Sunday, March 24, 2013

Bookmark and Share

ഖത്തറില്‍ നിന്നൊരു കത്ത്.

                                                                                                                                         ഖത്തര്‍
                                                                                                                                       2 - 2- 1975
                                                                               786

          എത്രയും പ്രീയപ്പെട്ട അപ്പച്ചന്‍ വായിക്കുവാന്‍, പ്രിയ സുഹൃത്ത് ഇബ്രാഹിം എഴുതുന്നതെന്തെന്നാല്‍,

         അദ്ധ്വാനിച്ചു തിന്നാന്‍ എല്ലാവരേക്കൊണ്ടും പറ്റും. അതൊരു വലിയ സംഭവവുമല്ല, അദ്ധ്വാനിക്കാതെ തിന്നുന്നതാണു കഴിവ്. പക്ഷേ, വെറുതെ തിന്നാനും, വെറുതെ നടക്കാനും എന്റെ ഉപ്പ തീരെ സമ്മതിക്കുന്നില്ല. എന്നാല്‍പ്പിന്നെ ഗള്‍ഫിലേക്കു പോകാമെന്നു ഞാന്‍ സമ്മതിച്ചു; ഉപ്പായ്ക്ക് വാക്കും കൊടുത്തു. വല്ല്യുപ്പക്കു  കൊമ്പനാന വരെ ഉണ്ടായിരുന്ന ഒരു തറവാട്ടില്‍ പിറന്നവനാണു ഞാനെന്നു അപ്പച്ചനറിയാമല്ലോ? ആ ഞാന്‍  അറബിക്കു കോരാന്‍ (?) പോവുക എന്നൊക്കെ പറഞ്ഞാല്‍ എനിക്കു ചിന്തിക്കാന്‍ കൂടി വയ്യ. വേറെ വഴിയില്ലല്ലോ..? ഏതായാലും പോവുക തന്നെ.

      തിരിച്ചു വരുമ്പോള്‍,  ഒരു വലിയ മാളികവീടു പണിയണം, ഒരു തീയറ്റര്‍ പണിയണം, ഒരു ഷോപ്പിംഗ്‌ മാള്‍ പണിയണം, ഒരു ബെന്സ് കാര്‍ കൊണ്ടു വരണം, പറ്റുമെങ്കില്‍, അറബിനാട്ടില്‍ നിന്ന് ഒരു ഹൂറിയേയും കൂടി നിക്കാഹ് കഴിച്ചു കൊണ്ടു പോരണം. നാലു പേര്‍ ഒന്നു കാണട്ടെ, ഞാനാരാണെന്ന്,!

       എന്റെ ഖത്തര്‍ യാത്ര ഒരപൂര്‍വ്വ സംഭവം ആയിരുന്നു. എന്റെ ഒരു കുടുംബക്കാരന്‍ അബുവിന്റെ കെയറോഫില്‍ 
ഖത്തറിലേക്ക് ഒരു വിസ സംഘടിപ്പിച്ചു. അവന്റെ കൂട്ടത്തില്‍ ബോംബയിലേക്കു ബസ്സ് കയറി. അവിടെ, അത്തോളി കോയയുടെ കുടുസ്സു മുറിയില്‍ പത്തു ദിവസം കിടന്നു. മൂട്ടയുടെയും, കൊതുകിന്റെയും സര്‍വ്വാംഗ പീഡനവും സഹിച്ചു കഴിഞ്ഞാണു വിമാനം കയറാന്‍ പറ്റിയത്. വിമാനത്തില്‍ കയറുന്നതിനു മുന്‍പ്, "സിഗരറ്റ്‌ വലിക്കുമോ?" എന്ന് ഒരുത്തന്‍ ചോദിച്ചു. 'വലിക്കും' എന്നു പറഞ്ഞപ്പോള്‍ത്തന്നെ എന്റെ ഗെയിറ്റ്‌ പാസ്സില്‍ അടയാളമിട്ടു. വിമാനത്തില്‍, ബ്രാണ്ടിയും വിസ്കിയും, ബീയറുമെല്ലാം, ഫ്രീയായിട്ടു കിട്ടുമെന്നാണ് കഴിഞ്ഞയാഴ്ച ഗള്‍ഫില്‍ നിന്നു വന്ന ഉസ്മാന്‍ പറഞ്ഞത്; എന്നാല്‍പ്പിന്നെ സിഗരറ്റും ഫ്രീ ആയിരിക്കുമെന്നു ഞാന്‍ വിചാരിച്ചു. 

