Wednesday, September 1, 2010

Bookmark and Share

ഉടുമ്പ്.


       ഉടുമ്പ് - ഞാനാദ്യമായിട്ട്‌ ആ വാക്ക് കേള്‍ക്കുന്നത്, മൂന്നാം ക്ലാസ്സിലെ ശാരദ ടീച്ചറുടെ നാവില്‍ നിന്നാണ്. മൂന്നാം ക്ലാസ്സിലും എമ്പോശിഷന്‍ എഴുത്ത് നടപ്പിലായിരുന്ന കാലഘട്ടം. പത്തമ്പത് പിള്ളേരെ ഈരണ്ടു റൌണ്ട് അടി കഴിഞ്ഞ് അവശയായ ടീച്ചറുടെ നിവൃത്തികേടില്‍, "നിന്നെയൊക്കെ ഉടുമ്പിനെ ചതക്കുന്നത് പോലെ ചതക്കണം."എന്ന് മാത്രമേ പറഞ്ഞുള്ളൂ. എത്രയൊക്കെ തലപുകഞ്ഞാലോചിച്ചിട്ടും, ഞങ്ങള്‍ കുട്ടികളുമായിട്ടോ, എമ്പോശിഷനുമായിട്ടോ, ഉടുമ്പിനുള്ള ഒരു ബന്ധവും മനസ്സിലായില്ല.

     അന്നുകാലത്തെ മൂന്നാം ക്ലാസ്സുകാരന്, ഓട്ടമുക്കാല്‍, ഓന്ത്, ഓലപ്പന്ത്‌, ഓടിപ്പിടുത്തം, ഒറ്റക്കാലില്‍ ചാട്ടം മുതലായ വാക്കുകളില്‍ കൂടുതല്‍ അറിഞ്ഞിരിക്കേണ്ടതുമില്ല. "ഈ ഉടുമ്പെന്തു സാധനം?"എന്നറിയാനുള്ള ആകാംക്ഷയില്‍, അടുത്ത വീട്ടിലെ ജോര്‍ജുകുട്ടിയെ പോയിക്കണ്ടു. കണ്ടപ്പോളാണ്, വിവരദോഷത്തിന്റെ കാര്യത്തില്‍ നമ്മള്‍ മുന്നിലാണെന്ന് മനസ്സിലായത്‌.

           ജോര്‍ജുകുട്ടിയുടെ വീട്ടുകാര്‍ ഞങ്ങളെക്കാള്‍ മുന്‍പ് മലബാര്‍ കയറിയവരും, കാട്ടു ജന്തുക്കളുമായി കൂടുതല്‍ ഇടപഴകി യിട്ടുള്ളവരുമാണ്. മാത്രമല്ല ,അവന് എന്നെക്കാള്‍ മൂന്നു വയസ്സ് കൂടുതലുമുണ്ട്.

      ഓന്തിനെപ്പോലെ ,നാല് കാലും, അന്തസ്സുള്ള ഒരു വാലും സ്വന്തമായിട്ടുള്ള ഒരു ഭീകര ജീവിയാണ് ഉടുമ്പ് എന്നും, തല്ലിക്കൊന്നാല് മൂന്നാല് വീട്ടുകാര്‍ക്ക് തിന്നാനുള്ള ഇറച്ചി കിട്ടുമെന്നും, ഒരാളോളം വലിപ്പമുണ്ടെന്നും അവന്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് തള്ളിപ്പോയി. ഉടുമ്പ് രണ്ടു തരമുണ്ട്. പൊന്നുടുമ്പും മണ്ണുടുമ്പും. ഉടുമ്പ് ഉണ്ടായത് കൊണ്ടാണ് ഉടുമ്പന്നൂരും ഉടുമ്പന്‍ ചോലയും ഉണ്ടായത്. ഉടുമ്പില്ലാരുന്നെങ്കില്‍ കള്ളന്മാര്‍ കഷ്ട്ടപ്പെട്ടേനെ കാരണം, ഉടുമ്പിന്റെ വാലില്‍ തൂങ്ങിയാണ് അവര്‍ വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറിയിരുന്നത്.ഇത്രയൊക്കെ അവന്‍ പറഞ്ഞിട്ടും, ഏതു വിരോധത്തിന്റെ പേരിലാണ് ഉടുമ്പിനെ ചതക്കുന്നത് എന്ന് മാത്രം പിടി കിട്ടിയില്ല. ഉടുമ്പിന്റെ തൊലി ഉരിക്കാന്‍ എളുപ്പത്തിനാണ് അതിനെ ചതക്കുന്നതെന്ന് പില്‍ക്കാലത്ത് മനസ്സിലായി.

