ട്ടിച്ചു പന്ത്രണ്ടു കിലോമീറ്റര്‍ മാത്രം ദൂരം. അമ്പതു വര്‍ഷമായിട്ടു ഇവിടെ ജീവിക്കുന്ന ഞാന്‍, ഇതുവരെ നയാടംപോയില്‍ കണ്ടിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍, സത്യം പറഞ്ഞാല്‍ കരച്ചില്‍ വന്നു. പുറത്തു പറഞ്ഞാലുണ്ടായെക്കാവുന്ന മാനക്കെടോര്‍ത്ത്, ഭാര്യയോടുപോലും മിണ്ടാതെ, നേരെ ജീപ്പില്‍ കയറി പുറപ്പെട്ടു. ഇടക്കുവെച്ച് എന്റെ ഒരു മാന്യ സുഹൃത്തിനെയും കൂടെക്കൂട്ടി. ഭയങ്കരമായ കയറ്റം. റോഡ്‌ ടാറിംഗ് ആണെങ്കിലും, ജീപ്പിന്റെ പോക്ക് കണ്ടാല്‍ ആര്‍ക്കും സങ്കടം തോന്നും. ഏതായാലും, ചോദിച്ചു - ചോദിച്ചു ഞങ്ങള്‍ പ്രശാന്ത സുന്ദരമായ നായടംപൊയിലില്‍ എത്തി.ഒരു ചായക്കട പിന്നെ ഒരു പലചരക്ക് കട. ഇതാണ് ടൌണ്. ഓരോ ചായ കുടിച്ചിട്ട്, അവിടെയുണ്ടെന്ന് അവകാശപ്പെടുന്ന റിസോര്‍ട്ട് നെക്കുറിച്ച് അന്വേഷിച്ചു. അവിടെനിന്നും മൂന്നു കിലോമീറ്റര്‍ കുത്തനെ കയറ്റം, ഗാട്ട് റോഡ്‌. ഏതായാലും പുറപ്പെട്ടല്ലോ, പോയിനോക്കാം എന്ന് തീരുമാനമെടുത്തു. എന്റെ വണ്ടിക്കു ഹൈ ഗീറും പിന്നെക്കുറെ ഗീറുകളും ഉള്ളതുകൊണ്ട്, ഇഴഞ്ഞു വലിഞ്ഞു ഞങ്ങള്‍ മുകളിലെത്തിയപ്പോള്‍ ഒരു ചിന്ന പ്രശ്നം. നാടന്‍ ടൂറിസ്റ്റുകള്‍ക്ക് ഗെയിട്ടിനകത്തു പ്രവേശനമില്ല. എന്ത് ചെയ്യാന്‍? പട്ടി ചന്തക്കു പോയപോലെ ഞങ്ങള്‍ തിരിച്ചു പോന്നു.

Thursday, August 12, 2010

Bookmark and Share


കോഴിക്കോട് നിന്ന് ഏകദേശം അന്‍പത്തഞ്ച്‌ കിലോമീറ്റര്‍ അകലെ, മലപ്പുറം - കോഴിക്കോട് ജില്ലകളിലായി (കൂടരഞ്ഞി -ചാലിയാര്‍ പഞ്ചായത്ത് )പരന്നു കിടക്കുന്ന ഒരു വശ്യ സുന്ദരമായ മലയോര ഗ്രാമമാണ് കക്കാടംപൊയില്‍. സമുദ്ര നിരപ്പില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിലായതിനാല്‍ വയനാടന്‍ കാലാവസ്ഥ ആണെന്ന് പറയാം. അന്‍പതിലേറെ വര്‍ഷങ്ങളായി ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. നിലമ്പൂര്‍ നിക്ഷിപ്ത വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശവും, തൊട്ടടുത്ത്‌ ഉള്ള നയാടംപോയില്‍, വേണ്ടെക്കുംപോയില്‍, ചീങ്കന്നിപ്പാലി,കള്ളിപ്പാറ,പീടികപ്പാറ തുടങ്ങിയ പ്രദേശങ്ങളും അവര്ന്നനീയമായ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. കക്കാടം പോയിലില്‍ നിന്ന് 1/2 കിലോമീറ്റെര്‍ അകലെയുള്ള കുറാംപുഴ വെള്ളച്ചാട്ടം വളരെ പ്രസിദ്ധമാണ്. ധാരാളം ടൂറിസ്റ്റുകള്‍ പ്രകൃതി ഭംഗി ആസ്വദിക്കുവാന്‍ ദിവസേന ഇവിടെ വന്നു പോകുന്നു. ആദ്യകാല കുടിയേറ്റ കര്‍ഷകര്‍ കാപ്പിക്കൃഷി നടത്തിയെങ്കിലും, വന്‍ പരാജയത്തെ തുടര്‍ന്ന് കമുക് കൃഷിയിലേക്ക് ചുവടു മാറി. അവിടെയും, പരാജയം മഞ്ഞളിപ്പ് രോഗത്തിന്റെ രൂപത്തില്‍ കര്‍ഷകനെ ബാധിച്ചു. പുതിയ പരീക്ഷണമായിട്ട് ജാതി, കൊക്കോ റബ്ബര്‍ മുതലായ കൃഷികള്‍, ഇപ്പോള്‍ പുരോഗമിച്ചു വരുന്നു. കക്കാടംപോയിലില്‍ നിന്ന് പകര്‍ത്തിയ കുറച്ചു ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Tuesday, August 10, 2010