       അങ്ങനെ, എയര്‍ ഇന്ത്യയുടെ ആകാശ നൌകയില്‍, അകാശക്കോട്ടകെട്ടി, ഒരായിരം സ്വപ്നങ്ങള്‍ വാനോളം വാരിക്കൂട്ടിക്കൊണ്ട്, ഒരു സൈഡ് സീറ്റില്‍ ഞാന്‍ കയറിപ്പറ്റി. (പുക വലിക്കുന്നവര്‍ക്കു സൈഡിലാണു സീറ്റ്‌.). എയര്‍ ഹോസ്റ്റസുമാരുടെ താരുണ്യ സൌന്ദര്യം, ആവോളം ആസ്വദിച്ചു കൊണ്ട്, ഒരു ചെറു സംഭ്രമത്തോടെ, യാത്ര പരമാവധി സുഖകരമാക്കി. കോഴി ബിരിയാണിയും, മറ്റു പല വിഭവങ്ങളും ഇഷ്ടംപോലെ കിട്ടുന്നുണ്ടായിരുന്നു. എയര്‍ ഹോസ്റ്റസ്‌ ഒരു ട്രോളിയില്‍, ബിയര്‍, കൊക്കോ കോള, ബ്രാണ്ടി മുതലായവ,  ഉരുട്ടിക്കൊണ്ട്, എന്റെയടുത്തു വന്നു. ബ്രാണ്ടിയുടെ സാമ്പിള്‍ ബോട്ടില്‍ ചോദിച്ചപ്പോള്‍, ഒരു റിയാല്‍ കൊടുക്കാന്‍ പറഞ്ഞു. ഒരു വഴിക്കു പോകുവല്ലേ...? കള്ളു കുടിച്ചു പോകുന്നതു മോശമല്ലേ....? അതു കൊണ്ടു ഞാന്‍ ആ പരിപാടി തന്നെ വേണ്ടെന്നു വച്ചു. അങ്ങനെ ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത്, ഈ സ്വപ്ന ലോകത്തേക്കു പറന്നിറങ്ങി, ഖത്തറിന്റെ മരുഭൂമി എത്ര സുന്ദരം? (ചുമ്മാ, വെറുതേ പറഞ്ഞതാ)

          ഇക്കാമയും, നിക്കാമയും, ബോക്കാമയും ഒക്കെയായിട്ടൊരു പത്തിരുപതു കടലാസുമായിട്ടു, ഖത്തറില്‍ ഇറങ്ങിയ  എന്നെ കാത്തുനിന്ന ഒരു കാട്ടറബി, വിമാനം പോലെയുള്ള ഒരു കാറില്‍, എന്നെയും കയറ്റിയിട്ടു് പാഞ്ഞു പോയി. അവിടെ ചെന്നപ്പോഴാണ്, കാര്യങ്ങള്‍ക്ക് ഉദ്ദേശിച്ച അത്ര സുഖം പോര എന്നു മനസ്സിലായത്‌.

           ഒരു മണല്‍ കാടിന്റെ നടുവില്‍ കൊട്ടാരം പോലെയുള്ള ഒരു വലിയ വീട്. അതു മുഴുവന്‍ തൂത്തുവാരി വൃത്തിയാക്കുന്നത് എന്‍റെ ജോലിയാണ്. വിമാനം പോലെയുള്ള നാലഞ്ചു കാറുകള്‍! അതെല്ലാം സര്‍വീസ്‌ ചെയ്തു വൃത്തിയാക്കലും, എന്‍റെ ജോലി തന്നെ. വീട്ടിലുള്ള സകലരുടെയും തുണി അലക്കി ഇസ്തിരിയിട്ടു മടക്കി വെക്കണം. സ്വന്തമായിട്ട്, ഒരു അണ്ടര്‍ വെയര്‍ പോലും അലക്കിയിട്ടുള്ള മുന്‍പരിചയം എനിക്കില്ല. എന്റെ ഓരോരോ ഗതികേടേ..യ്?

             അറബിക്കുട്ടികള്‍ക്ക് "ഒട്ടകം" കളിക്കാന്‍ ഞാന്‍ മുട്ടില്‍ ഇഴയണം. ഇതിനെല്ലാം പുറമേ അവരുടെ എല്ലാം പുളിച്ച തെറിയും കേള്‍ക്കണം. അതു പിന്നെ അറബിയിലായതു കൊണ്ട്, എനിക്കൊന്നും മനസ്സിലാകുന്നില്ലെന്നു സമാധാനിക്കാം. ഈ വക കലാപരിപാടികള്‍ക്ക് എല്ലാം കൂടി എനിക്കു കിട്ടുന്ന ശമ്പളം; 800 റിയാല്‍. വെള്ളം കുടി ഒരു കാരണവശാലും നടക്കില്ല; ഇനി ആത്മാവിന് ഒരു പുക കൊടുക്കാം എന്നു വച്ചാല്‍ (ഗഞ്ചന്‍) അതു തീരെ നടക്കില്ല. What a nasty country? ഒരു തരം കലാബോധവുമില്ലാത്ത ജന്തുക്കള്‍.! ഇവിടെ എത്തിപ്പെട്ട സ്ഥിതിക്ക്, പത്തു കാശു സമ്പാദിച്ചു കഴിഞ്ഞേ ഇനി നാട്ടിലേക്കു മടങ്ങുന്ന പരിപാടി ഉള്ളു എന്നു ഞാന്‍ തീരുമാനിച്ചു. "ഞാനാരാ മോന്‍" എന്നു വിട്ടിലുള്ളവര്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം. അങ്ങനെ, ഓരോ ദുഃസ്വപ്നങ്ങളും കണ്ടു്,  കഷ്ടിച്ചു കഷ്ടപ്പെട്ടു ജീവിച്ചു പോരുന്നു.

     ഒരു ദിവസം രാവിലെ, അറബിയും, അറബിച്ചിത്താതയും മക്കളും, എല്ലാവരും കൂടി സൌദിയിലേക്കുപോയി. വലിയൊരു കൊട്ടാരവും, അതിനുള്ളിലെ സകല സുഖ സൌകര്യങ്ങളും, നാലഞ്ചു കാറുകളും, ഇനിയുള്ള സമയം എനിക്കു സ്വന്തം. അറബിയെ എന്തായാലും ഇന്നത്തേക്കു പ്രതീക്ഷിക്കേണ്ട. ഈ വിലപ്പെട്ട സമയം എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നു ഞാന്‍ കൂലംകുശമായിട്ടു ചിന്തിച്ചു. നല്ല നേരത്തു ഒരു ഐഡിയയും മനസ്സില്‍ തെളിഞ്ഞില്ല.