     വര്‍ഷങ്ങള്‍ക്കു ശേഷം, ഞങ്ങളെല്ലാം കുരുവേട്ടന്‍ എന്ന് വിളിക്കുന്ന കുര്യന്‍ ചേട്ടന്‍, "നീ കാട്ടില്‍ പോരുന്നോ നായാട്ടിന്?" എന്ന് എന്നോട് ചോദിച്ചു. കാട് കണ്ടിട്ടുണ്ടെങ്കിലും, ഞാന്‍ അതുവരെ കാട്ടില്‍ പോയിട്ടില്ലായിരുന്നു. ഏതായാലും കിട്ടിയ അവസരം വെറുതെ കളയണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. പിറ്റേന്ന് വെളുപ്പിന് ഞാനും കുരുവേട്ടനും കൂടി, ഒരു നാടന്‍ തോക്കും അനുസാരികളുമായിട്ടു കാട്ടിലേക്ക് പുറപ്പെട്ടു. (വെടിമരുന്നിന് പുറമേ, അവില്‍ ശര്‍ക്കര മുതലായ സാധനങ്ങളും, ഒരു വെട്ടുകത്തിയുമാണ് അനുസാരികള്‍.).കുരുവേട്ടന്‍ തോക്കുമായിട്ടു മുന്‍പിലും, ഞാന്‍ ഭാണ്ടക്കെട്ടുമായിട്ടു പിന്നിലുമായി യാത്രആരംഭിച്ചു.

    "കാട്ടില്‍ കയറിയാല്‍ പിന്നെ, ശബ്ദമുണ്ടാക്കരുത്, പെരുവിരല്‍ കുത്തി നടന്നോണം, ഉച്ചത്തില്‍ ശ്വാസം വിടരുത്, ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ കാട്ടില്‍ കയറിയ വിവരം ഒരു കൊതുകുപോലും അറിയരുത്."കുരുവേട്ടന്‍ താക്കീത് തന്നു. ഏതായാലും,"ശ്വാസം വിടരുതെന്ന് "പറഞ്ഞില്ലല്ലോ. അത് തന്നെസമാധാനം. ഒന്നൊന്നര മണിക്കൂര്‍ കാട്ടില്‍ക്കൂടി നടന്നിട്ടും, അന്ത്യമടുത്ത ഒരു ജീവിയും ഞങ്ങളുടെ മുന്നില്‍ വന്നില്ല. ഒരു കാട്ടരുവിയില്‍ ചെന്നിരുന്നു ഞങ്ങള്‍ അവിലും ശര്‍ക്കരയും കൂടി തിന്നു, കുറച്ചു വെള്ളവും കുടിച്ചു. വീണ്ടും കുറച്ചു ദൂരം പിന്നിട്ടപ്പോള്‍, കയ്യുയര്‍ത്തി കുര്വേട്ടന്‍ എനിക്ക് സിഗ്നല്‍ തന്നു. ഞാന്‍ രണ്ട് കൈകള്‍ കൊണ്ടും ചെവി പൊത്താമെന്നു വിചാരിച്ചപ്പോഴേക്കും ഒരു ഭയങ്കര വെടി പൊട്ടി. അല്‍പ്പ സമയത്തിനുള്ളില്‍ ഒരു മുയലിനെയും തൂക്കിപ്പിടിച്ച് കുരുവേട്ടന്‍ അടുത്തെത്തി. മുയലിനെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച്, ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു.
       മണിക്കൂറുകള്‍ നടന്നു കഴിഞ്ഞ്, ഞാന്‍ ക്ഷീണിതനാണ് എന്ന് പറഞ്ഞപ്പോള്‍, മടക്കയാത്ര ആരംഭിച്ചു. മടക്ക യാത്രയില്‍, രാവിലത്തെ പോലെയുള്ള ശ്രദ്ധയൊന്നും ഇല്ലായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ മുന്നില്‍ നിന്ന് ഒരു ജീവി ഓടി. "ഉടുമ്പ്" കുരുവേട്ടന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു. ഞങ്ങള്‍ അതിനെ പിന്തുടര്‍ന്ന് ചെന്നപ്പോള്‍ അതൊരു വലിയ മരത്തിലേക്ക് വലിഞ്ഞു കയറി. വീണ്ടും തോക്ക് ഗര്‍ജ്ജിച്ചു. ഉടുമ്പ് മൂക്കും കുത്തി താഴെ. ഞാനെടുത്തു നോക്കി. കഷ്ട്ടിച്ചു രണ്ടു കിലോ കാണും. മുഴുത്ത ഒരുഓന്തിനെപ്പോലെ.
      ഉച്ചയോടു കൂടി ഞങ്ങള്‍ മടങ്ങിയെത്തി. വീടിനടുത്തെത്താനായപ്പോള്‍, ഉടുമ്പിനെ എനിക്ക് തന്നിട്ട് മുയലിനെയുമായി കുരുവേട്ടന്‍ പിരിഞ്ഞു. ഞാന്‍ അതിനെ വീട്ടില്‍ കൊണ്ടുവന്ന് മുറ്റത്ത്‌ കിടന്ന ഒരു മരത്തടിയില്‍ വച്ചു. വീട്ടിലെല്ലാവരും വന്ന് ഉടുമ്പിന്റെ ഭംഗി ആസ്വദിച്ചു. ഞാന്‍ ഭക്ഷണം കഴിച്ചു വിശ്രമിക്കുപോഴാണ്, പുറത്തു പോയിരുന്ന എന്റെ നേരെ ഇളയ അനുജന്‍ വന്നത്. "ചേട്ടാ, ഉടുമ്പിന്റെ നാവ് പച്ചക്ക് വിഴുങ്ങിയാല്‍,വളരെ നല്ലതാണെന്ന് കേട്ടിട്ടുണ്ട്. ഞാനതെടുത്തോട്ടെ?" അവന്‍ എന്നോട് ചോദിച്ചു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വന്ന് എന്നോട് പറഞ്ഞു "ചേട്ടാ, ഉടുമ്പിന് നാവില്ല."