Bookmark and Share

ഒഴുകുന്ന പാലം


കോഴിക്കോട്-മലപ്പുറം ജില്ലകളെ കൂട്ടിയോജിപ്പിക്കുന്ന ഒരു മലയോരപാതയും,പാലവും. NABAD ന്റെ പദ്ധതി പ്രകാരം, വളരെ ബുദ്ധിപൂര്‍വ്വം നിര്‍മ്മിച്ച വൈന്റ് പൈപ്പ് പാലം,പണി തീരുന്നതിനു മുന്‍പുതന്നെ മലവെള്ളത്തില്‍ ഒഴുകിപ്പോയി. വര്ഷം മൂന്നു -നാല് കഴിഞ്ഞു. പാലവും റോഡും പഴയ സ്ഥിതിയില്‍ തന്നെ. ഭാഗ്യത്തിന്,രാഷ്ട്രീയക്കാരാരും ഇതിന്റെ കുത്തക അവകാശം ഏറ്റെടുത്തിട്ടില്ല.
Bookmark and Share

ഇവനെന്റെ പ്രിയപ്പെട്ട ഫ്ലയിംഗ് ഡക്ക്‌.


ഇവനെന്റെ പ്രിയപ്പെട്ട ഫ്ലയിംഗ് ഡക്ക്‌.

Monday, August 9, 2010

Bookmark and Share

പ്രശ്നം- വയറുകടി.

ഇന്ന് ഞായറാഴ്ച. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആഘോഷമായി പള്ളിയില്‍ പോയി, ദിവ്യ ബാലിയില്‍ പങ്കു കൊണ്ടു, ദൈവാനുഗ്രഹം കിട്ടി എന്ന് അഹങ്കരിച്ചു. നേരെ പോയി അല്‍പ്പം റമ്മി കളിച്ചു. വിനോദവും ആകാമല്ലോ. നൂറു രൂപ തോറ്റു. ദൈവത്തിനു സ്തോത്രം. ഇന്ന് പള്ളിയില്‍ പോകുന്നില്ല എന്ന് തീരുമാനിച്ചു. ചീട്ടുകളി ദൈവത്തിനു ഇഷ്ട്ടമില്ലായിരിക്കും. ഏതായാലും ചീട്ടു കളിച്ചു. തോറ്റു -നൂറ്റമ്പത്. വാശിയായി, നേരെ പോയി ബീവരെജില്‍. ഒരു ലിറ്റര്‍ OCR (Ozhakkal Chacko അത് ഞാനാണ് Rum ) അകത്താക്കി.ഇനി ദൈവവും ആയിട്ട് നോ compinsation . തല്‍ക്കാലം ചെകുത്താനുമായിട്ടു ഒരു mutual ധാരണ ആകാം എന്ന് തീരുമാനിചു.. ഏതായാലും മുഴുത്ത ചെകുത്താനെത്തന്നെ പിടിക്കുന്നതല്ലേ ബുദ്ധി. പിടിച്ചത് ലൂസിഫറിനെ. OCR -ന്റെ കിക്കില്‍ ഉറങ്ങുന്നതിനു മുന്‍പ് ആണയിട്ടു ശപഥം ചെയ്തു. മേലില്‍, ദൈവവുമായിട്ടു ഒരു ധാരണയും ഇല്ല.,പല്ല് തെക്കുന്നില്ല, കുളിക്കുന്നില്ല, കക്കൂസില്‍ പോകുന്നില്ല, എന്ന് വേണ്ട, എല്ലാക്കാര്യത്തിലും നെഗറ്റീവ്.അങ്ങനെ സുന്ദരനും സുശീലനുമായ, രണ്ടു കൊമ്പും കൂര്‍ത്ത വാലും ഉള്ള സാക്ഷാല്‍ ലൂസിഫറിനെയും സ്വപ്നം കണ്ട്‌ നന്നായൊന്നുറങ്ങി.ഉണര്‍ന്നപ്പോള്‍ ചെറിയ ഒരു പ്രശ്നം- വയറുകടി. ശപഥം തെറ്റി.ഇത് സത്യം.

Wednesday, August 4, 2010

Bookmark and Share

അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ്: എന്റെ ഭാര്യ.

അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ്: എന്റെ ഭാര്യ.: "എന്റെ ഭാര്യ. ഒരു തനി നാട്ടിന്പുറത്തുകാരി. വയസ്സ് അന്‍പത്. രാവിലെ അഞ്ചര മണിക്ക് ഉണരും. അഞ്ചു മിനിട്ട് പ്രാര്‍ത്ഥന, പ്രഭാത ..."
Bookmark and Share

എന്റെ ഭാര്യ.