       ഏതായാലും അല്പംഭക്ഷണം കഴിച്ചിട്ടു ചിന്തിക്കാം. ഞാന്‍ അടുക്കളയില്‍കയറി, കുറച്ചു ചിക്കന്‍ എടുത്തു പൊരിച്ചു. ഒരു ഡബ്ള്‍  "ബുള്‍സ് ഐ"യും ഉണ്ടാക്കിയിട്ടു  കുബ്ബൂസും കൂട്ടി വയറു നിറച്ചു കഴിച്ചു. എന്നിട്ട്, സോഫയില്‍ കിടന്നു കൊണ്ടു കാര്യ പരിപാടിയെക്കുറിച്ച് ആലോചിച്ചു. കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഏതായാലും ഒരു സിനിമക്കുപോയേക്കാം എന്നു വിചാരിച്ചു. പോര്‍ച്ചില്‍ നിന്ന് ഒരു ബെന്‍സ്‌ കാറും എടുത്തു നേരീട്ട് അടുത്ത തീയറ്റര്‍ ലക്ഷ്യമാക്കി പാഞ്ഞു.

                     മോഹന്‍ലാലിന്റെ പടം കണ്ടിറങ്ങിയപ്പോഴാണു്, മുന്നില്‍ മമ്മൂട്ടിയുടെ ചിരിച്ചും കൊണ്ടിരിക്കുന്ന പോസ്റ്റര്‍. മമ്മുക്കയെ അങ്ങനെയങ്ങ് ഉപേക്ഷിവാന്‍ പറ്റുമോ? ഏതായാലും മമ്മുട്ടിയുടെ പടവും കണ്ടു. ഇനിയും സമയം ബാക്കി. നേരെ ബീച്ചിലേക്കുവണ്ടി തിരിച്ചു. ഒരു കൊക്കോകോള വാങ്ങി കുടിച്ചിട്ട് ഒരു സിഗരറ്റുംകടിച്ചു പിടിച്ചു കുറച്ചു നേരം കാറില്‍ ചാരി നിന്നു. ഒരുത്തനും വലിയ മൈന്റോന്നും ചെയ്തില്ല. നാലുമണിയോടുകൂടി ഞാന്‍ കൊട്ടാരത്തിലേക്കു തിരിച്ചു. ഇന്നൊരു ദിവസമെങ്കിലും രാജാവായിട്ടു കഴിയണം. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടു  മനസ്സിലും, തെല്ലുഉച്ഛത്തിലും, അറിയാവുന്ന തെറികള്‍ അറബിയെ പറയുന്നുണ്ടായിരുന്നു. വാങ്ങിയതു കുറേയെങ്കിലും തിരിച്ചുകൊടുത്തില്ലെങ്കില്‍ മോശമല്ലേ...?

          മുറ്റത്തു ചെന്നു വണ്ടി നിര്‍ത്തിയിട്ട്, താക്കോലും കറക്കിക്കൊണ്ട് അകത്തേക്കു നടന്നപ്പോള്‍, നാലഞ്ചു പോലീസുകാര്‍ മുറ്റത്ത്. അറബി പോയ കാറും മുറ്റത്തു കിടപ്പുണ്ട്. പോലീസുകാര്‍ക്ക് ഇവിടെയെന്താ കാര്യം? ഞാന്‍ ആലോചിച്ചു. അപ്പോഴതാ അകത്തു നിന്നു വാതില്‍ തുറന്ന് അറബിയും മക്കളും. എന്റെ കൈ കാലുകളില്‍ക്കൂടി ഒരു വിറയല്‍ മുകളിലേക്കു കയറി. ഈ ദരിദ്രവാസി അറബി, ദുഷ്ടനെ  ഇപ്പോഴിങ്ങോട്ടു കെട്ടിയെടുക്കും എന്നു ഞാനറിഞ്ഞോ? കോഴിക്കോട്ടുനിന്നു തിരോന്തോരത്തു പോയിട്ടു വരണമെങ്കില്‍, രണ്ടു ദിവസം വേണം. അറബി സൌദിയില്‍ പോയിട്ട് ഇത്ര പെട്ടെന്ന് എങ്ങനെ വന്നൂ..? (അറബി വിമാനത്താവളം വരെ കാറില്‍ പോയിട്ട്, വിമാനത്തിലാണു സൗദിക്കു പോയതും, വന്നതും). ഞാനത് അത്രയ്ക്കങ്ങു പ്രതീക്ഷിച്ചില്ല.

       "ഖല്ലി വല്ലി ബര്‍റഹ്" എന്നെക്കണ്ടതും, അറബി അലറി. ഞാന്‍ വിളര്‍ത്തു വിളറി. പോലീസ്‌, എന്നെയും വണ്ടിയില്‍ കയറ്റി കൊണ്ടു സ്റ്റേഷനിലേക്കു പോയി. അറബി ഫോണ്‍ ചെയ്തിട്ടായിരിക്കും, കുറച്ചു കഴിഞ്ഞപ്പോള്‍ നമ്മുടെ അബു സ്റ്റേഷനില്‍ വന്നു. അപ്പോഴാണ്‌, എന്റെ പേരിലുള്ള കുറ്റം എന്താണെന്നെനിക്കു മനസ്സിലായത്‌. "അറബിയുടെ കാറും മോഷ്ടിച്ചു കൊണ്ടു ഞാന്‍ സ്ഥലംവിട്ടു". അബു അറബിയുടെ കാലു പിടിച്ചു കരഞ്ഞു പറഞ്ഞതു കൊണ്ട്, തല്‍ക്കാലം കേസില്ല, പക്ഷേ  'DEPOT ചെയ്യുമെന്നുറപ്പായി.