      ഇതെന്തൊരു കൂത്ത്? ഉടുമ്പിന് നാവില്ലെന്നോ?' ഞാന്‍ ആശ്ച്ചര്യപ്പെട്ടുകൊണ്ട് മുറ്റത്തേക്ക്‌ ഇറങ്ങിച്ചെന്നു. ഉടുമ്പിനെ തിരിച്ചും മറിച്ചും, വായ പൊളിച്ചും പരിശോധിച്ചു. നാവില്ലെന്നു മാത്രമാല്ല, ഉണ്ടായിരുന്നു എന്നുള്ളതിന് ഒരു അടയാളം പോലുമില്ലായിരുന്നു. അപ്പോള്‍, ഒന്‍പതു വയസ്സുകാരനായ എന്റെ ഏറ്റവും ഇളയ അനുജന്‍ വന്ന് കാര്യം തിരക്കി. സംഗതികള്‍ കേട്ടപ്പോള്‍ അവന്‍ പറഞ്ഞു"വല്യേട്ടന്‍ അനാവശ്യമായ കാര്യങ്ങളില്‍ഇടപെടരുത്. ഉടുമ്പിന് നാവില്ലതെയും ജനിക്കാം. കാക്ക മുട്ടയിടുകയും പ്രസവിക്കുകയും ചെയ്യും. ഇത്തരം നിസ്സാര കാര്യങ്ങള്‍ ആലോചിച്ചു തല പുണ്ണാക്കാതെ ചേട്ടന്മാര്‍ വേറെ പണി എന്തെങ്കിലും നോക്ക്."

    ഒരാഴ്ച കഴിഞ്ഞാണ് എനിക്ക് സത്യാവസ്ഥ മനസ്സിലായത്‌. ഉടുമ്പിനെ ഞാന്‍ കൊണ്ടുവന്ന് വച്ച് അകത്തേക്ക് പോയ പിറകെ എന്റെ കുഞ്ഞനുജന്‍ വന്ന്, ആരും കാണാതെ അതിന്റെ നാവ് പിഴുതെടുത്ത്‌ വിഴുങ്ങി. അതാണ്‌ ഇഷ്ട്ടന്‍ ഇത്രയും പ്രകോപിതനായത്.

11 comments:

ഉനൈസ് said...

അപ്പച്ചോ,നന്നായിരിക്കുന്നു ...

krishnakumar513 said...

ഉടുമ്പ് പുരാണം നന്നായിരിക്കുന്നു,കേട്ടോ!!

poor-me/പാവം-ഞാന്‍ said...

