Sunday, September 12, 2010

Bookmark and Share

നായാട്ടു നിരോധിച്ചിട്ടില്ല.

മലബാറിലെ ആദ്യ കുടിയേറ്റ കാലം. ഞങ്ങളടക്കം ആറേഴു വീട്ടുകാര്‍ അന്നവിടെ താമസമുണ്ട്. എല്ലാവരുടെയും കൃഷി സ്ഥലത്തിന്റെ മുകള്‍ ഭാഗം വനമാണ്. ഇഷ്ട്ടംപോലെ കാട്ടുമൃഗങ്ങള്‍. കൃഷിയിടങ്ങളില്‍ കാട്ടാന ഒരു നിത്യ സന്ദര്‍ശകനാണ്. കാട്ടാനകള്‍ കൃഷി നശിപ്പിക്കാറണ്ടായിരുന്നു, ഒരിക്കലും ആള്‍ക്കാരെ ഉപദ്രവിച്ചില്ല. മുളകൊണ്ടൊരു വീടുണ്ടാക്കി, പുല്ലുകൊണ്ട് മേല്‍ക്കൂരയും. അതായിരുന്നു എല്ലാവരുടെയും വീട്.

ഞങ്ങളുടെ അയല്‍വാസിയായ കുഞ്ഞേട്ടന്റെ വീട് ചരിഞ്ഞ സ്ഥലത്തായിരുന്നു. അതുകൊണ്ട്, വീടിനായിട്ടു മണ്ണ് നിരത്തിയപ്പോള്‍, വീടിനു പിന്നില്‍ ഒരാള്‍ പൊക്കത്തില്‍ ഒരു തിട്ട രൂപപ്പെട്ടിരുന്നു. യാദൃശ്ചികമായി ഒരു ദിവസം രാവിലെ പറമ്പിലേക്ക് കയറിയപ്പോള്‍, ഒരു അസാധാരണ കാഴ്ച കണ്ടു. വീടിനു പിന്നിലുള്ള തിട്ടയുടെ മുകളില്‍, തലേ ദിവസം താന്‍ മൂത്രമൊഴിച്ച സ്ഥലത്ത്, ഏകദേശം ആറിഞ്ചു താഴ്ചയും വ്യാസവുമുള്ള ഒരു കുഴി. എത്ര തലപുകഞ്ഞ് ആലോചിച്ചിട്ടും ഒരു പിടീം കിട്ടിയില്ല. വൈകുന്നേരം, സ്ഥല വാസിയും നായാട്ടുകാരനുമായ തോമ്മാച്ചേട്ടനെ കണ്ടപ്പോള്‍ കാര്യം അവതരിപ്പിച്ചു. അന്ന് സര്‍ക്കാര്‍ നായാട്ടു നിരോധിച്ചിട്ടില്ല.

"മണ്ടച്ചാരെ, അത് മ്ലാവാണ്'(മലബാറില്‍ ഇതിനെ മലാന്‍ എന്നാണ് പറയുന്നത്)തോമ്മാച്ചേട്ടന്‍ പറഞ്ഞു. "ബുദ്ധിപൂര്‍വ മുള്ള നീക്കം കൊണ്ട് നമുക്കവനെ പിടിക്കാം." എങ്ങനെ?" കുഞ്ഞേട്ടന്‍ ചോദിച്ചു. "താനൊരു കാര്യം ചെയ്യ്, രണ്ട് മൂന്നു ദിവസം വൈകുന്നേരം, കുറച്ച് ഉപ്പും ചാരവും കൂടി കുഴച്ച് ആ കുഴിയിലിട്, എന്നിട്ട് എന്നെ വിവരം അറിയിക്കു." ഇതും പറഞ്ഞ്‌ തോമ്മാച്ചേട്ടന്‍ പോയി. കുഞ്ഞേട്ടന് കിട്ടിയ നിര്‍ദ്ദേശം, അപ്പാടെ നടപ്പാക്കി. അപ്പോഴേക്കും കുഴി അത്യാവശ്യം വലുതായി. വിവരമറിഞ്ഞ തോമ്മാച്ചേട്ടന്‍ അടുത്ത നടപടിയും നിര്‍ദ്ദേശിച്ചു. "ഒരു നെല്ലിക്കാ വലിപ്പത്തില്‍ ഉപ്പെടുത്ത്, ഒരു ചെറിയ തുണികഷ്ണത്തില്‍ കിഴി കെട്ടി, ഉപ്പും ചാരോം ഇടുന്ന കൂട്ടത്തില്‍ ഇട്ടു വെക്ക്. ഞാന്‍ നാളെ ഇങ്ങു വരാം." ഇതും പറഞ്ഞ്‌ തോമ്മാ ച്ചേട്ടന്‍ ഇറങ്ങി.