എന്തെല്ലാമായിരുന്നൂ...മാളികവീട്... ബെന്‍സ്‌ കാറ്... അറബീന്റെ അവളുടെ ഹൂറി..?
അവസാനം ഹലാക്കിന്റെ അവിലും കഞ്ഞിയും കുടിച്ചു ഞാന്‍ ജയിലിന്റെ അകത്തും!
                                                                            മറുപടി അയക്കേണ്ട, ഒത്താല്‍ എന്നെങ്കിലും കാണാം. 
                                                                                                                   സ്വന്തം ഇബ്രാഹിം.(ഒപ്പ്.)


Tuesday, March 19, 2013

Bookmark and Share

മദാമ്മ മലബാറിലെ മലമുകളില്‍.

                അമേരിക്കയില്‍ നിന്ന് അവധിക്കു നാട്ടില്‍ വരുമ്പോള്‍,  ഒരു മദാമ്മയും കൂടെയുണ്ടാകുമെന്നും, അവരെ അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം കൊണ്ടു പോകണമെന്നും, ഉത്തരവാദിത്വമായിട്ടു് ആ ദൌത്യം ഏറ്റെടുക്കണമെന്നും, അറിയിച്ചു കൊണ്ടുള്ള എന്റെ കുഞ്ഞു പെങ്ങളുടെ കത്തു കിട്ടിയപ്പോള്‍, എന്റെ മനസ്സിലും ലഡ്ഡു പൊട്ടി!!  "അറുപതു കഴിയുമ്പോഴാണ്, അച്ചാര്‍ തൊട്ടു കൂട്ടി" എന്തെങ്കിലുമൊക്കെ കഴിക്കാന്‍ ആഗ്രഹം ഉണ്ടാവുക, എന്നൊരു എഴുപതുകഴിഞ്ഞ മൂന്നാംകെട്ടുകാരന്‍ പറഞ്ഞിട്ടുണ്ടത്രേ!
             
            ജനുവരിയിലെ ഒരു കുളിരുന്ന സുപ്രഭാതത്തില്‍, എന്റെ കുഞ്ഞു പെങ്ങളോടൊപ്പം മദാമ്മയും, കരിപ്പൂര്‍ വിമാനത്താവളത്തില്‍  പറന്നിറങ്ങി. "മച്ചുനാ നാനൂ" എന്നു വിളിക്കുന്ന, മദാമ്മയെ  ഭാവനയില്‍ കണ്ട ഞാന്‍,  ചുരീദാര്‍ അണിഞ്ഞ മദാമ്മയെ മുന്നില്‍ കണ്ടപ്പോള്‍ ഒരു നിമിഷം അന്ധാളിച്ചു പോയി. (കേരളത്തിലെ പീഡന വാര്‍ത്തകള്‍ അറിയുന്നതു കൊണ്ടായിരിക്കാം.., പെങ്ങള്‍ ഒരു ചുരിദാര്‍ ഒക്കെ സംഘടിപ്പിച്ചു ഉടുപ്പിച്ചു കൊടുത്തു കൊണ്ടുവന്നത്?)


                                                       എന്റെ വീടിനു മുന്‍പിലെ റോഡില്‍.

 "Hi handsome, " am Maria from U S A, how you ''ll doing? Fine?" എന്നെ കണ്ടതും മദാമ്മ മൊഴിഞ്ഞതു കേട്ടപ്പോള്‍, "ഇവള്‍ എന്റെ വീട്ടില്‍ വന്നു കുടുംബകലഹം ഉണ്ടാക്കുമല്ലോ..എന്റെ വ്യാകുല മാതാവേ..?" എന്ന് എന്റെ മനസ്സില്‍ തോന്നി. എന്റെ സഹ ധര്മ്മിണിക്കു വലിയ ഇംഗ്ലീഷ്‌ പരിജ്ഞാനം ഇല്ലാത്തതു നന്നായെന്നും തോന്നാതിരുന്നില്ല. ബാഗുകളും, കെട്ടും മാറാപ്പുകളുമെല്ലാം കാറില്‍ കയറ്റി വെച്ചു ഞങ്ങള്‍, എന്റെ വീട്ടിലേക്കു യാത്ര തിരിച്ചു. മലകള്‍ കയറിയിറങ്ങിയുള്ള യാത്രക്കിടയില്‍ " very nice places, beautiful, marvelous" എന്നൊക്കെ പുലമ്പിക്കൊണ്ടു മദാമ്മ ഹാപ്പിയായി.

         "Why these dogs crew in the entire streets man?" എന്ന മദാമ്മയുടെ ചോദ്യത്തിന്, " Because, this is dogs own country" എന്നു ഞാന്‍ പ്രതികരിച്ചില്ല. ഒരു മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍, ഞങ്ങള്‍ എന്റെ വീട്ടിലെത്തി. മദാമ്മ മുറ്റത്ത്‌ നിന്നു ചുറ്റും നോക്കി;  നാലു വശങ്ങളിലും മലകളാല്‍ ചുറ്റപ്പെട്ട, എന്റെ വീടും അന്തരീക്ഷവും, നന്നേ ബോധിച്ചു. "Man, really you are living in heaven" എന്നു പറയുന്നതു കേട്ടപ്പോള്‍, എനിക്കല്പം അഹങ്കാരം തോന്നി. കാരണം, വല്ലപ്പോഴും വരുന്ന എന്റെ സുഹൃത്തുക്കള്‍, "ഇയ്യാള്‍ എങ്ങനെയാണിഷ്ടാ...ഈ മലമുകളില്‍ ജീവിക്കുന്നത്?" എന്നാണു സാധാരണ ചോദിക്കാറുള്ളത്!