ആദ്യമായാ ഈ ഉഡുമ്പഞ്ചോലയിൽ എത്തിയത് അങ് ഇഷ്ടപ്പെട്ടു കേട്ടോ...
വീഐണ്ടും വരാം...

Anil cheleri kumaran said...

ബ്ലോഗ് കാണാനും വായിക്കാനും അടിപൊളി. ഇമ്പോസിഷന്‍, അനുസാരികള്‍ എന്നൊക്കെയല്ലേ ശരിയായ പ്രയോഗം.?

Unknown said...

കുമാരന്‍ പറഞ്ഞതാണ്‌ ശരി. ഞാന്‍ ബ്ലോഗൊക്കെ എഴുതുന്നുണ്ടെങ്കിലും, വിദ്യാഭ്യാസം വളരെ കുറവാണ്. മലയാളം ഏഴാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. ബാക്കി കാലം വടക്കേ ഇന്ത്യയിലായിരുന്നു. പത്താം ക്ലാസോടുകൂടി. വ്ദ്യാഭ്യാസം നിന്നു. അതിന്റെ പോരായ്മകള്‍ എന്റെ എഴുത്തിലുണ്ട്. വായനക്കാര്‍ സദയം ക്ഷമിക്കുക.
ഈ വഴി വന്ന് എനിക്ക് പ്രോത്സാഹനങ്ങളും, നിര്‍ദ്ദേശങ്ങളും ,അനുമോദനങ്ങളും തന്ന എല്ലാവര്ക്കും നന്ദി.

Typist | എഴുത്തുകാരി said...

ഉടുമ്പ് എന്നു കേട്ടിട്ടുള്ളതല്ലാതെ കൂടുതലൊന്നും അറിയില്ലായിരുന്നു.

കുര്യച്ചന്‍ said...

ഇതാണോ അപ്പച്ച ഉടുമ്പ്...ആദ്യമായിട്ട് കാണുവാ....ആശംസകള്‍

പ്രദീപ്‌ said...

അപ്പച്ചന്‍ ചേട്ടോ ഈ ഉടുമ്പിന്റെ നാവു വിഴുങ്ങുന്നത് എന്തെങ്കിലും ഗുണമുള്ള കാര്യമാണോ ?
എവിടെയോ കേട്ടിട്ടുണ്ട് അങ്ങനെ ചെയ്ത ആരൊക്കെയോ എന്തൊക്കെയോ അസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ കിടന്നിട്ടുണ്ടെന്നു... ശരിയാണോ ?

Unknown said...

Hi Pradeep,
ഉടുമ്പിന്റെ നാവു വിഴുങ്ങിയതിന്റെ പേരില്‍ ആരും ആശുപത്രിയില്‍ പോയതായിട്ടു ഞാന്‍ കേട്ടിട്ടില്ല. മനസ്സിന് പിടിക്കാത്ത പ്രശ്നമുണ്ടെങ്കില്‍ ശര്‍ദ്ദിക്കും. നായാട്ടിനു പോകുന്ന ചിലര്‍ മൃഗത്തിന്റെ ചോര ചൂടോടെ കുടിക്കും, ചിലര്‍ ഉടുമ്പിന്റെ നാവു വിഴുങ്ങും. സത്യത്തില്‍ ഇതെല്ലാം ഓരോ അന്ധവിശ്വാസങ്ങളാണ്.

Akbar said...

Hi appachanozhakkal
"വയസ്സായവര്‍ക്കും , വയസ്സാകാന്‍ സാധ്യതയുള്ളവര്‍ക്കും മാത്രം".
ഈ വ്യത്യസ്തമായ പരിചയപ്പെടുത്തല്‍ വായിച്ചു ഞാനൊന്ന് ചിരിച്ചു.

ആദ്യം വായിച്ച പോസ്റ്റ് തന്നെ ഉടുമ്പ് പിടിച്ച പോലെ എന്നെ പിടിച്ചിരുത്തു. വലിയേട്ടന്‍ കുഞ്ഞനിയനില്‍ നിന്ന് പഠിച്ചു തുടങ്ങേണ്ടി യിരിക്കുന്നു. എനിക്ക് ചിരിക്കാന്‍ ഒരു പാട് ഇഷ്ടമാണ്. അത് കൊണ്ട് വീണ്ടും വരാം..

Echmukutty said...

ഉടുമ്പഞ്ചോല ഉണ്ടായ കഥ ഇഷ്ടപ്പെട്ടു.