Tuesday, August 17, 2010

Bookmark and Share

അവറാന്‍ അന്തരിച്ചു.

എന്റെ ബഹുമാന്യ സുഹൃത്തും, പില്‍ക്കാലത്ത്‌ പേര് കേട്ട സാഹിത്യകാരനുമായ ശ്രീ.നിലംബൂരാന്‍, പത്താം ക്ലാസ്സ് കഴിഞ്ഞു മറ്റു ഗത്യന്തരമോന്നുമില്ലാതെ, ബുദ്ധി ജീവി ചമഞ്ഞു നടക്കുന്ന കാലം. മുട്ടോളം ഇറക്കമുള്ള ഒരു കാവി ജുബ്ബയും, ഊശാന്‍ താടിയും, തോളിലൊരു പുസ്തക സഞ്ചിയും, കയ്യില്‍ ചുരുട്ടിപ്പിടിച്ച ഏതെങ്കിലുമൊരു "മ" പ്രസിദ്ധീകരണവും - അതായിരുന്നു അന്നത്തെ ബുദ്ധിജീവി സങ്കല്പം. നിര്‍ബ്ബന്ധമായും കഞ്ഞാവ്‌ വലിക്കണം, വല്ലപ്പോഴുമെങ്കിലും അല്‍പ്പം വാറ്റുചാരായം കുടിക്കണം, നിവൃത്തിയുണ്ടെങ്കില്‍ കുളിക്കരുത് എന്ന് തുടങ്ങി, ബുദ്ധിജീവികള്‍ക്ക് മാത്രമായി ചില നിയമങ്ങള്‍ നിലനില്‍ക്കുന്ന കാലം. സാഹിത്യകാരനാകാന്‍ പത്താം ക്ലാസ് തന്നെ ആവശ്യമില്ല എന്ന ഉറച്ച വിശ്വാസം, ശ്രീ നിലംബൂരാന്റെ ഉപരി പഠനത്തിനു തടയിട്ടു. നിലമ്പൂരിലെ നിലമെല്ലാം, തിരുവതാംകൂറില്‍ നിന്ന് ചേട്ടന്മാര്‍ വന്നു വാങ്ങി കൃഷിയിറക്കി, ഇനി ബാക്കി മാത്രമേ ഉള്ളല്ലോ എന്ന ചിന്ത കേറിയപ്പോള്‍, കഥ എഴുത്താണ് തന്റെ ജീവിതമാര്‍ഗം എന്ന നിലംബൂരാന്റെ തിരിച്ചറിവിനെ കുറ്റം പറയരുതല്ലോ. അങ്ങനെ, ഒരു കഥാ ബീജം വീണു കിട്ടുമോ എന്നറിയാന്‍, നിലമ്പൂര്‍ ചെട്ടിയങ്ങാടിയില്‍ക്കൂടി തെക്ക് വടക്ക് നടന്നപ്പോഴാണ്, എന്തുകൊണ്ട് അവറാനേക്കുറിച്ച് ഒരു കഥ ആയിക്കൂടാ? എന്ന ചിന്ത തലയിലുദിച്ചത്. ഉടനെ തന്നെ കയ്യിലിരുന്ന കടലാസില്‍ കഥയുടെ തലക്കെട്ട്‌ എഴുതിയിട്ടു -"അവറാന്‍ അന്തരിച്ചു."
ഇനി അവറാനേ വായനക്കാര്‍ക്ക് പരിചയപ്പെടുത്താം. സംഭവം നടക്കുന്നത് 1970 കളില്‍. ഒരു കാലിനു സ്വാധീനക്കുറവും, അല്‍പ്പം അനാരോഗ്യവും ഉള്ള അവറാന്‍, നിലമ്പൂര്‍ പോലിസ് സ്റ്റേഷന്റെ മുന്‍പില്‍ ചെറിയൊരു പെട്ടിക്കട നടത്തുന്നു. കഞ്ചാവും വാറ്റുമാണ് പ്രധാന കച്ചവടം. നമ്മുടെ കഥാകൃത്തിനു ഒരു അടിയന്തര ഘട്ടത്തില്‍, കഞ്ചാവ് കടം കൊടുത്തില്ല എന്നത് അവറാന്‍ ചെയ്ത തെറ്റ്. അവരാനോടുള്ള കലി, എഴുതിത്തീര്‍ക്കാനുള്ള ഉറച്ച തീരുമാനവുമായി നമ്മുടെ കഥാകൃത്ത്‌ മുന്നോട്ട്.
കഥ തുടരുന്നു:- "ഒരു സുപ്രഭാതം പൊട്ടിവിടര്‍ന്നത്, അവറാന്റെ ചരമ വാര്‍ത്തയുമായിട്ടായിരുന്നു. അവറാന്റെ അന്ത്യത്തോടെ നിലമ്പൂരില്‍ കടുത്ത കഞ്ചാവ് ക്ഷാമം ഉണ്ടായി. ഉണ്ടായപ്പോള്‍ രണ്ടായി പ്രശ്നങ്ങള്‍. വാറ്റു ചാരായവും കിട്ടാനില്ല. നിലമ്പൂരിലെ ബുദ്ധിജീവികളും, നവയുവാക്കളും, കഞ്ചാവും വാറ്റും കിട്ടാതെ ഭ്രാന്തു പിടിച്ച് തലങ്ങും വിലങ്ങും ഓടി." ഇത്രയും എഴുതിട്ടു ബാക്കി ചമയങ്ങളൊക്കെ നാളെയാകാം എന്ന് തീരുമാനിച്ച് കഥാകൃത്ത് വീട്ടില്‍ പോയി സുഖമായൊന്നുറങ്ങി.
സമയം പിറ്റേ ദിവസം രാവിലെ: അവറാന്റെ കാര്യത്തില്‍ അറം പറ്റി. സത്യമായിട്ടും അവറാന്‍ മരിച്ചു. പക്ഷെ എന്റെ സുഹൃത്ത്‌ സകല്പ്പിച്ചത് പോലെ യാതൊന്നും അവിടെ സംഭവിച്ചില്ല. മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞയുടനെ, അവറാന്റെ മച്ചുനന്‍, മറ്റൊരു തെണ്ടി ആ ദൌത്യം ഏറ്റെടുത്ത്, പൂര്‍വാധികം ശക്തിയോടെ, പ്രസ്ഥാനം നിലനിര്‍ത്തി. കഥ പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലെങ്കിലും, ഒരാളെയെങ്കിലും എഴുതിക്കൊല്ലാന്‍ കഴിഞ്ഞല്ലോ എന്ന് എന്റെ സുഹൃത്തിന് ചാരിതാര്‍ത്ഥ്യം.

2 comments:

jayanEvoor said...

കാലാ.... കാലമാടാ!

ഇനി മേലിൽ വേറാരോടും ഇതു ചെയ്യല്ലേ. അച്ചായാ!

മുകിൽ said...

"മ" പ്രസിദ്ധീകരണവും " aayirunno? Chinta, muthalaayavayute copy alle pathivu? vaayichillenkilum!
entayalum kollam. rasichu.