           ചക്ക, കപ്പ, കാന്താരിമുളകു മുതലായ വിഭവ സമൃദ്ധമായ പ്രാതല്‍ കഴിഞ്ഞു. കാന്താരിമുളക് അരച്ചത്‌,"Very tasty" എന്നും പറഞ്ഞു വാരിത്തിന്നിട്ടു മദാമ്മയുടെ സ്വതവേ ചുവന്ന ചുണ്ടുകള്‍ "തൊണ്ടിപ്പഴം" പോലെയായി. പിന്നെ ഞങ്ങള്‍, എന്റെ തോട്ടത്തില്‍ കൂടി നടന്നു. കൊക്കോയും, കമുകും, തെങ്ങും, ജാതിയുമെല്ലാം കൌതുകതോടു കൂടി മദാമ്മ നോക്കി ക്കണ്ടു. എല്ലാത്തിനും, "Very nice" എന്നു പറയാന്‍ മറന്നില്ല. കശുമാവിനു മുകളില്‍ കശുവണ്ടി കണ്ടപ്പോള്‍, അണ്ടിയെന്തിനാണു മാമ്പഴത്തിന്റെ പുറത്തു ഫിറ്റ് ചെയ്തിരിക്കുന്നത് എന്നു ചോദിക്കുവാന്‍ മറന്നില്ല. "ദൈവം മാമ്പഴം സൃഷ്ടിച്ചപ്പോള്‍, അണ്ടി അകത്തു ഫിറ്റ് ചെയ്യാന്‍ മറന്നു പോയത്രെ! അതു കൊണ്ടാണു  പിന്നീടതു പുറത്തു ഫിറ്റ് ചെയ്തത് "എന്നായിരുന്നു പറയേണ്ടിയിരുന്നത്. എന്നാലും, "A very freaky creation of God" എന്നു ഞാന്‍ പറഞ്ഞു.

           ധാരാളം ചക്കയുള്ള ഒരു പ്ലാവിന്‍ ചുവട്ടിലെത്തിയപ്പോള്‍, "Oh my God, plenty of jack fruits; I like it so much" മദാമ്മക്കു സന്തോഷംഅടക്കാനായില്ല.. ചക്കക്കാലം - മലയാളികളുടെ കാലം!. ചക്കക്കാലം വന്നാല്‍ പിന്നെ, ചക്കയും, ചക്കക്കുരുവും, മാങ്ങയും അടുക്കള കീഴടക്കും. അഞ്ചുകറിയും ഇഞ്ചിനാരങ്ങയും ചക്കയില്‍ നിന്നുല്പാദിപ്പിക്കും; ആവശ്യത്തിനും, അനാവശ്യത്തിനുമുള്ള ഗ്യാസും ഉല്‍പ്പാദിപ്പിക്കും! ഏതായാലും നിന്ന നില്‍പ്പില്‍  ചക്ക പറിച്ചു വേവിച്ചു തിന്നിട്ടേ മദാമ്മ അടങ്ങിയുള്ളു. ഒരെണ്ണം പഴുപ്പിക്കാനും വെച്ചു


                                           എന്റെ കൃഷിത്തോട്ടം. ഇന്‍സെറ്റില്‍ കശുമാവിന്‍ പഴം.


                  കൊക്കോ ചെടിയും, പഴുത്ത കായയും.
   
പഴുത്ത  കൊക്കൊക്കായ തിന്നു നോക്കിയിട്ടു പറഞ്ഞു, "Very nice fruit". ആക്രാന്തം കാണിച്ചു കൂടുതല്‍ കഴിച്ചാല്‍ ആശുപത്രിയില്‍ പോകേണ്ട വരുമെന്നു പറഞ്ഞപ്പോള്‍, ഒന്നു ഞെട്ടി.(സാധാരണയായി മരപ്പട്ടിയാണ് ഇത്രയും ആക്രാന്തത്തോടെ കൊക്കൊക്കായ്‌ തിന്നാറുള്ളത്.) പിന്നെ ഞങ്ങള്‍തോട്ടത്തിന്റെ അതിരില്‍ക്കൂടി ഒഴുകുന്ന പുഴയില്‍ ഇറങ്ങി.

                                                ഞാന്‍ സഹോദരിയോടൊപ്പം പുഴക്കരയില്‍.
  
           "ന്യൂയോര്‍ക്കിലേക്കു പുഴയും കൂടി കൊണ്ടുപോയാലോ..ന്നു"  മദാമ്മ ഒരു നിമിഷം ചിന്തിച്ചോന്നൊരു സംശയം. ഏതായാലും, പണ്ടു കോഴിക്കോടു സാമൂതിരി പറഞ്ഞ കഥ ഞാനും പറഞ്ഞു കൊടുത്തു. തോട്ടത്തിലെ ചെറുതും വലുതുമായ സകല കായ്‌കനികളും രുചിച്ചു നോക്കിയിട്ട്, അഭിപ്രായം പറയുകയും, ഈ വക സാധനങ്ങളൊന്നും ന്യൂയോര്‍ക്കില്‍ കിട്ടുന്നില്ലല്ലോ എന്നു പരാതി പറയുകയും ചെയ്യുകയായിരുന്നു അന്നത്തെ പ്രധാന പരിപാടി.