"ഇന്നലെത്തെ സാധനമെല്ലാം അവന്‍ തിന്നോ?" പിറ്റേ ദിവസം വന്നു കയറിയ പാടെ തോമ്മാച്ചേട്ടന്‍ ചോദിച്ചു. കുഞ്ഞേട്ടന്‍ സമ്മത ഭാവത്തില്‍ തലയാട്ടി. "എന്നാല്‍, അവനുള്ള മരുന്ന് ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്." ഇതും പറഞ്ഞ്‌, മടിയില്‍ നിന്ന് ഒരു പന്നിപ്പടക്കം എടുത്തു കുഞ്ഞേട്ടനെ കാണിച്ചു. ( പന്നിപ്പടക്കം എന്നു പറഞ്ഞാല്‍, കാട്ടു പന്നിയെ പിടിക്കാനായി ഉണ്ടാക്കുന്ന, ഭയങ്കര സ്ഫോടക ശേഷിയുള്ള ഒരു തരം പടക്കമാണ്. ഇത് പൊട്ടാന്‍ തീയുടെ ആവശ്യമില്ല, സമ്മര്‍ദ്ദം കൊണ്ടാണ് പൊട്ടുന്നത്). അത് കഴിഞ്ഞു രണ്ടുപേരും കൂടെ, തലേ ദിവസം ഉപ്പ്‌ കിഴി കെട്ടിയതുപോലെ, പടക്കത്തിനെ ഉപ്പ്‌ നനച്ച ഒരു തുണിക്കഷ്ണത്തില്‍ കിഴി കെട്ടി പഴയ കുഴിയില്‍ കൊണ്ടുപോയി ഇട്ടു. രാത്രിയാകുമ്പോള്‍ പടക്കം പൊട്ടുമെന്നും പറഞ്ഞ്‌ തോമ്മാച്ചേട്ടന്‍ പോയി.

രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ ഒരു അത്യുഗ്രന്‍ സ്ഫോടനം നടന്നു. വെടിയോച്ചയോട് കൂടി, എന്തോ വലിയ ഭാരമുള്ള ഒരു സാധനം പിറകു വശത്തെ മുറ്റത്തേക്ക്‌ വീഴുന്ന ശബ്ദവും കുഞ്ഞേട്ടന്‍ കേട്ടു. കുഞ്ഞേട്ടനും ഭാര്യയും കൂടി ഒരു ടോര്‍ച്ചുമായി ചെന്നപ്പോള്‍ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു ക്വിന്റലിന് മേലെ തൂക്കമുള്ള ഒരു കൊമ്പന്‍ മലാന്‍ മുറ്റത്തു കിടന്നു ശ്വാസം വലിക്കുന്നു. മൂക്കും ചുണ്ടും എന്നു വേണ്ട, കണ്ണിന്റെ ഇപ്പുറം ഉള്ള ഭാഗങ്ങളെല്ലാം പടക്കത്തിന്റെ ആഘാതത്താല്‍ മുറിഞ്ഞു തെറിച്ചു പോയി. ദയനീയമായ കാഴ്ച. നേരം വെളുത്തിട്ടു ബാക്കി കാര്യം തീരുമാനിക്കാം എന്നും പറഞ്ഞ്‌, രണ്ടുപേരും വീട്ടില്‍ കിടന്നുറങ്ങി.

ഉറക്കം നഷ്ട്ടപ്പെട്ട് കിടന്ന അവര്‍ പിറ്റേ ദിവസത്തെ കാര്യ പാരിപാടികള്‍ ആസൂത്രണം ചെയ്തു. "തോമ്മാചേട്ടന് കുറച്ച് കൊടുക്കാതിരിക്കാന്‍ പറ്റില്ല. വേറെ ആരെയും അറിയിക്കേണ്ട. ബാക്കിയുള്ളത് നമുക്ക് ചേരേല്‍ ഇട്ട് ഉണക്കി വച്ചാല്‍, ആറു മാസം കുശാലായിട്ടു തിന്നാം." എന്തായാലും ചേടത്തിക്ക്, ചേട്ടന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല. "എന്റെ ആങ്ങളമാര്‍ക്കു പകുതി കൊടുക്കണം. അവരു നമ്മളെ കൃഷിപ്പണിക്ക് ഒക്കെ സഹായിക്കുന്നോരല്ലേ? നന്ദി വേണ്ടേ മനുഷ്യാ?" ചേട ത്തിയുടെ ആവശ്യം ന്യായവും യുക്തവുമാണെന്നു കുഞ്ഞേട്ടനും സമ്മതിച്ചു.