എന്റെ ഭാര്യ.
ഒരു തനി നാട്ടിന്പുറത്തുകാരി. വയസ്സ് അന്‍പത്. രാവിലെ അഞ്ചര മണിക്ക് ഉണരും. അഞ്ചു മിനിട്ട് പ്രാര്‍ത്ഥന, പ്രഭാത കൃത്യങ്ങള്‍. ഒരു ദിവസം ഇവിടെ തുടങ്ങുകയായി. പുരയും മുറ്റവും തൂത്തു വൃത്തിയാക്കല്‍, ഭര്‍ത്താവിനും മോള്‍ക്കും ബെഡ് കോഫി കൊടുക്കല്‍, പശു കറവ, ഏഴുമണിക്ക് കോളേജില്‍ പോകുന്ന മകളുടെ പ്രഭാത ഭക്ഷണം ഉണ്ടാക്കുക, പൊതിച്ചോറ് കെട്ടുക തുടങ്ങി, വെരി ബിസ്സി. ഏഴു മണി കഴിഞ്ഞാല്‍, കോഴി, താറാവ്, പട്ടികള്‍ ഇത്യാദി ജീവികളുടെ ജീവിത സൗകര്യം അന്വേഷിച്ചു സ്വയം ബോധ്യപ്പെടുക, പോരായ്മകള്‍ പരിഹരിക്കുക. ശേഷം, ഭര്‍ത്താവിനും ചിലപ്പോള്‍ സ്വയം വേണ്ടിയും, പ്രഭാത ഭക്ഷണം ഉണ്ടാക്കുക , കഴിപ്പിക്കുക, കഴിക്കുക. എട്ടുമണിക്ക് ശേഷം കുറച്ചു തുന്നല്‍ പണി, അത് കഴിഞ്ഞു മൂന്നു ഏക്ര വരുന്ന പറമ്പില്‍ കൂടി ഒരു നെട്ടോട്ടം. കൂണ്‍ മുളച്ചിട്ടുണ്ടോ, റബ്ബര്‍ തൈ കാറ്റൊടിച്ചോ, കൊക്കോ കായ എലി തിന്നോ, മുതലായ കാര്യങ്ങള്‍ ഈ ഓട്ടത്തില്‍ കണ്ടു പിടിച്ചു, പോരായ്മകള്‍ പരിഹരിച്ചിരിക്കും. അപ്പോഴേക്കും ഉച്ച ഭക്ഷണത്തിന് തയ്യാറെടുപ്പുകള്‍ക്ക് സമയമാകും. ഒരു ചോറ്, രണ്ടു മൂന്നു കൂട്ടം കറികള്‍, എല്ലാം ഉണ്ടാക്കി ഭര്‍ത്താവിന്‌(ചിലപ്പോള്‍ ഒപ്പം) ഊണ്.ചിലപ്പോള്‍ ചെറിയ ഒരു വിശ്രമം. മൂന്നുമണിക്ക് ഭര്‍ത്താവിനു കട്ടന്‍ ചായ. അത് കഴിഞ്ഞു പറമ്പില്‍ ഇറങ്ങി, പറ്റുന്ന കുറച്ചു കാര്‍ഷിക വൃത്തി. സമയം അഞ്ചു മണി. മോള്‍ കോളേജില്‍ നിന്ന് വരാന്‍ സമയമായി, അവള്‍ക്ക് കാപ്പി, അത് കഴിഞ്ഞ്‌ തുണികള്‍ അലക്കി വിരിച്ചിടുക, കുളി മുതലായ കര്‍മ്മങ്ങള്‍. ഏഴു മണിയോട് കൂടി നീണ്ട ഒരു പ്രാര്‍ത്ഥന, പിന്നെ അത്താഴത്തിനുള്ള തത്രപ്പാട്.ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ അത്താഴം. സമയവും സന്ദര്‍ഭവും ഒത്താല്‍ കുറച്ചു സമയം TV യുടെ മുന്‍പില്‍. രാത്രി 11 മണി. ഉറങ്ങാന്‍ സമയമായി.ഗുഡ് നൈറ്റ്‌.
ആഴ്ചയില്‍ രണ്ടു ദിവസം, മൂന്നു നാല് ക്വിന്റല്‍ കൊക്കോ കായകള്‍ പറിക്കാനും പിറ്റേ ദിവസം അത് പൊട്ടിച്ചു വില്‍പ്പനക്ക് തയ്യാറാക്കാനും ഭര്‍ത്താവിനൊപ്പം സജീവം. ഇവര്‍ക്ക് എത്ര ശതമാനം സംവരണം കൊടുക്കണം?
അടിക്കുറിപ്പ്:: നൂറു കണക്കിന് സിനിമയുടെ സി ഡി കളും, കാണാനുള്ള സംവിധാനങ്ങളും വീട്ടിലുണ്ട്. പക്ഷെ ഇദ്ദേഹത്തിനു സമയം കിട്ടാറില്ല. എനിക്ക്, സഹതപിക്കാനേ കഴിയൂ.