          കേരള വിഭവങ്ങളെല്ലാം വളരെ താല്പര്യത്തോടു കൂടി ഉച്ചക്കു കഴിച്ച മദാമ്മ, വൈകുന്നേരമായപ്പോഴേക്കും, അടുക്കളയില്‍ കയറി സകല പാത്രങ്ങളുടെയും, മൂടി പൊക്കി നോക്കി,  വിഭവങ്ങളും കറികളും, എല്ലാം രുചിച്ചും മണത്തും നോക്കി, അതിന്റെയെല്ലാം പാചകവിധിയും കൂടി പറഞ്ഞു കൊടുക്കുവാന്‍ എന്റെ ശ്രീമതിയോട് ആവശ്യപ്പെട്ടു. തിരിച്ചു പോകുംപോഴേക്കും മദാമ്മയെ ഈ ഭൂമിയിലെ ഏറ്റവും വലിയ പാചക വിദഗ്ദ്ധയാക്കാം എന്നു ശ്രീമതി വാക്കു കൊടുത്തപ്പോള്‍, മദാമ്മക്കു പെരുത്തു സന്തോഷം.!

            പിറ്റേന്നൊരു  ഞായറാഴ്ചയായിരുന്നു. പള്ളിയില്‍ പോകാന്‍നേരത്തു പെങ്ങള്‍  ഒരു സാരി കൊണ്ടുവന്നു മദാമ്മയെ ഉടുപ്പിച്ചു. ഇടവകയിലെ സകല കുഞ്ഞാടുകളും, വി. കുര്‍ബ്ബാനയുടെ ഇടയ്ക്കു മദാമ്മയേയും നോക്കി, പലവിചാരപ്പെടുമല്ലോ... എന്റെ കര്‍ത്താവേ, എന്നു ഞാന്‍ മനോഗതപ്പെട്ടു. (എന്റെ നാട്ടുകാര്‍ ഇതുവരെ കാണാത്ത ഒരു സംഭവത്തെയാണല്ലോ ഞങ്ങള്‍ പള്ളിയിലേക്കു കെട്ടി എഴുന്നള്ളിക്കുന്നത്!)
                   
                                                   പള്ളിയിലേക്കു പുറപ്പെടുന്നതിനു മുന്‍പു വീട്ടില്‍.
           
         വിശുദ്ധ  കുര്‍ബ്ബാനയും കഴിഞ്ഞു വീട്ടിലെത്തി, പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ വയനാട്ടിലേക്കു പുറപ്പെട്ടു. വയനാട്ടില്‍ പോയിട്ടില്ലാത്തവര്‍ക്കു വേണ്ടി ഒരു ചെറിയ വിവരണം:  താമരശ്ശേരി- അടിവാരത്തു നിന്നും ഒന്‍പതു മൈല്‍ ദൂരമാണു വയനാട് ചുരം. അടിവാരം മുതല്‍ ലക്കിടി വരെ, ഒന്‍പതു മൈല്‍ ദൂരവും, അതില്‍ ഒന്‍പതു ഹെയര്‍പിന്‍ വളവുകളുമുണ്ട്. പണ്ട്, സായിപ്പു മല മുകളില്‍ എത്താന്‍ മാര്‍ഗ്ഗമൊന്നും കാണാതെ വിഷണ്ണനായപ്പോള്‍, ഒരു പണിയനാണ്  ഈ വഴി കാണിച്ചു കൊടുത്തത്. പ്രത്യുപകാരമായിട്ടു സായിപ്പ്‌, പണിയന്റെ നെഞ്ചത്തേക്കു നിറയൊഴിച്ചിട്ട്, "You dirty devil go to hell"എന്നു പറഞ്ഞു.

                                                                   വയനാട് ചുരത്തില്‍ 

    പില്‍ക്കാലത്ത്‌ സായിപ്പ്‌ റോഡു വെട്ടി വണ്ടിയോടിച്ചു പോയപ്പോള്‍, സകല വണ്ടികളും കൊക്കയിലേക്കു മറിച്ചും, തലകുത്തി മറിച്ചും പണിയന്‍ അര്‍മ്മാദിച്ചു് ആഘോഷിച്ചു; പകരം വീട്ടി. നിവൃത്തിക്കായി സായിപ്പൊരു മന്ത്രവാദിയെക്കൊണ്ടു വന്നു്, പണിയനെ ചുരത്തിനു മുകളിലുള്ള ഒരു മരത്തില്‍, ഒരു വലിയ ചങ്ങലയാല്‍ ബന്ധിച്ചുവെന്നുമാണ് ഐതീഹ്യം. കഥ എന്തായാലും, ഏകദേശം നാല്പതു വര്‍ഷമായിട്ടു ഞാന്‍ ആ മരവും ചങ്ങലയും കാണുന്നുണ്ട്. ഇതു വരെ മരത്തിനു വളര്‍ച്ചയോ, ചങ്ങലക്കു തേയ്മാനമോ ഒന്നും ഉണ്ടായിട്ടില്ല എന്നുള്ളത്  എന്നിലെന്നും അത്ഭുതം ഉളവാക്കുന്നു.


                                                                        വയനാട് ചുരത്തില്‍

         യാത്രാ മദ്ധ്യേ ഈ കഥകളെല്ലാം, വള്ളി പുള്ളി തെറ്റാതെ പൊടിപ്പും തൊങ്ങലും വെച്ചു ഞാന്‍ മദാമ്മക്കു വിവരിച്ചു കൊടുത്തു. സായിപ്പിന്റെ വീരക്രൂരകൃത്യങ്ങള്‍ കേട്ടു പുളകിതയായോ എന്നു ഞാന്‍ ചോദിച്ചില്ല. പക്ഷെ, മദാമ്മയേയും കൂട്ടി (ഇവളും സായിപ്പിന്റെ ബാക്കിയല്ലേ..?) ചുരം കയറിവരുന്ന എനിക്കിട്ടു പണിയന്‍ "പണി" തരുമോ എന്നൊരു ചെറിയ ഉള്‍ഭയം ഉണ്ടായി.