പിറ്റേ ദിവസം അതിരാവിലെ കുഞ്ഞേട്ടന്‍, സ്വന്തമായിട്ടുണ്ടായിരുന്ന മലപ്പുറം കത്തിയും തേച്ചു മൂര്‍ച്ചകൂട്ടി, മലാന്റെ അടുത്തേക്ക് ചെന്നു. മലാന്റെ പിറകിലായി ഇരുന്നുകൊണ്ട്, തൊലി ഉരിക്കുന്നതിനായി പിന്കാലില്‍ പിടിച്ചു. അറിയാവുന്ന കുരിശും വരച്ചിട്ട്, മലാന്റെ കുളംബിന്റെ മുകള്‍ ഭാഗത്തായിട്ടു കത്തി വച്ച്‌ ഒരു വലി. കിടന്ന കിടപ്പില്‍ ഒരു തൊഴിയും കൊടുത്തിട്ടു മലാന്‍ അതിന്റെ പാട്ടിനു പോയി. കാര്യം മനസ്സിലാകാതെ മലര്‍ന്നടിച്ചു വീണ കുഞ്ഞേട്ടന് ഒരു കാര്യം ബോധ്യപ്പെട്ടു, മുന്‍ വശത്തെ നാല് പല്ലിരുന്ന സ്ഥലം ശൂന്യമാണ്, പോരെങ്കില്‍ തലക്കൊരു പെരുപ്പും. "ഇഞ്ചി കൃഷിയും നായാട്ടും, എല്ലാവര്ക്കും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, വീട്ടിലിരിക്കുന്ന പെണ്ണും പിള്ളക്ക് ഊമ്പാനും യോഗം വേണം". ആത്മഗതമെന്നോണം കുഞ്ഞേട്ടന്‍ പറഞ്ഞു. കുഞ്ഞേട്ടന്‍ വിവരം പറഞ്ഞില്ലെങ്കിലും, വെടിയൊച്ച ലക്ഷ്യമാക്കി വന്ന അയല്‍ക്കാര്‍ കണ്ടത് "അണ്ടി പോയ അണ്ണാനെ"പ്പോലെ ഇരിക്കുന്ന കുഞ്ഞേട്ടനെ യാണ്. "തനിക്കതിന്റെ കുതികാല്‍ വെട്ടിയിടാനുള്ള ബുദ്ധിപോലും ഇല്ലാതെ പോയല്ലോടോ" എന്ന് ഏതോ ഒരു വിവരദോഷി ചോദിച്ചതും, വായില്‍ക്കൂടി ഒഴുകിക്കൊണ്ടിരുന്ന ചോര സഹിതം, "ഫൂ" എന്നൊരു തുപ്പും തുപ്പിയിട്ട്, കുഞ്ഞേട്ടന്‍ അകത്തേക്ക് പോയി.

4 comments:

യരല‌വ said...

കഥ ഇഷ്ടായി; ഇതൊരു കഥയായി തന്നെയിരിക്കട്ടെ.

കമെന്റിടുന്നവന് കൈനീട്ടമായി വേര്‍ഡ് വെരിയും ഉണ്ട് അല്ലേ?

please remove word verification .

appachanozhakkal said...

Blogger യരല‌വ said...

കഥ ഇഷ്ടായി; ഇതൊരു കഥയായി തന്നെയിരിക്കട്ടെ.

കമെന്റിടുന്നവന് കൈനീട്ടമായി വേര്‍ഡ് വെരിയും ഉണ്ട് അല്ലേ?

please remove word verification .
--------------------------------------------
ഇതിലെ വന്നതിനു നന്ദി. ഇതൊരു കഥയല്ല, 1960 -61 -ല്‍, ഞങ്ങളുടെ മലയോര ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ്. പല്ല് പോയ ചരിത്രം മാത്രം ഞാന്‍ വായനക്കാര്‍ക്ക് വേണ്ടി മായം ചേര്‍ത്തു, എന്ന് സവിനയം സമ്മതിക്കുന്നു. കഥാ നായകന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, അദ്ദേഹം എന്നോട് പൊറുക്കട്ടെ.
Word verification is removed.

Akbar said...

കാര്യം മനസ്സിലാകാതെ മലര്‍ന്നടിച്ചു വീണ കുഞ്ഞേട്ടന് ഒരു കാര്യം ബോധ്യപ്പെട്ടു, മുന്‍ വശത്തെ നാല് പല്ലിരുന്ന സ്ഥലം ശൂന്യമാണ്,

ഹ ഹ ഹ നല്ല അവതരണം .

Echmukutty said...

ജാഗ്രതൈ!
മ്ലാവിനോട് കളിയ്ക്കരുത്!