                                                                 വയനാട് ചുരത്തില്‍

                          ശ്രീമാന്‍ പണിയനോടൊപ്പം. പനിയനെ ബന്ധിച്ച ചങ്ങലയും മരവും കാണാം.
      വണ്ടി മറിക്കാതിരിക്കാന്‍ പണിയനു  സഞ്ചാരികള്‍ കൈക്കൂലി കൊടുക്കുന്ന ഭണ്ടാരപ്പെട്ടിയാണു പിന്നില്‍.

        വയനാടന്‍  ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണു പൂക്കോട് തടാകവും, ബാണാസുര സാഗറും. മലമുകളില്‍ എത്തിയ ഞങ്ങള്‍ ആദ്യം പൂക്കോട് തടാകത്തിലേക്കു പോയി. വനത്തിനു നടുവിലെ തടാകം, പ്രകൃതി കനിഞ്ഞു നല്‍കിയ അതിസുന്ദരമായ കാഴ്ചയാണ്. തടാകത്തിനു ചുറ്റിയ നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു. പാതയോരത്ത് ഒരാനയെ തളച്ചിട്ടുണ്ട്. ആനപ്പുറത്ത് കയറാന്‍ താല്പര്യമുള്ളവര്‍ക്ക് കാശ് കൊടുത്തു  കാര്യം സാധിക്കാം. കൊമ്പനാനകളെല്ലാം സമരതിലായത് കൊണ്ടായിരിക്കാം, അതോ ഇനി വനിതാ സംവരണം ആയതു കൊണ്ടോ, പിടിയാനപ്പുറത്തായിരുന്നു  സവാരി ഗിരിഗിരി. 

       ആനയെക്കണ്ടപ്പോള്‍, ആനയോടൊത്തു് ഒരു ഫോട്ടോ എടുക്കുവാന്‍ മോഹം. 40 രൂപ കൊടുത്തു പഴം മേടിച്ചു, ആനക്ക് കൊടുത്തിട്ടു കാര്യം സാധിച്ചു.. നാട്ടുകാരുടെ ദക്ഷിണയായിട്ടു ക്വിന്‍റല്‍ കണക്കിനു പഴം കൊടുത്താല്‍, ആനക്കു വല്ല പ്രമേഹവും പിക്കാന്‍ സാധ്യതയുണ്ടെന്നു ഞാന്‍ ആനക്കാരന്‍ സാറിനെ അറിയച്ചു. കാട്ടനയാണ്, ഉപദ്രവിക്കാന്‍ സാദ്യതയുണ്ടെന്നു പറഞ്ഞപ്പോള്‍, "I don't care" എന്നായിരുന്നു മദാമ്മയുടെ മറുപടി. മാത്രമല്ല, കാട്ടുപന്നി, കടുവാ മുതലായ ക്ഷുദ്ര ജീവികളെയൊന്നും തെല്ലും ഭയമില്ലെന്നും കൂടി പറഞ്ഞു.

ആനയും മദാമ്മയും,

                                                                    പിന്നെ ഞാനും.

                                                                            പൂക്കോട്  തടാകം.

                                                                        തടാകക്കരയില്‍.

 


                                          വയനാട്ടിലെ തേയിലത്തോട്ടങ്ങള്‍ ഒരു ഹൃദ്യമായ കാഴ്ചയാണ്.

   പിന്നീടു ഞങ്ങള്‍ ബാണാസുര സാഗരിലേക്ക് യാത്ര തിരിച്ചു. മണ്ണു കൊണ്ടു നിര്‍മ്മിച്ച ഒരു അണക്കെട്ടാണ് ബാണാസുരസാഗര്‍. ധാരാളം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. ഇവിടെ സ്പീഡ്‌ ബോട്ടിംഗ് സൌകര്യമുണ്ട്. വയസ്സുകാലത്ത്, വെള്ളംകുടിച്ചു മരിക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടു ഞാന്‍ സ്പീഡ്‌ ബോട്ടില്‍ കയറിയില്ല.
ആഘോഷമായിട്ടു  വയനാടു ചുറ്റിക്കറങ്ങി, വൈകുന്നേരത്തോടെ ഞങ്ങള്‍ വീട്ടില്‍ എത്തി.


                                                    കക്കാടംപൊയിലില്‍ നിന്നുള്ള ഒരു കാഴ്ച.

        പിറ്റേ ദിവസം ഞങ്ങള്‍, എന്റെവീട്ടില്‍ നിന്നും വളരെ അടുത്തുള്ള കക്കാടം പൊയില്‍ എന്ന സ്ഥലത്തേക്കാണു പോയത്. അടുത്ത പ്രദേശങ്ങളായ നായാടംപോയില്‍, തോട്ടപ്പള്ളി, വാളംതോട്, വേണ്ടെക്കുംപോയില്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കക്കാടംപൊയിലില്‍ നിന്ന്, അഞ്ചു കിലോമീറ്ററോളം അകലെയുള്ള കുറാമ്പുഴയിലും പോയി. കുറാമ്പുഴയിലെ കോഴിപ്പാറ വെള്ളച്ചാട്ടം, ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒന്നാണ്.  വേനലായത് കൊണ്ടു, വെള്ളച്ചാട്ടം ആസ്വദിക്കുവാന്‍ കഴിഞ്ഞില്ല. അവിടെ ഒന്നുരണ്ടു പേര്‍ കുളിക്കുന്നതു കണ്ടപ്പോള്‍, "ഇവിടെയൊന്നു കുളിച്ചാലോ?" എന്നു മാദാമ്മ ചോദിച്ചു. വെറുതേ നാട്ടുകാര്‍ക്കു പണിയുണ്ടാക്കല്ലേ...ന്നു ഞാന്‍ കരഞ്ഞു പറഞ്ഞത് കൊണ്ട്, ഒരു വലിയ അത്യാഹിതം ഒഴിവായിക്കിട്ടി.


                                                                              കുറാമ്പുഴ

                                                             കോഴിപ്പാറ വെള്ളച്ചാട്ടം.(അടുത്തുനിന്ന്)

                                                                 കോഴിപ്പാറ വെള്ളച്ചാട്ടം.
                                    ഈ വെള്ളച്ചാട്ടത്തില്‍, പലരുടെ ജീവനും പൊലിഞ്ഞു പോയിട്ടുണ്ട്.

      കുറാംപുഴയില്‍ നിന്നു ഞങ്ങള്‍ നിലമ്പൂരിലേക്കു യാത്ര തിരിച്ചു. അവിടെനിന്നു, ഏകദേശം പത്തു കി.മീ. ദൂരെയാണ് നിലമ്പൂര്‍. നിലമ്പൂരിലെ തേക്ക്  ഡിപ്പോയിലും, പ്ലാന്റെഷനിലും, അവിടത്തെ പ്രസിദ്ധമായ തേക്കിന്റെ അടുത്തും പോയി. വൈകുന്നേരത്തോടെ വീട്ടിലെത്തി. കുളിയും, പ്രാര്‍ഥനയും, അത്താഴവും, സൊറ പറച്ചിലും  കഴിഞ്ഞു,  ഞങ്ങള്‍ കിടന്നപ്പോള്‍ സമയം വളരെ വൈകി. പിറ്റേന്നു രാവിലെ മദാമ്മ തിരിച്ചു പോവുകയാണ്. "ഒരു അണ്‍ ഓതറൈസ്ഡ്  ഗൈഡ്‌" എന്ന നിലക്ക്, രാവിലെ മദാമ്മ തരുന്ന ഗിഫ്റ്റും, (U.S.Dollars) സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി.

       വെളുപ്പിനു നാലുമണിയോടെ, മദാമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. 'ബണ്ടി ചോര്‍' താരമായിരുന്ന കാലം, വല്ല കള്ളന്മാരും വീട്ടില്‍ കയറിയോ എന്നു ഞാന്‍ ഭയന്നു. പെട്ടെന്നു ലൈറ്റുകള്‍ ഇട്ടു, ഇരട്ടക്കുഴല്‍ തിരത്തോക്കുമായി ഞാന്‍ പുറത്തേക്കു ചാടി. മദാമ്മ പേടിച്ചരണ്ടു നില്‍ക്കുകയാണ്. "A demon creature in the bath room, kill it - kill it." മദാമ്മ കിതച്ചു കൊണ്ടു പറഞ്ഞു. ഇനി സത്യമായിട്ടും വല്ല പ്രേതാത്മാവും, ബാത്ത്‌റൂമില്‍ ഒളിക്യാമറ ഫിറ്റ് ചെയ്യാന്‍ കയറിയതാണോ, എന്നു ഞാന്‍ ശങ്കിച്ചു. പതുക്കെ ചെന്നു നോക്കിയപ്പോളല്ലേ..... ഒരു വലിയ എട്ടുകാലി. തോക്കിന്റെ ആവശ്യം വന്നില്ല; അവിടെയിരുന്ന ഒരു ചൂലുകൊണ്ടു ഞാന്‍ അവനെ വധിച്ചു. അങ്ങനെ, കൊമ്പനാന വന്നാലോന്നു ചോദിച്ചാല്‍.. "I DON'T CARE" എന്നു പറയുന്ന മദാമ്മയുടെ ഉറക്കം കെടുത്തിയത്, ഒരു ചിന്നന്‍ എട്ടുകാലി.!

        രാവിലെ തന്നെ മദാമ്മ വീടിന്റെ പിറകില്‍ പോയിട്ട്, എട്ടുകാലി വന്ന വഴി കണ്ടെത്തി. വീടിനോടു ചേര്‍ന്നു നില്‍ക്കുന്ന കൊക്കോ മരത്തിന്റെ ചില്ലയില്‍ കൂടിയാണ് എട്ടുകാലി വന്നതെന്നും, എത്രയും വേഗം കൊക്കോയുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റണം എന്നും, അല്ലെങ്കില്‍ അപകടമാണെന്നും എനിക്കു മുന്നറിയിപ്പു തന്നു. ഏതായാലും പറമ്പു മുഴുവന്‍ കോണ്‍ക്രീറ്റ് ഇടണമെന്നു പറഞ്ഞില്ല; ദൈവത്തിനുസ്തോത്രം!

       രാവിലെ കാപ്പികുടിയും കഴിഞ്ഞു, " THANK YOU FOR EVERYTHING " പറഞ്ഞുകൊണ്ടു മദാമ്മ ന്യൂയോര്‍ക്കിലേക്കു യാത്രയായി. അടുത്ത വര്ഷം വീണ്ടും വരാമെന്നു പറഞ്ഞു. കൊതിപ്പിക്കാനായിരിക്കും; അതോ ചക്കക്കൊതിയോ..?